ചാന്പ്യൻസ് ലീഗ് ഫുട്ബോളിൽ സീസണിലെ ആദ്യ ജയം കണ്ടെത്തിയ ആശ്വാസത്തിലാണ് ബാഴ്സലോണ. ഹോം ഗ്രൌണ്ടായ കാംപ് നൌവിൽ സ്വന്തം കാണികൾക്ക് മുന്നിൽ ഇന്റർ...
ആദ്യപകുതിയിൽ ഒരുഗോളിന് പിന്നിട്ടുനിന്ന ബാഴ്സയെ രക്ഷിച്ചത് ലൂയിസ് സുവാരസിന്റെ ഇരട്ടഗോളായിരുന്നു. നായകൻ മെസ്സി തിരിച്ചെത്തിയ പോരാട്ടത്തിൽ 58, 84 മിനിറ്റുകളിലായിരുന്നു ബാഴ്സയുടെ ഗോളുകൾ. എന്നാൽ ഈ ജയത്തിൽ ബാഴ്സയ്ക്ക് ആശ്വസിക്കാൻ വലിയ വകയില്ല. കാരണം ആരാധകർ കോച്ച് ഏണസ്റ്റോ വെൽവെർദേയെ പുറത്താക്കണമെന്ന ശക്തമായ നിലപാടിലാണ്.
മത്സരം ഇടവേളയ്ക്ക് പിരിഞ്ഞപ്പോൾ കോച്ചിനെതിരെ ആരാധകർ മുറവിളികൂട്ടി. രണ്ടാംപകുതിക്ക് മുന്നേ കോച്ചിനെ പുറത്താക്കണം എന്നായിരുന്നു ആരാധകരുടെ മുദ്രാവാക്യം. ഇന്ററിനെതിരെ രണ്ടാം മിനിറ്റിൽ തന്നെ ബാഴ്സ ഗോൾ വഴങ്ങിയിരുന്നു. സീനിയർ താരം ജെറാർഡ് പിക്വേയെ ടീമിൽ നിന്ന് ഒഴിവാക്കണമെന്നും ഒരുകൂട്ടം ആരാധകർ ആവശ്യപ്പെട്ടു. സീസണിൽ ബാഴ്സയുടെ മോശം പ്രകടനമാണ് ആരാധകരെ രോഷാകുലരാക്കിയിരിക്കുന്നത്.
മെസ്സി പരുക്കേറ്റ് പുറത്തിരുന്നതാണ് തിരിച്ചടിക്ക് പ്രധാന കാരണം. ലാ ലീഗയിൽ ഏഴ് കളി പിന്നിട്ടപ്പോൾ 13 പോയിന്റ് മാത്രമാണ് ബാഴ്സയുടെ അക്കൌണ്ടിലുള്ളത്. പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തും. ഗ്രനാഡയോടും അത് ലറ്റിക്കോ ബിൽബാവോയോടും തോറ്റതോടെയാണ് ആരാധകർ കോച്ചിനെതിരെ തിരിഞ്ഞത്. ചാന്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിൽ ബൊറൂസ്യ ഡോർട്ട്മുണ്ടിനോട് സമനിലയും വഴങ്ങി. ഈ സമ്മർദത്തിനിടയിലും ഇന്ററിനെതിരെ ജയിക്കാനായത് വെൽവേർദേയ്ക്ക് ആശ്വാസമാണ്.
COMMENTS