"കാല്പന്തുകളിയിലെ ഇന്ത്യൻ വന്മതിൽ" ശ്യാം അജിത് എഴുതുന്നു. ഡിസംബറിലെ ഒരു തണുത്ത സായാഹ്നം, ചരിത്രമുറങ്ങുന്ന കൊൽക്കൊത്ത നഗര...
"കാല്പന്തുകളിയിലെ ഇന്ത്യൻ വന്മതിൽ"
ശ്യാം അജിത് എഴുതുന്നു.
ഡിസംബറിലെ ഒരു തണുത്ത സായാഹ്നം, ചരിത്രമുറങ്ങുന്ന കൊൽക്കൊത്ത നഗരത്തിൽ ഇന്ത്യൻ ഫുട്ബോളിന്റെ പുതുവസന്തമായ സൂപ്പർ ലീഗിലെ മത്സരം ആസ്വദിക്കാൻ വെമ്പുന്ന മനസ്സുമായി ഞാൻ ആ റിക്ഷയുടെ പിന്നിൽ അക്ഷമനായിരുന്നു. ബീഡിപ്പുകയിൽ ലയിച്ചുകൊണ്ടു ഏതോ ബംഗാളി ഗാനത്തിന്റെ താളം പോലെ മെല്ലെ വണ്ടി ചവിട്ടുന്ന റിക്ഷക്കാരനോടു തെല്ലു നീരസം തോന്നിയെനിക്ക്. "ഫുട്ബോളിന്റെ മെക്കയിൽ ജനിച്ച നിനക്കു എന്റെ മനസ്സു വായിക്കാൻ കഴിയുന്നില്ലേ സുഹൃത്തേ ?". എന്തായാലും ഈ ചോദ്യം ഞാനൊരു ആത്മഗതമായൊതുക്കി.
കൊൽക്കൊത്ത നഗരത്തിന്റെ തിരക്കുകൾക്കിടയിലൂടെ വണ്ടി ചരിത്രമുറങ്ങുന്ന ഈഡൻ ഗാർഡനു മുന്നിലെത്തി. അവിടെക്കണ്ട ഒരു പ്രതിമ എന്നെ അത്ഭുതപ്പെടുത്തി. അതേ, ഒരു ഫുട്ബോൾ താരത്തിന്റെതാണത്. പക്ഷേ ആ മുഖം എന്റെ ഓർമയിൽ എങ്ങും തന്നെയില്ല. ഒരുപക്ഷെ വായിച്ച പുസ്തകങ്ങളിൽ പോലും കണ്ടതായി ഓർമയില്ല. മടിയോടെയാണെങ്കിലും ഞാൻ എന്റെ സാരഥിയോടു ചോദിച്ചു, "സുഹൃത്തേ ആരാണെന്നറിയാമോ ആ വ്യക്തി ?". നിഷ്കളങ്കമായ ഒരു ചിരിയോടെ അയാളെനിക്കൊരു മറുപടി നൽകി, അദ്ദേഹമാണ് സർ "ഗോസ്ത പാൽ " ബംഗാളിന്റെ മണ്ണിൽ പിറന്ന ഏറ്റവും മികച്ച ഫുട്ബോൾ താരം.
അമ്പരപ്പോടെ എന്റെ വിരലുകൾ സ്മാർട്ട്ഫോണിലൂടെ സഞ്ചരിച്ചു, സന്തോഷത്തിന്റെ നഗരത്തിലെ നിറമുള്ള കാഴ്ചകൾ ഞാൻ മറന്നു. ഇന്ത്യൻ കായികചരിത്രത്തിലെ ഒരു ഇതിഹാസപുരുഷന്റെ ജീവിതകഥ എന്റെ മുന്നിൽ അനാവരണം ചെയ്യപ്പെടുകയായിരുന്നു. സ്വയം മറന്നു ഞാൻ ആ ജീവിതവഴിയിലൂടെ സഞ്ചരിക്കുകയായിരുന്നു എന്നു പറയുന്നതാകും യാഥാർഥ്യം.
വിഖ്യാതമായ 1911 IFA ഷീൽഡ് സെമി ഫൈനൽ മത്സരത്തിന്റെ തലേദിവസം ഒരു സായാഹ്നസവാരിക്കിറങ്ങിയ മോഹൻ ബഗാൻ ഇതിഹാസം കാളിചരൺ മിത്ര ഒരു കൂട്ടം കുട്ടികളുടെ ഫുട്ബോൾ കളി കാണാനിടയായി. പ്രതിരോധ നിരയിൽ എതിർ പക്ഷത്തു നിന്നും അനായാസം പന്തു കവർന്നെടുക്കുന്ന ഒരു ബാലൻ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. മിത്ര അവനെ അദ്ദേഹത്തിന്റെ പരിചയത്തിലുള്ള ആര്യൻ ക്ലബ്ബിൽ ചേർത്തുവിട്ടു. പ്രൊഫഷണൽ ഫുട്ബോളിന്റെ ബാലപാഠങ്ങൾ വളരെ വേഗം പഠിച്ച അവൻ വെറും രണ്ടു വർഷത്തിനുള്ളിൽ മോഹൻ ബഗാൻ പ്രതിരോധനിരയിലെ സ്ഥിരം സാന്നിധ്യമായി.
ആദ്യ മത്സരങ്ങളിൽ പതറിയെങ്കിലും അവൻ പതിയെ ക്ലബ് മത്സരങ്ങളുടെ ചൂടിനോട് ഇഴുകിച്ചേർന്നു. ബ്രിട്ടീഷ് ക്ലബ്ബുകളോടെതിരിട്ടു 1911ൽ ചരിത്രത്തിലാദ്യമായി IFA ഷീൽഡ് സ്വന്തമാക്കിയ ബഗാന്റെ പ്രതിരോധം നിയന്ത്രിക്കുകയെന്നത് എത്ര വലിയ ബഹുമതിയാണെന്നു അവൻ തിരിച്ചറിഞ്ഞു. 1914ൽ ആദ്യമായി മോഹൻ ബഗാൻ കൽക്കട്ട ലീഗിന്റെ ഒന്നാം ഡിവിഷനിലേക്കു മുന്നേറിയപ്പോൾ കരുത്തായത് ഗോസ്തയുടെ നേതൃത്വത്തിൽ പാറപോലെ നിലകൊണ്ട അവരുടെ പ്രതിരോധനിരയായിരുന്നു. വെറും രണ്ടു വർഷത്തിനുള്ളിൽ ബഗാനെ ലീഗിലെ രണ്ടാം സ്ഥാനത്തെത്തിച്ച ആ താരോദയത്തെ കൽകട്ടക്കാർ ആരാധയോടെ സംബോധന ചെയ്തു "ചൈന വൻമതിൽ"!!.
ആ പേരിനെ ന്യായീകരിക്കുന്ന ശരീരഭാഷയായിരുന്നു ഗോസ്തയുടെ കരുത്ത്. അരോഗദൃഢഗാത്രനായ അദ്ദേഹത്തിന്റെ ടാക്ലിങ്ങുകളെ എതിർ കളിക്കാർ ഭയപ്പാടോടെയാണ് കണ്ടിരുന്നത്. 1921ൽ മോഹൻ ബഗാന്റെ നായകനായി നിയോഗിക്കപ്പെട്ട ഗോസ്ത 1926 വരെയും അഭിമാനത്തോടെ ആ ആം ബാണ്ട് കയ്യിലണിഞ്ഞു. 1923ൽ അദ്ദേഹത്തിന്റെ നായകത്വത്തിൽ ബഗാൻ IFA ഷീൽഡിൽ രണ്ടാം സ്ഥാനം നേടി.
ഗോസ്തയുടെ പ്രശസ്തി ഇന്ത്യ മുഴുവൻ വ്യാപിപ്പിച്ചത് 1923ൽ മുംബൈയിൽ നടന്ന റോവേഴ്സ് കപ്പ് ആയിരുന്നു. ഗോസ്ത നയിച്ച ബഗാൻ റോവേഴ്സ് ട്രോഫിയുടെ ചരിത്രത്തിലാദ്യമായി കലാശപ്പോരാട്ടത്തിനു യോഗ്യത നേടുന്ന ഇന്ത്യൻ ക്ലബ്ബായി മാറി. ഡർഹം ഇൻഫന്ററിയോടു ഫൈനലിൽ തോറ്റെങ്കിലും ബഗാൻ ആരാധകരുടെ മനസ്സിൽ ഗോസ്ത ഒരു വീര പുരുഷനാകുകയായിരുന്നു. 1925ൽ ഗോസ്തയുടെ നേതൃത്വത്തിൽ ബഗാൻ കൽക്കട്ട ലീഗ് റണ്ണർ അപ്പ് സ്ഥാനം നേടി. ആ വർഷം തന്നെ ഡുറാന്റ് കപ്പ് കളിക്കുന്ന ആദ്യ ഇന്ത്യൻ ടീമാകാനും ബഗാന് സാധിച്ചു.
1924ൽ ഇന്ത്യൻ ദേശീയ ടീമിന്റെ നായകപദവിയും ഗോസ്തയെ തേടിയെത്തി. സിലോണിലേക്കുള്ള ഇന്ത്യൻ ഫുട്ബോൾ ടീം ചരിത്രത്തിലെ ആദ്യ വിദേശ പര്യടനത്തിൽ ടീമിനെ നയിക്കാനുള്ള ഭാഗ്യവും ഗോസ്ത്ക്കു ലഭിച്ചു.
മനസ്സിൽ വിപ്ലവത്തിന്റെ തീജ്വാല കെടാതെ സൂക്ഷിച്ച ഒരു പോരാളികൂടി ആയിരുന്നു ഗോസ്ത. 1936ൽ സംഭവബഹുലമായ ഒരു വിടവാങ്ങലിനു കാരണമായതും അദ്ദേഹത്തിന്റെ ഈ പോരാട്ടവീര്യമായിരുന്നു. അന്നത്തെ പ്രധാന മത്സരങ്ങളെല്ലാം നിയന്ത്രിച്ചിരുന്ന ബ്രിട്ടീഷ് റഫറിമാർ ഫുടബോളിലെ ഇന്ത്യൻ കുതിപ്പ് അംഗീകരിക്കാൻ പലപ്പോഴും മടിച്ചു. ഏകപക്ഷീയമായ തീരുമാനങ്ങളിലൂടെ പല ചരിത്രവിജയങ്ങളും അവർ ബഗാന് നിഷേധിച്ചു. സ്വാതന്ത്ര്യ സമരം അതിന്റെ ഉച്ചസ്ഥായിയിലെത്തിനിന്ന അവസരത്തിൽ ഈ വിവേചനത്തിനു എതിരെ പ്രതികരിക്കാൻ ഗോസ്ത തീരുമാനിച്ചു. കൽക്കട്ട എഫ് സി യുമായുള്ള ഒരു മത്സരത്തിൽ റഫറിയുടെ തുടർച്ചയായുള്ള തെറ്റായ തീരുമാനങ്ങളിൽ സഹികെട്ട ബഗാൻ ടീമംഗങ്ങൾ ഗോസ്തയുടെ നേതൃത്വത്തിൽ കളിക്കളത്തിൽ കിടന്നുകൊണ്ടു പ്രതിഷേധിച്ചു. ഈ സംഭവത്തിനുശേഷം റഫറിമാരുടെ ഏകപക്ഷീയമായ തീരുമാനങ്ങൾക്കു കുറവുണ്ടായെങ്കിലും പിന്നീടൊരു മത്സരം കളിക്കാൻ ഗോസ്തയ്ക്കു സാധിച്ചില്ല. 1976 ഏപ്രിൽ 9 നു ആ മഹാൻ ജീവിതത്തിന്റെ കളിയരങ്ങിനോടും വിട പറഞ്ഞു.
ബഗാന്റെ മാത്രമല്ല ഇന്ത്യൻ കാൽപന്തുകളിയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും ആഘോഷിക്കപ്പെട്ട വ്യക്തിത്വമായിരുന്നു ഗോസ്ത. 1962ൽ പത്മശ്രീ പുരസ്കാരം നേടിയപ്പോൾ ഈ ബഹുമതി ലഭിച്ച ആദ്യ ഫുട്ബോൾ താരമായി അദ്ദേഹം. 1998ൽ കേന്ദ്ര സർക്കാർ അദ്ദേഹത്തെ ആദരിച്ചുകൊണ്ടു തപാൽ സ്റ്റാമ്പ് പുറത്തിറക്കി. 2004ൽ മോഹൻ ബഗാൻ രത്ന പുരസ്കാരത്തിനും അദ്ദേഹം അർഹനായി. 1988ൽ ഗോസ്തയുടെ പൂർണകായപ്രതിമ ഈഡൻ ഗാർഡനു മുന്നിൽ സ്ഥാപിക്കുകയും അടുത്തുള്ള റോഡ് അദ്ദേഹത്തിന്റെ പേരിൽ നാമകരണം ചെയ്യപ്പെടുകയും ചെയ്തു. ഇത്തരത്തിൽ ആദരിക്കപ്പെട്ട ഏക കാൽപ്പന്തുകളിക്കാരനും ഗോസ്ത തന്നെ.
സാൾട്ട് ലേക് സ്റ്റേഡിയത്തിനു മുന്നിലിറങ്ങി റിക്ഷാക്കാരന് പണം നൽകുമ്പോൾ ഞാനവനോടൊരു നന്ദി പറഞ്ഞു. ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ ഒരു ഇതിഹാസതിന്റെ ജീവിതത്തിലേക്ക് എന്നെ കൂട്ടിക്കൊണ്ടു പോയതിന്. സ്റ്റേഡിയത്തിനുള്ളിലെ ആരവത്തിലേക്കു നടന്നു കയറുമ്പോൾ ഞാൻ മനസ്സ്സിലോർത്തു.
എന്തായിരുന്നു പിരിയുമ്പോൾ ആ റിക്ഷക്കാരനെനിക്കു സമ്മാനിച്ച പുഞ്ചിരിയുടെ അർത്ഥം ?.
"കാൽപന്തുകളിയുടെ മെക്കയിലെത്തി ഗോസ്ത പാൽ ആരാണെന്നു ചോദിച്ച താനെന്തു ഫുട്ബോൾ ആരാധകനാണെടോ" എന്നുള്ള പരിഹാസമായിരുന്നോ ?...
ശ്യാം അജിത് .

COMMENTS