ആസ്വാദനത്തിന് പ്രായത്തിന്റെ അതിർവരമ്പില്ല. കളിയായാലും കലാരൂപമായാലും.എൺപത്തിയേഴാം വയസ്സിലും പുതുതലമുറയുടെ ആവേശനൃത്തത്തിന് താളം പകരുന്ന കോ...

ആസ്വാദനത്തിന് പ്രായത്തിന്റെ അതിർവരമ്പില്ല. കളിയായാലും കലാരൂപമായാലും.എൺപത്തിയേഴാം വയസ്സിലും പുതുതലമുറയുടെ ആവേശനൃത്തത്തിന് താളം പകരുന്ന കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലെ സ്ഥിര സാന്നിധ്യമായ തലക്കുളത്തൂർ പാലപ്പറമ്പത്ത് അപ്പുവെന്ന ഫുട്ബോൾ ആരാധകനെക്കുറിച്ച് ഈ .കെ. അബ്ദുൾ സലിം അഗസ്ത്യൻമുഴി എഴുതുന്നു...''വയസ്സ് എമ്പത്തേഴായി അടുത്ത കൊല്ലം ഗോകുലത്തിന്റെ കളി ഇവിടെ ഉണ്ടാകുമോ എന്നറിയില്ല. ഇനി കളികാണാൻ ഞാനുണ്ടാകുമോ എന്നും ഉറപ്പില്ല, കേരളത്തിലെ ടീമുകളുടെ തന്നെ ഒരു കളി കൂടി വരുന്നുണ്ട് മക്കളേ എല്ലാവരും വരണം "... ഐ ലീഗിലെ ഗോകുലം കേരളാ എഫ് സി യുടെ ഈസ്റ്റ് ബംഗാളുമായുള്ള സീസണിലെ അവസാന മൽസരത്തിന് ലോംഗ് വിസിൽ മുഴങ്ങിയപ്പോൾ കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിന്റെ വടക്കേ ഗ്യാലറിയിൽ കളിക്കാരെ ഏറ്റവും അടുത്ത് നിന്ന് കാണാവുന്ന പടവുകളിലിരുന്ന് തലക്കുളത്തൂർ പാലപ്പറമ്പ്
അപ്പുവേട്ടൻ ആണ്ടറുതിക്ക് ബന്ധുക്കളെ ക്ഷണിക്കുന്ന തറവാട്ട് കാരണവരെ പോലെ ഇത് പറയുമ്പോൾ ആ വാക്കുകളിൽ
ഐ ലീഗിലെ കേരളത്തിൻറെ ഏക പ്രതീക്ഷയായ ഗോകുലത്തിന്റെ അടുത്ത സീസണിലെ നിലനിൽപ്പിനെ കുറിച്ചുള്ള ആശങ്കളുണ്ട്..
![]() |
അബ്ദുൾ സലിം അഗസ്ത്യൻമുഴി |
വരാനാണ് അപ്പുവേട്ടന്റെ ക്ഷണം!
. തലക്കുളത്തൂർ പാലപ്പറമ്പത്ത് അപ്പുവിന്റെ ഫുട്ബോൾ കമ്പത്തിന് കോഴികോട്ടെ ഫുട്ബോൾ ചരിത്രത്തോളം പഴക്കമുണ്ട്. 1958ൽ പൂതേരി വയൽ കോർപ്പറേഷൻ സ്റ്റേഡിയമായി മാറി ഫുട്ബോൾ ഉരുണ്ടു തുടങ്ങുന്നതിന് മുമ്പ് മാനാഞ്ചിറ മൈതാനിയിൽ നടന്ന നാഗ്ജി മൽസരങ്ങളും മുഹമ്മദ് അബ്ദുറഹിമാൻ കപ്പും പി.കെ.നായർ ഗോൾഡു കപ്പുമൊക്കെ നാലണ ടിക്കറ്റിൽ കണ്ടതുമുതൽ തുടങ്ങുന്നു ഈ പഴയ തുണിക്കച്ചവടക്കാരന്റെ കാൽപ്പന്തിനോടുള്ള ഒടുങ്ങാത്ത പ്രണയം.. യങ്ങ് ചാലഞ്ചേഴ്സും കേരളാ പോളിടെക്നിക്കും ഏറ്റുമുട്ടിയ പ്രഥമ മൽസരത്തിലെ സ്റ്റേഡിയത്തിലെ എ.രവീന്ദ്രനാഥ് നേടിയ ആദ്യ ഗോൾ മുതൽ കഴിഞ്ഞ ശനിയാഴ്ച ഗോകുലത്തിനെതിരെ എൺപത്തിയഞ്ചാം മിനുട്ടിൽ ഈസ്റ്റ് ബംഗാളിനായി റാൾട്ടെ നേടിയ രണ്ടാം ഗോൾ വരെ അപ്പുവേട്ടന്റെ മെമ്മറി കാർഡിൽ ഭദ്രം!.
