മലയാളികളുടെ അന്ധമായ ബ്രസീൽ, അർജൻറീന ആരാധനയെക്കുറിച്ച് അനസ് എടത്തൊടികയുടെ പരിശീലകനായ സി ടി അജ്മൽ തുറന്നെഴുതുന്നു... സി ടി അജ്മൽ സി ടി അ...
മലയാളികളുടെ അന്ധമായ ബ്രസീൽ, അർജൻറീന ആരാധനയെക്കുറിച്ച് അനസ് എടത്തൊടികയുടെ പരിശീലകനായ സി ടി അജ്മൽ തുറന്നെഴുതുന്നു...സി ടി അജ്മൽ
![]() |
സി ടി അജ്മൽ |
32 ടീമുകൾ. വെറുതെ വന്നവരല്ല. ഓരോ വൻകരയിലും ഇഞ്ചോടിഞ്ച് പൊരുതിക്കയറിയാണ് നാലുവർഷത്തിൽ ഒരിക്കൽ നടക്കുന്ന വിശ്വമേളയിലേക്ക് അവർ യോഗ്യത നേടിയത്. മെസ്സി , റൊണാൾഡോ, ഇനിയസ്റ്റ, മുഹമ്മദ് സലാ, അൻറോയ്ൻ ഗ്രീസ്മാൻ തുടങ്ങി അതിമിടുക്കരായ കളിക്കാർ പന്തുതട്ടുന്ന മഹാമേള. ഈ കാൽപ്പന്തുൽസവത്തിന് എത്തുന്നവരിൽ താരപ്പകിട്ടിൽ ഏറ്റക്കുറച്ചിൽ ഉണ്ടെങ്കിലും എല്ലാവരും കളിക്കുന്നത് ഒരേകളിയാണ്. ഫുട്ബോൾ എന്ന സത്യം അല്ലെങ്കിൽ യാഥാർഥ്യം. ഇന്ത്യക്കാരൻ എന്ന നിലയിൽ എപ്പോഴും എൻറെ സ്വപ്നങ്ങളിലും മോഹങ്ങളിലും നമ്മുടെ രാജ്യം ഈ കാൽപ്പന്ത് പോരിൽ ഉണ്ടാവുക എന്നതാണ്. സമീപകാല ഫുട്ബോൾ യാഥാർഥ്യത്തിൽ അസാധ്യമാണെങ്കിലും ഫുട്ബോൾ പ്രേമി എന്ന നിലയിൽ ഇപ്പോഴും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആ നിമിഷത്തിനായി.
ഇത്രയും പറഞ്ഞത് വെറുതയല്ല, മലപ്പുറത്ത് നടന്ന ലോകകപ്പ് വരവേൽപ്പ് മത്സരത്തിൻറെ പശ്ചാത്തലത്തിലാണ്. സ്വപ്നഫൈനൽ എന്ന പേരിലാണ് അർജൻറീനയുടെയും ബ്രസീലിൻറെയും ജേഴ്സിയണിഞ്ഞ നമ്മുടെ നാട്ടുകാർ പന്ത് തട്ടിയത്. ഭ്രാന്തമായ, അന്ധമായ ആരാധന എന്നല്ലാതെ എന്തു വിളിക്കാനാവും ഇതിനെ. ജനങ്ങൾക്ക് ഹരം പകരുമ്പോഴും ഇത് മുന്നോട്ടുവയ്ക്കുന്ന സന്ദേശം അറുപിന്തിരിപ്പനും ഫുട്ബോൾ വിരുദ്ധവുമാണ് എന്ന സത്യം പറയാതെ വയ്യ.
നാല് വർഷം കൂടുമ്പോൾ രണ്ട് വിദേശ രാജ്യങ്ങളെ ചൊല്ലി നമ്മുടെ നാട്ടിലെ ഫുട്ബോൾ ഭ്രാന്തരിലെ ചിലർ അന്ധമായ പഴഞ്ചൻ ഫുട്ബോൾ ആരാധന തട്ടി ഉണർത്തുന്നു. പുതിയ ഫുട്ബോൾ ചിന്തകളും ഫുട്ബോൾ വീക്ഷണങ്ങളും നൽകുന്നതിന് പകരം പുതു തലമുറയ്ക്ക് വീണ്ടും വീണ്ടും തെറ്റായ സന്ദേശങ്ങളാണ് ഇവർ നൽകി കൊണ്ടിരിക്കുന്നത് .ലോക ഫുട്ബോളിൽ എത്രയോ പുതു ശക്തികളുണ്ടാകുന്നു. കളിക്കാരുണ്ടാവുന്നു. മെസ്സിക്കും നെയ്മർക്കും സുവരസിനും തുല്യമായി ഈജിപ്തിന്റെ മുഹമ്മദ് സലയെ പോലെ എത്രയോ പുതിയ പുതിയ താരങ്ങൾ മിന്നി തിളങ്ങുന്ന കാലമാണിത്. ഇതൊക്കെ അന്ധമായ ആരാധനയുടെ , അല്ലെങ്കിൽ ബ്രസീൽ അർജൻറീന എന്ന കളംതിരിച്ച ആവേശത്തിൽ മറക്കുകയാണ് നമ്മൾ. ഇതിനിടയിൽ എതിരാളികളെയോ മറ്റ് കളിക്കാരെയോ ബഹുമാനിക്കാൻപോലും മറക്കുകയാണ് നമ്മുടെ പുതുതലമുറ.
ആരാധകരുടെ അതിരുവിട്ട ആവേശമാണ് സാങ്കൽപിക ബ്രസീൽ അർജൻറീന കളിയിലേക്ക് നയിക്കുന്നത്. ഇതിനെ ഇന്ത്യക്കാർ, കേരളീയർ, മലപ്പുറത്തുകാർ എന്നീ നിലയിൽ ന്യായീകരിക്കാനാവുമോ. ആവേശം നല്ലതുതന്നെ, പക്ഷേ ബാക്കി 30 ടീമുകളെ എന്തിന്, എങ്ങനെ വിസ്മരിക്കുന്നു. അവരുടേത് മോശം ഫുട്ബോളാണോ. ജർമ്മനി നിലവിലെ ചാമ്പ്യൻമാർ. സ്പെയ്ൻ അഴകുള്ള കളിയുമായി 2010ൽ കപ്പെടുത്ത ടീം. പ്രതിഭാധനരായ ഇംഗ്ലണ്ടും ഫ്രാൻസും. ഇവരെയൊക്കെ ഏത് അളവുകോൽവച്ച് ഒഴിവാക്കും. അതിയായ ആവേശമാണ് സമ്മതിക്കുന്നു. പക്ഷേ, ഇതിനോട് നീതിപുലർത്തണമെങ്കിൽ ഒരുവശത്തെങ്കിലും ഇന്ത്യൻ ഇലവനെ അണിനിരത്തണ്ടേ?. പോട്ടേ, സന്തോഷ് ട്രോഫി ചാമ്പ്യൻമാരാണ് കേരളം, അപ്പോൾ കേരള ഇലവനോ, അതുമല്ലെങ്കിൽ മലപ്പുറം ഇലവനോ എങ്കിലും കളിക്കേണ്ടേ. അതല്ലേ യഥാർഥ ഫുട്ബോൾ സ്നേഹം, സ്വന്തം മണ്ണിൽ വേരാഴ്ത്തിയുള്ള ഫുട്ബോൾ ആവേശം.
അന്ധമായ ആരാധനയ്ക്ക് ന്യായീകരണങ്ങൾ ഏറെയുണ്ടാവും. നമ്മുടെ നാടും രാജ്യവും ലോകകപ്പിൽ കളിക്കുന്നില്ല എന്നത് സത്യവുാണ്. എന്നാലും ഇതുപോലൊരു ആവേശകെട്ടുകാഴ്ചയിലെങ്കിലും നമ്മുടെ ടീമിനെ അല്ലേ കളിപ്പിക്കേണ്ടത്. അങ്ങനയെല്ലേ കളികാണുന്ന കുരുന്നുകളിൽ കെട്ടിയിറക്കാത്ത, നാടിൻറെ ജീവൻതുടിക്കുന്ന ഫുട്ബോൾ ആവേശം നിറയ്ക്കാൻ കഴിയൂ.
