ബാഴ്സലോണയുടെ മുഖമായിരുന്ന ലൂയിസ് സുവാരസിനെ ഫുട്ബോൾ ആരാധകർ ഇനി കാണുക അത്ലറ്റിക്കോ മാഡ്രിഡിന്റെ ജഴ്സിയിൽ. പുതിയ കോച്ച് റൊണാൾഡ് കൂമാന്റെ ഗെയി...
ബാഴ്സലോണയുടെ മുഖമായിരുന്ന ലൂയിസ് സുവാരസിനെ ഫുട്ബോൾ ആരാധകർ ഇനി കാണുക അത്ലറ്റിക്കോ മാഡ്രിഡിന്റെ ജഴ്സിയിൽ. പുതിയ കോച്ച് റൊണാൾഡ് കൂമാന്റെ ഗെയിം പ്ലാനിൽ ഇടമില്ലാതായതോടെയാണ് സുവാരസിന് മനസ്സില്ലാ മനസ്സോടെ ബാഴ്സലോണ വിടേണ്ടിവന്നത്.
ക്ലബ് പ്രസിഡന്റ് ജോസഫ് മരിയ ബെർതോമ്യുവിന്റെ അനിഷ്ടവും സുവാരസിന് തിരിച്ചടിയായി. ഇതോടെ ആറുവർഷം ഗോളടിച്ചുകൂട്ടി ക്ലബിൽ നിന്ന് സുവാരസ് കണ്ണീരോടെ പടിയിറങ്ങി. പ്രിയസുഹൃത്ത് ലയണൽ മെസ്സിയോടും സഹതാരങ്ങളോടും അവസാന പരിശീലന സെഷനുശേഷം യാത്രപറഞ്ഞുപ്പോൾ സുവാരസിന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. വാക്കുകളില്ലാതെ സഹതാരങ്ങൾക്ക് വേദനയോടെ സുവാരസിനെ യാത്രയാക്കാനെ സഹതാരങ്ങൾക്ക് കഴിഞ്ഞുള്ളൂ.
ഏറെ വൈകാതെ സുവാരസ് അത്ലറ്റിക്കോ മാഡ്രിഡുമായി കരാർ ഒപ്പുവച്ചു. ബാഴ്സയുമായി ഫ്രീ ട്രാൻസ്ഫറിൽ വിടപറഞ്ഞ സുവരാസ് പുതിയ ക്ലബുമായി രണ്ടുവർഷ കരാറിലാണ് ഒപ്പുവച്ചിരിക്കുന്നത്. ഇതോടെ ഡീഗോ സിമിയോണിയുടെ ആക്രമണതന്ത്രങ്ങളുടെ കുന്തമുന ഇനിമുതൽ സുവാരസായിരിക്കും.
2014ൽ ലിവർപൂളിൽ നിന്നാണ് സുവാരസ് ബാഴ്സയിലെത്തിയത്. ക്ലബിനായി 283 കളിയിൽ 198 ഗോൾ നേടി. ബാഴ്സയുടെ ചരിത്രത്തിലെ എക്കാലത്തേയും മികച്ച ഗോൾ സ്കോററായ സുവാരസ് ക്ലബിന്റെ 13 കിരീട വിജയങ്ങളിലും പങ്കാളിയായി. 2016ൽ 40 ഗോളുമായി ഗോൾഡൺ ഷൂവും സ്വന്തമാക്കി. തിരസ്കൃതനായി ഒഴിവാക്കപ്പെട്ട് മറ്റൊരു ക്ലബിലേക്ക് മാറിയെങ്കിലും ബാഴ്സയെ സുവാരസ് കുറ്റപ്പെടുത്തുന്നില്ല.
2014 ലോകകപ്പിൽ ഞാനൊരു തെറ്റ് ചെയ്തു. ആ സമയത്ത് എന്നെ ടീമിലെടുക്കുകയും ഒപ്പം നിർത്തുകയും ചെയ്തത് ബാഴ്സലോണയാണ്. ലോകത്തിലെ ഏറ്റവും മികച്ച ക്ലബിൽ കളിക്കുകയെന്ന എന്റെ സ്വപ്നം സഫലമായത് ബാഴ്സലോണയിൽ എത്തിയപ്പോഴാണ്. ക്ലബിലെ ഓരോ നേട്ടങ്ങളിലും ബാഴ്സയിൽ ചെലവഴിച്ച നിമിഷത്തിലും അഭിമാനമുണ്ട്. ക്ലബിൽ മാറ്റങ്ങൾ അനിവാര്യമാണ്. അത് എപ്പോഴും അങ്ങനെ തന്നെയായിരിക്കും. പുതിയ കോച്ചിന്റെ പദ്ധതിയിൽ ഞാനില്ല. അതംഗീകരിച്ചേ മതിയാവൂ. കൂമാൻ നേരത്തേ തന്നെ ഇക്കാര്യം തന്നെ അറിയിച്ചിരുന്നു. ഇതുകൊണ്ട് തന്നെ ബാഴ്സലോണ വിടുമെന്ന് ഉറപ്പായിരുന്നുവെന്നും സുവാരസ് പറഞ്ഞു.
ആരാധകരോട് സുവരാസിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു. എല്ലാവരോടും ഗുഡ് ബൈ പറയുകയാണ്. എല്ലാക്കാലത്തേക്കുമുള്ള ഗുഡ് ബൈ അല്ല ഇത്. നമ്മൾ തീർച്ചയായും വീണ്ടും കാണും. കാരണം വീണ്ടും ഞാൻ ബാഴ്സലോണയിൽ എപ്പോഴെങ്കിലും തിരിച്ചെത്തും. ബാഴ്സലോണയാണ് എനിക്കെല്ലാം തന്നത്. അതൊരിക്കലും ഞാൻ മറക്കില്ല. ഇത്രയും കാലം എനിക്ക് നൽകിയ എല്ലാ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. എന്റെ ഹൃദയത്തിൽ നിങ്ങളുടെ സ്നേഹത്തിന് എപ്പോഴും സ്ഥാമുണ്ടാവും. ബാഴ്സലോണ മുന്നോട്ട് തന്നെ പോകുമെന്നും സുവാരസ് പറഞ്ഞു.
COMMENTS