മ്യൂണിക് എയർ ക്രാഷ് (the fall and rise of manchester united)

മ്യൂണിക് എയർ ക്രാഷ് (the fall and rise of manchester united) റോഷൻ ജോയ് എഴുതുന്നു..... " Rising from the ashes like a phoenix&qu...

മ്യൂണിക് എയർ ക്രാഷ് (the fall and rise of manchester united)


റോഷൻ ജോയ് എഴുതുന്നു....." Rising from the ashes like a phoenix" ഏറെ പ്രസിദ്ധമായ,ഉപയോഗത്തിലുള്ള, ഒരു ഇൻസ്പിറേഷനൽ യൂസേജ്. ഫീനിക്സ് എന്നത് ഒരു മിത്ത് മാത്രമാണ്. എല്ലാം തകർന്നു എന്ന് കരുത്തുന്നിടത്തുനിന്നും പൂർവാധികം ശക്തിയോടെ തിരികെയെത്താൻ, പ്രചോദനം പകർന്നുനൽകാൻ തലമുറകളായി ഉപയോഗിക്കുന്ന ഒരു ഗ്രീക്ക് മിത്ത്!!എന്നാൽ അവിചാരിതമായി സംഭവിക്കുന്ന തീരാ നഷ്ടങ്ങളും ദുരന്തങ്ങളും ഒരു വ്യക്തിയെയോ കൂട്ടായ്മയെയോ പ്രസ്ഥാനത്തെയോ ബാധിക്കുക നന്നേ പ്രതികൂലമായി ആയിരിക്കും. ആ ആഘാതത്തിൽ നിന്നും അതിനു പൂർവ സ്ഥിതിയിൽ എത്തുക എന്നത് എളുപ്പമാകില്ല, കാരണം പൊരുതേണ്ടത് നഷ്ടങ്ങൾ സമ്മാനിച്ച വിധിയെയും, ഒപ്പം മാനസികമായി അത് അടിച്ചേൽപ്പിച്ച ആഘാതത്തെയും ഒരുമിച്ചാണ്. വലിയ ലക്ഷ്യങ്ങളിലേക്കുള്ള യാത്രകളിൽ തിരിച്ചടികൾ സ്വാഭാവികം ആണ്, മുൻപോട്ട് പോകാൻ ശ്രമിക്കുമ്പോൾ പിന്നോട്ടടിക്കാൻ വിധി ശ്രമിക്കും, അതിനെ അതിജീവിക്കാനുള്ള കരുത്തു നേടുക മാത്രമേ ഉള്ളൂ പോംവഴി. കണ്ടുകൂട്ടിയ സ്വപ്നങ്ങൾക്കു നിറവും, രൂപവും കൈവരിക്കുമ്പോൾ, അതിന്റെ വളർച്ചയിൽ അഭിമാനിക്കുമ്പോൾ, ഓരോ കുഞ്ഞുതിരിച്ചടികളിലും പതറാതെ, സ്വപ്നം എന്നത് കേവലം ഒരു "ഓർമ്മ" മാത്രമായി അണഞ്ഞു പോകാതെയിരിക്കാൻ , അതിനെ ലക്ഷ്യബോധത്തോടെ മുൻപോട്ട് കൊണ്ടുപോകുമ്പോൾ, പൊടുന്നനെ അതില്ലാണ്ടായി എന്ന യാഥാർഥ്യം ക്രൂരമായി തുറിച്ചു നോക്കുക!!
ഒരു കുഞ്ഞു ജനിക്കുമ്പോൾ മാതാപിതാക്കൾ കണ്ടുകൂട്ടുന്ന സ്വപ്നങ്ങൾക്ക് പതിയെ ചിറകുകൾ വെക്കുന്നത് അവൻ നീന്തി നടക്കാൻ ശ്രമിക്കുമ്പോൾ മുതലാവും, പിന്നീട് നടക്കുമ്പോളും ഓടാൻ പഠിക്കുമ്പോളും ഒക്കെ അവരുടെ മനസ്സാവും കൂടുതൽ സന്തോഷിക്കുക. എന്നാൽ പെട്ടെന്ന് ഒരു ദിവസം ഇനി അവനില്ല എന്ന ക്രൂരയാഥാർഥ്യം വിധി അവർക്കു മുൻപിൽ വെച്ച് നീട്ടിയാൽ??

മാഞ്ചസ്റ്റർ യുണൈറ്റഡ് എന്ന ക്ലബ്ബിനും പറയാനുണ്ട് അതുപോലെ ഒന്നു. മ്യൂണിക് എയർ ക്രാഷ് എന്ന ദുരന്തവും, അവിടുന്നുള്ള ഉയത്തെഴുന്നേല്പും !!
***************************************
ഒരു കഥ പറയാം...
1878 ൽ ന്യൂട്ടൺ ഹീത്ത് എന്നപേരിൽ ലങ്കാഷെയറിലെ കുറച്ചു റെയിൽവേ തൊഴിലാളികൾ ചേർന്നു ഒരു ചെറിയ ഫുട്ബോൾ ക്ലബ് രൂപീകരിക്കുന്നു. ഒരു ചെറു കൂട്ടായ്മ!! ഒരു കുഞ്ഞു സ്വപ്നം!! വലിയ സാമ്പത്തിക പിന്തുണയോ, വല്യ കളിക്കാരോ ഒന്നും ഇല്ലാതിരുന്ന ക്ലബ്ബ്. ആകെ കൈമുതൽ ഫുട്ബാളിനോടുള്ള അഭിനിവേശം മാത്രമാണ്, കളിയെ സ്നേഹിക്കുന്ന, ഒരുപറ്റം തൊളിലാളികൾക്ക് വിനോദത്തിനു ഒരു ഉപാധി. പതിയെ മറ്റു ഡിപ്പാർട്‌മെന്റുകൾക്കെതിരെയും മറ്റു റെയിൽവേ കമ്പനികൾക്കെതിരെയും മത്സരിച്ചു തുടങ്ങിയ അവർ അക്കാലത്തെ ചെറുടൂര്ണമെന്റുകളായ "കോമ്പിനേഷൻ", "ഫുട്ബോൾ അല്ലിയൻസ് "എന്നിവയിലൊക്കെയും തങ്ങളുടെ സാന്നിധ്യം അറിയിച്ചു. 1892-93 സീസണിൽ ഫസ്റ്റ് ഡിവിഷൻ ഫുട്ബോൾ കളിക്കാൻ അർഹത നേടുമ്പോൾ അത് പ്രതിസന്ധികളെ ഇച്ഛാശക്തി കൊണ്ട് നേരിട്ട ക്ലബ്ബിന്റെ ആദ്യ സ്വപ്ന സാക്ഷാത്കാരമായിരുന്നു!!
വലിയ ലീഗിലെ വമ്പന്മാരോട് മുട്ടി നില്ക്കാൻ അധികം കഴിഞ്ഞില്ല അവർക്കു. നിരാശാജനകമായ 2 സീസണുകൾക്ക് ശേഷം രണ്ടാം ഡിവിഷനിലേക്ക് തരം താഴ്ത്തപെട്ടു. ആദ്യത്തെ വലിയ തിരിച്ചടി !!
പിന്നീട് കടക്കെണിയിലേക്ക് കൂപ്പു കുത്തിയ, പിരിച്ചുവിടലിന്റെ വക്കോളമെത്തിയ ക്ലബ്ബിനു പുതുജീവൻ നൽകിയത് ജോൺ ഡേവിസ്‌ എന്ന മാഞ്ചസ്റ്റർ ബേസ്ഡ് ആയുള്ള ബിസിനസ്സുകാരനാണ്. ക്ലബ്ബിന്റെ മുൻപോട്ടുള്ള പ്രയാണത്തിന് ചില മാറ്റങ്ങൾ അനിവാര്യവും ആയിരുന്നു. പുതിയ ഉടമകൾക്ക് കീഴിൽ വന്ന ആദ്യ പരിഷ്കാരങ്ങളിൽ ഒന്ന് ലങ്കാഷെയറിൽ നിന്നും മാഞ്ചസ്റ്റർ കേന്ദ്രികൃതമായി ക്ലബ്ബിനെ പറിച്ചു നടുക എന്നത് ആയിരുന്നു. അങ്ങനെ
1902 ഇൽ "മാഞ്ചസ്റ്റർ യുണൈറ്റഡ്"എന്ന നാമധേയം ക്ലബ്ബിനു ലഭിക്കുന്നു. അടുത്തതു ഏർണെസ്റ്റ് മാൻഗ്നാൽ എന്ന പരിശീലകന്റെ വരവായിരുന്നു. തുടർന്ന് 1906ൽ രണ്ടാം ഡിവിഷനിൽ നിന്നും ഫസ്റ്റ് ഡിവിഷൻ ഫുട്ബോളിന് യോഗ്യത നേടുകയും, 1908 ഇൽ ആദ്യ ലീഗ് ടൈറ്റിൽ നേടുമ്പോൾ ഒരു ഒരുകൂട്ടം സാധാരണ തൊഴിലാളികളുടെ സ്വപ്നം, അതിനെ ഇല്ലാതെയാക്കിയേക്കാവുന്ന ഒരു വലിയ പ്രതിസന്ധിയെ അതിജീവിച്ചു വിജയക്കൊടി പാറിച്ചു. 30 വർഷങ്ങളുടെ പ്രയത്നവും കണ്ണീരും സ്വപ്നങ്ങളുമുണ്ട് അതിൽ. പിൽക്കാലത്തു വിശ്വവിഖ്യാതമായ ക്ലബ്ബിന്റെ ആദ്യ വലിയ നേട്ടം !!!
അടുത്തതായി വലിയ ഒരു ഹോം ഗ്രൗണ്ട് എന്നതായിരുന്നു,അവരുടെ സ്വപ്നം.
1910ഇൽ ഇന്ന് ഹോം ഗ്രൗണ്ട് ആയ ഓൾഡ് ട്രാഫൊർഡിലേക്ക് പറിച്ചുനട്ട ടീമിനു, പിൽക്കാലത്തു "ചുവന്ന ചെകുത്താന്മാർ" അല്ലെങ്കിൽ "റെഡ് ഡെവിൾസ് " എന്ന ഓമനപ്പേര് ലഭിച്ചു.
അവരുടെ സ്വപ്നങ്ങൾ കൊണ്ട് പടുത്തുയർത്തിയ ആ വീടിനു, "തീയറ്റർ ഓഫ് ഡ്രീംസ് " എന്നതിൽ കൂടുതൽ ഉചിതമായ ഒരു പേര് കൊടുക്കാനാകുമോ ?? അതിജീവനത്തിന്റെ ആദ്യ പരീക്ഷ വിജയകരമായി പൂർത്തിയാക്കിയ ടീമിന് കൂടുതൽ വെല്ലുവിളികൾ വരാൻ കിടക്കുന്നതെ ഉണ്ടായിരുന്നുള്ളു!

ലോകത്തെ ഒന്നടങ്ങം നിശബ്‍ദം ആക്കിയ ലോക മഹാ യുദ്ധത്തിന്റെ നാളുകളായിരുന്നു പിന്നീട്, 1914 -1918 വരെ നീണ്ട ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം താറുമാറായ സമ്പദ്ഘടനയിലും പുനരാരംഭിച്ച ലീഗിൽ നിന്നും യുണൈറ്റഡ് വീണ്ടും 1922ഇൽ രണ്ടാം ഡിവിഷനിലേക്ക് തരം താഴ്ത്തപെട്ടു, 1925 ഇൽ ഒന്നാം ഡിവിഷൻ ഫുട്ബോളിൽ തിരികെ എത്തിയ ക്ലബ് 1931ഇൽ വീണ്ടും നിരാശാജനകമായ പ്രകടനങ്ങൾക്ക് ഒടുവിൽ തരം താഴ്ത്തപെട്ടു. എങ്കിലും പ്രകടനങ്ങളിൽ സ്ഥിരത എന്നത് ആഗ്രഹിക്കാവുന്ന ഒരു ആഡംബരമായി അന്നും തുടർന്നു. ഒരു സീസണിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചാൽ അടുത്ത തവണ റെലിഗെഷൻ പൊസിഷനിൽ ആവും സ്ഥാനം.
രണ്ടാം ഡിവിഷനിൽ 20ആം സ്ഥാനം എന്ന ദയനീയ അവസ്ഥയിൽ ആയിരുന്നു ഒരു സമയത് മാഞ്ചസ്റ്റർ യുണൈറ്റഡ്! വീണ്ടും കടക്കെണിയിൽ ആയ ക്ലബ് അടച്ചുപൂട്ടൽ ഭീഷണി നേരിട്ടു, മുപ്പതുകളുടെ തുടക്കത്തിൽ ജെയിംസ് ഗിബ്സൺ എന്ന വ്യക്തി ക്ലബ്ബിന്റെ നടത്തിപ്പ് ഏറ്റെടുത്തു. വീണ്ടും ക്ലബ്ബിന്റെ സാമ്പത്തിക നില മെച്ചപ്പെട്ടു, രണ്ടാം ലോക മഹായുദ്ധം പൊട്ടി പുറപ്പെട്ടപ്പോൾ വീണ്ടും നിന്നുപോയ ലീഗിൽ അന്ന് 14ആം സ്ഥാനത്തു മാത്രമായിരുന്നു യുണൈറ്റഡ്.

രണ്ടാം ലോകമഹായുദ്ധം സർവനാശം വിതച്ചപ്പോൾ ഓൾഡ് ട്രാഫൊർഡ് സ്റ്റേഡിയത്തിനും അത് കാര്യമായ നാശനഷ്ടം വരുത്തിയിരുന്നു.
സർവനാശം വിതച്ച ലോക മഹായുദ്ധത്തിനു ശേഷം 1945ഇൽ ഫുട്ബോൾ ആരംഭിക്കുമ്പോൾ അത് മാഞ്ചസ്റ്റർ യുണൈറ്റഡ് എന്ന ലോകത്തുതന്നെ ഏറ്റവും ആരാധകർ ഉള്ള, ഏറ്റവും സമ്പന്നമായ മുൻനിര ക്ലബിലേക്കുള്ള വളർച്ചയുടെ തുടക്കം മാത്രമായിരുന്നു.
അസൂയാവഹമായ വളർച്ച !!!

***********************
"Manchester united air craft crashed on take off. Heavy loss of life feared." യൂറോപ്യൻ കപ്പ് സെമി ഫൈനൽ യോഗ്യത നേടിയ യുണൈറ്റഡിന്റെ വിജയാഹ്ലാദത്തിനുമേൽ കരിനിഴൽ വീഴ്ത്തികൊണ്ടു അപ്രതീക്ഷിതമായി ജർമനിയിൽ നിന്നും ഓൾഡ് ട്രാഫൊർഡിൽ എത്തിയ ആദ്യ വാർത്ത!!

1958 ഫെബ്രുവരി 6!! സമയം 3:04pm.
കായിക ലോകത്തെ കണ്ണീരിൽ ആഴ്ത്തിയ "മ്യൂണിക് എയർ ക്രാഷ് " നടന്ന ദിവസം, യൂറോപ്യൻ കപ്പ് ക്വാർട്ടർഫൈനൽ മത്സരത്തിൽ, യുഗോസ്ലാവ്യൻ ടീമായ റെഡ്സ്റ്റർ ബെൽഗ്രേഡിനെ തോൽപിച്ചു, സെമിയിലേക്ക് പ്രവേശനം നേടി,തിരികെ വരും വഴി മാഞ്ചസ്റ്റർ യുണൈറ്റഡ് ടീം സഞ്ചരിച്ച വിമാനം മ്യൂണിക്കിൽ അപകടത്തിൽ പെട്ടു. കളിക്കാരും, ടീം ഒഫീഷ്യൽസും, മാധ്യമപ്രവർത്തകരും ഉൾപ്പെടെ 44 പേര് സഞ്ചരിച്ച ചെറു വിമാനം, യാത്ര തുടരാൻ ഇന്ധനം നിറയ്ക്കാൻ ജർമനിയിലെ മ്യൂണിക്കിൽ ഇറക്കുന്നു. മഞ്ഞുപെയ്യുന്ന മ്യൂണിക് ! ടേക്ക് ഓഫിന് ആദ്യ 2 തവണ ശ്രമിച്ചപ്പോൾ എൻജിന് ഫ്യൂവൽ മിക്സിങ്ങിൽ തകരാർ ഉണ്ട് എന്ന് ശ്രദ്ധയിൽ പെട്ടു, അത് പരിഹരിച്ചു പൈലറ്റ് യാത്ര തുടങ്ങാൻ വേണ്ടി ടേക്ക് ഓഫ് വൈകിപ്പിക്കുന്നു, മ്യൂണിക്ക് എയർപോർട്ടിന്റെ ആൾറ്റിട്യൂടും കൊടുംതണുപ്പുമായിരുന്നു വില്ലൻ!
വൂൾവർഹാംപ്‌റ്റന്‌ എതിരെയുള്ള ലീഗ് മത്സരത്തിൽ പങ്കെടുക്കേണ്ടതിനാൽ വേഗം ഇംഗ്ലണ്ടിൽ തിരികെ എത്തേണ്ടതുണ്ട് , മത്സരത്തിന് 24 മണിക്കൂർ മുൻപ് ടീം സജ്ജമായിരിക്കണം എന്നതാണ് FA യുടെ നിയമം. അതിനാൽ ഒരു ദിവസം മ്യൂണിക്കിൽ തങ്ങുവാൻ അവർക്കു കഴിയുമായിരുന്നില്ല.
യൂറോപ്യൻ കപ്പ് എന്ന പുതിയ ടൂർണമെന്റ് തങ്ങളുടെ ലീഗിനെ മോശമായി ബാധിക്കും എന്ന ഭയത്താൽ ഇംഗ്ലീഷ് ഫുട്ബോൾ ലീഗ് സെക്രട്ടറി അലൻ ഹാർദക്കർ ഇംഗ്ലീഷ് ടീമുകളെ യൂറോപ്യൻ കപ്പിൽ പങ്കെടുക്കുന്നതിൽ നിന്നും ആദ്യമേ വിലക്കിയിരുന്നു . മുൻവർഷ ചാമ്പ്യന്മാരായ ചെൽസിയെ യൂറോപ്യൻ കപ്പിൽ പങ്കെടുക്കാൻ FA അനുവദിച്ചുമില്ല.
എന്നാൽ FA യുടെ നിയന്ത്രണങ്ങളെ തട്ടിത്തെറിപ്പിച്ചു മാറ്റ് ബസ്‌ബി തന്റെ "കുട്ടികളുമായി" യൂറോപ്പ് കീഴടക്കാൻ പുറപ്പെട്ടു.
വിലക്കിനെ മറികടന്നു ടൂർണമെന്റിൽ പങ്കെടുത്ത യുണൈറ്റഡിന് ലീഗ് ഫിക്സചരിൽ ഒരു മാറ്റവും നൽകാൻ ഹാർദക്കർ തയ്യാറായതുമില്ല. അഥവാ മത്സരം മുൻനിശ്ചയിച്ച സമയത്തു നടന്നില്ല എങ്കിൽ പോയിന്റ് ഡിഡക്ഷൻ എന്ന ശിക്ഷയും ടീമിന് ലഭിക്കും. ലീഗ് കിരീടം എന്ന സാധ്യത നിലനിൽക്കുന്ന യുണൈറ്റഡിന് അതിനാൽ അടുത്ത മത്സരത്തിന്റെ സമയത്തിനുള്ളിൽ അവിടെ എത്തുക എന്നത് പ്രധാനവുമായിരുന്നു.
മൂന്നാം തവണയിൽ പ്രവർത്തിച്ചു തുടങ്ങിയ എൻജിന്റെ ഊർജവുമായി ടേക്ക്ഓഫിന് തയ്യാറായ വിമാനത്തിനു, ടേക്ക് ഓഫിന് വേണ്ട സ്പീഡ് കൈവരിക്കുമ്പോളേക്കും നിയന്ത്രണം നഷ്ടമായി തുടങ്ങിയിരുന്നു. മഞ്ഞുമൂടിയ റൺവേയിൽ നിന്നും തെന്നിമാറി അടുത്തുള്ള കെട്ടിടത്തിൽ ഇടിച്ചു, വിമാനം പൂർണമായി തകർന്നു വീണു. പൊലിഞ്ഞതു 8 കളിക്കാരുടെ ഉൾപ്പടെ 23 ജീവനുകൾ !! ഫുട്ബോൾ ചരിത്രത്തിലെ കറുത്ത ദിനം.

