മണാശ്ശേരി ഗവ:എൽ.പി. & യു.പി.സ്കൂളിന്റെ നൂറ്റിപ്പതിനൊന്നാം വാർഷികത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച സ്മരണികയിൽ മുക്കത്തും അഗസ്ത്യൻ മു...
മണാശ്ശേരി ഗവ:എൽ.പി. & യു.പി.സ്കൂളിന്റെ നൂറ്റിപ്പതിനൊന്നാം വാർഷികത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച സ്മരണികയിൽ മുക്കത്തും അഗസ്ത്യൻ മുഴിയിലുമൊക്കെ ഉണ്ടായിരുന്ന ഫുട്ബോൾ ആവേശത്തെ
കുറിച്ച് എഴുതാൻ സ്കൂളിലെ അധ്യാപകനും സുഹൃത്തുമായ രാജീവ് മാഷ് പറഞ്ഞേൽപ്പിച്ചിരുന്നു..
ഒരു നാടിന്റെ ചരിത്രം എഴുതുമ്പോൾ ഒരുപാട് പേരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കേണ്ടതുണ്ട് ഒരുപാട് പുസ്തകങ്ങൾപരതേണ്ടതുണ്ട്. സമയമില്ലായിരുന്നു എന്നത് സത്യം! കാര്യമായി പുസ്തകങ്ങളൊന്നും ലഭ്യമായതുമില്ല. പിന്നെ "എന്റെ അനുഭവം " മാത്രമായി ചുരുങ്ങി.
ഇതിൽ ചരിത്രമൊന്നും വല്ലാതെ ഉൾക്കൊള്ളിക്കാനായില്ല.1976 ൽ മുക്കം ഓർഫനേജ് സ്കൂളിൽ ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആദ്യമായി കണ്ട ജില്ലാതല സ്കൂൾ ഫുട്ബോൾ ടൂർണമെന്റ് മുതൽ മനസ്സിൽ തങ്ങിനിൽക്കുന്നഫുട്ബാൾ ആവേശം ഒന്ന് രണ്ട് മണിക്കൂർ സമയം കൊണ്ട് ഒന്ന്ഓർത്തെടുക്കാൻ ശ്രമിച്ചതാണ്.
''എന്ന് നിന്റെ മൊയ്തീൻ "എന്ന മലയാള സിനിമയിൽ കേരളം മുഴുവൻ ചർച്ച ചെയ്ത മൊയ്തീനും കാഞ്ചനമാലയും തമ്മിലുള്ള അനശ്വരപ്രണയത്തോടൊപ്പം ഒരുഗ്രാമപ്രദേശത്തെ ജനങ്ങളുടെ മനസ്സിലെ അടങ്ങാത്ത കാൽപന്ത് പ്രണയം കൂടിയുണ്ടായിരുന്നു....'മൊയ്തീൻ' സിനിമയുടെ ഇതിവൃത്തം പോലെ തന്നെ അതിഭാവുകത്വം കലർത്തി പറഞ്ഞതായിരുന്നില്ല ആ ഫുട്ബോൾ സീനുകളും....അക്കാലത്ത്മുക്കത്തും പരിസര പ്രദേശത്തും നടന്ന പല ഫുട്ബോൾ ടൂർണമെന്റുകളുടേയും സംഘാടകനായും ടീം മാനേജറായും കമന്റേറ്ററായുമൊക്കെ പ്രത്യക്ഷപ്പെട്ടിരുന്ന .പി.മൊയ്തീന്റെകാലഘട്ടത്തിന് ശേഷമുള്ള മുക്കത്തെ ഫുട്ബോൾ ഓർമ്മകൾ പങ്കുവെക്കുകയാണ് മുൻ എം.എസ്.പി. ടീം അംഗവും ഫുട്ബോൾ പരിശീലകനുമായ അബ്ദുൾസലിം ഈ.കെ .അഗസ്ത്യൻ മുഴി.
ഇക്കഴിഞ്ഞലോകകപ്പ് ഫുട്ബോൾ മൽസരങ്ങൾ നടക്കുന്ന കാലത്ത് കേരളത്തിലെ പ്രത്യേകിച്ച് മലബാറിലെ ഏതെങ്കിലും ഗ്രാമങ്ങളിലെ കവലകൾശ്രദ്ധിച്ചിരുന്നോ?. ലോകകപ്പ് നടക്കുന്നത് അങ്ങ് റഷ്യയിലോ അതോ കേരളത്തിലോ എന്ന് സംശയം തോന്നുക സ്വാഭാവികം!
