ഇന്ത്യൻ ഫുട്ബോളിൻറെ മുന്നേറ്റം ശരിയായ പാതയിലാണെന്നും യൂത്ത് ടീമുകളിൽ നിന്ന് ഏറെ പ്രതീക്ഷിക്കാമെന്നും ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി. അണ...
ഇന്ത്യൻ ഫുട്ബോളിൻറെ മുന്നേറ്റം ശരിയായ പാതയിലാണെന്നും യൂത്ത് ടീമുകളിൽ നിന്ന് ഏറെ പ്രതീക്ഷിക്കാമെന്നും ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി. അണ്ടർ 16, അണ്ടർ 20 ടീമുകൾ വലിയ നേട്ടമുണ്ടാക്കുമെന്നും ഛേത്രി പറഞ്ഞു.
പതിനാറ് വയസ്സിൽ താഴെയുള്ളവർ ഇറാഖിനെ ഞെട്ടിച്ചപ്പോൾ ഇരുപത് വയസ്സിൽ താഴെയുള്ളവർ അർജൻറീനയെ വീഴ്ത്തി. അഭിമാനാർഹവും പ്രതീക്ഷാ നിർഭരവുമായ പ്രകടനമാണ് ഇന്ത്യയുടെ യുവനിര പുറത്തെടുക്കുന്നത്. യൂത്ത് ടീമുകളുടെ കളിയുടെ വീഡിയോ കണ്ടു. കോച്ച് ബിബിയാനോ ഫെർണാണ്ടസും കുട്ടികളും അത്ഭുതപ്പെടുത്തുന്ന മികവാണ് നടത്തുന്നത്. ഇനിയും നമ്മുടെ കുട്ടികൾക്ക് ഏറെ മുന്നോട്ട് പോകാനാവും- ഛേത്രി പറഞ്ഞു.
2019ലെ ഏഷ്യൻ കപ്പിനായുള്ള ഒരുക്കത്തിലാണിപ്പോൾ ഇന്ത്യ. ഏഷ്യൻ കപ്പിന് മുൻപ് ആവശ്യമായ പരിശീലന മത്സരം കിട്ടുമെന്നാണ് പ്രതീക്ഷ. ടൂർണമെൻറിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ കളിക്കാരെല്ലാം തയ്യാറായിക്കഴിഞ്ഞുവെന്നും ഛേത്രി.
ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഗോൾ സ്കോററായ ഛേത്രി ഐ എസ് എല്ലിൽ ബെംഗളൂരു എഫ് സിയുടെ താരമാണ്. ഇന്ത്യൻ ഫുട്ബോളിൽ സംഭവിച്ച ഏറ്റവും നല്ലകാര്യമാണ് ഐ എസ് എൽ എന്നും ഛേത്രി പറഞ്ഞു.
COMMENTS