ദേവരാജന്‍ മാസ്റ്റര്‍ ഒളിമ്പ്യൻ റഹ്മാനെ കണ്ടുമുട്ടിയപ്പോൾ...

രവി മേനോന്‍ ആശുപത്രിമുറിയുടെ ജനാലക്കപ്പുറത്ത് ഇടതടവില്ലാതെ പെയ്തുകൊണ്ടിരുന്ന മഴയിലേക്ക് നോക്കി മലയാള ചലച്ചിത്ര സംഗീതത്തിലെ കുലപതി പറഞ്ഞ...

രവി മേനോന്‍

ആശുപത്രിമുറിയുടെ ജനാലക്കപ്പുറത്ത് ഇടതടവില്ലാതെ പെയ്തുകൊണ്ടിരുന്ന മഴയിലേക്ക് നോക്കി മലയാള ചലച്ചിത്ര സംഗീതത്തിലെ കുലപതി പറഞ്ഞു: ഒരാഗ്രഹം ബാക്കിയുണ്ട്. ഇത്തവണ നടക്കുമോ ആവോ!

പറയുന്നത് ചില്ലറക്കാരനല്ല; ദേവരാജൻ മാസ്റ്റർ. മലയാളികൾ എക്കാലവും മൂളി നടക്കുന്ന മധുരോദാരമായ ഈണങ്ങളുടെ ശിൽപ്പി. സിനിമാ സംഗീതത്തിലെ ഈ ഇതിഹാസ പുരുഷന് ജീവിതത്തിൽ ഇനി എന്താഗ്രഹമാണാവോ ബാക്കി? കാലാതിവർത്തിയായ ഒരു സിംഫണി? അതോ അപൂർവമായ മറ്റൊരു ഷഡ്കാല പല്ലവിയോ?

ഗൃഹാതുരത്വത്തിന്റെ നേർത്ത തിരശീല പതുക്കെ വകഞ്ഞുമാറ്റി പുറത്തു കടന്ന് മാസ്റ്റർ പറയുന്നു: ``റഹ്മാനെ ഒന്ന് കാണണം. നമ്മുടെ ഒളിമ്പ്യൻ റഹ്മാനെ. കേട്ടത് സത്യം തന്നെയോ എന്ന് സംശയമുണ്ടായിരുന്നു. ഉറപ്പു വരുത്താനായി ഒരിക്കൽ കൂടി ചോദിച്ചു: ``ആരെ കാണണമെന്നാണ് മാഷ് പറഞ്ഞത്?

``അറിയില്ലേ നമ്മുടെ ആ പഴയ പന്തുകളിക്കാരൻ അബ്ദുറഹ്മാനെ? സിംഹത്തിന്റെ തലയെടുപ്പോടെ ബംഗാളിന്റെ ബാക്ക് ലൈനിൽ കളിച്ചിരുന്ന ആ കോഴിക്കോട്ടുകാരനെ. സ്വന്തം നാട്ടുകാരനായിട്ടും അറിയില്ലെന്നോ? കഷ്ടം.

ടി. അബ്ദുൾ റഹ്മാൻ... അറിയാമായിരുന്നു നല്ലവണ്ണം. പിടികിട്ടാതിരുന്നത് ദേവരാജൻ മാസ്റ്ററുടെ ഈ റഹ്മാൻ ഭക്തിയുടെ പൊരുളാണ്. രാവും പകലും ഈണങ്ങളുടെ ലോകത്തും രാഗപഥങ്ങളിലും വിഹരിക്കുന്ന ഈ മനുഷ്യൻ എങ്ങനെ റഹ്മാനിക്കയുടെ ആരാധകനായി?