"ബസ്ബി ബേബ്സ് " എന്ന് ലോകം ഓമനപ്പേരിട്ട് വിളിച്ച, പ്രതിഭാസമ്പന്നമായ യുവാക്കളുടെ ഒരു കൂട്ടയ്മ ആണ് അന്നവിടെ തകർന്നടിഞ്ഞത്!!


"മാറ്റ് ബസ്ബി ആൻഡ് ഹിസ് ബസ്ബി ബേബ്സ് " ഇതു പറയാതെ ഈ കഥ പൂർത്തിയാവില്ല....
*********************

അസൂയ എന്നത് മനുഷ്യസഹജമായ ഒരു വികാരമാണ്, എന്നാൽ ചിലപ്പോളൊക്കെ ദൈവത്തിനു മനുഷ്യരോട് അത് തോന്നാറുണ്ട്. അല്ലെങ്കിൽ ലോകത്തിന്റെ നെറുകയിലേക്ക് ചുവടുവെച്ചു തുടങ്ങിയപ്പോളേക്കും ഈ നൂറ്റാണ്ടു കണ്ട ഏറ്റവും മികച്ച ടീമുകളിൽ ഒന്നിനെയും, ഡങ്കൻ എഡ്‌വേഡ്സ് എന്ന പ്രതിഭയെയും ദൈവം മടക്കിവിളിക്കില്ലായിരുന്നു!!

രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം പാടെ തകർന്ന തെരുവുകളും, കളിക്കളങ്ങളും ഒക്കെ പഴയതുപോലെ ആകുവാൻ കാലം കുറെ എടുത്തു.
നഷ്ടപെട്ടതിന്റെയും നഷ്ടപെട്ടവരുടെയും വേദന മറക്കാൻ ഒരുപരിധിവരെ സംഗീതത്തിനും, സ്പോർട്സിനും അഭയം നേടിയാൽ കഴിയും. കേവല ആശ്വാസം മാത്രമാണത്, നഷ്ടങ്ങളുടെ നൊമ്പരം മരണം വരെയും പിന്തുടരും. തീർച്ച!

വീണ്ടും കളിക്കളങ്ങൾ ആക്റ്റീവ് ആകുവാൻ തുടങ്ങി. യുദ്ധം തകർത്ത സ്റ്റേഡിയം പുതുക്കി പണിയാൻ യുണൈറ്റഡിന് കാലം പിന്നെയും ഒരുപാട് എടുത്തു. അതുവരെ അയൽക്കാരായ സിറ്റിയുടെ സ്റ്റേഡിയം യുണൈറ്റഡ് ഹോം മത്സരങ്ങൾക്കായി ഉപയോഗിച്ചുപോന്നു.ടീമിന്റെ പുതിയ മാനേജരായി മാറ്റ് ബസ്‌ബി ചുമതല ഏറ്റെടുത്തു, അദ്ദേഹം അസിസ്റ്റന്റ് കോച്ച് ആയി മുൻ
വെൽഷ് ഫുട്ബോളർ ജിമ്മി മർഫിയെ യുണൈറ്റഡിൽ എത്തിച്ചു. അയാൾ യുദ്ധകാലത്തു പട്ടാളക്യാമ്പിൽ പട്ടാളക്കാരെ പ്രചോദിപ്പിച്ചുകൊണ്ടു സംസാരിക്കുന്നത് ബസ്‌ബി അതിനു മുൻപു കണ്ടിട്ടുണ്ട്. തീർച്ചയായും തന്റെ യുവകളിക്കാരിൽ ആ പ്രചോദനം കുത്തിവെക്കാൻ അയാൾക്കാകും. മർഫി അങ്ങനെ ആയിരുന്നു, തന്റെ കളിക്കാരിലെ ഭാവി അയാൾക്ക് അകക്കണ്ണുകൊണ്ടു കാണാൻ കഴിവുണ്ടായിരുന്നു. അത് കാഴ്ചയെ ദുസ്സഹമാക്കുന്ന മൂടൽ മഞ്ഞിൽ കൂടി ആണെങ്കിലും എന്നയാൾ തന്നെഅടിവരയിടുന്നു.

മാറ്റ് ബസ്ബിയുടെ ഫിലോസഫി ലളിതമായിരുന്നു.എന്നാൽ അന്ന് പിന്തുടർന്ന് പോന്ന രീതിക്കു വിഭിന്നവും. മികവ് തെളിയിച്ച, പേരെടുത്ത കളിക്കാർക്ക് പിന്നാലെ പോകാതെ ടീനേജേഴ്‌സിനെ സ്കൗട്ട് ചെയ്ത് വളർത്തിയെടുക്കുക എന്നതിൽ അധിഷ്ടിതം!!
ക്ലബ്ബിന്റെ പൂർണ നടത്തിപ്പ് ചുമതല തനിക്ക് വേണം എന്ന് ആവശ്യപ്പെട്ട ബസ്ബി, ഭാവിയെ മുൻകണ്ടു പുതിയ ഒരു തലമുറയെ വാർത്തെടുക്കാൻ ശ്രമം ആരംഭിച്ചു.

ഡങ്കൻ എഡ്‌വേഡ്സ്, ഡേവിഡ് പെഗ്ഗ്, ഡെന്നിസ് വിയല്ലെറ്റ്, ബിൽ ഫോൾക്‌സ്, തുടങ്ങി പ്രായം 16-22 ആയ യുവ കളിക്കാരെ ഒക്കെ എത്തിച്ചും, പ്രായം കൂടിയവരെ ഒഴിവാക്കിയും ടീമിൽ വൻ അഴിച്ചു പണികൾ ബസ്‌ബി നടത്തി."നിങ്ങൾക്ക് കുട്ടികളെ കൊണ്ട് ഒന്നും നേടാനാകില്ല" മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ടീം സെലക്ഷൻ കണ്ടവരുടെ നിരീക്ഷണം അത് മാത്രമായിരുന്നു. എങ്കിലും ബസ്ബിക്കു താൻ എന്താണ് ചെയ്യുന്നത് എന്നതിനെപ്പറ്റി ഉത്തമബോധ്യം ഉണ്ടായിരുന്നു. എതിർപ്പുകളെയും വിമർശനങ്ങളെയും അയാൾ നേരിട്ടത് കളിക്കളത്തിലെ റിസൾട്ടുകൾ കൊണ്ടും!!
1952ഓടെ യുവ രക്തം മാത്രം നിറഞ്ഞ ടീം, പടിപടിയായി ലീഗിൽ മുൻപോട്ട് കുതിച്ചു. 1955-56 സീസണിൽ ബസ്‌ബി ബേബസ്, ഇംഗ്ലീഷ് ഫസ്റ്റ് ഡിവിഷൻ ചാമ്പ്യന്മാർ ആയി!! യൂത്ത് പോളിസിയുടെ വിജയം. ശരാശരി പ്രായം വെറും 22 വയസുള്ള ടീം!!
നിങ്ങൾക്ക് കുട്ടികളെ കൊണ്ട് ഒന്നും നേടാനാകില്ല എന്ന് പറഞ്ഞവർക്കുള്ള ഉത്തരം. !! വാർത്തകളിൽ നിറയുകയായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ്.
ഒപ്പം അവരുടെ ഇരുപത്തൊന്നുകാരൻ മിന്നും താരം ഡങ്കൻ എഡ്‌വേഡ്‌സും!!

