ലോകകപ്പ് എത്തിക്കഴിഞ്ഞു. റഷ്യയിൽ മാത്രമല്ല കളിയാവേശം. അതിർത്തികൾക്കപ്പുറത്തേക്ക് കാൽപ്പന്ത് കളിയുടെ ആരവം പടരുകയാണ്. മലപ്പുറത്തിൻറെ സിരകള...
ലോകകപ്പ് എത്തിക്കഴിഞ്ഞു. റഷ്യയിൽ മാത്രമല്ല കളിയാവേശം. അതിർത്തികൾക്കപ്പുറത്തേക്ക് കാൽപ്പന്ത് കളിയുടെ ആരവം പടരുകയാണ്. മലപ്പുറത്തിൻറെ സിരകളിലൂടെ പ്രവഹിക്കുന്ന ഫുട്ബോൾ ആവേശത്തെ ലോകകപ്പാകുമ്പോൾ ഒരുപ്രതിരോധനിരയ്ക്കും തടുക്കാനാവില്ല. അപ്പോൾ ഓർമ്മകളുടെ ഗോൾപോസ്റ്റിന് മുന്നിൽ ചിത്രങ്ങൾ മിഴിവോടെ തെളിയും...ഫൈസൽ ഹംസ
നാടും നാട്ടിലെ സുഹൃത്തുക്കളെയും ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് ലോകകപ്പ് ഫുട്ബോൾ കാലത്താണ്.ക്ലബിലും കമ്മുണ്യാക്കാൻറെ കടയ്ക്ക് മുന്നിലും നടന്ന തീവ്രമായ ഫുട്ബോൾ ചർച്ചകൾ ഒരു ന്യൂസ് റൂമിലും ഇതുവരെ കണ്ടിട്ടില്ല.കേരളത്തിൽ മറ്റെല്ലായിടത്തുമുള്ളത് പോലെ ബ്രസീലും അർജന്റീനയും ആണ് ആമപ്പൊയിലിലും ശാക്തിക ചേരികൾ. സ്പെയിനും ഫ്രാൻസും ജർമനിയും ഉറുഗ്വേയും മുതൽ സൗദി അറേബ്യയെ വരെ പ്രോത്സാഹിപ്പിക്കാൻ ആളുണ്ട്.ലോകകപ്പ് വന്നാൽ പിന്നെ ഞങ്ങളോക്കെ ആഗോള പൗരൻമാരാണ്.അർജന്റീനക്കാരും ബ്രസീലുകാരും ഫ്രാൻസുകാരുമൊക്കെ.വാലായി ചേർക്കുന്ന ആരാധകർ എന്ന പദം സൗകര്യപൂർവം മറക്കും.
![]() |
ഫൈസൽ ഹംസ |
പന്തുരുണ്ടത് മുതലുള്ള ചരിത്രം അതിനിടയിൽ പൂർത്തിയാകും.ഓരോ സ്പോട്സ് മാസികയിലും അന്ന് പരതുന്നത് പരസ്പരം വാദിക്കാനുള്ള പോയിന്റുകളാണ്.അടുത്ത ദിവസം അത് കൂടി ചേർത്ത് എതിർടീമിനെ കൊഞ്ഞനം കുത്തും. വല്ലാതെ അപമാനിക്കപ്പെട്ടാൽ ചിലപ്പോൾ അടിയും പൊട്ടും. അങ്ങനെ ഒന്ന് 2010 ലോകകപ്പിന് കിട്ടിയത് ഇപ്പോഴും നല്ല ഓർമ്മയുണ്ട്. ഇന്നും ബ്രസീലുകാർ ചോദിക്കുന്ന അതേ ചോദ്യം..നീ ജനിച്ചിട്ട് അർജന്റീന കപ്പ് നേടുന്നത് കണ്ടിട്ടുണ്ടോ? എനിക്ക് അടി വാങ്ങിത്തന്നതും ആ ചോദ്യമാണ്. അതിലൊന്നും വലിയ അതിശയം തോന്നേണ്ട കാര്യമില്ല.
കോപ്പ ഫൈനലിൽ ആണെന്ന് തോന്നുന്നു,ടെവസും റൊണാൾഡീഞ്ഞോ യും ഒന്ന് ഉരസിയപ്പോൾ ആമപ്പൊയിലിലും അടിയുടെ വക്കോളം എത്തിയതാണ്.റൊണാൾഡീഞ്ഞോയെ 'മഗ്ഗൻ'എന്ന് വിളിച്ചതിനും പലതവണ തമ്മിൽ ഉരസിയിട്ടുണ്ട്. അതൊന്നും കേവലം നൈമിഷികമായ പ്രതികരണങ്ങളല്ല. ഓരോ കളിക്കമ്പക്കാരനും ഇവരൊക്കെ സ്വന്തം വീട്ടിലെ അംഗങ്ങളാണ്. അല്ലെങ്കിൽ രക്തബന്ധത്തോളം അടുത്തവരാണ്. അവരെ തെറിപറഞ്ഞാൽ അടിപൊട്ടുന്നത് സ്വാഭാവികം.
1994 ലെ ലോകകപ്പ് കാലത്താണ് ഞാൻ ബ്രസീൽ എന്ന പേര് കേൾക്കുന്നത്.അമ്മാവന്റെ മകൻ കുഞ്ഞിപ്പയിൽ നിന്ന്. ആ പേര് ആദ്യമായി കേട്ട സ്ഥലം പോലും ഇപ്പോഴും ഓർക്കുന്നു.അന്ന് മനസിൽ കയറിയതാണ്, പിന്നെ ഒരിക്കൽ പോലും മറ്റൊരു ടീമിനൊപ്പം നിന്നിട്ടില്ല.ഇന്നും ബ്രസീലിന്റെ കളി കാണുമ്പോൾ ആവേശത്തേക്കാൾ ചങ്കിടിപ്പാണ്. മൂന്ന് ഗോളിന് മുന്നിലായാൽ പോലും ആ ചങ്കിടിപ്പ് മാറില്ല, ഗോൾ വലയ്ക്ക് മുന്നിൽ നിൽക്കുന്ന ഗോളിയുടെ അവസ്ഥയാണ് സ്വന്തം ടീമിന്റെ കളി കാണുന്ന ആരാധകർക്കെല്ലാം. 1998 ൽ ഉമ്മാന്റെ വീട്ടിൽ പോയപ്പോൾ ഏതോ അറബിക് ചാനലിൽ കളി കണ്ടത് ഓർമയുണ്ട്. നാട്ടിൽ കേബിൾ ടിവി എത്തിയിട്ടില്ലാത്തതിനാൽ നാല് കിലോമീറ്റർ നടന്ന് പോയാണ് 2002 ൽ കളി കാണുന്നത്, അന്ന് കണ്ട ഓരോ ഗോളും ഇന്നും മറന്നിട്ടില്ല.2006,2010 ആയപ്പോൾ നാട്ടിൽ കേബിൾ ടിവി വന്നതോടെ ഏതാണ്ട് എല്ലാ കളികളും കണ്ടു. 2006 ൽ ബ്രസീൽ ഫ്രാൻസിനോട് തോറ്റപ്പോൾ കൂട്ടം കൂടി ആക്രമിച്ചു എന്നെ കരയിച്ച അർജന്റീനക്കാരോടൊക്കെ പടച്ചോൻ ചോദിക്കും.
വീണ്ടും നാട്ടുകാരിലേക്ക് വരാം.നാട്ടിൽ കളി കാണുന്നതും ഗാലറിയിൽ ഇരുന്ന് കളികാണുന്നതും ഒരേ ഫീൽ ആണ്. എതിർതാരം പന്തുമായി വരുമ്പോൾ ആവേശത്തോടെ എഴുന്നേറ്റ് നിന്ന് എതിർക്കാൻ പറഞ്ഞ അസ്കറിനെ പോലുള്ളവർക്കൊപ്പം കാണണം കളി.പന്തുരുളുന്നിടത്ത് ഒക്കെ ആവേശത്തോടെ എത്തുന്ന നമ്മളെ സ്വന്തം ബ്രസീലുകാരൻ ഹംസാക്കയും കിലോമീറ്ററുകൾ താണ്ടി മാവൂരും അൽഅസ്ഹറിലും സെവൻസ് ആവേശത്തിൽ അലിഞ്ഞ് ചേരുന്ന പുതുതലമുറയിലെ ഇംതിയാസും ഒക്കെ വേണം കളിക്ക് ഒരു ഫീൽ വരാൻ. ഏതുറക്കത്തിൽ വിളിച്ചു ചോദിച്ചാലും മിക്ക ടീമുകളുടെയും ലൈനപ്പ് പറയുന്ന അതുലിനെ പോലുള്ളവർ. കളിക്കാരുടെ ശക്തിയും ദൗർബല്യവുമൊക്കെ ഒരു വെബ്സൈറ്റിന്റേയും സഹായമില്ലാതെ അവർ പറയും.
ലോകകപ്പ് കാലത്ത് ഫ്ലക്സ് യുദ്ധത്തിൽ ആമപ്പൊയിലും ഒട്ടും പിന്നിലല്ല.വാക് യുദ്ധം മാത്രമല്ല. ഫ്ലക്സിന്റെ വലിപ്പവും ക്ലാരിറ്റിയും വരെ നിർണായകമാണ്. ഒരിഞ്ച് കുറഞ്ഞാൽ പോലും സഹിക്കാൻ പറ്റില്ല.അത് കൊണ്ട് തന്നെ വയ്ക്കുന്ന ഫ്ലക്സിന്റെ വലിപ്പം അത് കെട്ടുന്നത് വരെ പരമരഹസ്യമാണ്.അർധരാത്രിയിൽ ഒക്കെ ആകും ഈ ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കുന്ന പണി.2010 ലോകകപ്പ് സമയത്ത് ബ്രസീലിന്റെ ഫ്ലക്സ് വയ്ക്കാൻ ഫ്രെയിം തികയാതെ വന്നപ്പോൾ സ്വന്തം വീടിന്റെ പട്ടിക ഊരാൻ പറഞ്ഞ ഷാനിനെ ഒക്കെ എന്ത് വിശേഷിപ്പിക്കണം.പെരുമഴയത്ത് പുലർച്ചെ കോപ്പ കാണാൻ കിലോമീറ്ററുകൾ താണ്ടിയത് ഒക്കെ എങ്ങനെ മറക്കും. മഴയത്ത് പുറത്തിറങ്ങാൻ വീട്ടിൽ സമ്മതിക്കാത്തതിനാൽ ശബ്ദമുണ്ടാക്കാതെ പുലർച്ചെ മൂന്ന് മണിക്ക് വീട്ടിൽ നിന്നും ഇറങ്ങാൻ എടുത്ത റിസ്ക് പറഞ്ഞാൽ ആർക്കും മനസ്സിലാകില്ല.അതിനെല്ലാം ഉപരി വീട്ടിൽ ഞാനും ഉപ്പയും നടത്തിയ ബ്രസീൽ-ഇംഗ്ലണ്ട് മത്സരങ്ങൾ,2010 ൽ ചില മത്സരങ്ങൾ വീട്ടിൽ ഉപ്പയുടെ കൂടെയാണ് കണ്ടിരുന്നത്.ഫുട്ബോൾ തലയ്ക്ക് പിടിച്ചിട്ടില്ലെങ്കിലും എന്നെ പ്രകോപിപ്പിക്കൽ ഉപ്പയുടെ സ്ഥിരം ഏർപ്പാടാണ്.കളി ഫൗളായി തുടങ്ങുമ്പോൾ ഉമ്മ ഇടപെട്ട് എനിക്ക് റെഡ് കാർഡും ക്ലബിൽ പോയി കളി കാണാനുള്ള ഓർഡറും കിട്ടും....
2014 ൽ തിരുവനന്തപുരത്ത് നിന്നാണ് കളി കണ്ടത്. പക്ഷേ അർജന്റീയും ബ്രസീലും കളിക്കുമ്പോൾ നാട്ടിൽ നിന്നും വിളിവരും. ആശങ്കയും സന്തോഷവും സങ്കടങ്ങളും പറയാൻ.ആരും വിളിച്ചില്ലെങ്കിൽ അങ്ങോട്ട് വിളിക്കും.ഞാനും നാട്ടിലുണ്ടെന്ന തോന്നലുണ്ടാക്കാൻ.ഇത്തവണ വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ ഇപ്പോൾ തന്നെ ചർച്ച സജീവമായതിനാൽ വല്ലാതെ നൊസ്റ്റു അടിക്കില്ലെന്ന് പ്രതീക്ഷിക്കാം.ഇതൊക്കെ ഒരു ഭ്രാന്ത് അല്ലേയെന്ന് തോന്നാം. അത് അനുഭവിക്കണം, മാരക്കാനയോളം മനോഹരവും ആവേശവും നിറഞ്ഞതാണ് മലപ്പുറത്തെ ലോകകപ്പ് കാഴ്ചകൾ. എന്റെ ആമപ്പൊയിലിലെയും.
Tags: World Cup Football, Malappuram Football, Amappoyil, Malappuram Football Fans,
COMMENTS