ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള ഫുട്ബോൾ ക്ലബുകളിൽ ഒന്നായ ബാഴ്സലോണയ്ക്ക് അത്രനല്ല തുടക്കമല്ല ഈ സീസണിൽ കിട്ടിയിരിക്കുന്നത്. സ്പാനിഷ് ലീഗി...
സൂപ്പർ താരം ലയണൽ മെസ്സിയുടെ പരുക്ക് തന്നെയായിരുന്നു തുടക്കത്തിൽ ടീമിനെ അലട്ടിയത്. മെസ്സി പുറത്തിരുന്നപ്പോൾ ബാഴ്സയുടെ താളംതെറ്റി. ഇതോടെ ആരാധകർ കോച്ച് ഏണസ്റ്റോ വെൽവെർദേയെ പുറത്താക്കണമെന്ന ആവശ്യവുമായി രംഗത്തെത്തി. ഇന്ററിനെതിരായ മത്സരത്തിൽ രണ്ടാംപകുതിക്ക് മുൻപ് കോച്ചിനെ പുറത്താക്കണമെന്ന മുറവിളിയാണ് ആരാധകർ നടത്തിയത്. സുവാരസിന്റെ രണ്ടുഗോളിലൂടെ ജയം സ്വന്തമാക്കിയതോടെ ആരാധകരെ തണുപ്പിക്കാനായെങ്കിലും താരങ്ങൾക്കിടയിലെ ചൂടും പുകയും തുടരുകയാണ്.
ഈ സീസണിൽ ടീമിലെത്തിയ അന്റോയ്ൻ ഗ്രീസ്മാനുമായുള്ള മെസ്സിയുടെ അകൽച്ചയാണ് ഇതിൽ പ്രധാനം. കഴിഞ്ഞ സീസണിൽതന്നെ ഗ്രീസ്മാനെ ടീമിലെടുക്കാൻ ബാഴ്സ ശ്രമിച്ചപ്പോൾ മെസ്സി വിയോജിപ്പ് അറിയിച്ചിരുന്നു.നെയ്മറെ ടീമിലെത്തിക്കണം എന്നായിരുന്നു മെസ്സിയുടെ ആഗ്രഹം. ഇത് ടീം മാനേജ്മെന്റിനെ അറിയിക്കുകയും ചെയ്തു. എന്നാൽ ഗ്രീസ്മാനെ കാംപ് നൌവിൽ എത്തിച്ച ബാഴ്സയ്ക്ക് നെയ്മറുമായി കരാറിൽ എത്താനായില്ല. ഇതിൽ മെസ്സി ഇപ്പോഴും രോഷാകുലനാണ്. ഇതിന്റെ തുടർച്ചയായണ് ഗ്രീസ്മാനുമായുള്ള അകൽച്ച. ഗ്രീസ്മാനുമായുള്ള ബന്ധത്തെപ്പറ്റിചോദിച്ചപ്പോൾ , അത് വിശദീകരിക്കാനില്ല എന്നായിരുന്നു മെസ്സിയുടെ മറുപടി.
സംശയങ്ങൾക്ക് ഇടനൽകി മെസ്സിയുടെ വ്യക്തതയില്ലാത്ത മറുപടി അഭ്യൂഹങ്ങൾ പരത്തിയതിന് പിന്നാലെയാണ് ഇപ്പോൾ കളിത്തട്ടിലെ കണക്കുകൾ പുറത്തുവന്നിരിക്കുന്നത്. ഗ്രീസ്മാനോടുള്ള മെസ്സിയുടെ അനിഷ്ടം കളിക്കളത്തിലും പ്രകടമാണ്. ഇന്ററിനെതിരായ മത്സരത്തിൽ ഗ്രീസ്മാന് ഏറ്റവും കുറച്ച് പന്ത് പാസ് ചെയ്ത താരം മെസ്സിയാണ്. രണ്ടേരണ്ടു തവണ മാത്രം. ഗ്രീസ്മാൻ മെസ്സിക്ക് പന്തുനൽകിയത് മൂന്നുതവണയും. എന്നാൽ അറുപത്തിയാറാം മിനിറ്റിൽ പകരക്കാരനായി എത്തിയ ഒസ്മാൻ ഡെംബലേയ്ക്കുപോലും മെസ്സി ധാരാളം പാസുകൾ കൈമാറിയിട്ടുണ്ട്.
COMMENTS