ഏഷ്യൻ കപ്പ് ഫുട്ബോളിൽ ഇന്ത്യക്ക് മോഹിച്ച തുടക്കം. ഇന്ത്യ ഒന്നിനെതിരെ നാല് ഗോളിന് തായ് ലാൻഡിനെ തോൽപിച്ചു. ക്യാപ്റ്റൻ സുനിൽ ഛേത്രി ഇരട്ടഗോളു...
ഏഷ്യൻ കപ്പ് ഫുട്ബോളിൽ ഇന്ത്യക്ക് മോഹിച്ച തുടക്കം. ഇന്ത്യ ഒന്നിനെതിരെ നാല് ഗോളിന് തായ് ലാൻഡിനെ തോൽപിച്ചു. ക്യാപ്റ്റൻ സുനിൽ ഛേത്രി ഇരട്ടഗോളുമായി പടനയിച്ചപ്പോൾ അനിരുദ്ധ് ഥാപ്പയും ജെജെ ലാൽപെഖുലയുമാണ് ഇന്ത്യയുടെ മറ്റ് ഗോളുകൾ നേടിയത്. ഡാംഗ്ഡയാണ് തായ് ലാൻഡിൻറെ സ്കോറർ.
ഇരുപത്തിയേഴാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ആയിരുന്നു ഇന്ത്യയുടെ ആദ്യ ഗോൾ, സ്കോറർ ഛേത്രി. മുപ്പത്തിമൂന്നാം മിനിറ്റിൽ ഡാംഗ്ലയിലൂടെ തായ് ലാൻഡ് ഒപ്പമെത്തി. ഇടവേളയിൽ ഇരുടീമും ഒപ്പത്തിനൊപ്പം.
രണ്ടാം പകുതിയുടെ തുടക്കിൽ ഛേത്രിയിലൂടെ ഇന്ത്യ വീണ്ടും മുന്നിൽ. അറുപത്തിയെട്ടാം മിനിറ്റിൽ ഥാപ്പയിലൂടെ ഇന്ത്യ ലീഡ് ഉയർത്തി. ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ഥാപ്പ.
നന്നായിക്കളിച്ച മലയാളി താരം ആഷിക് കുരുണിയന് പകരം ഇറങ്ങിയ ജെജെ ലാൽപെഖുലയാണ് ഇന്ത്യയുടെ നാലാം ഗോൾ നേടിയത്. ഇതോടെ ഇന്ത്യയുടെ പ്രീക്വാർട്ടർ സ്വപ്നങ്ങൾക്ക് പുതുജീവനായി.
സമനിലയെങ്കിലും പ്രതീക്ഷിച്ച ആരാധകർക്ക് വിരുന്നൊരുക്കുകയായിരുന്നു സ്റ്റീഫൻ കോൺസ്റ്റൻറെ ഇന്ത്യൻ ടീം. ഒത്തിണക്കത്തിലും വേഗത്തിലും പ്രതിരോധത്തിലുമെല്ലാം വെള്ള ജഴ്സിയിലിറങ്ങിയ ഇന്ത്യ എതിരാളികളെ ബഹുദൂരം പിന്നിലാക്കി.
COMMENTS