സ്വന്തം ലേഖകൻ അസാധാരണ കാഴ്ചയായിരുന്നു അത്. ഇന്ത്യയുടെ അഞ്ച് മുൻനായകൻമാർ. അർജുന അവാർഡ് ജേതാക്കൾ. പന്ത്രണ്ടിലേറെ ദേശീയ താരങ്ങൾ, സന്തോഷ്...
സ്വന്തം ലേഖകൻ
അസാധാരണ കാഴ്ചയായിരുന്നു അത്. ഇന്ത്യയുടെ അഞ്ച് മുൻനായകൻമാർ. അർജുന അവാർഡ് ജേതാക്കൾ. പന്ത്രണ്ടിലേറെ ദേശീയ താരങ്ങൾ, സന്തോഷ് ട്രോഫി ജേതാക്കൾ... സൗഹൃദത്തിന്റെ പുതിയ ചരിത്രംരചിച്ച് കേരളത്തിന്റെയും ഗോവയുടെയും താരങ്ങൾ കളിത്തട്ടിൽ ഒത്തുചേർന്നു, പോരാടി. രണ്ട് തലമുറയിൽപ്പെട്ട കേരളത്തിന്റെയും ഗോവയുടെയും താരങ്ങൾ പ്രായംമറന്ന് പന്തുതട്ടിയത് പ്രളയത്തിൽ മുങ്ങിയ കേരളത്തെ കൈപിടിച്ചുയർത്താൻ.
ഐ എം വിജയൻ നയിച്ച കേരള ലെജൻഡ്സും സാക്ഷാൽ ബ്രഹ്മാനന്ദ് ശംഖ്വാൾക്കർ നയിച്ച ഗോവ ലെജൻഡ്സും ഓരോ ഗോളടിച്ച് ഒപ്പത്തിനൊപ്പം നിന്നു. കേരളത്തിനായി ടി. ഷബീർ അലിയും ഗോവയ്ക്കായി ബ്രഹ്മാനന്ദുമാണ് ഗോൾ നേടിയത്.
മാപുസയിലെ ഡൂളെർ ഫുട്ബോൾ സ്റ്റേഡിയമായിരുന്നു ഇതിഹാസങ്ങളുടെ സംഗമവേദി. സൗഹൃദ മത്സരമായിരുന്നുവെങ്കിലും ബൂട്ടുകെട്ടി ഇറങ്ങിയപ്പോൾ താരങ്ങൾ സൗഹൃദം മറന്നു. തുടക്കത്തിൽ ഷറഫലി, തോബിയാസ്, കെ ചി ചാക്കോ, ബ്രൂണോ കുടീഞ്ഞോ, ബ്രഹ്മാനന്ദ് തുടങ്ങിയ മുതിർന്ന താരങ്ങളാണ് കൊന്പുകോർത്തത്. പിന്നീടാണ് എം സുരേഷും ആസിഫ് സഹീറും കെ ബിനീഷും എൻ പി പ്രദീപും സമീർ നായിക്കും മഹേഷ് ഗാവ്ലിയുമൊക്കെ വീറോടെ ഏറ്റുമുട്ടിയത്. ഇരുടീമുകൾക്കും അവസരം കിട്ടിയെങ്കിലും കളിയിൽ മുന്നിട്ടുനിന്നത് കേരളം തന്നെയായിരുന്നു.
വിജയനൊപ്പം യു ഷറഫലി, കെ ടി ചാക്കോ, തോബിയാസ്, വി പി ഷാജി, എം സുരേഷ്, ഫിറോസ് ഷെറീഫ്, വിനു ജോസ്, എൻ പി പ്രദീപ്, കെ ബിനീഷ്, കെ വി ധനേഷ്, ആസിഫ് സഹീർ, അബ്ദുൾ ഹക്കീം, അജയൻ, അബ്ദുൾ നൗഷാദ്, എം വി നെൽസൺ, ലേണൽ തോമസ്, പി വി സണ്ണി, മാർട്ടിൻ മാത്യൂ, ആൻസൺ,ശിവകുമാർ എന്നിവരാണ് കേരളത്തിനായി കളിച്ചത്.
ബ്രഹ്മാനനന്ദിനൊപ്പം ഗോവൻ നിരയിൽ ബ്രൂണോ കുടീഞ്ഞോ, മഹേഷ് ഗാവ്ലി, സമീർ നായിക്, ഡെറിക് പെരേര, സാൽവദോർ ഫെർണാണ്ടസ്, മിക്കി ഫെർണാണ്ടസ്, മാരിയോ സോറസ്, പാസ്കൽ പെരേര, ജെറി ഫെർണാണ്ടസ് തുടങ്ങിയവരുമുണ്ടായിരുന്നു.
ജോൺപോൾ രണ്ടാമൻ ഫൗണ്ടേഷൻ ഫോർ സ്പോർട്സ് ഗോവയും ഗോവ ഫുട്ബോൾ അസോസിയേഷനുമാണ് സംഘാടകർ. വയനാട്, ഇടുക്കി, മലപ്പുറം ജില്ലകളിൽ പ്രളയത്തിൽ പ്രയാസം നേരിട്ട ഫുട്ബോൾ ക്ലബുകളെ സഹായിക്കാനും സംഘാടകർ തീരുമാനിച്ചിട്ടുണ്ട്.
നേരത്തേ, വിജയൻ, ജോപോൾ അഞ്ചേരി, എം സുരേഷ്, ദിനേശ് നായർ എന്നിവരുടെ നേതൃത്വത്തിൽ കൊൽക്കത്തയിലും സൗഹൃദ മത്സരം നടത്തിയിരുന്നു. ഇരുമത്സരത്തിൽ നിന്നും ശേഖരിച്ച പണം മുഖ്യമന്ത്രി പിണറായി വിജയന് ഉടൻ കൈമാറും.
COMMENTS