മലപ്പുറത്തെക്കാൾ ഫുട്ബോൾ ജ്വരവും ആവേശവും ആരാധകരും ഉള്ള ഇന്ത്യയിലെ മറ്റേതെങ്കിലും ദേശത്ത് ഇങ്ങനെയൊരു അന്യരാജ്യ പ്രേമം കാണാൻ സാധ്യതയില്ല. ഒരു പക്ഷേ ഏതെങ്കിലും ഒന്നാ രണ്ടോ താരങ്ങളുടെ കളിയോട് ആരാധന ഉണ്ടായേക്കാം. ഒന്നോർക്കണം ഒരിക്കൽ ഒളിംപിക്സ് ഫുട്ബോളിൽ സെമി ഫൈനലിലെത്തിയ രാജ്യമാണ് നമ്മുടേത്. മലപ്പുറം കവാത്ത് പറമ്പിൽ (ഇന്നത്തെ കോട്ടപ്പടി മൈതാനം) കാലിൽ ബൂട്ടണിഞ്ഞ ഇംഗ്ലീഷുകാരെ നഗ്ന പാദതരായി തുരത്തിയ മലപ്പുറത്തുകാരുടെ പിൻഗാമികളല്ലേ നമ്മൾ...? ഇതൊക്കെ ചില്ലറക്കാര്യമാണോ?. മറക്കരുത് നമ്മളെയും , നമ്മൾ എങ്ങനെ നമ്മളായെന്നും.
വാദത്തിനായി മേൽപറഞ്ഞതെല്ലാം മാറ്റിവയ്ക്കാം. സെവൻസ് ജ്വരമായ നാടാണല്ലോ നമ്മുടേത്. ഇവിടെ സെവൻസ് കളിക്കാൻ എത്രയോ ആഫ്രിക്കൻ കളിക്കാർ വരുന്നു. ആഫ്രിക്കൻ ഇലവനും ഇന്ത്യൻ ഇലവനും കളിച്ചിരുന്നെങ്കിൽ അതല്ലേ എല്ലാ അർഥത്തിലും ഡ്രീം ഫൈനൽ ആവുക?. എക്കാലത്തും വർണ്ണവെറിക്ക് വിധേയരായ ആഫ്രിക്കൻ രാജ്യം ലോകകപ്പ് ഫൈനലിൽ കളിക്കുക. ആ ടീമിനോട് നമ്മുടെ സ്വന്തം ഇന്ത്യൻ ടീം ഏറ്റുമുട്ടുക. ഇതിനേക്കാൾ വലിയൊരു സ്വപ്ന ഫൈനൽ ലോകഫുട്ബോളിൽ സാധ്യമാണോ. ഫുട്ബോളിനെ സ്നേഹിക്കുന്ന, പഠിക്കാൻ ശ്രമിക്കുന്ന എൻറെ ചിന്തയിൽ ഇതിനേക്കാൾ വലിയൊരു സ്വപ്നഫൈനൽ ഇല്ലെന്ന് തന്നെയാണ് ഉത്തമബോധ്യം. എന്റെ മാത്രമല്ല, ഫുട്ബോളിനെ സ്നേഹിക്കുന്ന ഏതൊരു ഇന്ത്യക്കാരൻറെയും ബോധ്യവും സ്വപ്നവും ഇതായിരിക്കും.
തലച്ചോർ പണയം വച്ച് ബ്രസീൽ, അർജൻറീന എന്ന് പകുത്തെടുക്കുമ്പോൾ പുതിയ തലമുറയിലെ കുട്ടികളിലേക്ക് പടരേണ്ട, പകരേണ്ട യഥാർഥ ഫുട്ബോൾ ആവേശത്തേയാണ് നിങ്ങൾ തടയുന്നത്. നല്ല കളിക്കാരേയും കളികളേയും പിന്തുടരാൻ അനുവദിക്കാതെ രണ്ട് കളങ്ങളിൽ തളച്ച് വെറുപ്പിൻറെയും വിദ്വേഷത്തിൻറെയും പിൻഗാമികളാക്കുന്നത് ഫുട്ബോളിനും നാടിനും നല്ലതല്ലെന്ന് ഓർക്കുക. ഒപ്പം ബ്രസീലും അർജൻറീനയും മാത്രമല്ല ഫുട്ബോൾ എന്ന് തിരിച്ചറിയുക.
Tags: World Cup Football, Brazil, Argentina, Malappuram Football, Kerala Football Fans, Argentina Fans, Brazil Fans, C T Ajmal, Anas Edathodika
COMMENTS