നെയ്മർ എന്ന ഒരു കളിക്കാരനിൽ ആശ്രയിക്കുന്ന ടീമല്ല ബ്രസീൽ എന്ന് കോച്ച് ടിറ്റെ. സെർബിയക്കെതിരായ മത്സരത്തിന് മുൻപാണ് ടിറ്റെ തൻറെ വാക്കുകൾ ആ...
നെയ്മർ എന്ന ഒരു കളിക്കാരനിൽ ആശ്രയിക്കുന്ന ടീമല്ല ബ്രസീൽ എന്ന് കോച്ച് ടിറ്റെ. സെർബിയക്കെതിരായ മത്സരത്തിന് മുൻപാണ് ടിറ്റെ തൻറെ വാക്കുകൾ ആവർത്തിച്ചത്. അർജൻറീന ലിയോണൽ മെസ്സിയിൽ അമിതമായി ആശ്രയിക്കുന്ന സാഹചര്യത്തിലാണ് ടിറ്റെയുടെ വിശദീകരണം.
ബ്രസീൽ ടീമിൽ എല്ലാവർക്കും തുല്യ ഉത്തരവാദിത്തമാണ്. തോൽവിയും ജയവും ഒരാളുടെ മാത്രം തലയിൽ കെട്ടിവയ്ക്കില്ല. കൂട്ടായ്മയുടെ കളിയാണ് ഫുട്ബോൾ. ഈ കൂട്ടായ്മയിലാണ് ഞാൻ വിശ്വസിക്കുന്നത് - ടിറ്റെ പറഞ്ഞു. വാക്കുകളിൽ മാത്രമല്ല, പ്രവൃത്തിയിലും ഇത് തെളിയിക്കുന്ന കോച്ചാണ് ടിറ്റെ. ഓരോ മത്സരത്തിനും ഓരോ ക്യാപ്റ്റനെ നിശ്ചയിക്കുന്ന ടിറ്റെയുടെ തീരുമാനം തന്നെ ഇതിന് തെളിവ്.
ബ്രസീൽ ജഴ്സിയിൽ അൻപതാം മത്സരത്തിന് ഇറങ്ങുന്ന മിറാൻഡയാവും സെർബിയക്കെതിരെ ടീമിനെ നയിക്കുക. ആദ്യ കളിയിൽ മാർസലോയും രണ്ടാം കളിയിൽ തിയാഗോ സിൽവയുമാണ് ബ്രസീലിനെ നയിച്ചത്. ടീമിൽ എല്ലാവർക്കും അർഹമായ പരിഗണന ഉണ്ടെന്ന് ഉറപ്പാക്കുന്നതിനോടൊപ്പം കളിക്കാരുടെ നൂറ് ശതമാനം ആത്മാർഥത ഉറപ്പാക്കാനും ഈ തീരുമാനത്തിലൂടെ ടിറ്റെയ്ക്ക് കഴിയുന്നു.
ഫെബ്രുവരിയിൽ ശസ്ത്രക്രിയക്ക് വിധേയനായ നെയ്മർ ലോകകപ്പിന് തൊട്ടുമുൻപാണ് കളിക്കളത്തിൽ തിരിച്ചെത്തിയത്. തുടർന്നും പരിക്കേറ്റ നെയ്മറിന് ഇതുവരെ പഴയആരോഗ്യ സ്ഥിതിയിലേക്ക് എത്താനായിട്ടില്ല. എങ്കിലും കോസ്റ്റാറിക്കയ്ക്കെതിരെ നേടിയ ഗോൾ നെയ്മറുടെ ആത്മവിശ്വാസം കൂട്ടും. ഈ ഗോളിലൂടെ ബ്രസീലിൻറെ എക്കാലത്തേയും മികച്ച മൂന്നാമത്തെ ഗോൾവേട്ടക്കാരൻ ആവാനും നെയ്മറിന് കഴിഞ്ഞു.
COMMENTS