കേരളത്തിലെ ഏത് മുക്കിലും മൂലയിലും കളിക്കാരുടെ ചിത്രങ്ങളുള്ള ഫ്ലക്സ്ബോർഡുകളുംകൊടിതോരണങ്ങളും കൊണ്ട് നിറഞ്ഞിരുന്നു .
നാലാൾ കൂടുന്നിടത്തൊക്കെ കളിയുടെ ചർച്ചകൾ പന്തയങ്ങൾ ചിലപ്പോൾ വാഗ്വാദങ്ങൾ ചിലപ്പോൾ ചെറിയ കൈയ്യാങ്കളികൾ വരെ! വിവിധ രാജ്യങ്ങളുടെ കൊടികൾ ഏറ്റവും വലിപ്പത്തിൽ ഉയരത്തിൽ പറപ്പിക്കാനാണ് . പുതിയ തലമുറയിലെ ചിലരുടെ ശ്രമം. ഇഷ്ട ടീമിന്റെ ജഴ്സിയിൽ പറമ്പിൽ ജോലിക്കിറങ്ങുന്നവരെ വരെ കാണാം.
കല്യാണ വീട്ടിൽ സദ്യ വിളമ്പുന്നത് വരെ ഇഷ്ട ടീമിന്റജഴ്സിയിൽ.
നവമാധ്യമങ്ങൾ കൂട്ടിനെത്തിയതോടെ ആഘോഷം വേറെ ലെവലിലായി.
ജാതിയും മതവും രാഷ്ട്രീയ കാഴ്യപ്പാടുകളു മൊക്കെ മറന്ന് സുഹൃത്തുക്കൾ തമ്മിലും,അച്ഛനും മകനും ഭാര്യയും ഭർത്താവും വരെ 'അരയും' 'മഞ്ഞ 'യുമായി പോരാട്ടം മുറുകി. ചിലർ വൈരം മറന്ന് കളിയുടെ പേരിൽ സൗഹൃദത്തിലായി. എങ്ങനെയെങ്കിലും നാല് വർഷത്തിലൊരിക്കൽവിരുന്നെത്തുന്ന കാൽപ്പന്ത് മാമാങ്കത്തെ ആഘോഷമാക്കുക അതാണ് ഓരോരുത്തരുടെയും ചിന്ത. അടുത്ത നാല് വർഷം കൂട്ടിയും കിഴിച്ചും വീണ്ടും കാത്തിരിപ്പ് !
എല്ലാം എൺപതുകളുടെ തുടക്കത്തിൽ മാധ്യമ രംഗത്തെ വൻകുതിപ്പുകളിലൊന്നായടെലിവിഷൻറെ കടന്ന് വരവോടെ ഉണ്ടായ മാറ്റങ്ങൾ! . പത്രമാധ്യമങ്ങളിൽ നിന്ന്ദൃശ്യമാധ്യങ്ങളിലേക്ക് നമ്മുടെ കളിയാവേശം മാറിയതോടെ വായിച്ചറിഞ്ഞതും കേട്ടറിഞ്ഞതുമായ ലോകകപ്പ് ആരവങ്ങൾ നമ്മുടെ കൺമുന്നിലുമെത്തിത്തുടങ്ങി നേരിട്ടു കാണുന്ന ആവേശത്തോടെ തന്നെ !.
എന്നാൽ ഇതിന് എത്രയോ വർഷങ്ങൾക്ക്മുമ്പ്തന്നെകാൽപ്പന്ത് കളിയെ ഇതേ ആവേശത്തോടെ നെഞ്ചേറ്റിയ ചരിത്രമുണ്ട് നമ്മുടെ മുക്കത്തിന്.
'എന്ന് നിന്റെ മൊയ്തീൻ' സിനിമയിൽ കാഞ്ചനേടത്തിയുടെ അനശ്വര പ്രണയത്തിനൊപ്പം ചേർത്ത് വായിക്കണം മൊയ്തീന്റെയും കാഞ്ചനേടത്തിയുടെകുടുംബാംഗങ്ങളുടെയുമൊക്കെ കാൽപന്ത് പ്രണയവും.... കൊറ്റങ്ങൽ രവീന്ദ്രേട്ടനും പെരുമ്പടപ്പിൽ അച്ചുതേട്ടനുമൊക്കെ വെള്ളിത്തിരയിലുള്ളതിനേക്കാൾ മികവോടെ കേരളത്തിലെ കാൽപ്പന്ത്കളിക്കളത്തിൽ തിളങ്ങി നിന്നവർ! രവീന്ദ്രട്ടൻമലപ്പുറം എം.ആർ.ഇ.യുടെ ജഴ്സിയാലായിലായിരുന്നെങ്കിൽ മലബാർ ക്രിസ്ത്യൻ കോളേജ് ടീമിലൂടെയായിരുന്നു അച്ചുതേട്ടതൻറെ
മുക്കത്തിന്റെ കായിക ചരിത്രത്തിലേക്കുള്ള ഒരു എത്തിനോട്ടം കൂടിയായിരുന്നു സത്യത്തിൽ ആ ചലചിത്രം!