ഡങ്കൻ എഡ്‌വേഡ്സ് എന്ന സൂപ്പർ താരവും, ലിയാം വീലൻ, ബോബി ചാൾട്ടൻ, എന്നിവരുടെ തലമുറ, അടുത്ത വർഷം ചരിത്രത്തിൽ ആദ്യമായി ഇംഗ്ളണ്ടിനെ യൂറോപ്യൻ ഫുട്ബാളിൽ പ്രതിനിധീകരിക്കുന്ന ടീമും ആയി,1957ൽ . ആംതെർലെറ്റിനെ 10-0 എന്ന വൻ മാർജിനിൽ തോൽപിച്ച ബസ്‌ബിയുടെ കുട്ടികളുടെ സ്വപ്നതുല്യമായ കുതിപ്പ്, ബൊറുസ്യ ഡോർട്മുണ്ടും, അത്ലറ്റികോ ബില്ബാവോയും കടന്നു സെമി ഫൈനലിൽ റിയൽ മാഡ്രിഡിനു മുന്നിൽ അവസാനിച്ചു. അക്കാലത്തു യൂറോപ്പിൽ ഏറ്റവും ആധിപത്യം പുലർത്തിയ ടീം റയൽ മാഡ്രിഡ് ആയിരുന്നു എന്നുകൂടെ ചേർത്ത് വായിക്കുമ്പോൾ നേട്ടങ്ങൾക്ക് തിളക്കമേറും,
വലിയ നേട്ടം !!

ഇംഗ്ളണ്ടിന് അഭിമാനം ആയി എങ്കിലും ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ യൂറോപ്യൻ ഫുട്ബാളിനോട് മുഖം തിരിച്ചു നിന്നു. ആദ്യ വർഷ ചാമ്പ്യന്മാർ ആയിരുന്ന ചെൽസി ഫുട്ബോൾ ക്ലബ്ബിനു യൂറോപ്യൻ ചാംപ്യൻഷിപ്പുകളിൽ മത്സരിക്കാൻ അവർ അനുമതി നിഷേധിച്ചു. ലീഗിൽ മാത്രം ഒതുങ്ങിയാൽ മതി എന്ന നിലപാടിനോട് മാറ്റ് ബസ്‌ബിക്കു യോജിക്കാൻ ആകുമായിരുന്നില്ല. അദ്ദേഹം മാഞ്ചസ്റ്റർ യൂണൈറ്റഡുമായി യൂറോപ്പ് കീഴടക്കാൻ പുറപ്പെട്ടു. ആദ്യ സീസണിൽ സെമിയിൽ പോരാട്ടം അവസാനിപ്പിച്ചു തലയുയർത്തി തന്നെ ബസ്ബിയുടെ കുട്ടികൾ തിരികെയെത്തി.
തൊട്ടടുത്ത സീസണിലും(1958) മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ മികവ് ഇംഗ്ലണ്ടിലും, യൂറോപ്പിലും തുടർന്നു. യൂറോപ്യൻ ലീഗിൽ സെമി ഫൈനൽ ഉറപ്പിച്ചു മടങ്ങവേ ആണ് വീണ്ടും മ്യൂണിക് എയർ ക്രാഷ് എന്ന രൂപത്തിൽ ക്രൂരമായ വിധിയുടെ ഇടപെടൽ ഉണ്ടാകുന്നതു.

ലിയാം വീലൻ, മാർക്ക് ജോൺസ്‌, ഡേവിഡ് പെഗ്ഗ്, ക്യാപ്റ്റൻ - റോജർ ബ്രൈൻ , ജെഫ് ബെന്റ, എഡി കോൾമാൻ, ടോമി ടെയ്ലർ എന്നിവർ തൽക്ഷണം മരിച്ചു. ഗുരുതരമായി പരുക്കേറ്റ (കിഡ്നിക്ക് തകരാറു സംഭവിച്ചതും ആന്തരിക രക്തസ്രാവവും മൂലം )ഡങ്കൻ എഡ്‌വേഡ്സ് 15 ദിവസങ്ങൾക്ക് ശേഷം മരണത്തിനു കീഴടങ്ങി.
അപകടത്തെ അതിജീവിച്ചു എങ്കിലും ജോൺ ബെറി, ജാക്കി ബ്ലാൻച്ഫ്ലവർ എന്നിവർക്ക് പിന്നീട് ഒരിക്കലും കളിക്കളത്തിലേക്കു ഒരു മടങ്ങിവരവ് സാധ്യമായിരുന്നില്ല. ഗുരുതരമായി പരുക്കേറ്റ മാറ്റ് ബസ്ബിക്കു ദീർഘനാളത്തെ ചികിത്സയും വിശ്രമവും ഡോക്ടർമാർ വിധിച്ചു. അപകടത്തിൽ തലയ്ക്ക് പരിക്കേറ്റിട്ടും ഗോൾ കീപ്പർ ഹാരി ഗ്രെഗിന്റെ ധീരമായ രക്ഷാപ്രവർത്തനം മൂലം മാറ്റ് ബസ്‌ബി ഉൾപ്പെടെ കുറെ പേരുടെ ജീവൻ രക്ഷിക്കാനായി.

യുഗോസ്ലാവ്യയിൽ നടന്ന യൂറോപ്യൻ കപ്പ് മത്സരത്തിന് ശേഷം അടുത്ത ലീഗ് മത്സരത്തിൽ പങ്കെടുക്കാൻ സാവകാശം അപേക്ഷിച്ച യൂണൈറ്റഡിനോട്, ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല എന്ന ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷന്റെ നിലപാട് തന്നെയാണ് പ്രതികൂല കാലാവസ്ഥയിലും യാത്ര തുടരാൻ അവരെ അന്ന് നിർബന്ധിതർ ആക്കിയത്. പിച്ചവെച്ചു തുടങ്ങിയ, ഇനിയും കാതങ്ങൾ മുൻപോട്ട് സഞ്ചരിക്കേണ്ടിയിരുന്ന ഒരു കൂട്ടം യുവ പ്രതിഭകളുടെ ദാരുണാന്ത്യം.!!
മാഞ്ചസ്റ്റർ യുണൈറ്റഡ് എന്ന ക്ലബ്ബിന്റെ അവസാനം ആയേക്കാവുന്ന വലിയ ദുരന്തം!!

പകുതിയോളം കളിക്കാർ നഷ്ടപ്പെട്ടു, ബാക്കിയായത് വലിയ പരിക്കുകൾ പേറി, ഇനി പഴയ ജീവിതത്തിലേക്കോ, ഫുട്ബാളിലേക്കോ മടങ്ങിവരും എന്നുപോലും ഉറപ്പിക്കാൻ കഴിയാത്ത, അതിലുപരി അപകടത്തിൽ സഹകളിക്കാരുടെ മരണം മാനസികമായി തളർത്തിയ മാനേജരും, ബോബി ചാൾട്ടണും ബില് ഫ്ലൂക്സ്, ഹാരി ഗ്രെഗ്ഗ്
ഉൾപ്പടെയുള്ള അവശേഷിച്ച കളിക്കാരും മാത്രം!!

ഓരോ കളിക്കാരന്റെ വിയോഗവും പകരം വെക്കാനില്ലാത്ത നഷ്ടം ആകുമ്പോൾ, അതിൽ ഇംഗ്ളണ്ടിന്റെ എക്കാലത്തെയും വലിയ നഷ്ടം എന്ന് വിലയിരുത്തപ്പെടുന്നത് ഡങ്കൻ എഡ്‌വേഡ്സ് എന്ന മിഡ്‌ഫീൽഡറെ ആണ്.
"ഞാൻ തന്നെയാണ് ലോകത്തിലെ എക്കാലത്തെയും മികച്ച കായികതാരം" എന്നു ബോക്സിങ് ഇതിഹാസം മുഹമ്മദ് അലി പറഞ്ഞപ്പോൾ അതിനെ ചിരിച്ചു തള്ളികൊണ്ടു "അത് ഡങ്കൻ എഡ്‌വേഡ്സ് എന്ന ഇംഗ്ലീഷ് ഫുട്ബോളർ ആണ് " എന്ന് തിരുത്തി പറയുവാൻ ജിമ്മി മർഫിക്ക് രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നിട്ടില്ല.. ഡങ്കൻ എഡ്‌വേഡ്സ് ആരായിരുന്നു എന്ന് അയാളെ അറിയാത്ത ഇന്നത്തെ തലമുറയോട് പറയാൻ മർഫിയുടെ ഈ ഒരു quote മാത്രം മതിയാകും. കേവലം 5 വർഷം മാത്രം ആയുസ്സുണ്ടായിരുന്ന ഫുട്ബോൾ കരിയർ.
കണക്കുകൾ കൊണ്ട് മാത്രം അളക്കുവാനാകാത്ത, കളിക്കളത്തിൽ അയാൾ ഉണ്ടാക്കിയ സ്വാധീനം അത്രയും വലുതായിരുന്നു. 18 ആം വയസ്സിൽ ഇംഗ്ലണ്ടിന്റെ കുപ്പായം അയാളിലെ പ്രതിഭയെ തേടി വന്നു !! ഒപ്പം ഇംഗ്ലണ്ട് കുപ്പായം അണിയുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ എന്ന റെക്കോർഡും. ഒരു പക്ഷെ പെലെയും മറഡോണയും പിൽക്കാലത്തു നേടിയ താര പരിവേഷവും, അപൂർവ പ്രതിഭാസങ്ങൾ എന്ന ടാഗും എല്ലാം അവരെക്കാൾ മുൻപേ അവകാശപ്പെട്ട കളിക്കാരൻ.
"ഇയാൾക്ക് മുൻപിൽ ഞാൻ നിസ്സാരൻ ആണ് " എന്ന അപകർഷതാബോധം ചാൾട്ടന്റെ മനസ്സിൽ ഉളവായതു ഡങ്കൻ എഡ്‌വേഡ്‌സിന് ഒപ്പം കളിക്കുമ്പോൾ മാത്രമാണ്.
Physically, he was enormous. He was strong and had a fantastic football brain. His ability was complete – right foot, left foot, long passing, short passing. He did everything instinctively. - എഡ്‌വേഡ്‌സിനെപ്പറ്റി ബോബി ചാൾട്ടൻടെ വാക്കുകൾ. ചാൾട്ടന്റെ ഭാഷയിൽ പറഞ്ഞാൽ ഫുട്ബോൾ മൈതാനത്തു ഡങ്കന് അസാധ്യമായി ഒന്നുമില്ലായിരുന്നു. മ്യൂണിക്കിലെ ഹോസ്പിറ്റലിൽ മരണത്തോട് മല്ലിട്ടുകൊണ്ടു കിടക്കുമ്പോഴും തന്നെ കാണാൻ എത്തിയ കോച്ച് മർഫിയോടു " വൂൾസിനെതിരെയുള്ള കിക്ക്‌ ഓഫ് ടൈം എപ്പോഴാണ്?? എനിക്ക് ആ മത്സരം നഷ്ടപെടുത്തുവാനാകില്ല "എന്ന് പറഞ്ഞ, ബിഗ് ഡങ്കൻ!! അയാൾക്ക് ഫുട്ബോൾ ആയിരുന്നു എല്ലാം. പ്രൊഫഷണലിസം എന്നതിന് അപ്പുറം
ജേഴ്‌സിയിലെ ബാഡ്ജിനെ ഹൃദയത്തിൽ പതിപ്പിച്ച കളിക്കാരൻ. കീഴടങ്ങാത്ത മനസ്സിനുടമയായ അയാൾക്ക് മുന്നിൽ മരണം പോലും ആദ്യം തോൽവി സമ്മതിച്ചു.
1966ൽ ഇംഗ്ലണ്ട് നേടിയ ലോകകിരീടം അതിനു മുൻപേ അവർ നേടിയെനേം, മ്യൂനിച് എയർ ക്രാഷ് എന്ന ദുരന്തം സംഭവിച്ചില്ലായിരുന്നു എങ്കിൽ എന്നു ഫുട്ബോൾ പണ്ഡിതർ ഇന്നും വിശ്വസിക്കുന്നു, നഷ്ടത്തിന്റെ ആഴം കൂടുകയാണ് !!പാടേ നഷ്ടമായ ടീമിനെ വേഗം പുതുക്കിപ്പണിയുക പ്രായോഗികമല്ല, അതിനാൽ തൽക്കാലത്തേക്ക് എങ്കിലും ക്ലബ്ബ് അടച്ചുപൂട്ടുക എന്ന ഓപ്ഷൻ യുണൈറ്റഡ് ബോർഡ് മുന്നോട്ടു വെച്ചു, അതല്ലാതെ മറ്റൊരു മാർഗം അവർക്കു മുന്നിൽ ഇല്ലായിരുന്നു. ഏതൊരു മുന്നേറ്റത്തിനും ഒരു അവസാനം ഉണ്ടാകും, നിഷേധിക്കാനാകാത്ത ഒരു യാഥാർത്ഥ്യം, ചിലപ്പോൾ അത് വിധിയുടെ ഇടപെടൽ കൊണ്ട് ആകാം..
ചരിത്രം തിരുത്തി എഴുതിയ പ്രതിഭകളുടെ യുണൈറ്റഡ്, ഇനി ചരിത്രത്താളുകളിൽ മാത്രമാകുമോ ??

അവിടെ കൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് എന്ന ക്ലബ് അവസാനിക്കാതിരിക്കാൻ നമ്മൾ കടപ്പെട്ടിരിക്കുന്നത് ജിമ്മി മർഫി എന്ന കോച്ചിന്റെ നിശ്ചയദാർഢ്യവും പൊരുതാനുള്ള മനസ്സിനോടുമാണ്..

*****************
rising from the ashes..

വലിയ ഒരു തീപിടിത്തം ഉണ്ടായി ഒരു കാട് പൂർണമായി നശിച്ചാലും, ഒരു ചെറിയ പുൽക്കൊടിയെ അത് ബാക്കി നിർത്തും. വീണ്ടും അതിലും വലിയ ഒരു വളർച്ചയ്ക്ക് തുടക്കമിടാൻ !!... മാഞ്ചസ്റ്ററിന്റെ കാര്യത്തിലും ദൈവം "ജിമ്മി മർഫി" എന്നൊരാളെ ബാക്കി വെച്ചിരുന്നു. മറ്റാരോടുമുള്ളതിനേക്കാൾ കുറച്ചു അധികം ഈ ക്ലബ്ബും ആരാധകരും അയാളോട് കടപ്പെട്ടിരിക്കുന്നു.
അപകടത്തിൽ പെട്ട ടീമിനൊപ്പം മർഫി സഞ്ചരിച്ചിരുന്നില്ല. വെയിൽസ് ടീമിന് സുപ്രധാനമായ ലോകകപ്പ് യോഗ്യതാ മത്സരത്തിനായി അവരെ പരിശീലിപ്പിക്കാൻ മർഫി അവരോടൊപ്പമായിരുന്നു.
ദാരുണമായ അപകട വാർത്ത മാഞ്ചസ്റ്റെറിൽ അയാളെ തേടി എത്തുമ്പോൾ അയാളും തകർന്നിരുന്നു. കളിക്കാരെ പരിശീലിപ്പിക്കുമ്പോൾ അവരുടെ കഴിവിന്റെ പൂർണതനേടണം എന്ന് നിർബന്ധമുള്ള മർഫി അവർ ദീർഘനേരം പരിശീലനം നടത്തണം എന്ന് നിർബന്ധം ഉള്ള ആളായിരുന്നു. എഡ്‌വേഡ്സ്, ചാൾട്ടൻ എന്നിവർ ഒക്കെ അയാളുടെ കീഴിൽ തേച്ചുമിനുക്കപെട്ട പ്രതിഭകളും..
മാറ്റ് ബസ്ബിയെ ജർമനിയിലെ ആശുപത്രിയിൽ സന്ദർശിച്ച മർഫിയോടു അദ്ദേഹം ആവശ്യപ്പെട്ടത് "കീപ് ദി ഫ്ലാഗ്‌സ് ഫ്ലയിങ് ഹൈ" എന്ന് മാത്രമാണ്. എല്ലാം നഷ്ടപ്പെട്ടു എന്നറിഞ്ഞിട്ടും ഇനി സാധാരണ ജീവിതത്തിലേക്ക് ഒരു മടങ്ങിവരവ് വേഗം ഉണ്ടാകില്ല എന്ന് ഉറപ്പായിട്ടും ബസ്ബിയെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചത്, മർഫിയിൽ ഉള്ള അദ്ദേഹത്തിന്റെ വിശ്വാസം തന്നെയാണ്. അത് തെറ്റല്ല എന്ന് കാലം തെളിയിച്ചു.

അപകടത്തിന് ശേഷമുള്ള ദിവസങ്ങളിൽ ക്ലബ്ബിനെ സംബന്ധിച്ചു സുപ്രധാനമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ ബോർഡ്‌മെമ്പേഴ്സ് മീറ്റിംഗിനു ഒത്തുചേരുന്നു. ഈ അവസ്ഥയിൽ ഇനി ക്ലബ്ബിനു മുന്നോട്ടു പോകാൻ ആകില്ല, തൽക്കാലം അടച്ചുപൂട്ടുകയാണ് ഉചിതം എന്ന് ബോർഡ്‌മെമ്പേഴ്സ് മീറ്റിംഗിൽ ഏറെക്കുറെ എല്ലാവരും അഭിപ്രായപ്പെട്ടപ്പോൾ തോൽക്കാൻ മനസില്ലാത്ത ജിമ്മി മർഫിയുടെ വാക്കുകളിൽ നിശ്ചയധാർഢ്യം പ്രകടമായിരുന്നു.
“Don’t tell me what can’t be done. When Matt Busby brought me here, they told me we’d never make a go of it, that it couldn’t be done. That Manchester United would never make a success. Told us we couldn’t win the league, playing kids. Told us we couldn’t match the best teams in Europe. And every bloody time we proved them wrong, so with respect sir, it can be done, it will be done, I’ll make sure of it.” മർഫിയുടെ വാക്കുകൾ.
ഏറ്റവും വലിയ തിരിച്ചടികളിൽ പോലും പ്രതീക്ഷ കൈവിടാത്ത സമർപ്പണ മനോഭാവം.
അക്ഷരാർത്ഥത്തിൽ യുണൈറ്റഡ് എന്ന ക്ലബ്ബിന്റെ രക്ഷകനായിരുന്നു മർഫി അവിടെ. വിധി സമ്മാനിച്ച വേദനകളും, താൻ പരിശീലിപ്പിച്ചു വളർത്തി വലുതാക്കിയ പ്രിയപ്പെട്ട കളിക്കാരുടെ വിയോഗം തളർത്തിയ മനസ്സുമായി അയാൾ പിൻവാങ്ങിയിരുന്നു എങ്കിൽ, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്ന ക്ലബ്ബ് പോലും വിസ്‌മൃതിയിൽ ആയേനേം.

