അർജന്റീനൻ ടീമിൽ ഭിന്നതയുണ്ടെന്ന വാർത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് സീനിയർ താരം ഹവിയർ മഷറാനോ. പ്രീക്വാർട്ടറിലേക്ക് മുന്നേറാൻ ടീം തയ്യാറാ...
അർജന്റീനൻ ടീമിൽ ഭിന്നതയുണ്ടെന്ന വാർത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് സീനിയർ താരം ഹവിയർ മഷറാനോ. പ്രീക്വാർട്ടറിലേക്ക് മുന്നേറാൻ ടീം തയ്യാറായിക്കഴിഞ്ഞുവെന്നും മഷറാനോ പറഞ്ഞു. ചൊവ്വാഴ്ച നൈജീരിയക്കെതിരെയാണ് അർജന്റീനയുടെ അവസാന ഗ്രൂപ്പ് മത്സരം.
ക്രോയേഷ്യക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളിന് തോറ്റതോടെയാണ് അർജന്റൈൻ ടീമിൽ പൊട്ടിത്തെറിയെന്ന വാർത്തകൾ പ്രചരിച്ചത്. കോച്ചും കളിക്കാരും രണ്ട് തട്ടിലായെന്നായിരുന്നു പ്രധാന ആക്ഷേപം. കളിക്കാർ യോഗം ചേർന്ന് സാംപോളിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. അർജന്റീനയിലെ പ്രധാന മാധ്യമങ്ങളാണ് ഇക്കാര്യങ്ങൾ റിപ്പോർട്ട് ചെയ്തത്.
ഇതാണിപ്പോള്‍ മഷറാനോ നിഷേധിച്ചിരിക്കുന്നത്. ടീം ഒറ്റക്കെട്ടാണ്. പ്രീക്വാർട്ടറിൽ കടക്കുകയാണ് ലക്ഷ്യം. കോച്ചുമായി ഭിന്നതയില്ല. പരിശീലനം കണ്ടാൽ എല്ലാവർക്കും ഇത് മനസ്സിലാവും. കാര്യങ്ങൾ അത്ര പന്തിയല്ലെന്ന് ഞങ്ങൾക്ക് അറിയാമെന്നും മഷറാനോ പറഞ്ഞു.
ആദ്യ കളിയിൽ ഐസ് ലാൻഡിനോട് സമനില വഴങ്ങിയ അർജന്റീന അവസാന മത്സരത്തിൽ ക്രോയേഷ്യയോട് എതിരില്ലാത്ത മൂന്ന് ഗോളിന് തോറ്റു. നൈജീരിയയെ തോൽപിച്ചാലും മറ്റ് ടീമുകളുടെ മത്സരഫലം കൂടി ആശ്രയിച്ചായിരിക്കും അർജന്റീനയുടെ നോക്കൗട്ട് സാധ്യതകൾ.
COMMENTS