ലോകകപ്പ് കേരളത്തിലേക്ക് 'കൊണ്ടുവന്ന' തൂലിക

രവിമേനോൻ നാലര പതിറ്റാണ്ടു മുൻപ് `ബോംബർ' ഗെർഡ് മുള്ളറും `കൈസർ' ബെക്കൻബോവറും `ഡാൻസിംഗ് ഡച്ച്മാൻ' യൊഹാൻ ക്രൈഫും കാതടപ്പിക്കുന്ന...

രവിമേനോൻ
നാലര പതിറ്റാണ്ടു മുൻപ് `ബോംബർ' ഗെർഡ് മുള്ളറും `കൈസർ' ബെക്കൻബോവറും `ഡാൻസിംഗ് ഡച്ച്മാൻ' യൊഹാൻ ക്രൈഫും കാതടപ്പിക്കുന്ന ആരവങ്ങളുടെ അകമ്പടിയോടെ മനസ്സിൽ കയറിവന്നത് മ്യൂണിക്കിലെ ഒളിമ്പിക് സ്റ്റേഡിയത്തിൽ നിന്നല്ല; വിംസിയുടെ അഗ്നിചിറകുള്ള അക്ഷരങ്ങളിൽ നിന്നാണ്. ജീവൻ തുടിക്കുന്ന ആ അക്ഷരങ്ങൾക്കും വാക്കുകൾക്കും വേണ്ടി, അവ കൂടിച്ചേർന്നുരസുമ്പോൾ ചിന്നിച്ചിതറുന്ന തീപ്പൊരികൾക്ക് വേണ്ടി അക്ഷമനായി കാത്തിരുന്ന കാലമുണ്ട് എന്റെ ജീവിതത്തിൽ. ബൂട്ടിൽ നിന്ന് ചീറിപ്പായുന്ന പന്തിന്റെ മൂളക്കമാണ് ലോകത്തെ ഏറ്റവും ഉദാത്തമായ സംഗീതമെന്ന് വിശ്വസിച്ചിരുന്ന കാലം.

രവി മേനോൻ
മറ്റൊരു ലോകകപ്പിന് മോസ്‌കോയിൽ പന്തുരുളുമ്പോൾ, അറിയാതെ വിംസിയെ ഓർത്തുപോകുന്നു വീണ്ടും. മലയാളിയെ ലോക ഫുട്ബാളിന്റെ ചൂടും പുകയും വീറും വാശിയും ഉന്മാദവും ലഹരിയും നിറഞ്ഞ വഴികളിലൂടെ ആദ്യമായി കൈപിടിച്ചുനടത്തിയ കളിയെഴുത്തുകാരൻ. മാതൃഭൂമിയുടെ താളുകളിലെ ത്രസിക്കുന്ന ആ അക്ഷരങ്ങൾക്ക് മീതെ വെറുതെ വിരലോടിക്കാറുണ്ടായിരുന്നു അന്നൊക്കെ; അവയ്ക്ക് ജീവനുണ്ടോ എന്നറിയാൻ. നീണ്ട സ്വർണത്തലമുടി കാറ്റിൽ പറത്തി നൃത്തച്ചുവടുകളോടെ പന്തുമായി ബോക്സിലേക്ക് ഒഴുകിനീങ്ങുന്ന ക്രൈഫിനെയും ഈറ്റപ്പുലിയുടെ ശൗര്യത്തോടെ എതിർ പ്രതിരോധനിര പിച്ചിച്ചീന്തുന്ന മുള്ളറെയുമൊക്കെ ഏതോ കൗബോയ് ചിത്രത്തിലെ വീരശൂരപരാക്രമികളായ നായകരെ പോലെ എന്നെന്നേക്കുമായി മനസ്സിൽ കുടിയിരുത്തിയത് വിംസിയുടെ റിപ്പോർട്ടുകളായിരുന്നല്ലോ. മ്യൂണിക്കിലെ (1974) ആ ചരിത്രപ്രസിദ്ധമായ ഫൈനലിൽ ഏരീ ഹാനിന്റെ ശക്തമായ മാർക്കിംഗിൽ നിന്ന് കുതറിമാറി ബോക്സിനു തൊട്ടുള്ളിൽ നിന്ന് ജർമ്മൻ സ്‌ട്രൈക്കർ മുള്ളർ തൊടുത്ത വെടിയുണ്ട തകർത്തുകളഞ്ഞത് ഡച്ചുകാരുടെ സ്വപ്നങ്ങൾ മാത്രമല്ല ; അവരുടെ വിജയത്തിന് വേണ്ടി സ്‌കൂളിലെ പള്ളിയിൽ മെഴുകുതിരി കത്തിച്ച് ഉള്ളുരുകി പ്രാർത്ഥിച്ച ഒരു പത്തുവയസ്സുകാരന്റെ ഹൃദയം കൂടിയാണ്. ``രവിയുടെ സങ്കടം എനിക്ക് മനസ്സിലാകും. ആ റിപ്പോർട്ടുകളൊക്കെ എഴുതുമ്പോൾ ഞാൻ ആഗ്രഹിച്ചതും ഹോളണ്ട് ജയിച്ചുകാണാനാണ്.'' വർഷങ്ങൾക്ക് ശേഷമൊരു നാൾ ആ കാലത്തേക്ക് മനസ്സുകൊണ്ട് തിരിച്ചുനടക്കേ വിംസി പറഞ്ഞ വാക്കുകൾ ഓർമ്മ വരുന്നു.

വിംസിയെ ആദ്യം കണ്ടത് എന്നായിരുന്നു? 1975 ലാവണം. പഠനയാത്രയുടെ ഭാഗമായി വയനാടൻ ചുരമിറങ്ങി കോഴിക്കോട് നഗരത്തിലെത്തിയതായിരുന്നു ഞങ്ങൾ സ്‌കൂൾ കുട്ടികൾ. മെഡിക്കൽ കോളേജിലെ ആരോഗ്യവിദ്യാഭ്യാസ പ്രദർശനം കാണുകയാണ് പ്രധാന ലക്ഷ്യം. തിരിച്ചു പോകും വഴി റോബിൻസൺ റോഡിലെ (ഇന്ന് കേശവമേനോൻ റോഡ്) മാതൃഭൂമിയിലും ചെന്നു; പ്രിന്റിംഗ് കാണാൻ. സിലിണ്ടർ പ്രസ്സിന്റെ പൊള്ളുന്ന ചൂട് ഏറ്റുവാങ്ങി സഹപാഠികൾക്കൊപ്പം വിയർപ്പിൽ കുളിച്ചു നിൽക്കേ, അടുത്തുണ്ടായിരുന്ന അറ്റൻഡറോട് വെറുതെ ഒരു ചോദ്യം: ``ഈ വിംസീന്ന് പറഞ്ഞ ആൾ ഇവിടെയല്ലേ? മൂപ്പരെ കാണാൻ പറ്റ്വോ?'' അത്ഭുതത്തോടെ എന്നെ നോക്കി ആ മനുഷ്യൻ; വയനാട്ടുകാരനായ ഈ പീറപ്പയ്യന് വിംസിയുമായി എന്ത് ബന്ധം എന്ന് അന്തംവിട്ടിരിക്കണം അയാൾ. തിരിച്ചു പോകും വഴി മുകളിലെ നിലയിലെ എഡിറ്റോറിയൽ ഹാളിലേക്ക് കൂട്ടിക്കൊണ്ടുപോയത് ആ അറ്റൻഡറാണ്. വാതിലിന് തൊട്ടു പുറത്തുനിന്ന്, കണ്ണാടിച്ചില്ലു കൊണ്ട് മറച്ച കൊച്ചു മുറിയിലേക്ക് ചൂണ്ടി അയാൾ പറഞ്ഞു: ``ദാ കണ്ടോളു. ആ ഇരിക്കുന്ന ആളാണ് വിംസി. ഇപ്പൊ തിരക്കിലാണ്. സംസാരിക്കാൻ പറ്റില്ല. കണ്ടിട്ട് പൊയ്ക്കോളൂ..''