മർഫി എന്ന ക്യാരക്റ്ററിനെ വരച്ചു കാട്ടുന്ന സംഭവങ്ങൾ നോക്കുക. മ്യൂണിക്കിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കളിക്കാരെ കാണുവാൻ ആദ്യമെത്തിയത് അയാളാണ്. ഗുരുതരപരുക്കുകൾ ഏറ്റുവാങ്ങിയ പലരുടെയും നില ഡോക്ടർമാർ വിവരിക്കുമ്പോളും ആയാൾ ശാന്തനായിരുന്നു. ഒന്നും സംഭവിച്ചിട്ടില്ല എന്ന് സ്വയമേയും മറ്റുള്ളവർക്കും ധൈര്യം പകർന്ന മർഫി!! പിന്നീട് ആരും കാണാതെ ആശുപത്രിയുടെ ഒരു കോണിൽ വാവിട്ടു കരഞ്ഞ മർഫി!! ഉള്ളിൽ ഒരു കടൽ ഇരമ്പുംമ്പോഴും അയാൾ മറ്റുള്ളവർക്ക് ധൈര്യം നൽകി. He was a man of steel.

അയാൾക്ക് മുന്നിൽ പുതിയ ഒരു ടീമിനെ വാർത്തെടുക്കുവാൻ അധികം സമയം ഉണ്ടായിരുന്നുമില്ല. പുതിയ കളിക്കാരെ ടീമിലെത്തിക്കാൻ തക്ക സാമ്പത്തികവും ആ അവസ്ഥയിൽ യുണൈറ്റഡിനുണ്ടായിരുന്നില്ല.
അപകടത്തിൽ നിന്നും രക്ഷപെട്ട ബില്ലി ഫോൾക്‌സിനെ ധൈര്യം നൽകി വീണ്ടും ഫുട്ബാളിലേക്ക് കൊണ്ടുവന്ന മർഫി, റിസർവ് കളിക്കാരെയും ഒപ്പം സൈൻ ചെയ്ത ഏതാനും പുതിയ കളിക്കാരെയും കോർത്തിണക്കി 13ദിവസങ്ങൾക്കപ്പുറം ഷെഫീൽഡ് വെനസ്‌ഡേക്ക് എതിരെ പ്രിയ ക്ലബ്ബിനെ പിന്തുണയ്ക്കാൻ എത്തിയ 60000ൽ പരം കാണികൾക്കു മുൻപിൽ,
ഫ്.എ കപ്പ് സെമി ഫൈനലിൽ ടീമിനെ ഇറക്കി 3-0 നു ജയിക്കുമ്പോൾ തകർച്ചയെ അതിജീവിക്കാനുള്ള ആദ്യ പാഠവും അയാൾ ക്ലബ്ബിനും കളിക്കാർക്കും പകർന്നു നൽകിയിരുന്നു. അയാൾ പകർന്നു നൽകിയ പാഠങ്ങളാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് എന്ന ക്ലബ്ബിന്റെ DNA. മർഫി ഇല്ലായിരുന്നു എങ്കിൽ ഇന്ന് കാണുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് എന്ന മഹാമേരു ഉണ്ടാകുമായിരുന്നില്ല.

ബോബി ചാൾട്ടന്റെ വാക്കുകൾ കടമെടുത്താൽ

“One day he was discovered in a back corridor of the hospital. Sobbing his heart out in pain at the loss of so many young players he adored for their talent and who he loved like sons.”“I learnt a lot from Matt Busby and Alf Ramsey but everything I achieved in football I owe to one man and one man only; Jimmy Murphy. Matt and Alf were good to me, but Jimmy got to my guts. Jimmy was simply sensational.”
മർഫിയോട് നാം എത്രമാത്രം കടപ്പെട്ടിരിക്കുന്നു എന്ന് ഈ വാക്കുകളിൽ വ്യക്തം.
മ്യൂണിക് ദുരന്തം മാനസികമായി തളർത്തിയ ബോബി ചാൾട്ടൻ ഇനി ഫുട്ബോളിലേക്ക് ഇല്ല എന്ന് തീരുമാനം എടുക്കുമ്പോൾ, അയാളെ പിന്തിരിപ്പിക്കുന്നതും ജിമ്മി മർഫിയുടെ വാക്കുകൾ ആണ്. ഒപ്പം കളിച്ചവർ ഇനി കൂടെ ഇല്ല എന്ന തിരിച്ചറിവ്, ഒരു പാസ് നൽകുവാൻ തലയുയർത്തി നോക്കുമ്പോൾ അത് സ്വീകരിക്കുവാൻ ഇനി ഡങ്കൻ ഇല്ല എന്ന യാഥാർഥ്യത്തിൽ നിന്നുളവാകുന്ന വേദന, ഒപ്പം കളിച്ച പ്രിയപ്പെട്ടവർക്ക് പകരം ആ ജേഴ്‌സി അണിഞ്ഞ വേറെ ചിലർ, ഇങ്ങനെ പൊള്ളുന്ന യാഥാർഥ്യങ്ങൾ മനസ്സിൽ മായാതെ കിടക്കുമ്പോൾ ഞാൻ എങ്ങനെ തിരികെ എത്തും എന്ന ചാൾട്ടന്റെ ചോദ്യത്തിന് "Don't be another who died there, i need you" എന്ന മർഫിയുടെ മറുപടിക്കു അയാളെ സ്വാധീനിക്കാൻ ആകുന്നുണ്ട്.

ബോൾട്ടൻ വാണ്ടറേഴ്‌സിനു എതിരെ FA കപ്പ് ഫൈനലിൽ ഫീനിക്സ് പക്ഷിയുടെ എംബ്ലം ബാഡ്ജിൽ വെച്ചുകൊണ്ടാണ് മർഫി തന്റെ കളിക്കാരെ ഗ്രൗണ്ടിൽ ഇറക്കുന്നത്. അതിലൂടെ സന്ദേശവും മഹത്തരമാണ്. If you die, it's only to be reborn — hopefully better and brighter than before.
യുണൈറ്റഡിന്റെ ജേഴ്സി അണിയുന്ന ഓരോ കളിക്കാരന്റെയും മേൽ പ്രതീക്ഷകളുടെ ഒരു അധിക ഭാരം കൂടിയുണ്ട്, കാരണം അവർ പ്രതിനിധാനം ചെയ്യുന്നതു ഒരു ജനതയുടെ മുഴുവൻ നഷ്ട സ്വപ്നങ്ങളെ ആണ്. ഏറ്റവും പ്രതിഭാധനരായ ഒരുപറ്റം കളിക്കാർ അണിഞ്ഞ ജേഴ്‌സിയുടെ, അവരുടെ ലെഗസിയുടെ വാഹകർ ആണ് അവർ.

ഫൈനലിൽ ബോൾട്ടനോട് 2-0 തോൽവി ആയിരുന്നു ഫലം. പക്ഷെ കേട്ടുകേൾവി മാത്രമുള്ള ഒരു മിത്തിനെ അനുഭവിച്ചു അറിയുകയായിരുന്നു ലോകം, ചാരത്തിൽനിന്നും ചിറകടിച്ചുയർന്ന, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്ന ഫീനിക്സ് !!!

മ്യൂണിക് ദുരന്തത്തിന് ശേഷം യുണൈറ്റഡിനെ സഹായിക്കാൻ എത്തിയവരിൽ ലിവർപൂളും, നോട്ടിങ്ഹാം ഫോറെസ്റ്റും, റയൽ മാഡ്രിഡും ഉൾപെടും, ലിവർപൂൾ മാനേജർ ബിൽ ഷാൻക്ലി യുണൈറ്റഡിന് 5 ഫസ്റ്റ് ഇലെവൻ കളിക്കാരെ ഓഫർ ചെയ്തു, അതോടൊപ്പം അവരുടെ ശമ്പളവും ലിവർപൂൾ നൽകാൻ സന്നദ്ധരാണെന്നു അറിയിച്ചു.
റയൽ മാഡ്രിഡ് തങ്ങളുടെ സൂപ്പർ താരം ഡിസ്‌റ്റെഫാനോയെ ഒരു സീസൺ മുഴുവൻ ലോണിൽ നൽകാൻ തയ്യാറായി, ഒപ്പം 1958 ൽ മിലാനെ തോൽപ്പിച്ച് അവർ മുത്തമിട്ട യൂറോപ്യൻ കപ്പ് യുണൈറ്റഡിന് നൽകാനും അവർ ആഗ്രഹം പ്രകടിപ്പിച്ചു. യുണൈറ്റഡ് ഇതിനെ സ്നേഹപൂർവ്വം നിരസിച്ചു എങ്കിലും തങ്ങളുടെ വിജയം റയൽ യൂണൈറ്റഡിനായി സമർപ്പിച്ചു. ഡിസ്‌റ്റെഫാനോയുടെ വരവ് ലോക്കൽ ടാലെന്റ്‌സിന്റെ വളർച്ചയ്ക്ക് ഗുണം ചെയ്യില്ല എന്ന കാരണത്താൽ FA അനുമതി നിഷേധിച്ചു. ധനസമാഹാരണം നടത്തുവാൻ ,
അനവധി സൗഹൃദ മത്സരങ്ങൾ റയൽ മാഡ്രിഡ് യുണൈറ്റഡുമായി കളിച്ചു. ഏറ്റവും മോശം സമയത്തു ഏറ്റവും അധികം കൂടെ നിന്നു!!
വീണ്ടും ഒന്നിൽ നിന്നും തുടങ്ങുകയായിരുന്നു യുണൈറ്റഡ്..
അക്കാദമി താരങ്ങളിൽ വിശ്വാസം അർപ്പിച്ചു, ഡെന്നിസ് ലോ എന്ന താരത്തെയും ടോറിനോയിൽ നിന്നും ടീമിൽ എത്തിച്ചു, ഒപ്പം ജോർജ് ബെസ്റ്റ്, ബോബി ചാൾട്ടൻ..
യുണൈറ്റഡ് പതിയെ മടങ്ങിയെത്തുകയായിരുന്നു.. പാതിവഴിയിൽ നിർത്തേണ്ടിവന്നിടത്തുനിന്നും വീണ്ടും തുടങ്ങാൻ..