അധികമാരുമറിയാത്ത ആ കളിക്കമ്പത്തിന്റെ കഥ മാസ്റ്റർ വിവരിച്ചു തന്നത് അപ്പോഴാണ്: പന്തുരുളുന്നിടത്തെല്ലാം ഓടിയെത്തിയിരുന്ന സ്കൂൾ വിദ്യാഭ്യാസ കാലത്ത് തലയ്ക്കു പിടിച്ചതാണ് ഫുട്ബാൾ പ്രേമം. കളിക്കുന്നതോടൊപ്പം കളികൾ മുടങ്ങാതെ കാണുന്ന പതിവും ഉണ്ടായിരുന്നു അന്ന്. സുഹൃത്തും കവിയുമായ ഓ.എൻ .വി കുറുപ്പും ഉണ്ടാവും കൂട്ടിന്. തിരുവനന്തപുരത്തും കൊല്ലത്തും ഏറണാകുളത്തും ഒക്കെ അരങ്ങേറിയ അഖിലേന്ത്യാ ടൂർണമെന്റുകൾക്ക് പതിവുകാരായിരുന്നു ഇരുവരും സന്തോഷ് ട്രോഫി, ജി വി രാജ ട്രോഫി, കൊല്ലം മുനിസിപ്പൽ ഗോൾഡൻ ജൂബിലി ടൂർണമെന്റ്, കെ.എഫ്. എ ഷീൽഡ്.

``അക്കാലത്ത് മനസ്സിൽ പതിഞ്ഞതാണ് റഹ്മാന്റെ കളി- മാഷ് പറഞ്ഞു. 1955 ലെ എറണാകുളം സന്തോഷ് ട്രോഫിയിൽ ബംഗാളും സർവീസസ്സും തമ്മിലുള്ള മത്സരം. തങ്കരാജ് ആണ് സർവീസസ്സിന്റെ ഗോൾ കീപ്പർ. ആറടിയിലേറെ ഉയരമുള്ള തങ്കരാജ് ക്രോസ്ബാറിനടിയിൽ ഈറ്റപ്പുലിയെ പോലെ ഉലാത്തുകയാണ്. മത്സരം സമനിലയിൽ നിൽക്കേ റഫറി ബംഗാളിന് അനുകൂലമായി ഒരു പെനാൽറ്റി വിധിക്കുന്നു. തങ്കരാജിന്റെ പോസ്റ്റിലേക്ക് കിക്ക് തൊടുക്കാൻ ഒരൊറ്റ ബംഗാൾ താരത്തിനുമില്ല ധൈര്യം. പന്ത് സ്പോട്ടിൽ വെച്ച് മാറി നില്ക്കുകയാണ് ക്യാപ്റ്റൻ അഹമ്മദ് ഖാൻ. ചുനി ഗോസ്വാമിയെയും പി.കെ ബാനർജിയേയും കിട്ടുവിനെയും പോലുള്ള രാജ്യാന്തരചുണക്കുട്ടികളാകട്ടെ നെഞ്ചിടിപ്പോടെ പരുങ്ങി നില്ക്കുന്നു. നിറഞ്ഞ ഗാലറികളിൽ ഭയാനകമായ മൂകത.

നിമിഷങ്ങൾ ഒന്നൊന്നായി കൊഴിഞ്ഞു വീഴവെ, അഹമ്മദ് ഖാൻ കൈകൊട്ടി അബ്ദുറഹ്മാനെ വിളിക്കുന്നു. നിലത്തിരുന്നു ബൂട്ട് കെട്ടിക്കൊണ്ടിരുന്ന റഹ്മാൻ അത്ഭുതത്തോടെ തലയുയർത്തി നോക്കിയപ്പോൾ കണ്ടത് പെനാൽറ്റി സ്പോട്ടിലേക്ക് വിരൽ ചൂണ്ടി നില്ക്കുന്ന ക്യാപ്റ്റനെ. പിന്നെ സംശയിച്ചില്ല. ഉറച്ച കാൽവെപ്പുകളോടെ പെനാൽറ്റി സ്പോട്ടിലേക്ക് നടന്നു റഹ്മാൻ. ``എന്തൊരു വരവായിരുന്നു അത്. ശരിക്കും പുലിയെ പോലെ,- ദേവരാജൻ മാഷ് ഓർമ്മകളിൽ മുഴുകി പുളകം കൊള്ളുന്നു. വെടിയുണ്ട കണക്കെയുള്ള റഹ്മാന്റെ ഷോട്ട് തടുക്കാൻ വായുവിൽ പറന്നുയരുന്നു തങ്കരാജ്. പക്ഷെ എന്ത് ഫലം? പന്ത് നേരെ ചെന്ന് വലയിൽ. ശ്വാസം പിടിച്ചിരുന്ന ഗാലറികൾ പൊട്ടിത്തെറിച്ച നിമിഷം. ``ഞങ്ങളൊക്കെ സ്വയമറിയാതെ എഴുന്നേറ്റു നിന്ന് ആർത്തു വിളിച്ചത് ഓർമ്മയുണ്ട്.

ഇവിടെ ദേവരാജൻ മാഷിന്റെ ഓർമ്മയിൽ ഇല്ലാത്ത ഒരു `സ്ഥിതിവിവരക്കണക്ക് കൂടി ആവാം: എറണാകുളം നാഷണൽസിന്റെ സെമിഫൈനലായിരുന്നു അന്ന് മാഷ് സാക്ഷ്യം വഹിച്ച മത്സരം. മൂന്നു ദിവസങ്ങളിലേക്ക് നീണ്ടുപോയ ഉശിരൻ പോരാട്ടം. 210 മിനുട്ട് നീണ്ട (അന്ന് 70 മിനിട്ടാണ് കളി) സെമിയിൽ റഹ്മാൻ അടിച്ച ഒരേയൊരു ഗോളിൽ ജയിച്ചുകയറിയ ബംഗാൾ, ഒടുവിൽ മൈസൂരിനെ കലാശക്കളിയിൽ കീഴടക്കി കപ്പും കൊണ്ട് പോയത് ഇന്ന് ചരിത്രം.

അന്ന് തുടങ്ങിയതാണ് ദേവരാജൻ മാഷിന് ഒളിമ്പ്യൻ റഹ്മാനോടുള്ള ആരാധന. റഹ്മാനെ ഒന്ന് കണ്ടു പരിചയപ്പെടുക എന്ന മോഹം നാല് പതിറ്റാണ്ട്കാലം മനസ്സിൽ കൊണ്ടുനടന്നു മാഷ്. ഒടുവിൽ ആ സ്വപ്നസാക്ഷാൽക്കാരത്തിനു നിമിത്തമാകാൻ കഴിഞ്ഞു എന്നത് പത്രപ്രവർത്തന ജീവിതത്തിലെ അസുലഭ ഭാഗ്യങ്ങളിൽ ഒന്നായി തന്നെ കാണുന്നു ഞാൻ. കളിയെഴുത്തിൽ നിന്ന് ``പാട്ടെഴുത്തിലേക്കു അധികദൂരമില്ല എന്ന് മനസ്സിലാക്കിത്തന്ന കൌതുകകരമായ അനുഭവങ്ങളിൽ ഒന്ന്.

ദേവരാജൻ മാഷിന്റെ ആഗ്രഹം അറിയിച്ചപ്പോൾ ആദ്യം അമ്പരപ്പായിരുന്നു റഹ്മാന്. ``ഇനിക്ക് മൂപ്പരുടെ സിനിമാ പാട്ടൊന്നും അത്ര പിടിയില്ല. ഞാൻ അധികവും ഇംഗ്ലീഷ് സിനിമയേ കാണൂ. കുറച്ച് ഹിന്ദിയും. പക്ഷെ മൂപ്പര് ചെയ്ത നാടകപ്പാട്ടുകൾ ഇനിക്ക് വലിയ ഇഷ്ടാ. ബലികുടീരങ്ങളെ ...ഒക്കെ. നല്ല ചൊണയുള്ള പാട്ടുകളാ. അടുത്ത ദീവസം തന്നെ റഹ്മാനിക്കയെയും കൂട്ടി ഞാൻ ബേബി മെമ്മോറിയൽ ആശുപത്രിയിലെ മാഷിന്റെ മുറിയിൽ ചെല്ലുന്നു.അവിസ്മരണീയമായിരുന്നു ആ കൂടിക്കാഴ്ച. ആശുപത്രിക്കിടയിൽ എഴുന്നേറ്റിരുന്നു ആരാധനയോടെ ഒളിമ്പ്യനെ നോക്കി തരിച്ചിരിക്കുന്ന സംഗീത കുലപതി. തൊട്ടു മുന്നിലെ കസേരയിൽ ഇരുന്നു പ്രായത്തെ വെല്ലുന്ന ഊർജസ്വലതയോടെ കളിക്കളത്തിലെ പഴയ സാഹസ കൃത്യങ്ങൾ അയവിറക്കുന്ന റഹ്മാൻ. ``കളിക്കളത്തിൽ ഇന്ന് ഗദ്ദ (കഴുത) കൾ ആണ് ഏറെയും. ഘോട (കുതിര) കളുടെ കാലം കഴിഞ്ഞു, ഒരു ഘട്ടത്തിൽ വികാരഭരിതനായി ശബ്ദമുയർത്തി റഹ്മാൻ പറഞ്ഞു. ദേവരാജൻ മാഷിന്റെ മുഖത്തെ ആരാധനാഭാവം വലിയൊരു പൊട്ടിച്ചിരിക്ക് വഴിമാറിയ നിമിഷം. അപൂർവമായേ അങ്ങനെ ചിരിച്ചു കണ്ടിട്ടുള്ളൂ മാഷ്. ``റഹ്മാൻ, സിനിമാ സംഗീതത്തിലും സ്ഥിതി ഏതാണ്ട് അതുപോലൊക്കെ തന്നെ, മാഷ് പറഞ്ഞു. `` ഞങ്ങൾക്കിടയിലെ കഴുതകളെ ഇടയ്ക്ക് സർക്കാർ അവാർഡ് കൊടുത്ത് ആദരിക്കാറുണ്ട് എന്നൊരു വ്യത്യാസം മാത്രം. ഇത്തവണ ചിരിക്കാനുള്ള ഊഴം കേട്ടിരുന്ന എനിക്കായിരുന്നു.

ഓർമ്മകളുടെ ഇടനാഴികളിലൂടെ സഞ്ചരിച്ച് പഴയൊരു കാലം വീണ്ടെടുക്കുന്ന റഹ്മാനിക്കയെയും ദേവരാജൻ മാഷിനെയും മതിമറന്ന് കണ്ടിരിക്കേ മനസ്സ് പറഞ്ഞു: ``ഇതാ രണ്ടു ലജൻഡുകൾ.

ചീറിപ്പായുന്ന പന്തിന്റെ മൂളക്കമാണ് ഒരാളുടെ കാതിലെ ഏറ്റവും മധുരമുള്ള സംഗീതം. മറ്റെയാൾ കളിക്കളത്തിലെ മിഡ്ഫീൽഡ് ജനറലിനെ പോലെ വൈവിധ്യമാർന്ന ശബ്ദങ്ങളുടെ ഒരു സിംഫണി നിയന്ത്രിച്ച് കാലാതിവർത്തിയായ ഈണങ്ങൾ സൃഷ്ടിക്കുന്നു. രണ്ടു പേരും ജയിക്കാൻ വേണ്ടി മാത്രം കളിക്കുന്നവർ. ശരിയെന്നു തോന്നുന്ന കാര്യങ്ങൾ ആരുടേയും മുഖം നോക്കാതെ തുറന്നടിക്കാൻ മടിയില്ലാത്തവർ. അതുകൊണ്ട് തന്നെ ഈ `ധിക്കാരികൾക്ക് ശത്രുക്കളും ധാരാളം.

