സ്പാനിഷ് ലീഗിൽ പുതിയ താരങ്ങൾ ഒന്നുമില്ലാതെയാണ് റയൽ മാഡ്രിഡ് കിരീടം നിലനിർത്താനൊരുങ്ങുന്നത്. ആദ്യ മത്സരത്തിൽ റയൽ സോസിഡാഡിനോട് ഗോൾ രഹിത സമനി...
സ്പാനിഷ് ലീഗിൽ പുതിയ താരങ്ങൾ ഒന്നുമില്ലാതെയാണ് റയൽ മാഡ്രിഡ് കിരീടം നിലനിർത്താനൊരുങ്ങുന്നത്. ആദ്യ മത്സരത്തിൽ റയൽ സോസിഡാഡിനോട് ഗോൾ രഹിത സമനില വഴങ്ങിയതോടെ കാര്യങ്ങൾ റയലിന് അത്രയ്ക്ക് എളുപ്പമായിരിക്കില്ലെന്ന് ഉറപ്പാണ്. പരുക്കേറ്റ എഡൻ ഹസാർഡ്, മാർകോ അസെൻസിയോ, ലൂകാസ് വാസ്ക്വേസ് എന്നിവരില്ലാതെയാണ് റയൽ ആദ്യ മത്സരത്തിനിറങ്ങിയത്.
ഇതുകൊണ്ടുതന്നെ സിനദിൻ മാധ്യമ പ്രവർത്തകർക്ക് മുന്നിൽ എത്തിയപ്പോൾ എല്ലാവർക്കും അറിയേണ്ടത് റയലിൽ പുതിയ താരങ്ങൾ എത്തുമോ എന്നായിരുന്നു. ഇതിന് സിദാൻ നൽകിയ മറുപടി ഇങ്ങനെയാണ്.
ട്രാൻസ്ഫർ വിൻഡോയുടെ സമയം ഒക്ടോബർ നാലുവരെയാണ്. അതുവരെ എന്തും സംഭവിക്കാം. ടീമിലേക്ക് ആരൊക്കെ വരുമെന്നറിയാൻ എല്ലാവർക്കും താൽപര്യമുണ്ട്. നിലവിലെ ടീമിൽ ഞാൻ തൃപ്തനാണ്. ശരിയായ പാതയിലൂടെയാണ് ടീം മുന്നോട്ടുപോകുന്നത്. ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് റയൽ പ്രവർത്തിക്കുന്നത്. അതിന് ആവശ്യമായ കാര്യങ്ങൾ തീർച്ചയായും ടീമിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുമെന്നും സിദാൻ വ്യക്തമാക്കി. റയൽ ബെറ്റിസിനെ നേരിടാനൊരുങ്ങും മുൻപായിരുന്നു സിദാന്റെ പ്രതികരണം.
എല്ലാ കളിക്കാരും പൂർണമായി പരിശീലനം നടത്തിയിട്ടില്ല. ചിലരൊക്കെ അവധിക്ക് ശേഷം ടീമിനൊപ്പം ചേർന്നിട്ടേയുള്ളൂ. എല്ലാവരും പൂർണ ശാരീരികക്ഷമത കൈവരിക്കുക എന്നതാണ് പ്രധാനം.
കരീം ബെൻസേമയ്ക്കൊപ്പം മുന്നേറ്റത്തിൽ ലൂക്ക ജോവിച്ചിനെ കളിപ്പിക്കുന്നത് പരിഗണിക്കും. സാഹചര്യങ്ങൾക്ക് അനുസരിച്ചായിരിക്കും ടീം കോംപിനേഷൻ നിശ്ചയിക്കുകയെന്നും സിദാൻ പറഞ്ഞു. ഗാരെത് ബെയ്ൽ ടോട്ടനത്തിലേക്ക് മാറിയതിനെക്കുറിച്ച് ചോദിച്ചപ്പോൾ സിദാന്റെ മറുപടി ഇങ്ങനെയായിരുന്നു. പ്രത്യേകിച്ച് ഒന്നും പറയാനില്ല. ബെയ്ലിന് പുതിയ ക്ലബിൽ എല്ലാ ആശംസകളും നേരുന്നു. റയലിന്റെ കാര്യങ്ങൾ മാത്രമാണ് താൻ ശ്രദ്ധിക്കുന്നത്. അതുമായി താനും കളിക്കാരും മുന്നോട്ടുപോകും.
COMMENTS