അഗസ്ത്യൻമുഴിയിലെ തടപ്പറമ്പിൽ നടന്നിരുന്ന കേരളത്തിലെ തന്നെ പ്രമുഖ താരങ്ങൾ അണിനിരന്ന സെവൻസ് ടൂർണമെന്റും അതിനോടനുബന്ധിച്ച് അന്നത്തെ മലബാർ സിസ്ട്രിക്ട് ഫുട്ബോൾ അസോസിയേഷൻ റജിസ്ട്രേഡ് കളിക്കാർക്കെതിരെ കൈകൊണ്ട ഏറെ വിവാദമായ അച്ചടക്ക നടപടി കളും മുക്കംഓർഫനേജ് ഗ്രൗണ്ടിൽ നടന്നിരുന്ന ജില്ലാതല സ്കൂൾ ഫുട്ബോൾ ടൂർണമെന്റും അഗസ്ത്യൻ മുഴിയിലെ വയലിൽ നടന്ന ജൂനിയർ ടൂർണമെന്റും മാമ്പറ്റ ചെറുത്തടത്തിൽ നടന്ന സംസ്ഥാന - അന്തർദേശീയ താരങ്ങൾ വരെ അണിനിരന്ന സെവൻസ് മൽസരങ്ങളുടെയും വിശേഷങ്ങൾ ആവേശത്തോടെ ഇന്നും പഴയ കളി പ്രേമികൾ പങ്ക് വെക്കാറുണ്ട്.
അക്കാലത്ത് ജില്ലയിലെ കായിക പ്രേമികൾക്കിടയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ടീമായിരുന്നു അഗസ്ത്യൻ മുഴിയിലെ 'ഹീറോസ്.
ഇന്ന് ബാർസലോണയും റയൽമാഡ്രിഡും അർജന്റീനയും ബ്രസീലുമൊക്കെ ഏറ്റുമുട്ടുന്ന ആവേശത്തോടെ തിരുവമ്പാടിയിലും ചെറുവാടിയിലും കൊടിയത്തൂരിലും ചേന്ദമംഗലൂരുമൊക്കെ നടന്ന സെവൻസ് ടൂർണമെന്റുകളിൽ മുക്കവും ചെറുവാടിയും ചേന്ദമംഗലൂരും കച്ചേരിയും തിരുവമ്പാടിയു മൊക്കെ ഏറ്റ് മുട്ടിയിരുന്നു. നാട്ടങ്കങ്ങളായിരുന്നെങ്കിലും പലപ്പോഴും കേരളത്തിലുടനീളമുള്ള മികച്ച താരങ്ങൾ'ഇറക്കുമതി'യായി അന്ന് മുക്കത്തിന് വേണ്ടി ബൂട്ട് കെട്ടിയിറങ്ങിയിരുന്നു.
പൊതു കളിസ്ഥലത്തിന്റെ അഭാവം കാരണം ഈടൂർണമെന്റുകൾ പലതുംപതുക്കെ വിസ്മൃതിയിലായി. പിന്നീട് കുറച്ച് കാലം മൈക്കോ മുക്കം സംഘടിപ്പിച്ചിരുന്ന വോളിബോൾ മൽസരങ്ങളിലായി മുക്കത്തിന്റെ കായിക രംഗത്തെ പ്രശസ്തി .
കൊറ്റങ്ങൽ കുടുംബത്തിന്റെ കൈവശമായിരുന്ന മാമ്പറ്റ ഗ്രൗണ്ട് മുക്കംപഞ്ചായത്തിന്കൈമാറിയതോടെയാണ് കാൽപ്പന്ത് കളിയുംസെവൻസ് ടൂർണമെന്റുകളും വീണ്ടും സജീവമാകുന്നത്. ഇടക്ക് റഡ്സൺ മാമ്പറ്റ സംഘടിപ്പിച്ച സെവൻസ് ടൂർണമെൻറ് ഫൈനൽ ചേന്ദമംഗലൂരിൽ നിന്നെത്തിയ കാണികൾ പ്രതിഷേധവുമായി ഇറങ്ങിയതോടെ അലങ്കോലമായ ഒരു സംഭവം നടന്നിരുന്നു.