ബസ്ബിയുടെ പുതിയ കുട്ടികൾ 1963 ൽ ലെസ്റ്റർ സിറ്റിയെ fa കപ്പ് ഫൈനലിൽ പരാജയപ്പെടുത്തി തങ്ങളുടെ ആദ്യ കിരീടം നേടി, വരുവാനിരുന്ന വലിയ നേട്ടങ്ങളുടെ ഒരു മുന്നൊരുക്കം..
തൊട്ടടുത്ത സീസണിൽ ലീഗിൽ ലിവർപൂളിന് പിന്നിൽ രണ്ടാം സ്ഥാനത്തു എത്തിയ ടീം,
1965 ൽ ലീഗ് സ്വന്തമാക്കി ഇംഗ്ലീഷ് ചാമ്പ്യന്മാരായി...
1967 ൽ ലീഗ് നേട്ടം വീണ്ടും ആവർത്തിച്ചു യുണൈറ്റഡ്..
നേടാൻ അവശേഷിച്ചത് യൂറോപ്പിലെ ഏറ്റവും മികച്ച ടീം എന്ന നേട്ടം മാത്രം,

1968 യൂറോപ്യൻ കപ്പ്,
അനായാസം ലീഗ് റൗണ്ടുകൾ കണ്ടന്നെത്തിയ യുണൈറ്റഡിനു സെമി ഫൈനലിൽ ലഭിച്ചത് റയൽ മാഡ്രിഡിനെ.. ഇത്തവണ യുണൈറ്റഡിന് തോൽക്കാൻ ആകുമായിരുന്നില്ല.. സ്വന്തം തട്ടകത്തിൽ മാഡ്രിഡിനെ തോൽപിച്ച (1-0)യുണൈറ്റഡ്, രണ്ടാം പാദത്തിൽ 3-3 സ്കോറിന് റയലിനെ തളയ്ക്കുകയും ഫൈനലിലേക്ക് യോഗ്യത നേടുകയും ചെയ്തു. Agg (4-3)

വെംബ്ലിയിൽ നടന്ന ഫൈനലിൽ യുണൈറ്റഡിനെ കാത്തിരുന്നത് യൂസേബിയോയുടെ ബെനെഫിക്ക..
പരുക്ക് മൂലം ടൂർണമെന്റിലെ യുണൈറ്റഡിന്റെ ടോപ് സ്കോറർ ഡെന്നിസ് ലോ ഇല്ലാതെ വേണം യുണൈറ്റഡിന് ഇറങ്ങാൻ ..
സ്റ്റേഡിയത്തെ ശബ്ദമുഖരിതമാക്കി തൊണ്ണൂറ്റിമൂവായിരത്തിൽ അധികം കാണികൾക്കുമുന്നിൽ മത്സരം തുടങ്ങി. എലെക്ട്രിഫയിങ് അറ്റ്മോസ്സ്ഫിയർ. 53ആം മിനുറ്റിൽ
ബോബി ചാൾട്ടണ് ടെ ഗോളിലൂടെ മുന്നിലെത്തിയ യുണൈറ്റഡിനു എതിരെ 79 ആം മിനുറ്റിൽ സമനില ഗോൾ നേടി ബെനെഫിക്ക മത്സരത്തിൽ തിരികെയെത്തി.
രണ്ടു പകുതിയിലും 1-1 സ്കോർ തുല്യം

അധിക സമയത്തേക്ക് നീണ്ട മത്സരത്തിൽ 92'ൽ ജോർജ് ബെസ്റ്റ് ഗോൾ നേടി,
94' ടീനേജർ ബ്രയാൻ കിഡ് ലീഡ് ഉയർത്തി..
99' ചാൾട്ടൻ മത്സരത്തിലെ അവസാന ഗോളും നേടി യൂറോപ്യൻ കപ്പിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് എന്ന പേരെഴുതി ചേർത്തിരുന്നു.. ഒരു സ്വപ്‍നം പൂവണിഞ്ഞിരിക്കുന്നു.
മ്യൂണിക് ദുരന്തത്തിന് 10 വർഷങ്ങൾക്ക് ഇപ്പുറം യുണൈറ്റഡ് തങ്ങൾക്ക് അന്ന് നഷ്ടപെട്ടത് നേടിയിരിക്കുന്നു..
കാലത്തിനെ കാവ്യ നീതി എന്നേ വിശേഷിപ്പിക്കാനാകൂ..
വിധിയോട് തോൽക്കാൻ മനസ്സില്ലാത്ത ഒരു പരിശീലകനും ഫുട്ബോൾ വെറും "കുട്ടിക്കളിയാണ്" എന്ന് കാട്ടിത്തന്ന മാറ്റ് ബസ്ബിയുടെയും വിജയം.. ലോകംകണ്ട ഏറ്റവും വലിയ തിരിച്ചുവരവുകളിൽ ഒന്ന്!! ധൈര്യമായി തന്നെ പറയാം. ഇന്ന് ഫീനിക്സ് എന്നത് വെറുമൊരു മിത്ത് അല്ല, അതിനു മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നൊരു ഉദാഹാരണം ഉണ്ട്!!

മ്യൂണിക് ദുരന്തത്തെ അതിജീവിച്ചവരിൽ ക്യാപ്റ്റൻ ബോബി ചാൾട്ടൻ, ബെൻ ഫ്ലൂക്സ് എന്നിവർ മാത്രമേ യൂറോപ്യൻ കപ്പ് നേടിയ ടീമിൽ ഉണ്ടായിരുന്നുള്ളൂ..
ഒരു നിമിഷം അവരുടെയും മനസ്സിൽ ചിതറിയ പഴയ ഓർമ്മകൾ പാഞ്ഞു പോയിട്ടുണ്ടാകാം..
തകർന്ന വിമാനം.. മനസ്സിനെയും ശരീരത്തെയും മരവിപ്പിക്കുന്ന തണുപ്പ്.. ചേതനയറ്റ ശരീരങ്ങൾ.. മരണത്തിന്റെ മണമുള്ള ശീത കാറ്റ്, രക്തം ചുവപ്പിച്ച മഞ്ഞു, ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാർ..
ഒരേ ഡ്രസിങ് റൂം പങ്കിട്ടവരുടെ ശവപെട്ടികൾ.. പൊള്ളുന്ന ഓർമകൾ!!
"വിടരും മുൻപേ വാടിപ്പോയ ഓൾഡ്‌ട്രാഫൊർഡിലെ പൂക്കൾക്കായി" പത്തു വർഷങ്ങൾക്കിപ്പുറം വെംബ്ലിയിൽ ചാൾട്ടണും കൂട്ടരും കപ്പ് ഉയർത്തി.

ഇംഗ്ലണ്ടിലെ ഏറ്റവും മികച്ചത് എന്ന നിലയിൽ നിന്നും ലോകം കണ്ട ഏറ്റവും മികച്ചത് എന്ന ഖ്യാതിയിലേക്കുള്ള യുണൈറ്റഡിന്റെ സ്വപ്നസമാനമായ കുതിപ്പ് അവിടെ തുടങ്ങി.
കപ്പ് നേടിയ ടീമിൽ ബാലൻഡിയോർ നേടിയ മൂന്ന് കളിക്കാർ ഉണ്ടായിരുന്നു എന്നത് മറ്റൊരു കൗതുകം.
യുണൈറ്റഡ് ട്രിനിറ്റി എന്നറിയപ്പെടുന്ന ജോർജ് ബെസ്റ്റ്, ബോബി ചാൾട്ടൻ, ഡെന്നിസ് ലോ..

1969ൽ മാറ്റ് ബസ്ബി യുണൈറ്റഡിൽ നിന്നും പടിയിറങ്ങി. 1994ൽ മരിക്കുംവരെയും അദ്ദേഹത്തെ കുറ്റബോധം വേട്ടയാടിയിരുന്നു. തന്റെ വാശിയാണ് മ്യൂണിക് ദുരന്തത്തിന് കാരണം, അല്ലെങ്കിൽ താൻ മക്കളെപ്പോലെ സ്നേഹിച്ച കളിക്കാരെ തനിക്കു നഷ്ടപെടുകയില്ലായിരുന്നു.

