റെക്കോർഡുകൾ ഒന്നൊന്നായി കടപുഴക്കി ഗോൾ വർഷം നടത്തിയാണ് ജർമ്മൻ ചാന്പ്യൻമാരായ ബയേൺ മ്യൂണിക്ക് ഇത്തവണ യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോളിന്റെ ഫൈനലിൽ...
സീസണിൽ 51 കളിയിൽ 158 ഗോളാണ് റോബർട്ട് ലെവൻഡോവ്സ്കിയും സംഘവും അടിച്ചുകൂട്ടിയത്. ഫൈനലിൽ പി എസ് ജിക്കെതിരെ മൂന്ന് ഗോൾകൂടി നേടിയാൽ ചാന്പ്യൻസ് ലീഗ് സീസണിൽ ഏറ്റവും കൂടുതൽ ഗോളെന്ന റെക്കോർഡ് ബയേണിന് സ്വന്തമാവും.
1999-2000 സീസണിൽ ബാഴസോലണ നേടിയ 45 ഗോളിന്റെ റെക്കോർഡാണ് ബയേണിന് മുന്നിലുള്ളത്. ബാഴ്സ 16 കളിയിൽ 2.8 ശരാശരിയിലാണ് ഇത്രയും ഗോൾ നേടിയത്. എന്നാൽ ബയേൺ മ്യൂണിക്ക് ഫൈനലിന് മുൻപ് 42 ഗോൾ നേടിയത് പതിനൊന്ന് കളിയിൽ നിന്നാണ്. 4.2 ആണ് ബയേണിന്റെ ഗോൾ ശരാശരി.
പതിനഞ്ച് ഗോളുമായി റോബർട്ട് ലെവൻഡോവ്സ്കിയാണ് ഗോൾ വേട്ടയിൽ ബയേണിനെ നയിക്കുന്നത്. പി എസ് ജിക്കെതിരെ മൂന്ന് ഗോൾ നേടിയാൽ 2013-2014 സീസണിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ 17 ഗോളിന്റെ റെക്കോർഡ് ലെവൻഡോവ്സ്കി മറികടക്കും.
സീസണിൽ 46 കളിയിൽ ആകെ അൻപത്തിയഞ്ച് ഗോളാണ് പോളിഷ് സ്ട്രൈക്കറായ ലെവൻഡോവ്സ്കി അടിച്ച് കൂട്ടിയിരിക്കുന്നത്. മാത്രമല്ല, പി എസ് ജിയെ തോൽപിച്ചാൽ ചാന്പ്യൻസ് ലീഗ് ചരിത്രത്തിൽ എല്ലാ മത്സരവും ജയിച്ച് കിരീടം നേടുന്ന ആദ്യ ടീമെന്ന റെക്കോർഡും ബയേൺ മ്യൂണിക്കിന് സ്വന്തമാവും.
COMMENTS