കച്ചേരിയും എരഞ്ഞിപ്പാലവുംതമ്മിലായിരുന്നു ഫൈനൽ . മുന്നൊരുക്കങ്ങളുമായി സംഘടിച്ചെത്തിയ ചേന്ദമംഗലൂരിലെ നാട്ടുകാർ ഗ്രൗണ്ടിലിറങ്ങി പന്ത് പിടിച്ചെടുത്ത് ട്രോഫിനേടിയ പോലെ ആഘോഷങ്ങളുമായ മടങ്ങുന്നത് ഇപ്പോഴും ഓർമ്മയിലുണ്ട്. സെമി ഫൈനലിൽഗ്രൗണ്ടിലിറങ്ങാൻ താമസിച്ചതിന് എതിർ ടീമിന് വാക്കോവർ
നൽകിയതിന്റെ പ്രതിഷേധമായിരുന്നു ചേന്ദമംഗലൂർ കാർ പ്രകടിപ്പിച്ചത്.
എറണാകുളത്ത് നടന്നബി.സി.റോയ് ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ടോപ്സ്കോറർ ആയിരുന്ന ചേന്ദമംഗലൂർ കാരൻ സലാമും, ഉമ്മർ ഖാനും, കാദറും, അബ്ദുറഹിമാനും ഗോൾകീപ്പർ അയ്യൂബുമൊക്കെ അണിനിരന്ന ആ ചേന്ദമംഗലൂർ ടീം ഒരു 'ഡ്രീം ടീം' തന്നെയായിരുന്നു സത്യത്തിൽ. ആ സങ്കടമാണ് അവർ അന്ന് തീർത്തത് . പിന്നീട് ആ ടൂർണമെന്റും നടത്താനായില്ല. സ്വന്തം കളിക്കാരുടെ ബലത്തിൽ മൽസരത്തിനിറങ്ങി കരുത്ത് തെളിയിക്കുന്നതിൽ അന്നും മുക്കം പ്രദേശത്ത് ചേന്ദമംഗലൂർ ടീമായിരുന്നു മുന്നിൽ..
പിൽക്കാലത്ത് ആഖിലേന്ത്യാ സെവൻസ് മൽസരങ്ങളി വരെ കരുത്തു തെളിയിച്ച ബ്രസീൽ ചേന്ദമംഗലൂർ ആ പാരമ്പര്യത്തിന്റെ കണ്ണികൾ....
സിദ്ദീഖും, റിയാസും, സാലിയും, ബഷീറും, ഇബ്രായിയും റഫീക്കുമൊക്കെ അണിനിരന്ന ടീം നൈജീരിയൻ താരങ്ങളുടെ കടന്നുകയറ്റം വരെ പോരാട്ടമികവുമായി കളത്തിലുണ്ടായിരുന്നു..അതിൽ സിദ്ദീഖിന്റെ പ്രകടനം കാൽപ്പന്ത് പ്രേമികൾ ഇന്നും മറന്നിരിക്കാനിടയില്ല.
എൺപതുകളുടെ തുടക്കത്തിൽ ഗ്രേറ്റ് ഫ്രന്റ്സ് മാമ്പറ്റ ചെറിയ തോതിൽ തുടങ്ങിയ സെവൻസ് ടൂർണമെന്റ് പിന്നീട് കേരളത്തിലെ ഏറ്റവും അധികം കാണികളെത്തുന്ന "ലോക്കൽ സെവൻസ് " ടൂർണമെന്റ് ആയി പേരെടുത്തു.. 32 ടീമുകൾ പങ്കെടുക്കുന്ന ഒരു മാസം നീണ്ടു നിൽക്കുന്നആ ടൂർണമെന്റ് അക്ഷരാർത്ഥത്തിൽ ഒരു ജനകീയ ഫുട്ബോൾ ഉൽസവമായിരുന്നു. നാട്ടിൻ പുറങ്ങളിൽഫ്ലഡ്ലിറ്റ് മൽസരങ്ങൾ കേട്ടുകേൾവി പോലുമില്ലാത്ത അക്കാലത്ത് അരീക്കോട്ടും മമ്പാടുമൊക്കെ താൽക്കാലിക ഗ്യാലറി പണിതുയർത്തി നടത്തുന്ന അഖിലേന്ത്യാ സെവൻസിനെത്തുന്നതിന്റെ ഇരട്ടി കാണികൾ ഈ "സ്റ്റാന്റിംഗ് സെവൻസിന് " എത്തിയിരുന്നു. കളികാണാനെത്തുന്നതിൽ മൂന്നിലൊന്ന് സ്ത്രീജനങ്ങളായിരുന്നു എന്നത് ടൂർണമെന്റ്നാട്ടിലെ ആഘോഷമായിരുന്നു എന്നതിന്റെ സാക്ഷൃപത്രം.
