ബാഴ്സലോണയ്ക്ക് ഇത്രയേറെ നിരാശ സമ്മാനിച്ചൊരു സീസൺ അടുത്തകാലത്ത് ഒന്നും ഉണ്ടായിട്ടില്ല. ലാ ലീഗയിൽ കിരീടം നഷ്ടമായതിന് പിന്നാലെ ചാന്പ്യൻസ് ലീഗ...
ബാഴ്സലോണയ്ക്ക് ഇത്രയേറെ നിരാശ സമ്മാനിച്ചൊരു സീസൺ അടുത്തകാലത്ത് ഒന്നും ഉണ്ടായിട്ടില്ല. ലാ ലീഗയിൽ കിരീടം നഷ്ടമായതിന് പിന്നാലെ ചാന്പ്യൻസ് ലീഗിൽ ദുരന്തമായി മാറുകയും ചെയ്തു. ഇതിന് ശേഷം ടീം ഉടച്ച് വാർക്കുകയാണിപ്പോൾ ബാഴ്സലോണ മാനേജ്മെന്റ്. കോച്ച് ക്വിക്കെ സെതിയന് പകരം മുൻതാരം കൂടിയായ റൊണാൾഡ് കൂമാനെ നിയമിച്ച് നടപടികൾ തുടങ്ങിക്കഴിഞ്ഞു.
പുതിയ സീസണിലെ കളിസംഘത്തെക്കുറിച്ച് ബാഴ്സലോണ നയം വ്യക്തമാക്കിയിരിക്കുകയാണ്. പുതിയ സീസണിൽ മെസ്സിയെ കേന്ദ്രീകരിച്ചുള്ള യുവനിര ആയിരിക്കും ഉണ്ടാവുകയെന്ന് ബാഴ്സലോണ ടെക്നിക്കൽ സെക്രട്ടറി റമോൺ പ്ലാനസ് പറഞ്ഞു. ഇതോടെ ടീമിലെ പല സീനിയർ താരങ്ങൾക്കും സ്ഥാനം നഷ്ടമാവുമെന്ന് ഉറപ്പായിക്കഴിഞ്ഞു. യുവതാരങ്ങൾക്ക് പ്രാധാന്യമുള്ള ടീമിനെയാണ് ബാഴ്സലോണ ലക്ഷ്യമിടുന്നത്.
കോച്ച് കൂമാനായിരിക്കും നിർണായക തീരുമാനങ്ങൾ എടുക്കുക. ക്യാപ്റ്റൻ മെസ്സിയുമായി വിശദമായി കൂടിയാലോചന നടത്തും. നിലവിലെ പലതാരങ്ങളും പുതിയ പ്ലാനിൽ ഇല്ല. ഇതോടെ ഇവർക്ക് ടീം വിടേണ്ടി വരുമെന്ന് ഉറപ്പാണ്. ഇതേസമയം തന്നെ ബാഴ്സലോണക്കായി മികച്ച പ്രകടനം നടത്തിയ താരങ്ങളോട് അപമര്യദയായി പെരുമാറാനും കഴിയില്ലെന്നും പ്ലാനെസ് പറഞ്ഞു.
നേരത്തേ, നിലവിലെ ടീമിലെ ആറ് താരങ്ങളെ മാത്രമേ ബാഴ്സയ്ക്ക് ആവശ്യമുള്ളൂ എന്ന് ക്ലബ് പ്രസിഡന്റ് ജോസഫ് മരിയ ബെർതോമ്യൂ വ്യക്തമാക്കിയിരുന്നു. ലിയണൽ മെസ്സി, ഗോൾ കീപ്പർ ടെർ സ്റ്റെഗൻ, ലെംഗ്ലെറ്റ്, ഫ്രങ്കി ഡി ജോംഗ്, നെൽസൺ സെമെഡോ, അന്റോയിൻ ഗ്രീസ്മാൻ എന്നിവരാണ് ബെർതോമ്യൂവിന്റെ പട്ടികയിലുള്ള താരങ്ങൾ.
ഇതോടെ, ജോർഡി ആൽബ, ലൂയിസ് സുവാരസ്, സെർജി ബുസ്കറ്റ്സ്, ഇവാൻ റാക്കിട്ടിച്ച്, ജെറാർഡ് പിക്വേ, എന്നിവർക്കെല്ലാം പുറത്തേക്കുള്ള വഴി തെളിഞ്ഞിരിക്കുകയാണ്. സെപ്റ്റംബർ 12 നാണ് അടുത്ത സീസണിലെ മത്സരങ്ങൾക്ക് തുടക്കമാവുക. എന്തായാലു ഇതിനുമുൻപ് ഇത്രയും താരങ്ങളെ ഒഴിവാക്കി പകരം കളിക്കാരെ ടീമിലെത്തിക്കുക സാധ്യമായ കാര്യമല്ലെന്ന് ഉറപ്പാണ്.
Tags: FC Barcelona, Ramon Planes, Lionel Messi, Ronald Koeman , Messi's future , Koeman, Bayern Munich , Pedri , Marc-Andre ter Stegen, Nelson Semedo, Clement Lenglet, Frenkie de Jong, Ousmane Dembele, Antoine Griezmann , Ansu Fati, Jordi Alba, Gerard Pique, Sergi Roberto, Sergio Busquets , Luis Suarez, Arturo Vidal, Ivan Rakitic , Samuel Umtiti, Camp Nou , Lautaro Martinez, Ajax,
COMMENTS