കോഴിക്കോട് നടന്ന ഒരു ടൂർണമെൻറു പോലും അപ്പുവേട്ടന്റെ ഇലത്താള വാദനത്തോടൊപ്പമല്ലാതെ കോഴിക്കോട്ടുകാർ കണ്ടു കാണില്ല.
അപ്പുവേട്ടന്റെ ഇലത്താളത്തിനുമുണ്ട് ചില പ്രത്യേകതകൾ. ചിലപ്പോൾ കളിയുടെ ആവേശത്തിനൊത്ത്കൊട്ടിക്കയറും കളിവിരസമാവുമ്പോൾ നമ്മുടെ ശ്രദ്ധ കളിയിൽ നിന്ന്തെല്ല്മാറും,അപ്പുവേട്ടന്റെ ഇലത്താളവാദനം കേട്ടാണ് കളിയുടെ നിർണായക നീക്കങ്ങൾ നമ്മുടെ ശ്രദ്ധയിൽ വീണ്ടുമെത്തുക. നവമാധ്യമ കൂട്ടായ്മകളൊന്നുമില്ലാതെ തന്നെ ഒരു കാലത്ത് പത്രങ്ങളിൽ നിന്നും റേഡിയോയിൽ നിന്നുമൊക്കെ അറിഞ്ഞ് സ്റ്റേഡിയത്തിലെത്തിയിരു അപ്പുവേട്ടനും ഓട്ടോ ചന്ദ്രേട്ടനും അബ്ദുറഹിമാൻ ഹാജിയുമൊക്കെ ചേർന്ന ആരാധക കൂട്ടം തപ്പും തകിലും ചെണ്ടയുമൊക്കെയായെത്തി ഗ്യാലറിയെ ഇളക്കിമറിച്ചത് പഴയ കളികളുടെ ആവേശക്കാഴ്ചകൾക്കൊപ്പം ചില പഴമക്കാർ പങ്ക് വെക്കുന്നത് കേട്ടിട്ടുണ്ട്.
ഇപ്പോൾ കൊയിലാണ്ടിക്കാരൻ താഴെകണ്ടി ഹരിദാസനും നാട്ടു കാരൻ തന്നെയായ അബ്ദുറഹിമാനുമൊക്കെയാണ് ഗ്യാലറിയിൽ അപ്പുവേട്ടന് കൂട്ട്.
എറണാകുളത്ത് സന്തോഷ് ട്രോഫി കാണാൻ ഇരുപത് ദിവസത്തോളം ലോഡ്ജിൽ മുറിയെടുത്ത് താമസിച്ചതും മദ്രാസിലും കോയമ്പത്തൂരിലുമൊക്കെ 'ട്രാവലിംഗ് ഫാൻ' ആയി പോയതുമൊക്കെ ഇന്നും ആവേശം വിതറുന്ന ഓർമ്മകൾ. ആലിക്കോയയുടെ യൂണിവേഴ്സൽ മുതൽ എം.ആർ .സി വെല്ലിംഗ്ടണും, രാജസ്ഥാൻ പൊലീസും കറാച്ചി കിക്കേഴ്സും മുംബൈ ടാറ്റാസും ഹൈദരാബാദ് സിറ്റി പൊലീസും കടന്ന്
അലിൻഡ് കുണ്ടറയും, പ്രീമിയർ ടയേഴ്സും ടൈറ്റാനിയവും കെൽട്രോണും കേരളാ പൊലീസും തുടങ്ങി എഫ്.സി. കൊച്ചിനുംഎസ്.ബി.ടിയും വിവ കേരളയും ഗോകുലം കേരളാഎഫ് സിയും എത്തി നിൽക്കുമ്പോഴും, കൊൽക്കത്തൻ ത്രിമൂർത്തികൾ മുഹമ്മൻസും മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും, ഇന്ത്യൻ കാൽപ്പന്ത് മൈതാനങ്ങളിൽ രാജാക്കൻമാരെ പോലെ വാഴുന്നത് അടുത്തിരുന്ന് കണ്ടിട്ടും, സാൽഗോക്കറും ഡെംപോയും, ചർച്ചിൽ ബ്രദേഴ്സും വാസ്കോയുമൊക്കെ ആരോടും കൊമ്പ് കോർക്കുന്ന കാലത്ത് കളിക്കമ്പം വിടാതെ നടന്നിട്ടും, ജെ. സി. ടി. മിൽസിനോടും ഇന്ദർസിംഗിനോടും അപ്പുവേട്ടന് പറഞ്ഞറിയിക്കാനാവാത്ത ഒരിഷ്ടമാണ്.
ഒളിമ്പ്യൻ അഹമ്മദ് ഖാനും മേവാലാലും, കിട്ടുവും, ഡിക്രൂസും,
ഒളിമ്പ്യൻ റഹ്മാനും ഹബീബും അക്ബറും ചെയിൻ സിംഗും മഗൻ സിംഗും, അസീസും മോയിനും ലാ യിക്കും ലത്തീഫും ചെങ്കാസിയും ഉമറും ഉസൈനും മൂസയുമൊക്കെ അപ്പുവേട്ടന്റെ മനസിൽ ഇപ്പോഴും പന്തിനായുള്ള പോരാട്ടത്തിലാണ്. തങ്കരാജും മുസ്തഫയുമൊക്കെ പന്ത് ലക്ഷ്യമാക്കി പറക്കുന്നുണ്ടിപ്പോഴും ആ ഓർമ്മകളിൽ. ഇതു പോലെ ചിലരുണ്ട് ഭൂമിയിൽ ദേശഭാഷാവർണ്ണ വ്യത്യാസമില്ലാതെ ലോകത്തെ ഏറ്റവും മനോഹരമായ വിനോദത്തെ മരണം വരെ ഇങ്ങനെ നെഞ്ചേറ്റി ലാളിക്കുവാൻ നിയോഗിക്കപ്പെട്ടവർ. ഫുട്ബോളിലൂടെ സ്നേഹത്തിന്റെ മതം മാത്രം പ്രചരിപ്പിക്കാൻ ദൈവം ഭൂമിയിലേക്കയച്ചവർ.
നവ മാധ്യമങ്ങളിലൂടെ കൈമാറിയെത്തിയ ചാൻറ് പാടിയല്ല അവർ സ്റ്റേഡിയത്തിലിരിക്കുന്നത്. ആരെയെങ്കിലും ബോധിപ്പിക്കാനോ വിറളി പിടിപ്പിക്കാനോ അവർക്ക് പ്രത്യേക വേഷവിധാനങ്ങളൊന്നുമില്ല.
കളി കാലിലുള്ളവർക്ക് വേണ്ടി അവർ ആർത്ത് വിളിക്കും
, വാതുവെക്കും. പക്ഷേ, മൈതാനത്ത് നിന്ന് കയറിയാൽ സ്നേഹം മാത്രം കറകളഞ്ഞ ആരാധന മാത്രം കാൽപ്പന്ത് കളിയോടും ഈ കളിക്കാരോടും. ഇവർക്കൊക്കെ ഒപ്പം കോഴിക്കോട്ടെ കോർപ്പറേഷൻ സ്റ്റേഡിയത്തിലെ സിമന്റ് പടവുകളിരുന്ന് ഒരു ഫുട്ബോൾ മൽസരം കാണണം. കാൽപന്ത് കളി നൽകുന്ന അനിർവ്വചനീയമായ അനുഭൂതികൾ മനസ്സിലേക്കൊഴുകിയെത്തുന്ന തീർത്ഥയാത്രയാണത്.
COMMENTS