ആദ്യടൂർണമെന്റിൽ കളൻ തോട് തങ്ങളുടെ 'സ്പോൺസർഷിപ്പോടെ 'വന്ന 'മോഡി'കളൻ തോട് അയ്യൂബും, റസാക്കും, മാത്യുസും, ജോണിയും ഫ്രാൻസിസും സുൾഫീക്കറുമൊക്കെ അണികോസ് മോസ്തിരുവമ്പാടി യെ കീഴടക്കി ജേതാക്കളായി. മാമ്പറ്റ ടൗൺ ടീമും ബ്രദേഴ്സ്അഗസ്ത്യൻമുഴിയുമൊക്കെ പൊരുതി നോക്കിയെങ്കിലും ഒന്നാം റൗണ്ട് കടക്കാനായില്ല. അന്ന്മാമ്പറ്റയ്ക്കായി ബൂട്ട് കെട്ടിയ ഒരുപതിനേഴുകാരനെ ഇന്നുനമ്മളറിയും. ഒറ്റമൽസരത്തിൽ നിന്ന് തന്നെ ഭാവിയുടെ വാഗ്ദാനത്തിനുള്ള പ്രത്യേക കാഷ് അവാർഡ് പെരുമ്പടപ്പിൽ അച്ചുതേട്ടനിൽ നിന്നും ഏറ്റുവാങ്ങിയ ആ കളിക്കാരനെരണ്ട് വർഷങ്ങൾക്ക് ശേഷം സംസ്ഥാന ഇന്റർ ഡിസ്ട്രിക് ചാമ്പ്യൻമാരായകോഴിക്കോട് ജില്ലാ ടീമിലും തുടർന്ന് കണ്ണൂർ കെൽട്രോൺ ടീമിലുംഎസ്.ബി.ടി.യിലുംസന്തോഷ് ട്രോഫികേരളാടീമിലും പിന്നെ ഇന്ത്യൻ ജഴ്സിയിലും കണ്ടപ്പോൾ ഓർത്തത് പഴയ കാല താരവും കറ കളഞ്ഞഫുട്ബോൾപ്രേമിയുമായിരുന്ന അച്ചുതേട്ടന്റെ നിരീക്ഷണപാടവം!. ഇപ്പോൾ ഐ.എസ്.എൽ കമൻേററ്റർ ആയി നമ്മുടെമുന്നിലെത്തുന്നഇന്റർനാഷണൽ ജിജു ജേക്കബായിരുന്നു ആ കൗമാര താരം!..
1986-87 സീസണിൽ നടന്ന ടൂർണമെന്റാണ് കളിയാവേശത്തിന്റെ കാര്യത്തിൽ ഇന്നും മനസ്സിൽ തങ്ങിനിൽക്കുന്നത് .മുക്കവും മണാശ്ശേരിയും അഗസ്ത്യൻ മുഴിയും പലപേരുകളിൽ കേരളത്തിലെ പ്രമുഖ കളിക്കാരെ തന്നെ പണം കൊടുത്ത്ഇറക്കി ടൂർണമെന്റിൽ മൽസരിക്കാനെത്തി. 'യുവത'മുക്കവും ബ്രദേർസ് അഗസ്ത്യൻ മുഴിയും തമ്മിലായിരുന്നു ഫൈനൽ. കോഴിക്കോട്ടെ അന്നത്തെ പ്രമുഖ ടീമുകളായ യംഗ്ചലഞ്ചേർസിനും,ഇന്റിപ്പെൻറന്റ് ബഡ്സിനും ബ്ലാക് ആന്റ് വൈറ്റ് കോഴിക്കോടിനു മൊക്കെകളിച്ചിരുന്ന താരങ്ങൾ ഇരു ടീമുകൾക്കുമായി അണിനിരന്നു.
മാക്സ് വെൽ ഡിക്രൂസും ഉണ്ണിയും റിയാസും ഹംസക്കോയയും പുരുഷോത്തമനു മൊക്കെ യുവത മുക്കത്തിനുംചന്ദ്രനും, മോഹനനും, വിജയകുമാറും, രമേശനുംനൗഷാദ് ബാബുവും മൂസക്കോയയും
ധനപാലനും ബ്രീസ് രാജനും ഗോൾകീപ്പർ പ്രേ മനുംതമിഴ് നാട്ടുകാരൻ
നാഗരാജൻ മാനേജറായ ബ്രദേഴ്സ് അഗസ്ത്യൻ മുഴിക്കും വേണ്ടി കളത്തിലിറങ്ങി. ഒന്നാം റൗണ്ടിൽ എട്ട് ഗോളിന് കുറ്റിക്കാട്ടൂരിനെ തകർത്താണ് ബ്രദേർസ് തുടങ്ങിയത്തന്നെ, യുവതയാകട്ടെ ഒന്നിനെതിരെ അഞ്ച്ഗോളിനുജാസ്നരോത്തിനേയും. ഗോൾ മഴ പെയ്യിച്ചാണ് ഇരു ടീമുകളുംഫൈനലിലെത്തിയത്.
