ഇന്ത്യൻ ഫുട്ബോളിലെ മഹാരഥൻമാരുടെ പാദസ്പർശത്താൽ അനുഗ്രഹിപ്പെട്ട കോഴിക്കോട്ടെ കളിത്തട്ടിലേക്ക് കടമ്പകൾ ഏറെ താണ്ടി ഭൂമിയിലെ സ്വർഗത്തിൽനിന്...
ഇന്ത്യൻ ഫുട്ബോളിലെ മഹാരഥൻമാരുടെ പാദസ്പർശത്താൽ അനുഗ്രഹിപ്പെട്ട കോഴിക്കോട്ടെ കളിത്തട്ടിലേക്ക് കടമ്പകൾ ഏറെ താണ്ടി ഭൂമിയിലെ സ്വർഗത്തിൽനിന്ന് ഒരു ടീമെത്തുകയാണ്, റിയൽ കശ്മീർ എഫ് സി. ഗോകുലം കേരളയ്ക്കെതിരെ കശ്മീർ താരങ്ങൾ അണിനിരക്കുമ്പോൾ ഓർമ്മകളിൽ തെളിയുന്നത് മറ്റൊരു മുഖം. കോഴിക്കോട് നെഹ്റു കപ്പിൽ ഇന്ത്യയെ നയിച്ച അബ്ദുൾ മജീദ് കാക്റൂ. കോഴിക്കോട്ടുകാർ ഹൃദയത്തോടുചേർത്തുവച്ച അബ്ദുൽ മജീദിനെ ഓർത്തെടുക്കുകയാണ് ഇ.കെ. അബ്ദുൽ സലീം അഗസ്ത്യൻമുഴി.
"തന്റെ കളി ഇഷ്ടമില്ലാത്തവർക്ക് ഇന്ത്യ വിട്ട് പോകാം " എന്നൊരു കളിക്കാരന് പൊതുവേദികളിലും സോഷ്യൽ മീഡിയയിലുമൊക്കെ വിളിച്ച് പറയാൻ മാത്രം ഇന്ത്യയുടെ കായികരംഗം ഇന്ന് 'വളർന്ന് ' കഴിഞ്ഞിരിക്കുന്നു. എന്നാൽ, ഇന്ത്യൻ ജഴ്സി നീ അണിഞ്ഞാൽ തിരിച്ച് വരുമ്പോൾ ഒരുപക്ഷേ നിന്നെ കാത്തിരിക്കാൻ കുടുംബം ഉണ്ടാവില്ല എന്നൊരു കളിക്കാരൻ നേരിട്ട് കേൾക്കേണ്ടി വന്നാലോ? . അതും കൊല്ലും കൊലയും തട്ടിക്കൊണ്ടുപോകലും നിത്യസംഭവമായ, തീർത്തും അരക്ഷിതമായ ഒരു ഭൂപ്രദേശത്ത് ജീവിക്കുമ്പോൾ.
ഈ ഭീഷണിക്ക് മുന്നിൽ തലകുനിക്കാതെ ഒമ്പത് വർഷത്തോളം ഇന്ത്യൻജഴ്സിയണിഞ്ഞ രണ്ട്തവണ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം വരെ അലങ്കരിച്ച ഒരു കളിക്കാരനെ കുറിച്ച് കേട്ടിട്ടുണ്ടോ?. ഡിസംബർ 15 ന് ഐ ലീഗിൽ മലയാളികളുടെ സ്വന്തം ഗോകുലം കേരളാ എഫ്.സി.യെ അവരുടെ സ്വന്തം തട്ടകമായ കോഴിക്കോട് ഈ .എം.എസ്.കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നേരിടാനെത്തുന്നറിയൽ റിയൽ കശ്മീർ എഫ്.സി.യെ കുറിച്ച് കേൾക്കുമ്പോൾ
പഴയ തലമുറയിലെെട്ട ഫുട്ബോൾ പ്രേമികളുടെ മനസ്സിൽ ആ 'റിയൽ ഇന്ത്യൻ ' ക്യാപ്റ്റന്റെ മുഖമാവും ആദ്യം തെളിഞ്ഞ് വരിക.
അബ്ദുൾ മജീദ്... ഇഷ്ഫാഖ് അഹമ്മദിനും മെഹ്റാജുദ്ദീൻ വാഡുവിനും മുമ്പ് കശ്മീർ ഫുട്ബോളിന്റെ പരിമളം കൊൽക്കത്തയിലും തുടർന്ന് ഇന്ത്യ മുഴുവനും പരത്തിയ അബ്ദുൾ മജീദ് കാക്റൂ. കശ്മീർ പെലെ ഫാറുഖ് അഹമ്മദ് ബട്ടിനേയും, ഇൻറർനാഷണൽമുഹമ്മദ് യൂസഫ്ദർ നേയും ഷാഫി അഹമ്മദ് നാരിയേയുമൊക്കെ മറികടന്ന് 'ലെജന്റ് മജീദ്' എന്ന് കശ്മീരികൾ സ്നേഹത്തോടെ വിളിച്ച അബ്ദുൾ മജീദ്.
![]() |
ഇ.കെ. അബ്ദുൽ സലീം |
ഹെൻട്രി മെനേസസ്, അമിത് ഭദ്ര, ശിശിർ ഘോഷ്, ബാബു മണി, സേവിയോ മെഡേര, ഇല്യാസ് പാഷ, പ്രേംദോർജി, മസ്താൻ അഹമ്മദ്, ലോറൻസ് ഗോമസ്, മുഹമ്മദ് ഫരീദ്,തോമസ് സെബാസ്റ്റ്യൻ, സി.വി.പാപ്പച്ചൻ, കെ.എഫ്.ബെന്നി തുടങ്ങിയ ഇന്ത്യൻ ഫുട്ബോളിലെ മഹാ പ്രതിഭകൾഅണി നിരന്ന ടീമിനെ നയിക്കാൻ ഈ പ്രതിരോധ താരത്തെ നയിമുദ്ദീൻ തെരഞ്ഞെടുത്തെങ്കിൽ അതിന് കാരണം അബ്ദുൾ മജീദിന്റെ ബൂട്ടുകളുടെ മാന്ത്രിക സ്പർശം അദ്ദേഹം തിരിച്ചറിഞ്ഞത് തന്നെയാകണം.
ഡെൻമാർക്കിനെതിരേ1 - 1 സമനില നേടിയ കളിയിൽ മജീദിന്റെ നേതൃത്വത്തിൽ മസ്താൻ അഹമ്മദും പ്രേംദോർജിയും അമിദ് ഭദ്രയും അടങ്ങിയ പ്രതിരോധനിര നടത്തിയ ചെറുത്തു നിൽപ്പ് ഇന്നും കോഴിക്കോട്ടെ ഫുട്ബോൾ പ്രേ മികളുടെ മനസ്സിലുണ്ട്. ചൈനക്കെതിരെ ആദ്യ പകുതിയിൽ ഗോൾ വഴങ്ങിയ ശേഷം പ്രേംദോർജിയുടെ ഫ്രീ കിക്ക് ഗോളിലൂടെ രണ്ടാം പകുതിയിൽസമനില നേടി ശിശിർ ഗോഷും ബാബു മണിയും തോമസ് സെബാസ്റ്റ്യനും ചേർന്ന് അഴിച്ചുവിട്ട ആ ആക്രമണ പരമ്പര എക്കാലവും കോഴിക്കോട്ടുകാരന്റെ മനസ്സിൽ നിന്ന് മാഞ്ഞു പോകില്ല.
ഫുട്ബോളിലെ പലപ്രതിഭാധനരേയും പോലെ, നമുടെ ഐ.എം.വി ജയന് തുല്യമായ, രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ബാല്യകാലം തന്നെയായിരുന്നു അബ്ദുൾ മജീദിനും. പച്ചക്കറി വിൽക്കുന്ന അമ്മയ്ക്കൊപ്പം കെട്ടിയുണ്ടാക്കിയ കടലാസ് പന്തുകളും പഴയടയറുകളും ഉപയോഗിച്ച് ഷൂട്ടിംഗ് റിംഗുമായി ശ്രീനഗറിലെ തെരുവുകളിലൊന്നിൽ വളർന്ന താരം. അക്കാലത്ത് ഏതൊരു കശ്മീർ ഫുട്ബോൾ താരത്തിന്റയും ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്ന് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് ടീം, അല്ലെങ്കിൽ ജമ്മു & കശ്മീർ ബാങ്ക്, കാശ്മീർ പൊലീസ്, ഫോറസ്റ്റ് ടീമുകളിലൊന്നായിരുന്നു. കേരളത്തിലെ പൊലീസ് ടീമും ടൈറ്റാനിയവുമൊക്ക പോലെ.
മജീദ് കൈകാണിച്ചത് ട്രാൻസ്പോർട്ട് ബസ്സിന്. വഴിത്തിരിവായത് 80 ലെ ഡ്യൂറാണ്ട് കപ്പിലെ ആർ.ടി.സിക്ക് വേണ്ടി നടത്തിയ പ്രകടനം. 18 ഗോളോടെ സുന്ദരനായ ആ കശ്മീരി യുവാവ് മാധ്യമ ശ്രദ്ധ നേടി. 1982ഡൽഹി ഏഷ്യാഡ് സാധ്യതാ ക്യാമ്പിലേക്ക് വിളിയെത്തി. അങ്ങനെ ഇന്ത്യൻ ഫുട്ബോളിന്റെ മെക്കയായ കൊൽക്കത്തയിലുമെത്തി . ഒൻപത് വർഷത്തോളം ഇന്ത്യൻ ടീമിലും കൊൽക്കത്ത ക്ലബ്ബുകളിലും കളിച്ച മജീദ് ജമ്മു & കശ്മീർ ബാങ്ക് ടീംപരിശീലക വേഷത്തിലേക്ക് പതുക്കെ പിൻവാങ്ങി.
തൊണ്ണൂറുകളിൽ കളിൽരാഷ്ടീയ അരക്ഷിതാവസ്ഥ കശ്മീരിന് ഇന്ത്യൻ ഫുട്ബോൾ ഭൂപടത്തിൽ സ്ഥാനം നഷ്ടമാക്കി. ഫുട്ബോൾ മൈതാനങ്ങൾ പട്ടാളക്കാരുടെ കവാത്ത് മൈതാനങ്ങളായി. ഫുട്ബോൾ ബൂട്ടുകളുടെ ലളിതസംഗീതം പട്ടാള ബൂട്ടുകളുടെ ദ്രുതതാളത്തിന് വഴിമാറി, കശ്മീർ ഫുട്ബോളിന്റെയും വിലക്കപ്പെട്ട ഭൂമി കയായി. അബ്ദുൾ മജീദിന്റെ പിൻഗാമികൾ ഇഷ്ഫാഖ് അഹമ്മദിലും മെഹ്റാജുദ്ദീൻ വാഡുവിലും മാത്രം ഒതുങ്ങി അതും രണ്ടായിരത്തിന് ശേഷം!
കശ്മീരിൽ നിന്ന് ഈയിടെയായി ഫുട്ബോൾ ബൂട്ടുകളുടെ വെടിയൊച്ചയും കേട്ടു തുടങ്ങിയിരിക്കുന്നു. റിയൽ കശ്മീർ എഫ്.സി. ഐ ലീഗിൽ വരവറിയിച്ച്കഴിഞ്ഞു. ഫർഹാൻഗാനി ഡാനിഷ് ഫാറൂഖ് ബട്ട്,മുഹമ്മദ് അഹമ്മദ്, ഖാലിദ്ഖയും തുടങ്ങിയ പേരുകൾ കശ്മീരിന് പുറത്തേക്കും കേട്ട് തുടങ്ങിയിരിക്കുന്നു. അബ്ദുൾ മജീദിനും ഇഷ്ഫാഖിനും വാഡുവിനും പിൻഗാമികളെ കേടുകയാണ് കശ്മീർ ഫുട്ബോൾ. അവർ ഡിസംബർ പതിനഞ്ചിന് കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലുമെത്തുന്നു.
തുടക്കത്തിലെ ഇടർച്ചക്ക് ശേഷം തുടർച്ചയായ മൂന്ന് വിജയങ്ങളുമായാണ് റിയൽ കശ്മീരിൻറെ വരവ്, അവസാന മൽസരത്തിൽ ഈ സീസണിലെ ഏറ്റവും വലിയ വിജയവുമായി ഗോകുലത്തിന് മുന്നറിയിപ്പ് നൽകി. ഷില്ലോംഗ് ലജോംഗിനെ ഒന്നിനെതിരെ ആറ് ഗോളിനാണ് കശ്മീരികൾ വീഴ്ത്തിയത്.
കാൽപ്പന്തിന്റെ വശ്യസൗന്ദര്യവുമായി 'ഭൂമിയിലെ സ്വർഗ്ഗത്തിൽ ' നിന്നും 'ദൈവത്തിൻെറ സ്വന്തംനാട്ടിലേക്ക് ' വിരുന്നു വരുന്ന പുതു തലമുറയോട് ഞങ്ങൾ മലയാളി കൽപ്പന്ത് പ്രേമികൾക്ക് പറയാനുള്ളത് ഇതാണ്. "ഞങ്ങളിന്നുമോർക്കുന്നു ആർത്തലച്ച് വരുന്ന വിദേശ ബൂട്ടുകളുടെ ആക്രമണത്തിൽ നിന്ന് കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലെ പുൽത്തകിടിയിൽ ഇന്ത്യയുടെ കോട്ടകൊത്തളങ്ങളെ പതറാതെ കാത്ത ആ പ്രതിഭാധനനായ കളിക്കാരനെ ! ഞങ്ങളിപ്പോഴും സ്നേഹിക്കുന്നു കേവലം വിനോദത്തിനപ്പുറം ഫുട്ബോളിന് ദേശസ്നേഹത്തിൻെറ മാനം കൂടി നൽകിയ അബ്ദുൾ മജീദ് കാക്റൂ എന്ന മഹാനായ മനുഷ്യനെ....
Tags: Abdul Majeed Kakroo, Real Kashmir FC, Kashmir Football, Kozhikode Football, Ishfaq Ahammed, Mehrajuddin Wadoo
COMMENTS