ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികളുടെ കണ്ണുംകാതും ഇപ്പോൾ കൂർപ്പിച്ച് വച്ചിരിക്കുന്നത് ബാഴ്സലോണയിലേക്കാണ്. ക്യാപ്റ്റൻ ലിയണൽ മെസ്സി ബാഴ്സലോണ...
ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികളുടെ കണ്ണുംകാതും ഇപ്പോൾ കൂർപ്പിച്ച് വച്ചിരിക്കുന്നത് ബാഴ്സലോണയിലേക്കാണ്. ക്യാപ്റ്റൻ ലിയണൽ മെസ്സി ബാഴ്സലോണയിൽ തുടരുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ടീം വിടുകയാണെന്ന് മെസ്സി പ്രഖ്യാപിച്ചതോടെയാണ് ബാഴ്സ ഫുട്ബോൾ ലോകത്തിന്റെ കേന്ദ്രബിന്ദുവായത്. മെസ്സിയെ വിടില്ലെന്ന് ബാഴ്സ തീർത്തുപറഞ്ഞതോടെ ഓരോ മണിക്കൂറിലും വാർത്തകളും അഭ്യൂഹങ്ങളും അർധസത്യങ്ങളുമെല്ലാം മാറിമാറിവന്നു.
ബാഴ്സ പ്രസിഡന്റ് ജോസഫ് മരിയ ബെർതോമ്യുവും മെസ്സിയുടെ അച്ഛൻ ജോർഗെ മെസ്സിയും ഒന്നരമണിക്കൂർ നീണ്ട കൂടിക്കാഴ്ച നടത്തിയെങ്കിലും തീരുമാനമൊന്നുമായില്ല. ക്ലബ് വിടുന്നതിനെക്കുറിച്ച് ചർച്ചയക്ക് പോലും തയ്യാറല്ലെന്നായിരുന്നു ബെർതോമ്യൂവിന്റെ നിലപാട്. ബാഴ്സ ആവശ്യപ്പെടുന്ന 700 മില്യൺ യൂറോ എന്ന ട്രാൻസ്ഫർ തുക ഒട്ടുമിക്ക ക്ലബുകൾക്കും നൽകാൻ ശേഷിയില്ല.
അഥവാ മെസ്സിക്കായി ഇത്രയും തുക മുടക്കിയാൽ തന്നെ മറ്റ് താരങ്ങളുടെ കാര്യങ്ങളെല്ലാം താളംതെറ്റും. ഈയൊരു സാഹചര്യത്തിൽ ഒരുകൊല്ലംകൂടി ബാഴ്സയിൽ തുടരണമെന്നായിരുന്നു മാഞ്ചസ്റ്റർ സിറ്റി കോച്ച് പെപ് ഗാർഡിയോളയുടെ നിർദേശം. ഇപ്പോഴിതാ വഴികളെല്ലാം അടഞ്ഞതോടെ, ഒരു വർഷം കൂടി ക്ലബിൽ തുടരാൻ മെസ്സി തീരുമാനിച്ചുവെന്നാണ് സ്പെയ്നിൽ നിന്ന് വരുന്ന റിപ്പോർട്ടുകൾ.
മെസ്സിയുടെ ട്രാൻസ്ഫർ കാര്യങ്ങളിൽ ഏറ്റവും ആധികാരികമായി വാർത്തകൾ നൽകുന്ന മുണ്ടോ ഡിപ്പോർട്ടീവോയും മാർക്കയുംസ്പോർട്ടും ഇക്കാര്യം റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. ക്ലുബ് പ്രസിഡന്റുമായുള്ള ചർച്ചയക്ക് ശേഷം മെസ്സിയും അച്ഛൻ ജോർഗെയും സ്ഥിതിഗതികൾ വിലയിരുത്തി വരുകയാണെന്നും ഒരുസീസൺ കൂടി ബാഴ്സയിൽ തുടരുകയല്ലാതെ മറ്റ് വഴികളില്ലെന്ന തീരുമാനത്തിൽ എത്തിയെന്നുമാണ് മുണ്ടോ ഡിപ്പോർട്ടീവോ വാർത്ത നൽകിയിരിക്കുന്നത്. ഇതുകൊണ്ടുതന്നെ അധികം വൈകാതെയ റൊണാൾഡ് കൂമാന് കീഴിൽ പരിശീലനം തുടങ്ങാനാണ് മെസ്സി കുടുംബത്തിന്റെ തീരുമാനം.
വരുന്ന ജൂണിലാണ് മെസ്സിയുടെ കരാർ അവസാനിക്കുക. മാർച്ചിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ അപ്പോഴേക്കും കാര്യങ്ങളെല്ലാം കലങ്ങിത്തെളിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. എന്തായാലും ഒരൂ സീസണിൽ കൂടി മെസ്സിയെ ബാഴ്സലോണയിൽ കാണാമെന്ന് ഏറക്കുറെ ഉറപ്പായത് ആരാധകർക്ക് ആശ്വാസമാണ്. ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാവുമെന്നും പ്രതീക്ഷിക്കാം.
COMMENTS