ജാഫർ ഖാൻ 2008 ൽ ആദ്യമായി ഹൈദരാബാദിലേക്ക് പോകുമ്പോൾ ശബരി എക്സ്പ്രസിലിരുന്ന് എന്താണ് ചിന്തിച്ചിരുന്നത് ? റിപ്പോർട്ട് ചെയ്യാൻ പോകുന്ന എ എ...
ജാഫർ ഖാൻ
2008 ൽ ആദ്യമായി ഹൈദരാബാദിലേക്ക് പോകുമ്പോൾ ശബരി എക്സ്പ്രസിലിരുന്ന് എന്താണ് ചിന്തിച്ചിരുന്നത് ? റിപ്പോർട്ട് ചെയ്യാൻ പോകുന്ന എ എഫ് സി ചാലഞ്ച് കപ്പിനെ കുറിച്ചായിരുന്നോ ? അല്ല. ലോക പ്രശസ്ത ചാർമിനാറോ സലാർ ജംഗ്, നിസാം മ്യൂസിയങ്ങളോ ലുംബിനി പാർക്കോ ആയിരുന്നില്ല മനസ്സിൽ. അന്നും ഇന്നും ഹൈദരാബാദിനെ ഹൃദയം ക്ലിപ്പ് ചെയ്തുവെച്ചിരിക്കുന്നത് ഫുട്ബോളിലാണ്.
ഇന്ത്യൻ ഫുട്ബാളിന്റെ ചരിത്രം നൈസാം നഗരത്തിന്റെയും ചരിത്രമാണ്. ഹൈദരാബാദ് ഫുട്ബോൾ നൽകിയത്ര കനപ്പെട്ട സംഭാവന ഒരുപക്ഷെ മറ്റൊരു നഗരവും പ്രസ്ഥാനവും രാജ്യത്തിന് നൽകിയിരിക്കാൻ ഇടയില്ല. ആ ഹൈദരാബാദ് ഇന്നു ഫുട്ബോളിലെ ഒരു മൃതനഗരമാണ്. കാലത്തിന്റെ ഒഴുക്കിൽ കടലെടുത്തു പോയ
ഗച്ചിബൗളിയിൽ ഇന്ത്യ - അഫ്ഗാനിസ്ഥാൻ ഉദ്ഘാടന മത്സരം. മഴയിൽ കാളപൂട്ട് കണ്ടമായി മാറിയിരിക്കുന്നു മൈതാനം. ഗ്യാലറിയിൽ 50പേർ തികച്ചില്ല. അന്ന് തന്നെ പ്രസ് ബോക്സിൽ നിന്നിറങ്ങി, താമസ സ്ഥലമായ മൗലാനാ ആസാദ് യൂണിവേഴ്സിറ്റി ഹോസ്റ്റലിലേക്ക് നടക്കുമ്പോൾ എസ് എ റഹീം എന്ന ഇന്ത്യൻ ഫുട്ബാൾ കണ്ട എക്കാലത്തെയും മഹാഗുരു, പിന്നെ പീറ്റർ തങ്കരാജ്, അസീസുദ്ധീൻ, സലാം, ബലരാമൻ, എസ് എ ലത്തീഫ്, അഹ്മദ് ഹുസൈൻ.. തുടങ്ങിയ ഒളിമ്പ്യന്മാരും നയീമുദ്ധീൻ, ഷബീറലി തുടങ്ങിയ ഹൈദരാബാദ് ലജൻഡ്സും മനസിലേക്കെത്തി.
നയാബ് ഹോട്ടലിൽ നിന്ന് ബിരിയാണിയും ലസ്സിയും കഴിച്ച് ശപഥമെടുത്തു. ഇനി സ്റ്റേഡിയത്തിലേക്കില്ല. പിന്നെ ? ഇന്ത്യൻ ഫുട്ബാളിന്റെ സുവർണകാലത്ത് ബൂട്ടണിഞ്ഞ ഒരു ഹൈദരാബാദ് കളിക്കാരനെയെങ്കിലും കണ്ട് സംസാരിക്കണം. അങ്ങനെയാണ് ഓൾഡ് സിറ്റിയിലെ സുൽഫീഖറുദ്ദീന്റെ വീട്ടിലെത്തുന്നത്. ആരാണ് ഈ സുൽഫി ?
1956 മെൽബൺ ഒളിമ്പിക്സിനുള്ള ഇന്ത്യൻ ഫുട്ബാൾ ടീമിലേക്ക് ചുനിഗോസ്വാമിയെ വെട്ടിയെടുത്ത പതിനേഴുകാരൻ പയ്യൻ. ഏഷ്യൻ ഗെയിംസ്, മെർദേക്ക ഉൾപ്പടെ രാജ്യാന്തര വേദികളിൽ ഗോൾ വർഷിച്ച സ്ട്രൈക്കർ. സന്തോഷ് ട്രോഫി, റോവേഴ്സ് കപ്പ്, ഡ്യൂറൻഡ് കപ്പ്, ഐ എഫ് എ ഷീൽഡ് ഉൾപ്പടെ സകല കിരീടങ്ങളും കൈപ്പിടിയിലൊതുക്കിയ നായകൻ. അന്ന് ഒരു മണിക്കൂറോളം അദ്ദേഹത്തോട് സംസാരിച്ചു. ഒരു മാസം ലഭിച്ചിരുന്ന 50 രൂപ ശമ്പളത്തെ കുറിച്ചും കളിക്കാർ തമ്മിലുണ്ടായിരുന്ന അടുപ്പത്തെ കുറിച്ചുമെല്ലാം വാചാലനായി. കുലീനവും മാന്യവുമായ അദ്ദേഹത്തിന്റെ പെരുമാറ്റം ഇന്നും മായാതെ മനസിലുണ്ട്.
അദ്ദേഹം കഴിഞ്ഞദിവസം മരിച്ചിരിക്കുന്നു. വർത്തമാന സ്പോർട്സ് ജേർണലിസ്റ്റുകൾക്ക് അതൊരു വാർത്ത അല്ലാതിരിക്കാം. പക്ഷെ, ഇന്ത്യൻ ഫുട്ബാളിന് സുൽഫിയെ മറക്കാനാവില്ലല്ലോ?
COMMENTS