ഇ.കെ. അബ്ധുൾ സലീം സ്കൂളില്‍ പഠിക്കുന്ന കാലത്ത് ആദ്യമായി പ്ലാനറ്റോറിയത്തില്‍ (നക്ഷത്ര ബംഗ്ലാവ്) കയറിയത് ഓര്‍മ്മയുണ്ടോ?സീറ്റിലൊക്കെ ഇരിപ...
ഇ.കെ. അബ്ധുൾ സലീം
സ്കൂളില്‍ പഠിക്കുന്ന കാലത്ത് ആദ്യമായി പ്ലാനറ്റോറിയത്തില്‍ (നക്ഷത്ര ബംഗ്ലാവ്) കയറിയത് ഓര്‍മ്മയുണ്ടോ?സീറ്റിലൊക്കെ ഇരിപ്പുറപ്പിച്ച് ഒന്ന് ഇളകിയിരിക്കാന്‍ നോക്കുമ്പോഴേക്കും ലൈറ്റ് ഓഫാവും കൂരിരുട്ടില്‍ പതിയെ 'ആകാശം' തെളിഞ്ഞ് വരും പിന്നെ നക്ഷത്രങ്ങള്‍ ഗ്രഹങ്ങള്‍ നമുക്ക് പരിചിതരായസൂര്യചന്ദ്രന്മാര് എല്ലാം കൂടി വന്ന് കണ്‍വെട്ടത്ത് നിന്നൊരു കറക്കമുണ്ട്, ആ കറക്കത്തോടെ നമ്മുടെ പിടിവിടും.ആകെ ഒരു ആഞ്ചല്‍!പിന്നീടുള്ള നിമിഷങ്ങള്‍ കണ്ണും തലച്ചോറും തമ്മിലുള്ള ഒരു നെല്ലും പതിരും തിരിക്കലാണ്!കണ്ടതെന്തെന്ന് തലച്ചോറ് പറയും മുമ്പ് അടുത്ത കാഴ്ചയെത്തും.ആകെ പറഞ്ഞറിയിക്കാനാവാത്ത ഒരവസ്ഥ.
ഈ അവസ്ഥ ഒരു ഫുട്ബോള്‍ മല്‍സരം കാണുമ്പോള്‍ വന്നാലോ?. 1986ലെ ബ്രസീല്‍ ഫ്രാന്‍സ് ക്വാര്‍ട്ടര്‍ ഫൈനല്‍ ആണ് എനിക്ക് ഇതുപോലൊരു അനുഭവം സമ്മാനിച്ചത്!. ലോകകപ്പ് തുടങ്ങി.നാട്ടിലൊന്നും ടെലിവിഷന്‍ സെറ്റുകള്‍ അത്ര വ്യാപകമായിട്ടില്ല. ഇല്ലെന്ന് തന്നെ പറയാം. കളിയുടെ വിവരങ്ങള്‍ പത്രങ്ങളില്‍ വായിച്ച് ഹരം കൊണ്ട് നടക്കുകയാണ് ശീലം. രാത്രിയില്‍ കോഴിക്കോട്ടേക്ക് കാറില്‍ പോയിഭാസി മലാപറമ്പിലിനും ടി.ദാമോദരനുമൊക്കെ ഒപ്പം കളി കണ്ട് വരുന്ന പെരുമ്പടപ്പില്അച്ചു ഏട്ടന്റെ വിവരണമാണ് ഏക ആശ്രയം!.
അപ്പോഴാണ് പാര്‍ട്ടി ഗോപാലേട്ടന് പുതിയൊരു വാര്ത്തയുമായെത്തുന്നത് .മുക്കത്ത്പുതിയതായി വന്ന മൃഗഡോക്ടര്‍ സുധാകരന് സാര്‍ ഗംഗാധരന് മാസ്റ്ററുടെ വീട്ടില്‍ താമസമാക്കിയിട്ടുണ്ട് .മൂപ്പര് ടി.വി.ആന്റിന കെട്ടാന്‍ മരത്തില്‍ കയറാന്ആളെ അന്വേഷിക്കുന്നു. പിന്നൊന്നും നോക്കിയില്ല. പണ്ട് ജോലി അന്വേഷിച്ച് വയനാട്ടില്‍ പോകുന്ന പോലെ ആന്റിന കെട്ടല്‍ തൊഴിലാളികളായി പത്താം ക്ലാസ് കാരനായ ഞാനും കോഴിക്കോട് ഗവ: പോളിയില്‍ രണ്ടാം വര്‍ഷ മെക്കാനിക്കല്‍ വിദ്യാര്‍ത്ഥിയായ സഹോദരന് സലാമും (മരത്തില്‍ കയറുമ്പോള്‍ പോളിടെക്നിക്കൊക്കെയുണ്ടെങ്കില് ഒരു ധൈര്യമാണല്ലോ)നേരെ ഡോക്ടറുടെ വീട്ടിലേക്ക് വെച്ചു പിടിച്ചു.
ലോക ഫുട്ബോളിന്റെ ഏറ്റവും വലിയ ശത്രു പുളിയെറുമ്പാണെന്ന് അന്നാണ് മനസ്സിലാക്കിയത്. ഗംഗാധരന് മാഷുടെ പറമ്പിലുള്ള ഉയരമുള്ളരണ്ട് പ്ലാവിലും കയറി ആന്റിനയൊന്ന് കെട്ടാന്‍ ലവലേശം പുളിയെറുമ്പ് സമ്മതിക്കില്ല! ലോകത്ത് ഫുട്ബോള്‍ പ്രചരിപ്പിക്കാനുള്ള ഫിഫയുടെ ശ്രമം ഇതുങ്ങള്ക്കറിയില്ലല്ലോ. അവസാനം രണ്ടും കല്‍പ്പിച്ച് ഒരു തേക്ക് തൈയില്‍ നെഞ്ചിട്ട് കയറി എങ്ങനെയോ അതൊന്നു ഉറപ്പിച്ചു. കളി കാണാനുള്ള അനുമതി ഗോപാലലേട്ടന് വാങ്ങിത്തന്നു. രാത്രി 12 മണിയായിക്കിട്ടാന് നിന്നൊരു നില്‍പ്പുണ്ട്.
നാലഞ്ച് പേരുടെ ആദ്യരാത്രിയാണ്...ആദ്യ വേള്‍ഡ് കപ്പ് രാത്രി. അന്ന് സുധാകരന് ഡോക്റ്ററുടെ വീട്ടിലെ സോളിഡെയര്‍ ടീവിയില്‍ ഞങ്ങള്‍ കണ്ട ഫുട്ബോള്‍ മല്‍സരമായിരുന്നു ഞാനാദ്യം പറഞ്ഞ നക്ഷത്ര ബംഗ്ലാവിലെ തല കറക്കത്തിന് കാരണമായത്!. സീക്കോ, സോക്രട്ടീസ്, എഡിഞ്ഞോ, ജോസിമര്‍, കരേക്ക, അലിമാവോ, ബ്രാങ്കോ, മുള്ളര്‍, ജൂലിയസ് സീസര്‍ തുടങ്ങിയ വമ്പന്‍ താര നിരബ്രസീലിന് വേണ്ടിയും പ്ലാറ്റിനി, ജോയല്‍ ബാറ്റ്സ്, ടിഗ്വാന,ഫെര്‍ണാണ്ടസ്,ബാറ്റിസന്, തിയറി ടസേ, അലന് ഗിരി സേ തുടങ്ങിയവര്‍ ഫ്രാന്‍സിന് വേണ്ടിയും ഞങ്ങള്‍ക്ക് മുന്നില്‍ നക്ഷത്രക്കാഴ്ചയൊരുക്കി.
ലോകത്ത് നടന്ന ഏറ്റവുംവേഗതയേറിയ ഫുട്ബോള്മല്സരം. ഫൗളുകള്‍ കാണാനേയില്ല. ഒരൊറ്റ കാര്‍ഡു പോലും പുറത്തെടുത്തിട്ടില്ല ത്രോകള്‍ നന്നേകുറവ് .ഇടക്ക്കോര്ണറുകള് . കൂട്ടത്തില്‍ എടുത്തു പറയാവുന്നത് ഒരു പെനാല്‍ട്ടി മാത്രം. പന്തിന് ഇങ്ങനെ വിശ്രമം കൊടുക്കാതെ എന്ത് ഫുട്ബോള്‍ മല്‍സരം ദൈവമേ. ഇതാണ് ഫുട്ബോളെങ്കില് ഇന്ത്യയിലെ കളിക്കളങ്ങളൊക്കെ നെല്വയലുകളാക്കുന്നതാവും നല്ലത് എന്ന് തോന്നിപ്പോയി. ആദ്യമായൊരു വേള്‍ഡ് കപ്പ് മല്‍സരം നേരിട്ട് കാണുന്ന ഞങ്ങള്‍ നാലഞ്ച് പേര്...