പന്തുകളിയും പാട്ടും ഇഴചേർന്ന ജീവിതങ്ങളെ പിന്നെയും കണ്ടുമുട്ടിയിട്ടുണ്ട്. രാഘവൻ മാസ്റ്റർ ഉദാഹരണം. മുംബൈ കാൽറ്റക്സ് ക്ലബ്ബിന്റെ വലതു വിംഗിലെ പടക്കുതിരയായിരുന്നു ഒരിക്കൽ രാഘവൻ. എ ടി ഉമ്മർ കണ്ണൂർ സ്പിരിറ്റഡ് യൂത്ത്സിനു വേണ്ടി ഒരേ സമയം ഹോക്കിയും ഫുട്ബാളും കളിച്ചു. കോഴിക്കോട്ടെ കോടതി മൈതാനത്ത് തനിക്കും കെ.പി.ഉമ്മറിനും ഒപ്പം വൈകുന്നേരങ്ങളിൽ പന്ത് തട്ടാൻ വന്നിരുന്ന സാബിർ ബാബുവിനെ കുറിച്ച് ഒളിമ്പ്യൻ റഹ്മാൻ സ്നേഹവാൽസല്യങ്ങളോടെ സംസാരിച്ചു കേട്ടിട്ടുണ്ട്.

 ``നല്ല ഭാവിയുള്ള ചെക്കനായിരുന്നു. പറഞ്ഞിട്ടെന്തു കാര്യം? തലതിരിഞ്ഞു പോയി. ഓൻ പിന്നെ കളി വിട്ട് സിനിമേൽ പോയി പോലും. അന്നത്തെ സാബിർ ബാബു എന്ന ചെക്കനാണ് മലയാളികൾ ആരാധിക്കുന്ന എം എസ് . ബാബുരാജ് എന്ന സംഗീത സംവിധായകനായി വളർന്നതെന്ന് റഹ്മാനിക്ക അറിഞ്ഞത് വളരെക്കാലം കഴിഞ്ഞാണ്.

ഫോർട്ട് കൊച്ചിയിലെ ആളൊഴിഞ്ഞ പറമ്പുകളിൽ കൂട്ടുകാർക്കൊപ്പം പന്തുകളിച്ചു നടന്ന ഒരു പയ്യനെ കുറിച്ച് കൂടി പറയാതെ ഈ കഥ പൂർണ്ണമാകില്ല. കോർണർ കിക്ക് ഗോളാക്കി മാറ്റുന്നതിലായിരുന്നു അവന് വൈദഗ്ധ്യം. വളഞ്ഞു പുളഞ്ഞു പോസ്റ്റിൽ ചെന്ന് കയറുന്ന കിക്കുകൾ. കാലമേറെ കഴിഞ്ഞപ്പോൾ മലയാളിയുടെ സംഗീതഹൃദയമായി അവന്റെ പ്രിയപ്പെട്ട കളിക്കളം.. പാട്ടുകൾ ഗോളുകളും...

 കാട്ടാശ്ശേരി ജോസഫ് യേശുദാസ് എന്നായിരുന്നു ആ കുട്ടിയുടെ പേര്.


Tags: Ravi Menon, Olympian Rahman, Devarajan Master, Legends, Football

COMMENTS


Name

Badminton,6,Cricket,30,Football,335,Other Sports,46,SG Special,132,Sports,200,Tennis,7,Volleyball,3,
ltr
item
Sports Globe: ദേവരാജന്‍ മാസ്റ്റര്‍ ഒളിമ്പ്യൻ റഹ്മാനെ കണ്ടുമുട്ടിയപ്പോൾ...
ദേവരാജന്‍ മാസ്റ്റര്‍ ഒളിമ്പ്യൻ റഹ്മാനെ കണ്ടുമുട്ടിയപ്പോൾ...
https://4.bp.blogspot.com/-GpPc8zuqHz8/XN5Rb8glnzI/AAAAAAAABlA/J-15jAJ6khYK7gFAUMxkLYfePufyLtnwgCLcBGAs/s640/Devarajan-master.jpg
https://4.bp.blogspot.com/-GpPc8zuqHz8/XN5Rb8glnzI/AAAAAAAABlA/J-15jAJ6khYK7gFAUMxkLYfePufyLtnwgCLcBGAs/s72-c/Devarajan-master.jpg
Sports Globe
http://www.sportsglobe.in/2019/05/devarajan-master-olympian-rahman-meeting.html
http://www.sportsglobe.in/
http://www.sportsglobe.in/
http://www.sportsglobe.in/2019/05/devarajan-master-olympian-rahman-meeting.html
true
4357620804987083495
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy