ഇടനാഴികയിലെ ഈയ്യാം പാറ്റകൾ

യദു കോട്ടക്കൽ കളിയുടെ പ്രയാണത്തിന്‍റെ ഘട്ടങ്ങളില്‍ പിറവിയെടുത്ത ഇതിഹാസങ്ങള്‍ അനവധിയാണ്.അതിലുമെത്രയോ ഇരട്ടിയാണ് തോടുകളില്‍ നിന്നും പുറത്ത...

യദു കോട്ടക്കൽ
കളിയുടെ പ്രയാണത്തിന്‍റെ ഘട്ടങ്ങളില്‍ പിറവിയെടുത്ത ഇതിഹാസങ്ങള്‍ അനവധിയാണ്.അതിലുമെത്രയോ ഇരട്ടിയാണ് തോടുകളില്‍ നിന്നും പുറത്തുവന്നു പറന്നുയരും മുന്‍പേ നിലംപതിച്ചവര്‍.കൗമാരകാലത്തെ അടങ്ങാത്ത ഗോള്‍ ദാഹം കുഴിച്ചുമൂടിക്കൊണ്ടവര്‍ കാലങ്ങളോളം ലോകഫുട്ബാളിന്‍റെ കോട്ട കൊത്തളങ്ങളില്‍ മരവിച്ചു കിടന്നു.നൂറുകണക്കിനു ലയണല്‍ മെസ്സിമാരും ക്രിസ്റ്റ്യാനോ റൊണാള്‍ഡോമാരുമുണ്ട് ആ കൂട്ടത്തില്‍.അവരില്‍ പലരും മറ്റൊരു പെലെയോ മറഡോണയോ ആകാന്‍ കെല്‍പ്പുള്ളവരായിരുന്നു. ഐതിഹാസികമായൊരു കരിയര്‍ സ്വപ്നം കണ്ടു യാത്ര തുടങ്ങിയവര്‍.പക്ഷെ അവരുടെ പേരുകള്‍ അടയാളപ്പെടുത്താതെ ചരിത്രപുസ്തകങ്ങളുടെ താളുകള്‍ എഴുതപ്പെട്ടുകൊണ്ടേയിരുന്നു.തടഞ്ഞു വീഴുന്ന ഓര്‍മ്മകളത്രയും കാലത്തിന്‍റെ ക്രൂരമായ കൈവിരുത് പതിഞ്ഞവയായിരുന്നു.

യദു കോട്ടക്കൽ
“റോബിഞ്ഞോക്കു എന്‍റെ നേട്ടങ്ങളെ മറികടക്കുവാന്‍ കഴിയും.നമുക്ക് ദൈവത്തോട് നന്ദി പറയാം മറ്റൊരു പെലെയെ സാന്റോസില്‍ അവതരിപ്പിച്ചതിന്”.ഇരുപത്തൊന്നാം നൂറ്റാണ്ടിന്‍റെ  ആദ്യ വര്‍ഷങ്ങളില്‍ പതിനെട്ടുകാരനായ ആ അത്ഭുത ബാലന്‍ സാന്റോസില്‍ കളിച്ചു തുടങ്ങിയപ്പോള്‍ തന്‍റെ  കളിയായുസ്സ് മുഴുവന്‍ സാന്റോസിനായി സമര്‍പ്പിച്ച സാക്ഷാല്‍ പെലെ പറഞ്ഞ വാക്കുകളാണിത്.കളിയുടെ കലാംശത്തിനു മുകളില്‍ പണത്തെ പറക്കാനനുവദിച്ചിട്ടില്ലാത്ത ഇതിഹാസം. അറുപതുകളില്‍ യൂറോപ്പിലെ ഒട്ടുമിക്ക വമ്പന്‍ ക്ലബ്ബുകളുടെയും ഓഫറുകള്‍ പെലെ നിരസിച്ചിരുന്നു.പക്ഷെ കാലാന്തരങ്ങളില്‍ കലയുടെ സ്വഭാവം മാറി.2005 ല്‍ തന്‍റെ ഇരുപത്തിയൊന്നാം വയസ്സില്‍ റോബിഞ്ഞോ റയല്‍ മാഡ്രിഡുമായി കരാര്‍ ഒപ്പിടുവാന്‍ തയ്യാറെടുക്കുകയായിരുന്നു.ആയിരക്കണക്കിന് സാന്റോസ് ആരാധകര്‍ അയാളോട് പോകരുതെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് കത്തുകളയച്ചു.അവര്‍ക്കയാള്‍ മിശിഹായായിരുന്നു.പെലെക്കു ശേഷം സാന്റോസില്‍ പിറന്ന വീരപുരുഷന്‍.

സാന്റോസിന്‍റെ കിരീടദാരിദ്ര്യത്തിനു അറുതി വരുത്തിയത് റോബിഞ്ഞോയായിരുന്നു.1968നു ശേഷം റോബിഞ്ഞോ ജന്മമെടുക്കേണ്ടി വന്നു സാന്റോസിനു ഒരു ബ്രസീലിയന്‍ ലീഗ് കിരീടം(Campeonato Brasileiro serie A) നേടുവാന്‍.വശ്യവും ചടുലവുമായ നീക്കങ്ങളിലൂടെ അയാള്‍ കാണികളെ ആനന്ദിപ്പിച്ചു കൊണ്ടിരുന്നു.പക്ഷെ മാഡ്രിഡിലേക്കു കൂടുമാറാനുള്ള തീരുമാനത്തില്‍ അയാള്‍ ഉറച്ചുതന്നെ നിന്നു.സാന്റോസിന്‍റെ പ്രാക്ടീസ് സെഷനുകളില്‍ പങ്കെടുക്കാന്‍ അയാള്‍ വിസമ്മതിച്ചു.കരിയറിന്‍റെ പരിണാമഘട്ടങ്ങളില്‍ ഒരു കളിക്കാരന്‍ കൈകൊണ്ട ഏറ്റവും അപക്വവും അനൗചിത്യപരവുമായ പെരുമാറ്റങ്ങളായിരുന്നു റോബിഞ്ഞോയുടെ ഭാഗത്തു നിന്നുണ്ടായത്.ഒടുവില്‍ സാന്റോസ് അധികൃതര്‍ ആ ട്രാൻസ്ഫറിനു വഴങ്ങി.സിദാനും റൊണാള്‍ഡോയും ബെക്കാമും നിറഞ്ഞ റയല്‍ മാഡ്രിഡിന്‍റെ ഗാലക്ടികോസ് നിരയിലേക്ക് റോബിഞ്ഞോ ചേക്കേറി.

മാഡ്രിഡിനു റോബിഞ്ഞോയുടെ കേളീവൈഭവം ഒന്നുമാത്രമായിരുന്നില്ല ലക്ഷ്യം.ഫുട്ബാള്‍ എന്ന കോര്‍പ്പറേറ്റ് കച്ചവടത്തിന്‍റെ അനന്ത സാധ്യതകള്‍ അവര്‍ റോബിഞ്ഞോയില്‍ കണ്ടിരുന്നു.ജേര്‍സി വില്‍പ്പന,സ്പോണ്സര്‍ഷിപ്പ് ഡീലുകള്‍, സ്റ്റാൻഡ് സെയിൽ, ടി വി റൈറ്റ്സ്,പരസ്യങ്ങള്‍.. അങ്ങനെ റോബിഞ്ഞോയുടെ വരവോടെ സംഭവിക്കുന്ന വരുമാന വര്‍ധനവിനെക്കുറിച്ച് അവരുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിനു കൃത്യമായ കണക്കുകൂട്ടലുകളുണ്ടായിരുന്നു.

തന്‍റെ പിൻഗാമിയെന്നു പെലെ വിശേഷിപ്പിച്ച കളിക്കാരന്‍റെ പതനമാരംഭിക്കുന്നത് ആ ട്രാൻസ്ഫറോടെയാണ്.മാഡ്രിഡിലെ 3 വര്‍ഷക്കാലം അയാള്‍ സാന്റോസിനു വേണ്ടി കളിച്ചിരുന്ന ആ പഴയ റോബിഞ്ഞോ ആയിരുന്നില്ല.കളിയിലെ സ്ഥിരതയില്ലായ്മ അയാളെ പലപ്പോഴും സൈഡ് ബെഞ്ചിലിരുത്തി.2008ല്‍ റയല്‍ വിട്ട റോബിഞ്ഞോ 7 തവണയാണ് ക്ലബ്ബുകള്‍ മാറിയത്.ഒടുവില്‍ തന്‍റെ 34ആം വയസ്സില്‍  തുർക്കി ക്ലബായ സിവാസ്സ്പോഷിനു വേണ്ടിയാണ് ഇന്നയാള്‍ പന്തു തട്ടുന്നത്.കരിയറില്‍ പിന്നീടൊരിക്കല്‍ പോലും തന്‍റെ പ്രതിഭക്കൊത്തുയരാന്‍ അയാള്‍ക്കു  സാധിച്ചിരുന്നില്ല.

ഒരു വ്യാഴവട്ടക്കാലത്തിനിപ്പുറം റയലിന്‍റെ ആര്‍ത്തിപൂണ്ട കൊക്കുകള്‍ മറ്റൊരു ബ്രസീലിയന്‍ സെന്‍സേഷനെ കൊത്തിയെടുത്തു കഴിഞ്ഞു.കൗമാരം പിന്നിട്ടിട്ടില്ലാത്ത വിനീഷ്യസ് ജൂനിയര്‍ എന്ന ഫ്ലമെങ്കോ താരത്തെ 39 മില്ല്യണ്‍ പൗണ്ടിനാണ് റയല്‍ തങ്ങളുടെ ചൂണ്ടയില്‍ കൊരുത്തെടുത്തത്.റയല്‍ അല്ലായിരുന്നുവെങ്കില്‍ മറ്റേതെങ്കിലും യൂറോപ്യന്‍ വമ്പന്മാര്‍ അതു ചെയ്യുമായിരുന്നു.അവര്‍ക്കു  വിനീഷ്യസ് കേവലമൊരു കളിക്കാരനല്ല.ഒരു കച്ചവടച്ചരക്കാണ്.അയാളുടെ കേളീമികവിനുമപ്പുറം അയാള്‍ കൈവരിക്കാനിരിക്കുന്ന വിപണിമൂല്യത്തിന്‍റെ സാധ്യതകള്‍ കൂടി അവരുടെ കണക്കുപുസ്തകങ്ങളില്‍ മാര്‍ക്ക്  ചെയ്യപ്പെട്ടിട്ടുണ്ട്.

പങ്കെടുത്തിരുന്നുവെങ്കില്‍ കഴിഞ്ഞ അണ്ടര്‍17 ലോകകപ്പിന്‍റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒരാളാകുമായിരുന്നു അയാള്‍. ഏറ്റവും പകിട്ടാര്‍ന്ന താരം.റോബിഞ്ഞോയുടെ വിധി തന്നെയാണോ വിനീഷ്യസിനെയും കാത്തിരിക്കുന്നത് എന്നാണ് ഫുട്ബാള്‍ ലോകം ഉറ്റുനോക്കുന്നത്.വിനീഷ്യസിനെ പോലെ കടന്നുവന്ന അനേകം പേരുണ്ട് ചരിത്രത്തില്‍.അതില്‍ വിരലിലെണ്ണാവുന്ന പേരുകള്‍ മാത്രമാണ് പിന്നീട് ലോകഫുട്ബാളിന്‍റെ അകത്തളങ്ങളില്‍ മുഴങ്ങിക്കേട്ടത്.പണവും,ഏജന്റുമാരും,നിരന്തരം നടത്തപ്പെടുന്ന ട്രാൻസ്ഫറുകളും,പരിക്കുകളും ശേഷിക്കുന്നവരെ കാര്‍ന്നു തിന്നിരിക്കുന്നു.നൂറുകണക്കിനു പേരാണ് അങ്ങനെ ചരിത്രത്തില്‍ അലിഞ്ഞില്ലാതായത്.വിനീഷ്യസ് ജൂനിയറുമാര്‍ ആഘോഷിക്കപ്പെടുമ്പോള്‍ മറന്നുപോകരുതാത്ത പേരുകളായി അവര്‍ തെളിഞ്ഞുവരുന്നു.

ചരിത്ര പുസ്തകങ്ങള്‍ വിജയികളുടെ വീരചരിതങ്ങളാല്‍ സമ്പന്നമാണ്.രക്തപങ്കിലമായ യുദ്ധങ്ങള്‍ ജയിച്ചവന്റെ,കാടുകള്‍ കൈയ്യേറിയവന്റെ,സമരങ്ങള്‍ നയിച്ചവന്റെ,ഗോളുകള്‍ നേടിയവന്റെ,റണ്ണുകള്‍ വാരിക്കൂട്ടിയവന്റെ,കിരീടങ്ങള്‍ സ്വന്തമാക്കിയവന്റെ..പട്ടികയങ്ങനെ അനന്തമായി നീളുകയാണ്.തോല്‍വിയേറ്റു വാങ്ങേണ്ടി വന്നവരുടെ കഥകള്‍ പലപ്പോഴും ഗണനീയമല്ലാത്തവയായി മാറി.പലതും പുറംലോകമറിഞ്ഞതുമില്ല.ജേതാക്കള്‍ എക്കാലവും വെള്ളിവെളിച്ചത്തില്‍ തിളങ്ങി നില്‍ക്കും.അപ്പോഴും ഒരു ചോദ്യം ശേഷിക്കുകയാണ്.പരാജിതരുടെ സ്ഥാനമെവിടെയാണ്?

ഓരോ ടൂർണമെന്റുകൾ വരുമ്പോഴും പുതിയ പുതിയ അത്ഭുത ബാലന്മാരുടെ അത്ഭുത കഥകളും,കേളീ മികവും, പ്രതിഭാവിലാസവും അച്ചടി മഷി പുരണ്ടു തയ്യാറായിരിക്കും.പക്ഷെ അവര്‍ക്കെല്ലാം പിന്നീട് എന്താണ് സംഭവിക്കുന്നത്?ആയിരക്കണക്കിനു അതുല്യ പ്രതിഭകള്‍ ലോകഫുട്ബാളില്‍ ഹോമിക്കപ്പെട്ടിട്ടുണ്ട്. കൗമാരകാലത്തെ നക്ഷത്രത്തിളക്കത്തില്‍ നിന്നും ബഹുദൂരം കടന്നുപോന്നവര്‍.ഗോളുകള്‍ക്കായുള്ള കൊതിതീരാത്ത കാലത്തില്‍ നിന്നും ഗോള്‍രാഹിത്യത്തിന്റെ ഇടനാഴികയിലൂടെ ക്ലബ്ബുകളില്‍ നിന്നും ക്ലബ്ബുകളിലേക്കു പറിച്ചുനടപ്പെട്ടവര്‍.വൈചിത്ര്യരഹിതമല്ലാത്ത കളിക്കാലങ്ങള്‍ പിന്നിട്ട്,ഒടുവില്‍ സ്റ്റാറ്റിസ്റ്റിക്സുകള്‍ കൂട്ടിയും കുറച്ചും തയ്യാറാക്കപ്പെട്ട കരിയര്‍ പുസ്തകങ്ങളുടെ ഒടുവിലത്തെ പേജില്‍ അവരുടെ ഉത്തരമെഴുതപ്പെട്ടു.ആവേശത്തോടെ വെളിച്ചത്തിനു ചുറ്റും ചിറകിട്ടടിച്ചു പറന്നുവീണ ഈയ്യാം പാറ്റകള്‍!!!

COMMENTS


Name

Badminton,5,Cricket,15,Football,195,Other Sports,27,SG Special,93,Sports,98,Tennis,4,Volleyball,1,
ltr
item
Sports Globe: ഇടനാഴികയിലെ ഈയ്യാം പാറ്റകൾ
ഇടനാഴികയിലെ ഈയ്യാം പാറ്റകൾ
https://3.bp.blogspot.com/-RC1sLld_K1k/W2fQwgd07BI/AAAAAAAAA_Q/qdRB2BZFuoQrSmcCbpNiba5hNXGjk57VQCLcBGAs/s640/Robinho.jpg
https://3.bp.blogspot.com/-RC1sLld_K1k/W2fQwgd07BI/AAAAAAAAA_Q/qdRB2BZFuoQrSmcCbpNiba5hNXGjk57VQCLcBGAs/s72-c/Robinho.jpg
Sports Globe
http://www.sportsglobe.in/2018/08/article-by-yedu-kottakkal.html
http://www.sportsglobe.in/
http://www.sportsglobe.in/
http://www.sportsglobe.in/2018/08/article-by-yedu-kottakkal.html
true
4357620804987083495
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy