പുതിയ സീസണ് തയ്യാറെടുക്കുന്ന ബാഴ്സലോണ ആരാധകർക്ക് അത്രശുഭകരമായ വാർത്തയല്ല സ്പെയ്നിൽ നിന്ന് വരുന്നത്. ബാഴ്സലോണയുടെ എല്ലാമെല്ലാമായ ലിയണൽ മെസ...
പുതിയ സീസണ് തയ്യാറെടുക്കുന്ന ബാഴ്സലോണ ആരാധകർക്ക് അത്രശുഭകരമായ വാർത്തയല്ല സ്പെയ്നിൽ നിന്ന് വരുന്നത്. ബാഴ്സലോണയുടെ എല്ലാമെല്ലാമായ ലിയണൽ മെസ്സി ടീം വിട്ടേക്കും എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ബാഴ്സയിൽ തുടരുമെന്ന് ഉറപ്പ് പറയാനാവില്ലെന്ന് മെസ്സി പുതിയ കോച്ച് റൊണാൾഡ് കൂമാനോട് പറഞ്ഞുവെന്നാണ് മാർക്ക റിപ്പോർട്ട് ചെയ്യുന്നത്.
ചാന്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ബയേൺ മ്യൂണിക്കിനോട് രണ്ടിനെതിരെ എട്ട് ഗോളിന് തോറ്റതിന് ശേഷം മെസ്സി ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. എന്നാൽ മെസ്സിയെ ചുറ്റിപ്പറ്റി ധാരാളം അഭ്യൂഹങ്ങൾ പരക്കുന്നുമുണ്ട്. ബാഴ്സലോണയുടെ മുൻ കോച്ച് പെപ് ഗാർഡിയോള പരിശീലിപ്പിക്കുന്ന മാഞ്ചസ്റ്റർ സിറ്റിയിലേക്ക് മെസ്സി മാറിയേക്കുമെന്ന അഭ്യൂഹം ശക്തമാണ്. മെസ്സിക്ക് വേണ്ടി എത്രപണം വേണമെങ്കിലും മുടക്കാൻ തയ്യാറാണെന്ന് സിറ്റി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ സൂപ്പർതാരം ടീമിൽ തുടരുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ബാഴ്സ മാനേജ്മെന്റ്.
തന്റെ ഗെയിം പ്ലാനിലും മെസ്സിക്ക് നിർണായക പങ്കുണ്ടെന്ന് കൂമാൻ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കോച്ച് മെസ്സിയുമായി സംസാരിച്ചത്. അപ്പോഴാണ് താൻ ബാഴ്സയിൽ തുടരുന്ന കാര്യത്തിൽ ഉറപ്പില്ലെന്ന് മെസ്സി അറിയിച്ചിരിക്കുന്നത്. ബാഴ്സയിൽ തുടരുമോ എന്ന് ഉറപ്പ് പറയാൻ കഴിയില്ലെന്നാണ് മെസ്സി കൂമാനോട് പറഞ്ഞതെന്ന് കാറ്റലൻ റേഡിയോ റിപ്പോർട്ട് ചെയ്തു. മെസ്സിക്ക് ബാഴ്സയുമായി ഒരു വർഷത്തെ കരാർ ശേഷിക്കുന്നുണ്ട്. കരാർ നീട്ടാൻ ബാഴ്സ പലതവണ ശ്രമിച്ചെങ്കിലും മെസ്സി വഴങ്ങിയിരുന്നില്ല. താൻ മറ്റേതെങ്കിലും ടീമിലേക്ക് മാറുകയാണെന്ന സൂചന ഇതുവരെ മെസ്സി നൽകിയിട്ടുമില്ല.
മെസ്സി ബാഴ്സയിൽ തന്നെ വിരമിക്കുമെന്നാണ് കഴിഞ്ഞ ദിവസവും ബാഴ്സ പ്രസിഡന്റ് ജോസഫ് മരിയ ബെർതോമ്യൂ ആത്മവിശ്വാസം പ്രകടിപ്പിച്ചത്. ഏതെങ്കിലും സാഹചര്യത്തിൽ മെസ്സി ടീം വിട്ടാൽ, മെസ്സിക്ക് തുല്യം നിൽക്കുന്നൊരു പകരക്കാരനെ കണ്ടത്തുക ആയിരിക്കും ബാഴ്സലോണ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
Tags: Messi tells Koeman, FC Barcelona, Lionel Messi, new Barcelona coach, Ronald Koeman, Champions League , Bayern Munich , Barcelona Vs Bayern Munich, Koeman , Messi Koeman, osep Maria Bartomeu
COMMENTS