ജാഫർ ഖാൻ ഏഷ്യൻ കപ്പ് ഫുട്ബോളിൽ ഇന്ത്യ പുതിയ സ്വപ്നങ്ങളുമായി ഇറങ്ങുകയാണ്. അതിശക്തരായ എതിരാളികൾക്കെതിരെ പോരിനിറങ്ങുമ്പോൾ ടീമിലെ മലയാളി സാന...
ജാഫർ ഖാൻ
ഏഷ്യൻ കപ്പ് ഫുട്ബോളിൽ ഇന്ത്യ പുതിയ സ്വപ്നങ്ങളുമായി ഇറങ്ങുകയാണ്. അതിശക്തരായ എതിരാളികൾക്കെതിരെ പോരിനിറങ്ങുമ്പോൾ ടീമിലെ മലയാളി സാന്നിധ്യം രണ്ട് മലപ്പുറത്തുകാരാണ്, അനസ് എടത്തൊടികയും ആഷിഖ് കുരുണിയനും. ഇന്ത്യൻ ഫുട്ബോൾ ടീം പെരുംപോരാട്ടത്തിനിറങ്ങുമ്പോൾ ആദ്യമായല്ല മലയാളി താരങ്ങൾ ബൂട്ടണിയുന്നത്. ഇന്ത്യയുടെ ചരിത്ര നേട്ടങ്ങളിലെല്ലാം മലയാളത്തിൻറെ സാന്നിധ്യമുണ്ടായിരുന്നു. പ്രത്യേകിച്ചും പ്രതിരോധ നിരയിൽ. ആ താരങ്ങളെ ഓർത്തെടുക്കുകയാണിവിടെ.
ഉപഭൂഖണ്ഡത്തിനപ്പുറത്തേക്കും ഇന്ത്യൻ ഫുട്ബാൾ തലയുയർത്തിനിന്നിരുന്നു. അന്നെല്ലാം വിജയത്തിലേക്ക് മതിലുകെട്ടിയത് മലയാളികളായിരുന്നു.
വർഷം- 1951: സ്വാതന്ത്ര്യം നേടി അഞ്ചു വർഷം പോലും പിന്നിട്ടിട്ടില്ല. പരാതീനതകളും പ്രതിസന്ധികളും നേരിടുമ്പോഴും ചരിത്രത്തിലെ ആദ്യ ഏഷ്യൻ ഗെയിംസിന് ഇന്ത്യ ആതിഥേയത്വം വഹിച്ചു, പണ്ഡിറ്റ് നെഹ്രുവിന്റെ ഇച്ഛാശക്തികൊണ്ട്. ഗ്ലാമർ ഇനം ഫുട്ബാൾ തന്നെ - ഇന്തോനേഷ്യ, അഫ്ഘാനിസ്ഥാൻ, ഇറാൻ ടീമുകളെ തോൽപ്പിച്ച് ഇന്ത്യ ചരിത്രത്തിലെ ആദ്യ രാജ്യാന്തര ഫുട്ബാൾ കിരീടം സ്വന്തമാക്കി. ശൈലൻ മന്ന നയിച്ച ടീമിന്റെ പ്രതിരോധം കാത്തിരുന്നത് തിരുവല്ല പാപ്പൻ (മാത്യു വർഗീസ്) എന്ന മലയാളി ആയിരുന്നു. തിരുവല്ല പോലീസ്, ട്രാവൻകൂർ സ്റ്റേറ്റ് ടീമുകൾക്ക് കളിച്ച ശേഷം നീണ്ടകാലം മുംബൈ ടാറ്റയുടെ കളിക്കാരനും നായകനുമെല്ലാമായി. വിരമിച്ച ശേഷം മുംബൈ ഫുട്ബാൾ അസോസിയേഷൻ ഭാരവാഹിയായും പാപ്പൻ പ്രവർത്തിച്ചിട്ടുണ്ട്.
വർഷം-1956: ഇന്ത്യ രാജ്യാന്തര ഫുട്ബാളിൽ സ്വന്തമാക്കിയ ഏറ്റവും മികച്ച നേട്ടം 1956 മെൽബൺ ഒളിംപിക്സിലെ നാലാം സ്ഥാനമാണ്. ആതിഥേയരായ ഓസ്ട്രേലിയക്കെതിരെ ഹാട്രിക്ക് നേടിയ ഇന്ത്യയുടെ നെവിൽ ഡിസൂസ ടൂർണമെന്റിലെ ടോപ് സ്കോറർ സ്ഥാനവും സ്വന്തമാക്കി. അന്നും ഉണ്ടായിരുന്നു ഇന്ത്യയുടെ പ്രതിരോധത്തിൽ ഒരു മലയാളി. താഴത്തേരി അബ്ദുൽ റഹ്മാൻ എന്ന നമ്മുടെ പ്രിയപ്പെട്ട ഒളിമ്പ്യൻ റഹ്മാൻ. ഓസ്ട്രേലിയൻ താരങ്ങളുടെയും ഒഫിഷ്യൽസിന്റെയും അംബാസഡർമാരുടെയും നിറഞ്ഞ അഭിനന്ദനം സ്വീകരിച്ചാണ് റഹ്മാൻക്ക മടങ്ങിയത്. ഷേർ ക ബച്ചാ എന്ന പേരിൽ കൊൽക്കത്ത ആരാധകർ വിളിച്ചിരുന്ന റഹ്മാൻക്ക രാജസ്ഥാൻ ക്ലബ്, മോഹൻ ബഗാൻ ടീമുകളുടെ പൊട്ടാത്ത ചങ്ങലയായിരുന്നു. വിരമിച്ച ശേഷം കോച്ചായും തിളങ്ങി.
വർഷം-1962: ഇന്ത്യൻ കായിക ചരിത്രത്തിലെ ഐതിഹാസിക നേട്ടങ്ങളിൽ ജക്കാർത്ത ഏഷ്യൻ ഗെയിംസിലെ ഫുട്ബാൾ സ്വർണവുമുണ്ട്. കൊറിയയോട് തോറ്റുതുടങ്ങിയ ഇന്ത്യ ജപ്പാൻ, തായ്ലൻഡ്, വിയറ്റ്നാം ടീമുകളെ കീഴടക്കി ഫൈനലിലെത്തി. ഒരു ലക്ഷം കാണികൾക്ക് മുൻപിൽ ഇന്ത്യ - കൊറിയ ഫൈനൽ. രാഷ്ട്രീയ ചേരിയുടെ ഭാഗമായി ഇൻഡോനേഷ്യക്കാർ മുഴുവൻ കൊറിയയെ പിന്തുണക്കുന്നു. അവസാന ഇനമായതിനാൽ ഇന്ത്യയുടെ മറ്റു ടീമുകൾ പോലും നാട്ടിലേക്ക് തിരിച്ചിരുന്നു. തലയിൽ ആറ് സ്റ്റിച്ചുമായി ജർണൈൽ സിംഗ്, സ്റ്റോപ്പർ സ്ഥാനം വിട്ട് സ്ട്രൈക്കർ പൊസിഷനിൽ. മുറിവേറ്റ ജർണൈലിന്റെ തലയും പി കെ ബാനർജിയുടെ കാലും ലക്ഷ്യം കണ്ടപ്പോൾ ഇന്ത്യക്ക് സ്വർണം. അന്നുമുണ്ട് പ്രതിരോധത്തിൽ ഉരുക്ക് കോട്ടകെട്ടി മലയാളി - ഇരിഞ്ഞാലക്കുടക്കാരൻ ഒ.ചന്ദ്രശേഖർ. മഹാരാഷ്ട്രയെ സന്തോഷ് ട്രോഫി ജേതാക്കളാക്കിയ നായകൻ, നിരവധിവർഷം ഇന്ത്യയുടെ പ്രതിരോധംകാത്ത കരുത്തൻ. മുംബൈ ഫുട്ബാളിലെ അക്കിലിസ്. 1964 ഏഷ്യൻ കപ്പ് ഫുട്ബാളിൽ ഇന്ത്യ രണ്ടാം സ്ഥാനം നേടുമ്പോഴും ചന്ദ്രശേഖർ പ്രതിരോധത്തിലുണ്ടായിരുന്നു. ഇപ്പോൾ എറണാംകുളത്ത് വിശ്രമ ജീവിതം നയിക്കുകയാണ് ചന്ദ്രശേഖരേട്ടൻ.
വർഷം- 2019: പുതിയ ദശാസന്ധിയിൽ ഇന്ത്യൻ ഫുട്ബാൾ ടീം ഏഷ്യൻ കപ്പ് ഫുട്ബാളിനിറങ്ങുന്നു. ഞായറാഴ്ച തായ്ലാൻഡാണ് എതിരാളികൾ. ഫുട്ബാൾ പ്രേമികൾക്ക് വിജയങ്ങളും സ്വപ്നങ്ങളും നൽകിയാണ് ഈ ടീം മുന്നേറുന്നത്. പ്രതീക്ഷകളുടെ അമിതഭാരവുമായി മണലാരണ്യത്തിൽ ബൂട്ടുകെട്ടി ഇറങ്ങുന്ന ഈ ടീമിന്റെ പ്രതിരോധത്തിലുമുണ്ട് ഒരു മലയാളി - അനസ് എടത്തൊടിക എന്ന മലപ്പുറത്തുകാരൻ.

COMMENTS