നിലിൻ കൃപാകരൻ ജൂൺ 25 2006, ഞായർ...ജർമ്മനി ലോകകപ്പിൽ ന്യൂറംബർഗിലെ ഫ്രാങ്കൻ സ്റ്റേഡിയത്തിൽ അരങ്ങേറിയ പോർച്ചുഗൽ-നെതർലൻഡ്സ് പ്രീക്വാർട്ടർ...
നിലിൻ കൃപാകരൻ
ജൂൺ 25 2006, ഞായർ...ജർമ്മനി ലോകകപ്പിൽ ന്യൂറംബർഗിലെ ഫ്രാങ്കൻ സ്റ്റേഡിയത്തിൽ അരങ്ങേറിയ പോർച്ചുഗൽ-നെതർലൻഡ്സ് പ്രീക്വാർട്ടർ മത്സരം അക്ഷരാർത്ഥത്തിൽ യുദ്ധക്കളമായി മാറുകയായിരുന്നു... യൂറോപ്പിലെ ബ്രസീൽ എന്ന് അന്ന് അറിയപ്പെട്ടിരുന്ന പോർച്ചുഗലും ടോട്ടൽ ഫുട്ബോളിന്റെ പെരുമ പേറുന്ന നെതർലൻഡ്സും കൊമ്പുകോർത്തപ്പോൾ തീപാറും പോരാട്ടം പ്രതീക്ഷിച്ച ഫുട്ബോൾ ആരാധകർക്ക് മൈതാനത്ത് കാണാനായത് യുദ്ധം തന്നെയായിരുന്നു
കളി കയ്യാങ്കളിയായി പരിണമിച്ചപ്പോൾ റഷ്യൻ റഫറി വാലെന്റിൻ ഇവാനോവിന് കാർഡ് കാണിക്കാൻ മാത്രമേ നേരം ഉണ്ടായിരുന്നുള്ളു. ലോക ഫുട്ബോളിലെ പൊന്നും വിലയുള്ള താരങ്ങൾ കാൽപ്പന്ത് കളി മറന്ന് ഗുസ്തി തുടങ്ങിയപ്പോൾ റഫറിയുടെ പോക്കറ്റിൽ നിന്ന് ഉയർന്നത് നാല് ചുവപ്പ് കാർഡും 16 മഞ്ഞ കാർഡുമായിരുന്നു . 23ആം മിനുറ്റിൽ മനിഷേയുടെ ഗോളിൽ പോർച്ചുഗൽ മുന്നിലെത്തിയതോടെ കളിയുടെ വിധം മാറി. എന്ത് വില കൊടുത്തും മത്സരം ജയിക്കുക എന്ന പോർച്ചുഗൽ കോച്ച് ലൂയി ഫെലിപ്പോ സ്കോളാരിയുടെ തന്ത്രം ഡച്ച് താരങ്ങളെ വലിയ തോതിൽ പ്രകോപിച്ചു.
രണ്ടാം ലോക മഹായുദ്ധ കാലത്തെ കുറ്റകൃത്യങ്ങൾക്ക് നാസി പട്ടാളക്കാരെ വിചാരണ ചെയ്ത നഗരമാണ് ന്യൂറംബർഗ്. വർഷങ്ങൾക്കിപ്പുറം ന്യൂറംബർഗിലെ ഫ്രാങ്കൻ മൈതാനത്തെ പരുക്കൻ അടവുകൾക്ക് റഫറിയുടെ വിചാരണയ്ക്ക് ഇരയായത് നാല് താരങ്ങൾ ...പറങ്കി പടയുടെ കോസ്റ്റീഞ്ഞയും ഡെക്കോയും റെഡ് കാർഡ് കണ്ട് പുറത്തായപ്പോൾ, കൂട്ടിന് ഓറഞ്ചു പടയുടെ ഖാലിദ് ബൗലറൂസും ജിയോവാനി വാൻ ബ്രോങ്ക്ഹോസ്റ്റും ഉണ്ടായിരുന്നു.
ഫിഫ നിയന്ത്രണത്തിൽ നടന്ന ഒരു മത്സരത്തിൽ ഇത്രയും ചുവപ്പ് കാർഡുകളും മഞ്ഞകാർഡുകൾ ഉയരുന്നത് ആദ്യമായിട്ടായിരുന്നു... ഫൗളുകളുടെ കാര്യത്തിൽ റെക്കോർഡ് പുസ്തകത്തിൽ ഇടം പിടിച്ചു ന്യൂറംബർഗ് പോരാട്ടം. പോർച്ചുഗൽ-നെതർലൻഡ്സ് പ്രീ ക്വാർട്ടറിനെ, ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മോശം മത്സരങ്ങളിൽ ഒന്നായാണ് ഫിഫ വിലയിരുത്തിയത്. (കയ്യാങ്കളിയിൽ സമനില പാലിച്ചെങ്കിലും മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ഫിഗോയുടെ ടീം ജയിച്ചു )
ബാഴ്സലോണയുടെ ഇതിഹാസ താരങ്ങളിൽ ഒരാളായ ഡെക്കോ മത്സരത്തിനിടെ കുട്ടികളെ ഓർമിപ്പിക്കും വിധം പന്തും തട്ടിയെടുത്ത് ഓടിയത് ഇപ്പോഴും ഓർമ്മയുണ്ട് ... ചുവപ്പ് കാർഡ് വാങ്ങിയ പോർച്ചുഗലിന്റെ ഡെക്കോയും നെതർലാൻഡ്സിന്റെ ബ്രോങ്ക്ഹോസ്റ്റും ഡഗ്ഔട്ടിന് താഴെ ഒരുമിച്ച് ഇരുന്നു ആശങ്കയും പരിഭവവും പങ്കുവെച്ചതും ചിരി പടർത്തി. (ലോകകപ്പിൽ എതിർ ടീമുകളിൽ കളിച്ചു പരസ്പരം പോരടിച്ച ഇരുവരും ക്ലബ് തലത്തിൽ ബാഴ്സയ്ക്കു വേണ്ടിയായിരുന്നു ബൂട്ടു കെട്ടിയത്...അടുത്ത സുഹൃത്തുക്കൾ കൂടിയായിരുന്നു ഡെക്കോയും ബ്രോങ്ക്ഹോസ്റ്റും)
COMMENTS