ആക്രമണം! പ്രതിരോധം! പ്രത്യാക്രമണം !ഗ്രൗണ്ടിന്റെ ഓരോ മുക്കിലും മൂലയിലും പന്തെത്തുന്ന കളി. പരിക്ക് അഭിനയിച്ച്നിലത്ത് കിടന്നും പന്ത് പുറത്തേക്കടിച്ചുമൊന്നും ആരും രസം കൊല്ലികളാകുന്നില്ല. അല്ലെങ്കില്‍ കളിയുടെ ടെമ്പോ കളയുന്നത് അന്നൊരു തന്ത്രമായി ടെലി സന്താനയുടെ ബ്രസീലും ഹെന്റിമിഷലിന്റെ ' ഫ്രാന്‍സുമൊന്നും കണ്ടിരുന്നില്ല.
17 മിനിറ്റായപ്പോള്‍ കരേക്കയുടെ വെടിയുണ്ട പോലുള്ള ഷോട്ട് ജോയല്‍ ബാറ്റ്സ് നെ മറികടന്ന് നെറ്റില്‍. 45 ഡിഗ്രി സെന്റി ഗ്രേഡ് ആയിരുന്നു കളി നടക്കുമ്പോള്‍ താപനില. കളിക്ക് ചൂട് 100 ഡിഗ്രിയും. ആദ്യ പകുതി അവസാനിക്കാന്‍ 3 മിനിറ്റ് ബാക്കിയുള്ളപ്പോള്‍ പ്ലാറ്റിനി തന്നെ ഫ്രാന്‍സിന്റെ രക്ഷകനായി. 1 - 1. പിന്നെയൊരു യുദ്ധമായിരുന്നു. എഴുപത്തിമൂന്നാം മിനിറ്റ്. ഐസ് ലാന്റിനെതിരെമെസ്സിയുടെ കണ്ണീര് പലരേയും ഓര്‍മ്മിപ്പിച്ചത് സീക്കോയെ. ജോയല്ബാറ്റ്സ് ബ്രാങ്കോയെ വീഴ്ത്തിയതിന് കിട്ടിയ പെനാല്‍ട്ടി അവിശ്വസനീയമായി ബാറ്റ്സ് തട്ടിയ കറ്റുന്നത് ലോകം നെടുവീര്‍പ്പോടെ കണ്ടു!
തൊട്ട് മുമ്പ് സൂപ്പര്‍ സബ് ആയി ഇറങ്ങിയതായിരുന്നു സീക്കോ.എട്ടിക്ക് പോട്ടിയായി ഇരു ടീമുകളും എക്സ്ട്രാ ടൈമിലും പൊരുതിയെങ്കിലും ഗോള്‍ 'ദേവതമാത്രം' കനിഞ്ഞില്ല.ടൈബ്രേക്കര്‍. വീണ്ടും ഇതിഹാസ താരങ്ങള്‍ തന്നെ വില്ലന്മാരായി. ആദ്യകിക്കെടുത്ത സോക്കട്രീസിന് തന്നെ പിഴച്ചു. യാനിക് സ്റ്റോ പൈറയിലൂടെ ഫ്രാന്‍സ് മുന്നില്‍ കളിക്കിടെ പെനാല്‍ട്ടി മിസ്സാക്കിയ സീക്കോകിക്കെടുക്കാന് വരുന്നു. ബ്രസീല്‍ ടീമിന്റെ നെഞ്ചിടിപ്പ് ഇങ്ങ് കേരളത്തില്‍ വരെ കേള്‍ക്കാം....
ഐസ് ലാന്‍ഡിനെതിരെ മെസ്സി കിക്ക് എടുക്കണമായിരുന്നോ എന്നത് ഇനിയും ചര്‍ച്ച ചെയ്ത് തീര്‍ന്നിട്ടില്ല!. പക്ഷേ ആ ഇതിഹാസ താരത്തിലുള്ള ടെലി സന്താനയുടെ വിശ്വാസം അത്രക്കുണ്ടായിരുന്നു. സീക്കോയെ എന്ത് കൊണ്ട് വെളുത്ത പെലെ എന്ന് വിളിക്കുന്നത് എന്ന് അദ്ദേഹം ലോകത്തിന് കാണിച്ച് കൊടുത്തു. ബാറ്റ്സ് ബോള്‍ കണ്ടില്ല! അത്രക്കുണ്ടായിരുന്നു ആ മനസ്സിലെ ഭാരം!
അടുത്തത് മിഷല്‍ പ്ലാറ്റിനി.....
ബനാനാ കിക്ക് എന്നത് റോബര്‍ട്ടോ കാര്‍ലോസിന് മുമ്പേ ലോകത്തിന് പരിചയപ്പെടുത്തിയ സെറ്റ് പീസുകളുടെ തമ്പുരാന്. ഒരു സംശയവുമില്ലായിരുന്നു ഫ്രഞ്ച്കാര്‍ക്ക് പക്ഷേ പ്ലാറ്റിനി പെനാല്‍റ്റി 'മെസ്സിയാക്കി '. ആദ്യമായി വേള്‍ഡ് കപ്പ് കാണാനിറങ്ങിയ ഞങ്ങളുടെ അവസ്ഥ കൂടി ഒന്നാലോചിക്കണം.
കളി എന്ന് പറഞ്ഞാല്‍ ഒന്നൊന്നര കളി പത്രത്തിലും സ്പോട്സ് മാസികളിലുമൊക്കെ വായിച്ച് പൂജാമുറിയില്‍ പ്രതിഷ്ഠിച്ച വിഗ്രഹങ്ങളാണ് സ്പോട്ട് കിക്കുകള്‍ ലക്ഷ്യത്തിലെത്തിക്കാനാവാതെ തല കുനിച്ച് മടങ്ങുന്നത്. നേരം വളരെ വൈകിനാളത്തെപത്രം അടിക്കേണ്ട സമയം കഴിഞ്ഞു ഇതൊക്കെ പറഞ്ഞാലാരെങ്കിലും വിശ്വസിക്കുമോ? വീണ്ടും 'നിര്‍ഭാഗ്യദേവത ' ബ്രസീലിനൊപ്പം വില്ലന്‍ ജൂലിയോ സീസര്‍.
അവസാന കിക്ക്. ലൂയി ഫെര്‍ണാണ്ടസ്. ഗോള്‍ ആയാല്‍ ഫ്രാന്‍സ്. ബ്രസീല്‍ ഗാലോ റോബര്‍ട്ടോ കാര്‍ലോസിന് ഒരൊറ്റ മല്‍സരം കൊണ്ട് ബ്രസീലിന്റെ ഓമനയാവാനുള്ള അവസരം. പക്ഷേ ഒന്നും സംഭവിച്ചില്ല. ഗോ.....ള്‍.
അല്ഭുതലോകത്ത് നിന്ന് പുറത്ത് കടന്നത് ഇപ്പോഴുമോര്‍ക്കുന്നു . ഒരക്ഷരം ആരും മിണ്ടുന്നില്ല. തലക്കടിയേറ്റ പോലൊരു ഫീലിംഗ്. കൂട്ടത്തില്‍ വ്യക്തിപരമായി ബ്രസീല്‍ തോറ്റ പ്രയാസവും . ഇന്ന് 32 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ജൂണ്‍ 21 ന് ഇത് കുറിക്കുമ്പോള്‍ ഞങ്ങള്‍ക്കൊപ്പം അന്നി കളി കണ്ട പാര്‍ട്ടി ഗോപാലേട്ടന് നമ്മളോടൊപ്പമില്ല. സുധാകരന് ഡോക്ടര്‍ സ്ഥലം മാറിപ്പോയ ശേഷം കണ്ടിട്ടില്ല.ജീവിച്ചിരിപ്പുണ്ടോ എന്നറിയില്ല.
കാല്‍പ്പന്തിന്റെ അല്‍ഭുതലോകം വിരല്‍ തുമ്പില്‍ എത്തുന്ന ഇക്കാലത്ത് പുളിയെറുമ്പിനോട് പടവെട്ടി, തേക്ക് മരത്തില്‍ നെഞ്ചിട്ട് അള്ളിപ്പിടിച്ച് കയറി ആന്റിന കെട്ടി പന്തിനോളം പോന്ന ഗ്രെയിന്സിനോട് പടവെട്ടി നമ്മുടെ സ്വന്തംദൂരദര്ശനില് കണ്ട ഇക്കളിക്ക് ശരിക്ക് പറഞ്ഞാല്‍ പഴങ്കഞ്ഞിയില്‍ തൈരൊഴിച്ച് കഴിക്കുന്ന ഫീല്‍.
COMMENTS