ഇഞ്ചോടിഞ്ച് നിൽക്കുന്ന ടീമുകൾ. മാമ്പറ്റടൂർണമെന്റ് തുടങ്ങിയാൽ മുക്കത്തുംപരിസര പ്രദേശത്തും ഉച്ച കഴിഞ്ഞാൽ ഹർത്താലിന്റെ പ്രതീതിയാണ്. എല്ലാവരുംനേരത്തേ ഗ്രൗണ്ടിൽ സ്ഥാനം പിടിക്കും
ഫൈനൽ ആയ തോടെകെട്ടാങ്ങൽ മുതൽ മുക്കംവരെ അങ്ങാടികളിലൊന്നും ഒരാളുമില്ലാത്ത .സ്ഥിതിയായിരുന്നു.
പതിനയ്യായിരത്തോളം പേരെങ്കിലും അന്ന് മാമ്പറ്റഗ്രൗണ്ടിലേക്ക് ഒഴുകിയെത്തിയിട്ടുണ്ടാവും ആ മൽസരം കാണാൻ...
കളി തുടങ്ങി... എല്ലാവരുംസാധ്യതകൽപ്പിച്ചിരുന്നത് ബ്രദേഴ്സ് അഗസ്ത്യൻമുഴിക്കായിരുന്നു.ചെണ്ടമേളങ്ങളുംബാനറുമൊക്കെയായിഅഗസ്ത്യൻ മുഴിയുടെ ആരാധകർ ഇന്നത്തെഭാഷയിൽ പറഞ്ഞാൽ പൊളിക്കുന്നുണ്ട് .. പക്ഷേ യുവതാ മുക്കത്തിന്റെ കളിക്കാർ കോഴിക്കോട്ടെ അന്നത്തെ മിന്നും താരങ്ങളെ പന്ത് തൊടീക്കുന്നില്ല.
ചന്ദ്രനും നൗഷാദ് ബാബുവുമൊക്കെ പന്തിനായി ഓടി നടക്കുന്ന കാഴ്ച. രമേശനും വിജിയും മുക്കത്തിന്റെ ആക്രമണം താങ്ങാനാവാതെ പന്ത്പുറത്തേക്കടിക്കുന്നു . ചെണ്ടമേളത്തിന് മറുപടിയായി പതുക്കെകൂക്കുവിളികൾ ഉയർന്ന്തുടങ്ങി. ഒന്നാം പകുതി സമാസമം ആരും ഗോളടിച്ചില്ല.
രണ്ടാം പകുതി തുടങ്ങിയതും മുക്കത്തിന് അനുകൂലമായൊരു പെനാൽട്ടി...
വിജയകുമാറിന്റെ കൈയ്യിൽ പന്ത് തട്ടിയതിന് അന്നത്തെ യുദ്ധസമാനമായ അന്തരീക്ഷം പരിഗണിച്ച് കോഴിക്കോട് നിന്നും പ്രത്യേകം കൊണ്ട് വന്ന അമ്പയർ ഒരു ദാക്ഷീണ്യവും കാണിച്ചില്ല....നേരെ പെനാൽട്ടി സ്പോട്ടിലേക്ക് വിരൽ ചൂണ്ടി....അതു വരെ കേട്ട ആരവങ്ങൾ ഒറ്റയടിക്ക് നിന്നു.
ഗ്രൗണ്ടിൽസൂചി വീണാൽ കേൾക്കുന്ന നിശബ്ദത..മാക്സ് വെൽഡിക്രൂസ് ആണ് കിക്കെടുക്കുന്നത് കോഴിക്കോട് ജില്ലാടീം ഗോൾകീപ്പർ പ്രേമരാജൻ കൈ വിരിച്ച് നിൽക്കുന്നു . എൻ.എസ്.മാധവൻ ഹിഗ്വിറ്റ എഴുതിയിട്ടില്ല.....
ഇടത്തോട്ട് ചാടിയ പ്രേമൻറെ വലത് വശത്ത് കൂടി പന്ത് നെറ്റിൽ.....
പിന്നീട് കേട്ടത് തൃശൂർ പൂരത്തിന് സമാനം. മുക്കത്ത്കാർക്കൊപ്പം മാമ്പറ്റക്കാരും ചേർന്നു.
എവിടെനിന്നെന്നറിയില്ല പടക്കങ്ങൾ കോമ്പലകളായി പൊട്ടിത്തുടങ്ങി. ഈ കളിയിൽ ഇതുപോലൊരുഗോളൊക്കെ മുൻകൂട്ടിക്കണ്ട് പടക്കവുമായി വന്നവർ ''ദീർഘദർശനം ചെയ്യും ദൈവജ്ഞർ " തന്നെസംശയമില്ല!.
സെവൻ അപ്' കഴിച്ച ബ്രസീലുകാരെ പോലെ അഗസ്ത്യൻ മുഴിക്കാർ നിൽക്കുമ്പോഴാണ് ആ വാക്കുകൾ ഓർത്തത് . "ഒരുഗോൾ നമ്മടെ പോസ്റ്റിൽ വീണാൽ ഞാൻരാജനെ ഇറക്കും". നാഗരാജൻ സാക്ഷാൽ ബ്രീസ് രാജനെ ഇറക്കി.... കളി തീരാൻ പത്ത് മിനുട്ട് മാത്രം...... ഗ്രൗണ്ട് മുഴുവൻ ഗോളിനായിഅലറി വിളിക്കുന്നു... രാജന്റെ ആദ്യടച്ച് തന്നെ അഗസ്ത്യൻ മുഴിക്കനുകൂലമായി ഒരു കോർണറിൽ കലാശിച്ചു..വിജയകുമാർ എടുത്ത കോർണർ പഞ്ച് ചെയ്ത് അകറ്റാനുള്ള മുക്കത്തിന്റെ ഗോളിയുടെ ശ്രമം, ഉയർന്ന് വന്നബോൾ ഭൂമിക്ക് സമാന്തരമായി കിടന്ന് രാജൻ പോസ്റ്റിലേക്ക് നിറയൊഴിച്ചു. മുക്കത്തിന്റെ ഗോളിയുടെ തലക്ക് മുകളിലൂടെ
പന്തതാ നെറ്റും പൊളിച്ച് പറക്കുന്നു.
പൊട്ടിത്തെറിയായിരുന്നു ഗ്രൗണ്ടിൽ. ഇതുപോലൊരു ഗോളാവരം കളി കണ്ടുതുടങ്ങി നാൽപ്പതു വർഷത്തിനിടയിൽ ഞാനിതു വരേ കേട്ടിട്ടില്ല. പിന്നീട് പിറന്നത് മാമ്പറ്റ ഗ്രൗണ്ടിന്റെ ചരിത്രത്തിലെകാൽപ്പന്ത്
വീരഗാഥ. പനി കാരണം കളിക്കാനില്ലെന്ന് പറഞ്ഞ രാജനെ വീട്ടിൽ നിന്ന് നാഗരാജ് നേരിട്ട് കൂട്ടിക്കൊണ്ട് വന്നതാണ്. ടീം തോൽക്കുന്ന ഘട്ടം വന്നാൽ ഗ്രൗണ്ടിലിറങ്ങണം എന്ന ഉറപ്പിൽ. അത്രക്കുണ്ടായിരുന്നു രാജന്റെ ബൂട്ടുകളിൽകോഴിക്കോട്ടെ ആദ്യത്തെ കളിക്കാരുടെ എജന്റ് എന്ന പേരുള്ള നാഗരാജന്റ വിശ്വാസം. (വർഷങ്ങൾക്ക് മുമ്പ് നാഗരാജ് തമിഴ്നാട്ടിൽ സ്വന്തം ജീവനൊടുക്കിയ വാർത്ത കണ്ണീരോർമ്മയായി പങ്ക് വെയ്ക്കുന്നു.)
ഫുട്ബോൾ മൽസരമാണ് ദൈവം കാലിൽ അനുഗ്രഹങ്ങൾ ചൊരിഞ്ഞ് ഭൂമിയിലേക്കയച്ചവർ തമ്മിലുള്ള പോരാട്ടം..അന്ന് രാജന്റെ ദിവസമായിരുന്നു . കളി തീരാൻ സെക്കന്റുകൾ ബാക്കി നിൽക്കെ രാജൻറെ മറ്റൊരു വെടിയുണ്ട മുക്കത്തിന്റെ ഗോൾ വലയുടെ മോന്തായത്തിൽ പതിച്ചു. ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ, സ്കോർ 2 - 1. പത്ത് തൃശൂർ പൂരങ്ങൾക്ക് ഒന്നിച്ച് കൊടിയേറിയ പ്രതീതി..ചെണ്ടമേളം മാലപ്പടക്കങ്ങൾ....
അഗസ്ത്യൻ മുഴി ടീമിന് ട്രോഫിനൽകിയത് ചൂട്ടു വെളിച്ചത്തിൽ..
ഇത് പോലൊരു അഹ്ളാദ പ്രകടനം അതും ഒരു കളി ജയിച്ചതിന് ഇതിന് മുമ്പ്മുക്കത്തുകാർ കണ്ടിട്ടുണ്ടാവില്ല. കളിക്കാരേയും തോളിലേറ്റി ചൂട്ടു കത്തിച്ച് മാമ്പറ്റയിൽ നിന്ന് മുക്കത്തേക്ക്.....
പിന്നീട് മൂന്ന് നാല് വർഷങ്ങൾകൂടി ചെറുത്തടത്തിൽ ഗ്രേറ്റ് ഫ്രൻസിന്റെ ബാനറിൽ പന്തുരുണ്ടു. പണിക്കരുപൊറായി, പൂളക്കോട്, സാന്റോസ് കുന്ദമംഗലം തുടങ്ങിയ ടീമുകൾ മാമ്പറ്റയിൽ നിന്നും കപ്പുമായി വിജയശ്രീലാളിതരായി മടങ്ങി. പതുക്കെ ആ ടൂർണമെന്റും കാലയവനികക്കുള്ളിൽ മറഞ്ഞു. പിന്നീട് പലതവണ നാട്ടുകൂട്ടം മുക്കവും ടൗൺ ടീംവെസ്റ്റ് മാമ്പറ്റ യുമൊക്കെ മാമ്പറ്റ ഗ്രൗണ്ടിൽ ചില ടൂർണമെന്റുകൾ നടത്തിയിരുന്നു. അതിൽ 'നാട്ടുകൂട്ടം' മുക്കം സംഘടിപ്പിച്ച മലബാർ സെവൻസ് ടൂർണമെന്റ് മികച്ച നിലവാരം പുലർത്തിയിരുന്നു.
ഒന്നും അധികം നീണ്ടില്ല...
സഹൃദയ അഗസ്ത്യൻ മുഴി ഇരുവഴിഞ്ഞി തീരത്തുള്ളജില്ലാ പഞ്ചായത്ത് സ്റ്റേഡിയത്തിൽ ഇടക്ക് നടത്തുന്ന ടൂർണമെന്റുകളും ജനശ്രദ്ധ നേടിയിരുന്നു. കോസ് മോസ് തിരുവമ്പാടിയുടെ ആഭിമുഖ്യത്തിൽജില്ലാ പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടത്തിയ അഖിലേന്ത്യാ സെവൻസ് വൻ വിജയമായിരുന്നെങ്കിലും കളി കഴിഞ്ഞുള്ള കശപിശകൾ കാരണം പിന്നീട് ആ ഗ്രൗണ്ടിൽ കളി നടത്താതെയായി.
ഇപ്പോൾ വൺഡേ ടൂർണമെന്റുകളുടെ കാലമാണ്. ഒറ്റ ദിവസം കൊണ്ട് 16ഉം 24 ഉം ടീമുകൾ വരെ കളിച്ച് വിജയികളെ തീർപ്പാക്കും. നാടിനും നാട്ടുകാർക്കുമൊന്നും വേണ്ടിയല്ല മൽസരങ്ങൾ പ്രൈസ്മണിക്ക് വേണ്ടി നട്ട വെയിലത്ത് കളി നടക്കാറുണ്ട് കാഴ്ചക്കാരായി ഊഴം കാത്ത് നിൽക്കുന്ന കളിക്കാരും. പോയ് മറഞ്ഞത് കാൽപ്പന്ത് കളിസംഘാടനത്തിന്റെ ആജനകീയ മുഖം!.എങ്കിലും പ്രതീക്ഷയുടെ പച്ചത്തുരുത്തുകൾ ഇനിയും മാമ്പറ്റ ഗ്രൗണ്ടിൽ ബാക്കിയുണ്ട് .
നാളെയുടെ താരങ്ങളെ കണ്ടെത്താൻ മുക്കം ഫുട്ബോൾ അക്കാദമി (MFA) എന്ന പേരിൽ ഒരു ജനകീയ കൂട്ടായ്മ വെസ്റ്റ്മാമ്പറ്റയിൽ പ്രവർത്തിക്കുന്നുണ്ട്. ആഗ്രൗണ്ടിൽ കളി പഠിച്ചആരെങ്കിലും ജിജു ജേക്കബിന് ശേഷം ഇന്ത്യൻ ജഴ്സി മുക്കത്തിന്റെ ഫുട്ബോൾ പെരുമയുടെ ഓർമ്മപ്പെടുത്തലായി നമുക്ക് മുന്നിലെത്തിക്കുമെന്ന് പ്രത്യാശിക്കാം....
COMMENTS