ലോകത്തു ആദ്യമായല്ല ഇത്തരം ദാരുണ സംഭവങ്ങൾ ഉണ്ടായിട്ടുള്ളത്, 1949 ൽ ഇറ്റാലിയൻ ക്ലബ് ടോറിനോയ്ക്കും, സാമ്പിയൻ ദേശീയ ടീമിനും സമാന ദുരന്തങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഏറ്റവും അവസാനം ബ്രസീലിയൻ ക്ലബ് Chapecoense വിധിയുടെ ക്രൂരതയുടെ ഇരയായി.

മാഞ്ചസ്റ്റർ യുണൈറ്റഡ് പിന്നെയും ഒരുപാട് ഉയർച്ച താഴ്ചകൾ കണ്ടു. എഴുപതുകളും എണ്പതുകളും ഓർമ്മിക്കാൻ സുഖമുള്ള ഒന്നും നൽകിയില്ല. പിന്നീട് 1986ൽ ഒരേയൊരു അലക്സ് ഫെർഗുസൺന്റെ വരവ്, അദ്ദേഹം യുണൈറ്റഡിനെ വീണ്ടും പ്രീമിയർലീഗിലെ പ്രബലരാക്കി. ഒപ്പം മത്സരിച്ചവർ കാലക്രമേണ വിസ്‌മൃതിയിൽ ആയപ്പോഴും യുണൈറ്റഡ് തങ്ങളുടെ മികവ് തുടരുന്നു.
"ബസ്ബിയുടെ കുട്ടികൾ" "ഫെർഗുസന്റെ കുട്ടികൾ" ആയി.
ഒരുപാട് ലോകോത്തര താരങ്ങളുടെ വളർച്ചയ്ക്ക് ഓൾഡ് ട്രാഫോർഡ് സാക്ഷിയായി. ബ്രയൻ റോബ്സൺ, കിംഗ് എറിക് എന്ന ആരാധകരുടെ ഓൾ ടൈം ഫേവ്റേറ്റ് എറിക് കന്റോണ, റയൻ ഗിഗ്സ്, ഡേവിഡ് ബെക്കാം, പോൾ സ്കോൾസ്, കോൾ ആൻഡ് യോർക്ക്, പീറ്റർ സ്‌മിക്കൽ, സോല്കജേർ, റൂഡ് വാൻ നിസ്റ്റൽ റൂയി, fearless റോയ് കീൻ, നെവിൽ സഹോദരങ്ങൾ, നെമന്യ വിഡിക്ക്, റിയോ ഫെർഡിനാൻഡ്, ക്രിസ്റ്റ്യാനോ റൊണാൾഡോ, എഡ്വിൻ വാൻ ഡെർ സാർ, വെയ്ൻ റൂണി, ഡേവിഡ് ഡിഗിയ, റോബിൻ വാൻ പെർസീ... പട്ടിക അപൂർണ്ണമാണ്‌.

ഇന്ന് യുണൈറ്റഡ് ലോകത്തേറ്റവും സമ്പന്നവും, ആരാധകപിന്തുണയും ഉള്ള ക്ലബ്ബ്കളിൽ ഒന്നാണ്. ഒരേ സമയം ആരാധകരുടെ നെഞ്ചിലെ തുടിപ്പും വെറുക്കുന്നവരുടെ നെഞ്ചിലെ കല്ലും ആയി തലയുയർത്തി നിൽക്കുന്നു. വെറുക്കുന്നവരേക്കാൾ നൂറുമടങ്ങു ഇഷ്ടപെടുന്നവർ ഉള്ള ക്ലബ്. വെല്ലുവിളികൾക്കും പരിഹാസങ്ങൾക്കും കളിക്കളത്തിലെ നേട്ടങ്ങൾകൊണ്ട് മറുപടി നൽകി, ഒപ്പം തുടങ്ങിയ എതിരാളികളെ കാതങ്ങൾ പിന്നിലാക്കിയിരിക്കുന്നു യുണൈറ്റഡ്.
മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു വികാരമാണ്, they are hated,adored,but never ignored.
ഓരോ തിരിച്ചടികൾ ലഭിക്കുമ്പോളും "we will rise again" എന്ന് പാടുന്നത് എല്ലാം അവസാനിച്ചുവെന്ന് കരുതിയ മ്യൂണിച്ചിൽ ദുരന്തത്തിൽ നിന്നും അവിശ്വസനീയമാംവണ്ണം നടത്തിയ തിരിച്ചുവരവിൽ നിന്നും പ്രചോദനം ഉൾക്കൊള്ളുവാൻ ആണ്. അസാധ്യം എന്നൊന്ന് ഇല്ല എന്നതിന് യൂണൈറ്റഡിനോളം മികച്ച വേറെയൊരു ഉദ്ദാഹരണം ഇല്ല!
എല്ലാ ക്ലബ്ബ്കൾക്കും പറയാനുണ്ടാകും ഓരോ കഥകൾ, എന്നാൽ യുണൈറ്റഡിന്റെ കഥ തുലോം വത്യസ്തമാണ്, അവർ കടന്നുപോയ വഴിയിലൂടെ സഞ്ചരിച്ചവർ അധികമില്ല ! രാജകുടുംബത്തിന്റെയോ, എണ്ണപ്പണത്തിന്റെയോ പിന്തുണയില്ലാതെ, വെറും സാധാരണക്കാരിൽ സാധാരണക്കാരുടെ സ്വപ്നത്തിൽ കെട്ടിപ്പടുത്ത ക്ലബ്.
നേട്ടങ്ങൾകണ്ടു കൂടെ കൂടിയവരെക്കാൾ കളിക്കളത്തിനു അകത്തും പുറത്തും വന്ന പ്രതിസന്ധികളെ നേരിട്ട "നെവർ ഡൈ" ആറ്റിട്യൂട് കണ്ടു ആരാധകരായവർ. കളിക്കാരേക്കാൾ ഉപരി ക്ലബ്ബിനെ സ്നേഹിക്കുന്നവർ, അവരുടെ അഭിമാനമാണ്, അഹങ്കാരമാണ് ഈ ക്ലബ്.

ചരിത്രമുറങ്ങുന്ന ഓൾഡ് ട്രാഫൊർഡിൽ എല്ലാറ്റിനും സാക്ഷിയായ ആ ക്ലോക്ക് ഇന്നും ഉണ്ട്. ഒപ്പം മ്യൂണിക് അപകടത്തിൽ മരിച്ചവരുടെ ഓർമ്മകൾ പ്രദർശിപ്പിക്കുന്ന മ്യൂണിക് റിമെംബറൻസ് ടണലും. അണയാത്ത മെഴുകുതിരിയുടെ വെളിച്ചത്തിൽ അവിടെ ഇങ്ങനെ ആലേഖനം ചെയ്തിരിക്കുന്നത് വായിക്കാം..
"Before the tragedy at Munich, the club belonged to Manchester.But afterwards,manchester united captured imagination of the entire world"

ഇന്നും ഓൾഡ് ട്രാഫൊർഡിലെ ആരാധകർ ബസ്ബിയുടെ കുട്ടികൾക്കായി പാടുന്നു.
Forever and ever,
We'll follow the boys
Of Man United -
The Busby babes!
ഓർമകൾക്ക് മരണമില്ല!!

മ്യൂണിക് ദുരന്തത്തിന്റെ 60ആം വാർഷികം ആചരിക്കുമ്പോൾ അപകടത്തിൽ ജീവൻ നഷ്ടമായവർക്കു ഈ ഓർമപ്പൂക്കൾ സമർപ്പിക്കുന്നു.
വിടരും മുൻപേ വാടിപ്പോയ "മാഞ്ചെസ്റ്റിന്റെ പൂക്കൾ "
തനിക്ക് എപ്പോഴും കാണുവാൻ, ഭംഗി ആസ്വദിക്കുവാൻ, തന്റെ ഉദ്യാനത്തിൽ നിർത്തുവാൻ, ദൈവം അവരെ വേഗം തിരികെ എടുത്തു.
ഈ ക്ലബ്ബും അതിനെ സ്നേഹിക്കുന്ന ആരാധകരും ഉള്ളിടത്തോളം കാലം നിങ്ങൾ ഓർമ്മിക്കപ്പെടും.

A broken plane..
A broken dream..
A broken heart..
A broken team..
No words said..
A Silent vow..
We loved you then..
We love you now..

#Forever_remembered.

റോഷൻ ജോയ്

COMMENTS


Name

Badminton,6,Cricket,30,Football,335,Other Sports,46,SG Special,132,Sports,200,Tennis,7,Volleyball,3,
ltr
item
Sports Globe: മ്യൂണിക് എയർ ക്രാഷ് (the fall and rise of manchester united)
മ്യൂണിക് എയർ ക്രാഷ് (the fall and rise of manchester united)
https://2.bp.blogspot.com/-D3BpqHl7Qwg/XFn5na45dgI/AAAAAAAABVM/ffCyqHzYKEcH4yxbTt0eacfH-GbQsaCYQCLcBGAs/s640/48419196_1652193844881499_5056375146864967680_n.jpg
https://2.bp.blogspot.com/-D3BpqHl7Qwg/XFn5na45dgI/AAAAAAAABVM/ffCyqHzYKEcH4yxbTt0eacfH-GbQsaCYQCLcBGAs/s72-c/48419196_1652193844881499_5056375146864967680_n.jpg
Sports Globe
http://www.sportsglobe.in/2019/02/the-fall-and-rise-of-manchester-united.html
http://www.sportsglobe.in/
http://www.sportsglobe.in/
http://www.sportsglobe.in/2019/02/the-fall-and-rise-of-manchester-united.html
true
4357620804987083495
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy