ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെയും ഐ ലീഗിന്റെയും തിരക്കുകള്‍ക്കിടെ മറ്റൊരു സെവന്‍സ് ഫുട്ബോള്‍ സീസണ് തിങ്കളാഴ്ച അരങ്ങുണരുകയാണ്. പോരാട്ടച്ചൂടില...
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെയും ഐ ലീഗിന്റെയും തിരക്കുകള്‍ക്കിടെ മറ്റൊരു സെവന്‍സ് ഫുട്ബോള്‍ സീസണ് തിങ്കളാഴ്ച അരങ്ങുണരുകയാണ്. പോരാട്ടച്ചൂടിലേക്ക് ടീമുകള്‍ ബൂട്ടുകെട്ടുന്പോള് തന്റെ സെവന്‍സ് ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് ആലുവ ലക്കി സ്റ്റാറിന്റെ മുന്‍താരമായ നിര്‍മ്മല്‍ ഖാന്.
നിര്‍മ്മല്‍ ഖാന്
ഫോര്‍ട്ട് കൊച്ചി. ഒരുദേശത്തോടും ചേര്‍ത്തുവയ്ക്കാനാവാത്ത വ്യത്യസ്തകള്‍ നിറഞ്ഞ നാട്. ഈ നാട്ടിലാണ് എന്റെ വേരുകള്‍. പല ശീലങ്ങളും ഭാവങ്ങളുമുള്ള ഫോര്‍ട്ട് കൊച്ചിയെ ഒറ്റച്ചരടില്‍ കോര്‍ക്കുന്നത് ഒറ്റക്കാര്യത്തില്‍, ഫുട്ബോള്‍ എന്ന കലയും കലാപവുമായ കളി. ഞങ്ങളുടെ എല്ലാമെല്ലാമായ റൂഫസ് അങ്കിള്‍. മുന്‍താരങ്ങളായ വില്യംസ്, ടി എ ജാഫര്‍, സേവ്യര്‍ പയസ്, ഹാമില്ട്ടന് ബോബി. ഫുട്ബോള്‍ തന്നെ ജീവിതമാക്കിയ അബൂക്ക, ഹമീദിക്ക. വര്‍ഷങ്ങളോളം ഒറ്റയ്ക്ക് സെവന്‍സ് മേളകള്‍ സംഘടിപ്പിച്ച രാജന് ചേട്ടന്... ഇങ്ങനെ എത്രയോ മനുഷ്യരുടെ ഫുട്ബോളിന് പിന്നാലെയുള്ള പാച്ചില്കണ്ടാണ് ഞാനടക്കമുള്ളവര്‍ കാല്‍പ്പന്ത് കളിയുടെ ദീര്‍ഘചതുരക്കളത്തിലേക്ക് കാലെടുത്തുവച്ചത്. കളിയുടെ രസമറിഞ്ഞപ്പോള്, തിരിഞ്ഞ് നടക്കാനായില്ല. പിന്നെ അതായി ജീവതാളം.
![]() |
നിർമ്മൽ ഖാൻ |
മലപ്പുറത്തേക്കുള്ള വഴി തുറക്കാനുള്ള ശ്രമത്തിന്റെ തുടക്കം ലോക്കല്‍ സെവന്‍സിലൂടെ ആയിരുന്നു. കോളേജിലെ സുഹൃത്ത് വഴിയായിരുന്നു സെവന്‍സില്‍ ചുവടുറപ്പിക്കുന്നത്. സെവന്‍സ് കളിച്ചിട്ടുണ്ടെങ്കിലും എല്ലാം ഫോര്‍ട്ട് കൊച്ചിയില്‍ ഒതുങ്ങുന്നതായിരുന്നു. സാവിയോ വല്ലാര്‍പാടം എന്ന ടീമിലൂടെയാണ് ഫോര്‍ട്ട് കൊച്ചിക്ക് അപ്പുറത്തേക്കുള്ള കളിത്തട്ടുകളിലേക്ക് വരുന്നത്. ആലുവ, പെരുന്പാവൂര്‍,കാലടി, വളയംചിറങ്ങര പ്രദേശങ്ങളിലെ സെവന്‍സ് ടൂര്‍ണമെന്റുകളിലെല്ലാം കാളക്കൂറ്റനെപ്പോലെ ഓടിക്കളിച്ചു. ശൂന്യതയില്‍ നിന്നെത്തിയ സാവിയോ വല്ലാര്‍പാടം അക്കൊല്ലം കളിച്ച ടൂര്‍ണമെന്റുകളിലെല്ലാം കപ്പുയര്‍ത്തി. ഒരു സ്ട്രൈക്കര്‍, രണ്ടു പേര് തൊട്ടു പിന്നില്‍ , വീണ്ടും ഒരാള്‍ പിന്നില്‍ , രണ്ടു ബാക്ക്, ഇങ്ങനെയായിരുന്നു ഞങ്ങളുടെ കളി. ക്രോസ്ബാറിന് കീഴില്‍ മനോജ് എന്ന വല്ലാര്പാടംകാരനും. കിരീടനേട്ടത്തില്‍ ഏറ്റവും നിര്‍ണായകമായത് മനോജിന്റെ അത്യുജ്ജ്വല പ്രകടനങ്ങളായിരുന്നു. ഇതോടെ, എല്ലാ കളിക്കാരുടെയും തലവരയും മാറി.
മലപ്പുറത്തേക്കുള്ള ആദ്യ വിളിയെത്തുന്നത് ആലുവയില്‍ നിന്നാണ്. ലക്കി സ്റ്റാര്‍ എന്ന വിഖ്യാത സെവന്‍സ് ക്ലബില്‍ നിന്ന്. പിന്നീടുള്ള പതിറ്റാണ്ട് ലക്കി സ്റ്റാറിനൊപ്പമായിരുന്നു. സെവന്‍സ് മൈതാനം എവിടെയുണ്ടോ അവിടെയൊക്കെ ലക്കി സ്റ്റാറിനായി ബൂട്ടുകെട്ടി. അവധി ദിവസങ്ങളില്‍ മറ്റു ടീമുകള്‍ക്ക്. കേരളം മുഴുവന്‍ ഓടിനടന്ന് കളിച്ചു. ഇതിനിടെ നാട്ടിലെ ലോക്കല്‍ സെവന്‍സും ഒഴിവാക്കിയില്ല.
കേരളത്തിൽ നടക്കുന്നത് അക്കാഡമി ലീഗോ, ബാലപീഡനമോ?
മലപ്പുറത്തെ സെവന്‍സ് ആരവം ആദ്യമായി നേരിട്ടറിഞ്ഞത് കോട്ടക്കലില്‍. ഇന്ത്യന്‍ താരം ഹര്ഷന് , എക്സൈസ് താരം ബൈജു പിന്നെ അരങ്ങേറ്റക്കാരനായി ഞാനും. എതിരാളികള്‍ കണ്ണൂര്‍ കെല്‍ട്രോണ്‍ താരങ്ങള്‍ അണിനിരക്കുന്ന ഫിറ്റ് വെൽ കോഴിക്കോട്. നാഗരാജന്റെ ടീം. ബിജു ഫ്രാന്‍സിസ്, മനോഹരന് എന്നുവേണ്ട തകര്‍പ്പന്‍ കളിക്കാര്‍. ഒരു ഗോളിന് ഫിറ്റ്വെല് ജയിക്കുന്നു. കളിയേക്കാളും അത്ഭുതപെടുത്തിയത് മുള ഗാലറിയും തിങ്ങി നിറഞ്ഞ കാണികളുമായിരുന്നു. ഫൈസല്‍ കൈപ്പത്തൊടിയുടെ വാക്ക് കടമെടുത്താല്‍ അക്ഷരാര്‍ത്ഥത്തില്‍ രോമാഞ്ചിഫിക്കേഷന്‍.വൈകിട്ട് നാലേ മുക്കാല്‍ ആയിക്കാണും ലക്കി സ്റ്റാര്‍ ടീം കോട്ടക്കല്‍ എത്തിയപ്പോള്‍. ടീമിന് അനുവദിച്ച ലോഡ്ജിലെത്തുന്പോള് സമയം വൈകിയിരുന്നു. ഗ്രൗണ്ടിലെ കാഴ്ച കണ്ടപ്പോള്‍ പിരിമുറുക്കം കൂടി. വഴിയിലൂടെ തിങ്ങി നിറഞ്ഞു നടക്കുന്ന ആളുകള്‍. ഉത്സവത്തിനുള്ള ഒരുക്കങ്ങള്‍ പോലെയാണ് ആദ്യം തോന്നിയത്. ഒന്നും മനസ്സിലായില്ല. ടീം ഉടമയും മാനേജറുമായ ഷിബി തോമസാണ് പറഞ്ഞത്, അടുത്തുള്ള ഗ്രൗണ്ടിലേക്കുള്ള ജനപ്രവാഹമാണിതെന്ന്. അമ്പരന്നു പോയി . അതുവരെ ഇങ്ങനെയൊരു കാഴ്ചയോ അനുഭവമോ ഉണ്ടായിട്ടില്ല.
![]() |
ആലുവ ലക്കി സ്റ്റാർ ടീം. നിൽക്കുന്നവരിൽ ഇടത്തേയറ്റത്ത് ലേഖകൻ നിർമ്മൽ ഖാൻ |
പിന്നെയൊരു വാചകവും കൂടി. ''ഒരു വലി... പിന്നാലെ അടി ...പോസ്റ്റ് പൊളിയണം... ഞാന്‍ അതാണ് പ്രതീക്ഷിക്കുന്നത്. ഇതിനു വേണ്ടിയാണ് നിങ്ങളെയൊക്കെ ഇവിടെ കൊണ്ട് വന്നിരിക്കുന്നത്''.
ബൈജുവും ഹര്ഷനും ഗോള്‍കീപ്പര്‍ പ്രദീപും റെജിയുമൊക്കെ തമാശ പറഞ്ഞു നടക്കുന്നു. എനിക്ക് ശ്വാസംപോലും കിട്ടുന്നില്ല. കൂറ്റന്‍ തൂണുകള്‍ക്ക് മുകളില്‍ വെളിച്ചം വാരിവിതറുന്ന ഫ്ലഡ് ലൈറ്റുകള്‍. മുള ഗാലറിയിലെ നിലയ്ക്കാത്ത ആരവങ്ങള്‍. എല്ലാം ഇപ്പോഴും ഓര്‍മകളില്‍ മധുരം നിറയ്ക്കുന്നു. മലപ്പുറത്ത് സെവന്‍സ് കളിക്കുന്നവര്‍ക്ക് അല്ലെങ്കില്‍ കളിച്ചിട്ടുള്ള മറുനാട്ടുകാര്‍ക്ക് മനസ്സിലാകും അവിടുത്തെ ഫുട്ബോള്‍ ഭ്രാന്ത്. അത് നേരിട്ടറിയാന്‍ കഴിഞ്ഞതും ഭാഗ്യം.
ഇത്രയും എഴുതിയതിന്, സെവന്‍സ് ഓര്‍മ്മകളിലേക്ക് മൈനസ് പാസ് നല്‍കിയതിന് കാരണം, തിങ്കളാഴ്ച മറ്റൊരു സെവന്‍സ് സീസണ് തുടക്കമാവുകയാണ്. പൊടിപാറിക്കാന്‍ എല്ലാ ടീമുകളും ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. പ്രമുഖ ക്ലബുകളെല്ലാം മികച്ച താരങ്ങളെ കൂടാരത്തില്‍ എത്തിച്ചു. ഇനി വീറും വാശിയും നിറഞ്ഞ പോരാട്ടങ്ങള്‍ മാത്രം. ജയിക്കുന്നവന് മാത്രം സ്ഥാനമുള്ള സെവന്‍സ് മൈതാനങ്ങള്‍. ക്ലബുകള്‍ പ്രൊഫഷണലായിക്കഴിഞ്ഞു. മികച്ചവര്‍ക്കു മാത്രം ടീമില്‍ സ്ഥാനം.അല്ലാത്തവര്‍ പടിക്കു പുറത്തും. ഓരോ ടീമുകളുടെ നിലവാരം നിശ്ചയിക്കാന്‍ പ്രാപ്തിയുള്ള ടൂര്‍ണ്ണമെന്റ് കമ്മറ്റികള്‍. മികച്ചത് മാത്രം മതി കാണികള്‍ക്കും കമ്മറ്റികള്‍ക്കും. ഓരോ മത്സരങ്ങളും ആവേശം വാരിവിതറുമെന്നുറപ്പ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അധികാരികളൊക്കെ അടുത്ത് നിന്ന് കാണേണ്ട കാഴ്ച തന്നെയാണിത്. സെവന്‍സ് മേളകളെ വെള്ളപൂശാനല്ല ഈ പറയുന്നത്.
സെവന്‍സ് മേളകള്‍ മിക്കതും അറിയപ്പെടുന്നത് അഖിലേന്ത്യാ സെവന്‍സ് എന്നാണ്. ഇന്ത്യയിലെ മിക്ക ടീമുകളും പങ്കെടുക്കുന്നു എന്നതുതന്നെ കാരണം. മികച്ച കളിക്കാര്‍ക്ക് മാത്രം പിടിച്ചു നില്ക്കാന് പറ്റുന്ന ഇടമാണ് സെവന്‍സ് മേളകള്‍. ഇുതകൊണ്ടുതന്നെ കളിക്ക് ചൂടുംചൂരും കൂടും. ശരാശരി കളിക്കാര്‍ക്ക് സ്വപ്നം പോലും കാണാന്‍ പറ്റാത്തത്ര കടുപ്പമാണ് അഖിലേന്ത്യ സെവന്‍സ് ഫുട്ബോള്‍. മലപ്പുറത്തു മാത്രം ഇരുപത്തിരണ്ടോളം അഖിലേന്ത്യ സെവന്‍സ് മേളകളാണ് ഇക്കുറി നടക്കാന്‍ പോകുന്നത്. ആദ്യ സെവന്‍സ് മേള തിങ്കളാഴ്ച കുപ്പൂത്തു ആരംഭിക്കുകയാണ്.ആദ്യ മത്സരത്തില്‍ ശാസ്താ മെഡിക്കല്‍സ് തൃശൂര്‍,ടൗണ്‍ എഫ് സി തൃക്കരിപ്പൂരിനെ നേരിടും.
ആറു മാസം നീണ്ടു നില്ക്കുന്ന ഗംഭീര ഫുട്ബോള്‍ വിരുന്ന്. കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ നീളും ഈ മേളകള്‍.സെവന്‍സിലെ ലോകകപ്പായ കൊടുവള്ളി കൊയപ്പ, മലപ്പുറം എം.എസ്.പി ട്രോഫി, എടവണ്ണ സീതിഹാജി മെമ്മോറിയല്‍, റോയല്‍ റെയിന്‍ബോ മൊറയൂര്‍,തിരൂരങ്ങാടി ടൂര്‍ണമെന്റ്, പ്രസിഡന്‍സി പെരിന്തല്‍മണ്ണ, തുറക്കല്‍ ബാപ്പുട്ടി മെമ്മോറിയല്‍, തെരട്ടമ്മല്‍ ജകീയ ടൂര്‍ണമെന്റ്, ചിരാത് വളാഞ്ചേരി, മുസ്തഫ കുരിക്കള്‍ മെമ്മോറിയല്‍ ഫുട്ബോള്‍ കരുവാരക്കുണ്ട്, ബ്രദേഴ്സ് വഴിക്കടവ്, അല്‍ അസ്ഹര്‍ കോട്ടക്കല്‍, വൈഎഫ്സി എടരിക്കോട്, മന്പാട് സെവന്‍സ്, റോയല്‍ മഞ്ചേരി, പറപ്പൂര് സെവന്‍സ്, പരപ്പനങ്ങാടി അവുക്കാദര്‍ കുട്ടിനഹ മെമ്മോറിയല്‍ എന്നിവയാണ് പ്രധാന ടൂര്‍ണമെന്റുകള്‍. അസോസിയേഷന് അംഗീകാരം ഇല്ലാത്ത ലോക്കല്‍ സെവന്‍സുകള്‍ വേറെയും.
ലോക്കല്‍ സെവെന്സിനു പോലും തിങ്ങിനിറഞ്ഞ കാണികളാണുള്ളത്. ടൂര്‍ണമെന്റിലൂടെ കിട്ടുന്ന പണം നല്ല രീതിയില്‍ തന്നെയാണ് സെവന്‍സ് ഫുട്ബോള്‍ അസോസിയേഷനും അത് പോലെ ടൂര്‍ണ്ണമെന്റ് കമ്മറ്റിയും ചെലവാക്കുന്നത്. ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ മുന്നിട്ടു നില്ക്കുന്നു.സോക്കര്‍ സിറ്റി വാട്സ് ആപ്പ് ഗ്രൂപ്പിലെ അംഗം എന്ന നിലയില്‍ ഈ പ്രവര്‍ത്തനങ്ങളൊക്കെ നേരില്‍ കാണാനും സാധിച്ചിട്ടുണ്ട്. സെവന്‍സ് കൂട്ടായ്മയുടെ അവസാന വാക്ക് സോക്കര്‍ സിറ്റിയാണെന്ന കാര്യത്തിലും സംശയമില്ല.
പതിനൊന്നു കിരീടവുമായി കഴിഞ്ഞ സീസണ് അടക്കി ഭരിച്ചത് റോയല്‍ ട്രാവല്‍സ് കോഴിക്കോടായിരുന്നു. നൂറ്റി മുപ്പത്തിരണ്ടു മത്സരങ്ങളില്‍ നിന്ന് എണ്‍പത്തി അഞ്ചു വിജയങ്ങള്‍. 258 തവണയാണ് ഇവര്‍ എതിരാളികളുടെ വല കുലുക്കിയത്. ഏഴു കിരീടവുമായി സബാന് കോട്ടക്കലും സാന്നിധ്യമറിയിച്ചു. അഞ്ചു കിരീടവുമായി അല്‍ മദീനയും,നാല് കിരീടവുമായി ലിന്‍ഷാ മെഡിക്കല്‍സും,മൂന്നു കിരീടവുമായി ഫിഫ മഞ്ചേരിയും കഴിഞ്ഞ സീസണില്‍ മികവുകാട്ടി. കഴിഞ്ഞ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയത് സബാന് കോട്ടക്കലായിരുന്നു. മുന്നൂറു തവണയാണ് ഇവര്‍ എതിരാളികളുടെ വലയിലേക്ക് പന്ത് അടിച്ചുകയറ്റിയത്.
സെവന്‍സില്‍ വിദേശ താരങ്ങള്‍ക്ക് എന്നും നല്ല മാര്‍ക്കറ്റുണ്ട്. വിദേശതാരങ്ങളില്ലാത്ത സെവന്‍സ് ടീമുകളില്ല എന്ന അവസ്ഥയാണിപ്പോള്‍. ഇവരുടെ കളികള്‍ തന്നെയാണ് ഇപ്പോള്‍ ടീമുകളുടെ ജയപരാജയങ്ങള്‍ തീരുമാനിക്കുന്നത്. കഴിഞ്ഞ സീസണിലെ ഓരോ ടീമുകളുടെയും കിരീട വിജയങ്ങള്‍ക്കും പിന്നില്‍ ആഫ്രിക്കന്‍ കരുത്തുണ്ടായിരുന്നു. ശക്തമായ പിന്തുണയോടെ പ്രാദേശിക താരങ്ങളും. ഒരു ടീമില്‍ മൂന്നു വിദേശതാരങ്ങളെ കളിപ്പിക്കാന്‍ ഇപ്പോള്‍ അനുമതിയുണ്ട്. ഇതുകളിയെ കൂടുതല്‍ ആകര്‍ഷകവും വീറുള്ളതുമാക്കുന്നു.
![]() |
സംസ്ഥാന സീനിയർ ചാമ്പ്യൻമാരായ മലപ്പുറം ടീം |
സെവന്‍സിനെ അനുകൂലിച്ചും പ്രതികൂലിച്ചും തര്‍ക്കങ്ങളും വാദങ്ങളുമെല്ലാം സജീവമാണ്. പ്രൊഫഷണല്‍ കളിക്കാര്‍ സെവന്‍സില്‍ നിന്ന് വിട്ടുനില്ക്കുന്നതുതന്നെയാണ് നല്ലത്. അല്ലാത്ത ആയിരക്കണക്കിന് കളിക്കാരുടെ ഉപജീവനവും ആഘോഷവുമാണ് സെവന്‍സ് ഫുട്ബോള്‍. തിങ്ങിനിറഞ്ഞ ഗാലറികള്‍ക്ക് മുന്നിലെ പതിനാലുപേരുടെ തീപ്പൊരി പോരാട്ടങ്ങളും ആരവങ്ങളും ഇല്ലെങ്കില്‍ പിന്നെന്ത് ഫുട്ബോള്‍.
COMMENTS