ഉച്ചത്തിൽ മിടിക്കുന്ന ഹൃദയത്തോടെ ഹാഫ് ഡോർ മെല്ലെ തള്ളി അകത്തേക്ക് നോക്കി. മേശപ്പുറത്തെ ഫയലുകളുടെയും പത്രക്കെട്ടുകളുടെയും കൂമ്പാരത്തിൽ തല പൂഴ്ത്തി ഒരു മെലിഞ്ഞ മനുഷ്യനിരിക്കുന്നു. കട്ടി ഫ്രെയിമുള്ള കണ്ണടയാണ് ആദ്യം മനസ്സിൽ തങ്ങിയത്. പിന്നെ മേശയുടെ ഒരു മൂലയ്ക്ക് ഇടതടവില്ലാതെ ശബ്ദിച്ചുകൊണ്ടിരുന്ന ട്രാൻസിസ്റ്റർ റേഡിയോയും. ഒച്ചയുണ്ടാക്കാതെ മടങ്ങുമ്പോൾ വെറുതെ ഒന്നുകൂടി തിരിഞ്ഞുനോക്കി. എഴുത്തു നിർത്തി പേന താഴെവെച്ച് ഒരു സിഗരറ്റിന് തിരികൊളുത്തുകയാണ് എന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ. നിമിഷനേരത്തെ വിശ്രമം മാത്രം. എരിയുന്ന സിഗരറ്റ് വിരലുകൾക്കിടയിൽ തിരുകി ചുറ്റുമുള്ള കോലാഹലമൊന്നും ശ്രദ്ധിക്കാതെ വീണ്ടും എഴുത്തിന്റെ തിരക്കിലേക്ക് തിരിച്ചുപോകുന്നു അദ്ദേഹം. കൗതുകം തോന്നി: എന്തായിരിക്കും വിംസി ഇപ്പോൾ എഴുതുന്നുണ്ടാകുക? നാളത്തേക്കുള്ള ``വാൽക്കഷ്ണം'' ആയിരിക്കുമോ? ഓരോ ലേഖനത്തിന്റെയും ഒടുവിൽ ആക്ഷേപഹാസ്യം കലർത്തി വിംസി എഴുതിച്ചേർത്തിരുന്ന രസികൻ ``വാൽക്കഷ്ണ''ങ്ങൾ പലയാവർത്തി വായിച്ചു തലതല്ലി ചിരിച്ചിട്ടുണ്ട് അന്നൊക്കെ. കുറിക്കുകൊള്ളുന്ന ആ മൊഴിമുത്തുകൾ നോട്ട് ബുക്കിൽ പകർത്തിവെക്കുന്നതായിരുന്നു അക്കാലത്തെ പ്രധാന ഹോബികളിൽ ഒന്ന്. ലണ്ടനിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ``ടിറ്റ്ബിറ്റ്‌സ്'' വാരികയിലെ ഒരു പംക്തികാരനോടാണ് `വാൽക്കഷ്ണം' എന്ന പ്രയോഗത്തിന് കടപ്പാടെന്ന് വിംസി പിന്നീടൊരിക്കൽ പറഞ്ഞു.

വിംസിക്ക് മുൻപ് ഫുട്ബാളിനെ കുറിച്ച് മലയാളത്തിൽ എഴുതിയവർ ഉണ്ടാകാം; മുഷ്ത്താഖിനേയും കെ പി ആർ കൃഷ്ണനേയും പോലെ. പക്ഷേ വിംസി എഴുതിയത് കളിയെ കുറിച്ച് മാത്രമായിരുന്നില്ല. കളിയ്ക്കുള്ളിലെ കളിയെക്കുറിച്ചു കൂടിയാണ്. ഇരുതല മൂർച്ചയുള്ള ശൈലിയിൽ, തൊട്ടാൽ പൊള്ളുന്ന വാക്കുകൾ ശ്രദ്ധാപൂർവം ഒരു മാലയിലെന്നോണം കൊരുത്ത് വിംസി എഴുതിയ കുറിപ്പുകൾ ഏതു സസ്പെൻസ് ത്രില്ലറിനോടും കിടപിടിക്കുമായിരുന്നു. ടെലിവിഷനും ഇന്റർനെറ്റും ഗൂഗിളും വിക്കിപ്പീഡിയയും ഒന്നും ആരും സ്വപ്നം കണ്ടുതുടങ്ങിയിട്ടു പോലും ഇല്ലാതിരുന്ന കാലമാണെന്നോർക്കണം. വിദേശ വാർത്താ ഏജൻസികളെയും ബി ബി സിയുടെ സ്പോർട്ട്സ് പ്രക്ഷേപണങ്ങളെയും വല്ലപ്പോഴും വന്നുകിട്ടുന്ന വേൾഡ് സോക്കർ പോലുള്ള മാസികകളെയും മാത്രം ആശ്രയിച്ച് 1960 കളിലും 70 കളിലും അദ്ദേഹം എഴുതിക്കൂട്ടിയിരുന്ന ലേഖനങ്ങൾ എത്രമാത്രം ആസ്വാദ്യകരവും ആവേശകരവുമായിരുന്നു എന്നോർത്തുപോകും, ആധുനിക മലയാള കായിക സാഹിത്യങ്ങളിൽ ചിലത് വായിക്കുമ്പോൾ. പതിറ്റാണ്ടുകൾക്ക് മുൻപ് വിംസി സ്വന്തം ലേഖനങ്ങളിൽ അവതരിപ്പിച്ച ``ജാർഗണു''കളിൽ നിന്ന് ഇന്നും പൂർണ്ണവിമുക്തി നേടിയിട്ടില്ല മലയാളത്തിലെ സ്പോർട്സ് പത്രപ്രവർത്തനം. നിറയൊഴിക്കുന്ന ബൂട്ടുകളും പൊട്ടിത്തെറിക്കുന്ന സ്റ്റേഡിയങ്ങളും മനം പുരട്ടുന്ന ആവണക്കെണ്ണക്കളിയും ഇരമ്പുന്ന ഗാലറികളും മിന്നുന്ന ഗോളും ഒക്കെ സ്പോർട്ട്സ് സാഹിത്യശാഖക്ക് വിംസിയുടെ ക്ലാസിക്ക് സംഭാവനകൾ. ``പന്ത് വലയിലേക്ക് ചെത്തിയിട്ടു'' എന്നെഴുതിയ വിദ്വാന്റെ മുൻപിൽ ആയുധം വെച്ച് കീഴടങ്ങുന്നു ഞാൻ എന്ന് ശൈലീവല്ലഭനായ സാക്ഷാൽ വി കെ എന്നിനെ കൊണ്ട് നിരുപാധികം എഴുതിക്കാൻ വിംസിക്കല്ലാതെ മറ്റാർക്ക് കഴിയും?

പക്ഷെ കളിയെഴുത്തിൽ ഭാഷയിലെ പൊടിപ്പും തൊങ്ങലും അതിരുവിടരുതെന്ന് നിർബന്ധമുണ്ടായിരുന്നു എന്നും അദ്ദേഹത്തിന്. മാതൃഭൂമി വാർഷികപ്പതിപ്പിന് വേണ്ടി രണ്ടായിരത്തിൽ നടത്തിയ സുദീർഘമായ അഭിമുഖത്തിൽ വിംസി പങ്കുവെച്ച ഒരു നിരീക്ഷണം ഓർക്കുന്നു: ``ഭാഷക്ക് വേണ്ടതിലേറെ പൊലിമ സ്പോർട്സ് റിപ്പോർട്ടിംഗിൽ അരോചകമാകും. അതേ സമയം ആ ശൈലിയിൽ നാം നമ്മുടെ നാട്ടിൻപുറങ്ങളിൽ പറയാറുള്ള ``ചിമുക്ക്'' നന്നായി വേണം താനും. വെടിക്കെട്ടുകളെ കുറിച്ച് പറയുമ്പോഴാണ് ചിമുക്ക് കയറിവരിക. വാസ്തവത്തിൽ വെടിക്കെട്ടിലെ ചിമുക്ക് -- ഇംഗ്ലീഷിൽ പഞ്ച് -- പോലെ തന്നെയാണ് കളിയെഴുത്തിലെ ചിമുക്കും. അത് നിങ്ങളുടെ ശൈലി കൂടുതൽ ആകർഷകമാക്കുന്നു. ഏതായാലും പലരും പയറ്റിനോക്കുന്ന പൈങ്കിളി സ്റ്റൈൽ വേണ്ടേ വേണ്ട. വായനക്കാർ വെറുക്കും...'' ആകർഷകമായ ആ ചിമുക്ക് തന്നെയായിരുന്നു എന്നും വിംസിയുടെ എഴുത്തിന്റെ കരുത്ത്. ഫുട്ബാളിനെയും ഫുട്ബാളർമാരെയും കുറിച്ചെഴുതുമ്പോഴാണ് വിംസിയുടെ തൂലിക ശരിക്കും ``വെളിച്ചപ്പെടുക''യും ചോര ചിന്തുകയും ചെയ്യുക. വിമർശനങ്ങളാണെങ്കിൽ ആക്രമണത്തിന് മൂർച്ച കൂടും. കായിക സംഘടനകളുടെ തലപ്പത്തെ കടൽക്കിഴവന്മാർക്ക് എന്നും പേടിസ്വപ്നമായിരുന്നു ഈ മെലിഞ്ഞ മനുഷ്യൻ.

1950 ൽ മാതൃഭൂമിയിൽ സബ് എഡിറ്ററായി ചേർന്ന വിളയാട്ടുശ്ശേരി മുള്ളമ്പലത്ത് ബാലചന്ദ്രൻ ``വി എം ബി സി''യും കാലക്രമത്തിൽ ``വിംസി'' എന്ന ചുരുക്കപ്പേരുമായി മാറിയത് ജ്യേഷ്ഠ തുല്യനായ പത്രപ്രവർത്തകൻ കെ ആർ പണിക്കരുടെ പ്രേരണയിലാണ്. 1930 കളിൽ കോഴിക്കോട്ട് തമ്പടിച്ചിരുന്ന വെള്ളപ്പട്ടാള ടീമുകളെ ചാലഞ്ചേഴ്‌സിന്റെ നാടൻ ധ്വരമാർ വരച്ചവരയിൽ നിർത്തുന്ന`` മില്യൺ ഡോളർ കാഴ്ച'' കാണാൻ മാനാഞ്ചിറ മൈതാനത്തിന് ചുറ്റും മറച്ചുകെട്ടിയിരുന്ന ഓലത്തട്ടികകളിലൂടെ നുഴഞ്ഞുകയറിയിരുന്ന ബാല്യത്തെ കുറിച്ച് എഴുതിയിട്ടുണ്ട് അദ്ദേഹം. ഈ കടുത്ത കളിക്കമ്പത്തിൽ നിന്ന് തന്നെയാണ് മലയാളത്തിലെ ആദ്യത്തെ സമ്പൂർണ്ണ കളിയെഴുത്തുകാരനിലേക്കുള്ള വിംസിയുടെ വളർച്ചയും. ``കോഴിക്കോട്ടെ ശരാശരി ഫുട്ബോൾ പ്രേമിയാണ് എന്റെ ഹീറോ. കളിക്കാരല്ല അവരാണ് ഇവിടത്തെ കളിയുടെ ജീവൻ.''-- അര നൂറ്റാണ്ടു മുൻപ് അദ്ദേഹം എഴുതി. കോട്ടായി അച്ചു മുതൽ ഡീഗോ മാറഡോണ വരെയുള്ള കളിക്കാരോടുള്ളതിനേക്കാൾ പ്രതിബദ്ധത പണം മുടക്കി കളി കാണാനെത്തുന്ന സാധാരണക്കാരായ ഈ കളിപ്രേമികളോട് മരണം വരെ കാത്തുസൂക്ഷിച്ചു വിംസി.

2010 ജനുവരി 9 നാണ് വിംസി ഓർമ്മയായത്. മറ്റൊരു പന്തുകളിയുത്സവത്തിന്റെ ആവേശ ലഹരിയിൽ കേരളം മതിമറക്കുമ്പോൾ ലോക ഫുട്ബാളിന്റെ മാസ്മര ലോകത്തേക്ക് ആദ്യമായി മലയാളിയെ കൂട്ടിക്കൊണ്ടുപോയ മനുഷ്യനെ മറക്കുവതെങ്ങിനെ?.

Tags: Ravi Menon. Vimcy, Mathrubhumi, Sports Journalism, World Cup

COMMENTS


Name

Badminton,6,Cricket,30,Football,335,Other Sports,46,SG Special,132,Sports,200,Tennis,7,Volleyball,3,
ltr
item
Sports Globe: ലോകകപ്പ് കേരളത്തിലേക്ക് 'കൊണ്ടുവന്ന' തൂലിക
ലോകകപ്പ് കേരളത്തിലേക്ക് 'കൊണ്ടുവന്ന' തൂലിക
https://1.bp.blogspot.com/-KMWDt2wymzU/WyZjXApOUYI/AAAAAAAAAn0/T6VqJVk3s_kOBwcB6Rt6FbvrX4vPLCPQwCLcBGAs/s640/vimcy%2Bcover.jpg
https://1.bp.blogspot.com/-KMWDt2wymzU/WyZjXApOUYI/AAAAAAAAAn0/T6VqJVk3s_kOBwcB6Rt6FbvrX4vPLCPQwCLcBGAs/s72-c/vimcy%2Bcover.jpg
Sports Globe
http://www.sportsglobe.in/2018/06/article-on-vimcy-by-ravi-menon.html
http://www.sportsglobe.in/
http://www.sportsglobe.in/
http://www.sportsglobe.in/2018/06/article-on-vimcy-by-ravi-menon.html
true
4357620804987083495
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy