ഇപ്പോൾ ഫുട്ബോൾ ലോകത്ത് ഒറ്റ ചർച്ചാ വിഷയമേയുള്ളൂ, ലയണൽ മെസ്സി. ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തേയും മികച്ച താരങ്ങളിൽ ഒരാളായ മെസ്സി ടീം വിടുകയ...
ഇപ്പോൾ ഫുട്ബോൾ ലോകത്ത് ഒറ്റ ചർച്ചാ വിഷയമേയുള്ളൂ, ലയണൽ മെസ്സി. ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തേയും മികച്ച താരങ്ങളിൽ ഒരാളായ മെസ്സി ടീം വിടുകയാണെന്ന് ബാഴ്സലോണയെ അറിയിച്ചിട്ട് 24 മണിക്കൂർ പൂർത്തിയായിരിക്കുന്നു. ഇതിന് ശേഷം ഫുട്ബോൾ ലോകത്ത് നടന്ന സംഭവ വികാസങ്ങൾ മെസ്സി എത്രത്തോളം സ്വാധീനമുള്ള താരമാണെന്ന് വ്യക്തമാണ്.
ബാഴ്സലോണ ഡയറക്ടർമാർ അടിയന്തര യോഗം ചേർന്നു. ബാഴ്സലോണ നഗരത്തിലെ ആരാധകർ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് കാംപ് നൗവിന് മുന്നിൽ തടിച്ചുകൂടി. ലോകമെന്പാടുമുള്ള ആരാധകർ വാർത്ത വിശ്വസിക്കാനാവാതെ അന്പരന്നു. സാമൂഹിക മാധ്യമങ്ങളിൽ മെസ്സി മാത്രമായി ട്രെൻഡിംഗ്. അച്ചടി ദൃശ്യമാധ്യമങ്ങളും മെസ്സിയുടെ വാർത്തയിൽ മുങ്ങി.
മെസ്സിയുടെ കത്ത് കിട്ടിയെന്ന് ബാഴ്സയും സ്ഥിരീകരിച്ചതോടെ മാഞ്ചസ്റ്റർ സിറ്റി, പി എസ് ജി ഇന്റർ മിലാൻ തുടങ്ങിയ ക്ലബുകൾ മെസ്സിയെ സ്വന്തമാക്കാൻ ശ്രമം തുടങ്ങിക്കഴിഞ്ഞു. ബാഴ്സയുടെ മുൻ പരിശീലകൻ പെപ് ഗാർഡിയോള കോച്ചായ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് മെസ്സി മാറുമെന്നാണ് വിശ്വസനീയ കേന്ദ്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നെയ്മറിനൊപ്പം കളിക്കണമെന്ന മെസ്സിയുടെ മോഹം പി എസ് ജിക്കും പ്രതീക്ഷ നൽകുന്നു. എങ്കിലും മെസ്സിയുടെ പ്രതികരണത്തോടെ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത ഉണ്ടാവൂ. ഇതിനായി കാത്തിരിക്കുകയാണ് ആരാധകരും മറ്റ് ടീമുകളും.
കാര്യങ്ങൾ ഇങ്ങനെ ഒക്കെ ആണെങ്കിലും മെസ്സി ടീമിൽ തുടരുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ബാഴ്സലോണ. കാര്യങ്ങൾ ശരിയായ രീതിയിലല്ല ഇപ്പോൾ മുന്നോട്ട് പോകുന്നത്. ടീം ഉടച്ചു വാർക്കുമെന്ന് ഉറപ്പാണ്. റീ ബിൽഡിംഗിൽ ടീമിന്റെ കേന്ദ്ര ബിന്ദുവായി ലോകത്തിലെ ഏറ്റവും മികച്ച താരമായ ലിയണൽ മെസ്സി ടീമിനൊപ്പമുണ്ടാവുമെന്നാണ് പ്രതീക്ഷ. ബാഴ്സലോണയ്ക്ക് മെസ്സിയും , മെസ്സിക്ക് ബാഴ്സലോണയും അനിവാര്യമാണെന്നാണ് ഞങ്ങൾ ഇപ്പോഴും വിശ്വസിക്കുന്നതെന്നും , ബാഴ്സയുടെ ടെക്നിക്കൽ ഡയറക്ടർ റമോൺ പ്ലാനസ് പറഞ്ഞു.
ടീമിൽ തുടരണമെന്നും ഇത്രയും കാലം കളിച്ച ബാഴ്സയിൽ തന്നെ കരിയർ അവസാനിപ്പിക്കണം എന്നുമായിരുന്നു , ടീം വിടുകയാണെന്ന മെസ്സിയുടെ ഫാക്സിന് ബാഴ്സലോണ നൽകിയ മറുപടി. എന്നാൽ മെസ്സിയുമായി സ്വരച്ചേർച്ചയില്ലാത്ത ക്ലബ് പ്രസിഡന്റ് ജോസഫ് മരിയ ബെർതോമ്യുവോ, പുതിയ കോച്ച് റൊണാൾഡ് കൂമാനോ പ്രതികരണങ്ങൾ ഒന്നും നടത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
COMMENTS