മൈക്കൽ കാരിക്ക് ; വാഴ്ത്തപ്പെടാതെപോയ മിഡ്‌ഫീൽഡർ

റോഷൻ ജോയ് ഈ ലേഖനത്തിൻറെ തലക്കെട്ടാവും മൈക്കൽ കാരിക്ക് എന്ന ഇംഗ്ലീഷ് ഫുട്ബോളർക്കു ഏറ്റവും ഇണങ്ങുന്ന വിശേഷണം.. കാരണം  ഇംഗ്ലീഷ് ഫുട്ബോൾ താര...

റോഷൻ ജോയ്
ഈ ലേഖനത്തിൻറെ തലക്കെട്ടാവും മൈക്കൽ കാരിക്ക് എന്ന ഇംഗ്ലീഷ് ഫുട്ബോളർക്കു ഏറ്റവും ഇണങ്ങുന്ന വിശേഷണം.. കാരണം  ഇംഗ്ലീഷ് ഫുട്ബോൾ താരത്തിളക്കത്തിൽ അഭിരമിച്ചിരുന്ന  കാലഘട്ടത്തിൽ,  താരസമ്പന്നമായ മാഞ്ചസ്റ്റർ യുണൈറ്റഡ് എന്ന ക്ലബ്ബിന്റെ സുവർണ്ണ കാലത്തിൽ ഒക്കെയായിപ്പോയി അയാളുടെ രംഗപ്രവേശം. കാലം തെറ്റി പിറന്നവർ എന്ന് നമ്മൾ പലരെയും പറ്റി പറയാറുണ്ട്,  എന്നാൽ കാരിക്കിന്റെ കാര്യത്തിൽ അയാൾ മറ്റൊരു രാജ്യത്തായിരുന്നു ജനിച്ചതു  എങ്കിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കുമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്!.

2005 ൽ അപ്രതീക്ഷിതമായി ക്ലബ് ക്യാപ്റ്റൻ റോയ് കീൻ ടീം വിട്ടപ്പോൾ,അയാൾക്ക്‌ പകരമായി 2006 ൽ  ടോട്ടനം ഹോട്സ്പഴ്സിൽ നിന്നും സർ അലക്സ് ഫെർഗുസൺ £18.1 മില്യൺ ട്രാൻസ്ഫർ തുകയ്ക്കാണ്  ഇരുപത്തിഅഞ്ചുകാരനായ  മൈക്കൽ കാരിക്കിനെ ടീമിൽ എത്തിക്കുന്നത് . ഒരിക്കലും റോയ് കീൻ എന്ന ചൂടൻ പ്രകൃതക്കാരന്,  പതിറ്റാണ്ടിലേറെയായി യുണൈറ്റഡ് ടീമിന്റെ മധ്യനിര ഭരിച്ച നേതൃപാടവമുള്ള ഒരു കളിക്കാരന് പറ്റിയ പകരക്കാരനായിരുന്നില്ല കാരിക്ക്. തല്ലാൻ പറഞ്ഞാൽ കൊന്നിട്ടുവരുന്ന കീനോയ്ക്ക് പകരം, ഈ ശാന്ത പ്രകൃതക്കാരനു നേർക്ക് ഫെർഗുസൺ 12 വർഷം കീൻ അണിഞ്ഞ ആ  16ആം നമ്പർ ജേഴ്‌സി വച്ചുനീട്ടി. പ്രതീക്ഷകളുടെ അമിത ഭാരം പേറുന്ന 16 ആം നമ്പർ ജേഴ്സി! എന്നാൽ അവിടുന്നങ്ങോട്ട്   കണ്ടത്  ഹോൾഡിങ് മിഡ്‌ഫീൽഡർ എന്ന പൊസിഷൻ   കാരിക്ക് തന്റേതാക്കി മാറ്റുന്നതാണ്.

വളരെ വേഗം  അയാൾ ടീമിന്റെ അഭിവാജ്യ ഘടകമായി മാറി. കീൻ അവശേഷിപ്പിച്ചുപോയ വിടവ് നികത്തുകയും ടീമിനു  ആവശ്യമായ ഒഫൻസീവ് -ഡിഫെൻസിവ് ബാലൻസ് നൽകാനും കാരിക്കിനായി.  2006,07,08 സീസണുകളിൽ ഹാട്രിക് പ്രീമിയർ ലീഗ് കിരീടം നേടുവാനും മാഞ്ചസ്റ്റർ യൂണൈറ്റഡിനായി. തന്റെ മാനേജീരിയൽ കരിയറിന്റെ അവസാനകാലത്തു മികച്ച മിഡ്‌ഫീൽഡർമാർ ടീമിൽ ഇല്ലാതിരുന്നിട്ടും ഫെർഗുസൺ ടീമിനെക്കൊണ്ട് നേട്ടം ഉണ്ടാക്കിയപ്പോൾ അതിൽ കാരിക്കിന്റെ പ്രകടനം  നിർണായകമായിരുന്നു. എങ്കിലും റൊണാൾഡോ, റൂണി, ടെവസ്, ബെർബെറ്റോവ്, ഗിഗ്സ്, വാൻപേഴ്സി, എന്നിവരുടെ ഒക്കെ പ്രകടനങ്ങളിൽ  അയാളുടെ പ്രകടനങ്ങൾ വേണ്ടത്ര ശ്രദ്ധ നേടാതെ പോയി.  അലക്സ് ഫെർഗുസനും, ഡേവിഡ് മോയസും, ലൂയി വാൻ ഗാലും അയാളെ ഡിഫെൻഡർ ആയിപ്പോലും  ഉപയോഗിച്ചിട്ടുണ്ട്.  അയാളോട് ടീം ആവശ്യപ്പെട്ട എന്ത് റോളും അയാളിൽ ഭദ്രമായിരുന്നു.

കരീടം നേടിയ 2012-13 സീസൺ റോബിൻ വാൻ പേഴ്സിയുടെ പേരിൽ അറിയപെടുമെങ്കിലും,  പ്ലയെര്സ് "പ്ലയെർ ഓഫ് ദി സീസൺ " ആയി തിരഞ്ഞെടുക്കപ്പെട്ടത് മൈക്കൽ കാരിക്കിനെ ആയിരുന്നു. കാരിക്കിന്റെ യുണൈറ്റഡ് ജേർസിയിലുള്ള ഏറ്റവും മികച്ച വർഷം. 12 വർഷം നീണ്ട യുണൈറ്റഡ് കരിയറിൽ 12 മേജർ ട്രോഫികൾ !!  മാഞ്ചസ്റ്റർ യൂണൈറ്റഡിനോടൊപ്പം 5 തവണ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യൻ,  3 തവണ ലീഗ് കപ്പ് വിജയി,  ചാമ്പ്യൻസ് ലീഗ്,  ക്ലബ് വേൾഡ് കപ്പ്,  യൂറോപ്പ കപ്പ്,  എഫ്. എ കപ്പ് എന്ന് തുടങ്ങി ക്ലബ്ബ് തലത്തിൽ നേടാനാവുന്നതൊക്കെ അയാൾ സ്വന്തമാക്കി.
2007 ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ എ.എസ് റോമയ്ക്കു എതിരെ  നേടിയ രണ്ടു ഗോളുകൾ എന്നും യുണൈറ്റഡ് ആരാധകർ ഓർത്തിരിക്കും. 7-1 എന്ന വൻ മാർജിനിൽ യുണൈറ്റഡ് റോമയെ തകർത്ത മത്സരത്തിൽ 11ആം മിനുറ്റിൽ സ്കോറിന് തുടങ്ങി വെച്ചത് കാരിക്ക് ആയിരുന്നു. ബോക്സിനു പുറത്തുനിന്നു തൊടുത്ത ഷോട്ട് കീപ്പർ ഡോണിയെ  കാഴ്ചക്കാരനാക്കി വലയിൽ പതിച്ചു.  തുടർന്ന് അലൻ സ്മിത്ത്, വെയ്ൻ റൂണി, റൊണാൾഡോ എന്നിവരിൽ കൂടി യുണൈറ്റഡ് ലീഡ് ഉയർത്തി. അറുപതാം മിനുറ്റിൽ സ്ട്രീറ്റ്ഫോർഡ് എൻഡിനു അഭിമുഖമായി ബോക്സിനു വെളിയിൽനിന്നും  ഗോൾപോസ്റ്റിന്റെ ടോപ് റൈറ്റ് കോർണറിലേക്കു പന്തെത്തിച്ചു കാരിക്ക് മത്സരത്തിൽ തന്റെ ഗോൾ ടാലി രണ്ടാക്കി. റോമയ്ക്കായി ഡിറോസ്സി ആശ്വാസ ഗോൾ നേടിയപ്പോൾ, പാട്രിസ് എവ്ര റോമയുടെ നെഞ്ചത്തേക്ക് അവസാന ആണിയും അടിച്ചു. ആധികാരികമായി യുണൈറ്റഡ് റോമയെ തകർത്തെറിഞ്ഞു. ഒരുപാട് ഗോളുകൾ ഒന്നും ഇല്ലാത്ത കരിയറിലെ തിളക്കമുള്ള രണ്ടു ഗോളുകൾ!!

പെനാൽറ്റി ഷൂട്ട് ഔട്ട് വരെ ആവേശം നീണ്ട 2008 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ നിർണായകമായ രണ്ടാം കിക്ക്‌ എടുക്കാൻ ഫെർഗുസൺ നിയോഗിച്ചത് കാരിക്കിനെ ആയിരുന്നു.  സമ്മർദ്ദം അതിന്റെ പരകോടിയിൽ എത്തുന്ന വേളയിലും അയാൾ പുറമെ ശാന്തനായിരുന്നു.  പോസ്റ്റിന്റെ വലത്തേക്ക് ചാടിയ ചെൽസി കീപ്പർ ചെക്കിനെ കബളിപ്പിച്ചുകൊണ്ടു അയാൾ പന്തിനെ പോസ്റ്റിന്റെ ഇടത്തെ മൂലയിലേക്ക് പറഞ്ഞുവിട്ടു. ഓരോ കിക്കും നിർണായകമായ സന്ദർഭത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ, ജോൺ ടെറി, നിക്കോളാസ് അനെൽക്ക എന്നിവരെല്ലാം  ഫൈനലിന്റെ സമ്മർദ്ദത്തിൽ കിക്ക്‌ പാഴാക്കിയപ്പോൾ സ്വതവേ ശാന്തനായ അയാളുടെ മനസ്സാന്നിധ്യം പ്രശംസ അർഹിക്കുന്നു. Simply calm and class!

എങ്കിലും കഴിഞ്ഞ ദശകത്തിലെ ഏറ്റവും മികച്ച ഇംഗ്ലീഷ്  മിഡ്‌ഫീൽഡർമാർ ആരെല്ലാമാണ് എന്നൊരു ചോദ്യം മനസ്സിലേക്ക് വരുമ്പോഴും  ആദ്യമെത്തുന്ന പേരുകൾ സ്റ്റീവൻ ജെറാർഡ്,  പോൾ സ്കോൾസ്,  ഫ്രാങ്ക് ലാംപാർഡ് എന്നിവർ ആയിരിക്കും. ആക്രമണത്തിലും പ്രതിരോധത്തിലും ഒരുപോലെ തിളങ്ങിയ  ജെറാർഡിന്റെ ഓൾ റൗണ്ട്  എബിലിറ്റി,  ലാംപാർടിന്റെ ഗോൾ നേടാനുള്ള അടങ്ങാത്ത ദാഹവും അതോടൊപ്പം ചേർത്ത് നിർത്തേണ്ട പൊസിഷൻ സെൻസും പന്ത് പ്രതീക്ഷിച്ചു ബോക്സിലേക്ക് നടത്തുന്ന അപാര ടൈമിംഗ് പുലർത്തുന്ന നീക്കങ്ങളും , സാങ്കേതികമായി ഏറ്റവും മികച്ച ഇംഗ്ലീഷ് മിഡ്‌ഫീൽഡർ എന്ന ഖ്യാതിയുള്ള പോൾ സ്‌കോൾസിന്റെ  ഗോൾ നേടാനും  അതിനു വഴിയൊരുക്കാനും ഒരേപോലെ കഴിവ് എന്നിവയെല്ലാം  മറ്റാരേക്കാളും മുൻ‌തൂക്കം ഇവർ മൂന്നു പേർക്കും നൽകുന്നു.  എന്നാൽ ഇവരിൽനിന്നും തുലോം വ്യത്യസ്തൻ എങ്കിലും ഇവരോടൊപ്പം തന്നെ ചേർത്തുവെക്കേണ്ട പേരാണ് മൈക്കൽ കാരിക്ക്.
കാരിക്കിന്റെ കരിയറിനെ വേണെമെങ്കിൽ ഇങ്ങനെ വിശേഷിപ്പിക്കാം . "രാജ്യാന്തര ഫുട്ബോളിൽ അമിതപ്രതീക്ഷയുടെ ഭാരമേറിയപ്പോഴും അർഹിക്കുന്ന അംഗീകാരമോ ശ്രദ്ധയോ അനുമോദനമോ കിട്ടാത്ത താരം". ഇംഗ്ലീഷുകാരുടെ പാരമ്പര്യ മിഡ്‌ഫീൽഡ് സങ്കല്പങ്ങളെ ശരിവെക്കുന്ന ശൈലി ആയിരുന്നില്ല ഒരിക്കലും കാരിക്കിന്റെത്.  ഇംഗ്ലീഷ് ഫുട്ബോളിലെ പതിവ് വാർപ്പ് മാതൃകയല്ല കാരിക്ക്. ഗോൾ മുഖം നിരന്തരം ആക്രമിക്കുന്ന,  ആവേശമുണർത്തുന്ന ഡയറക്റ്റ് പ്ലെയ്‌ ശൈലിയോ (ക്വിക്ക് ആൻഡ് റൺ സ്റ്റൈൽ ) പന്ത് തിരികെ നേടാൻ നടത്തുന്ന കടുത്ത ടാക്ലിങ്ങുകളോ  അയാളുടെ രീതി ആയിരുന്നില്ല. അതിശയിപ്പിക്കുന്ന  ഡ്രിബ്ലിങ് പാടവമോ,  കണ്ണഞ്ചിപ്പിക്കുന്ന ഗോളുകളോനേടി തലകെട്ടുകളിൽ ഇടംപിടിക്കുന്ന ഒരു കളിക്കാരനും  ആയിരുന്നില്ല അയാൾ.  ഒരു ഡീപ് -ലൈയിങ് മിഡ്‌ഫീൽഡർ ആയിട്ടും അപാര വേഗമോ, ഫിസിക്കൽ സ്ട്രെങ്തോ അയാൾക്ക് അവകാശപ്പെടാനും ഇല്ല.  മറിച്ചു അപാര പാസിംഗ് റേഞ്ചുള്ള അനുഗ്രഹീതനായ കളിക്കാരൻ അതായിരുന്നു കാരിക്ക്. ഫുട്ബോൾ ഫീൽഡിന്റെ ഏതു കോണിലേക്കും അയാൾ അനായാസം പന്തെത്തിച്ചിരുന്നു.

എന്തുകൊണ്ട് കാരിക്ക് വ്യത്യസ്തൻ ആകുന്നു

പന്ത് ബുദ്ധിപൂർവം പാസ് ചെയ്യുക,  കളിയുടെ ഗതി  വായിച്ചെടുക്കാനുള്ള അസാധാരണമായ പാടവം,  സഹതാരങ്ങൾക്കു അളന്നു മുറിച്ചു നൽകുന്ന പാസുകൾ,  പാസ് സ്വീകരിക്കുന്ന കളിക്കാരന് അടുത്ത നീക്കം എങ്ങോട്ടേക്ക് വേണം എന്നൊരു സന്ദേശവും ആംഗ്യ രൂപത്തിൽ പാസ് നൽകുമ്പോൾ തന്നെ അയാൾ നൽകുന്നു. പാസ് സ്വീകരിക്കുന്ന കളിക്കാരനു  തന്റെ എതിരാളിയുടെ സ്ഥാനം എവിടെ എന്ന് കൃത്യമായി നിർണയിക്കാൻ ഈ ഇൻഡിക്കേഷൻ സാഹായകരം ആകുന്നു. അതുപോലെതന്നെ  സഹതാരത്തിൽ നിന്നും പാസ് സ്വീകരിക്കും മുൻപ് തലയുയർത്തി നോക്കി പിച്ചിൽ മറ്റു കളിക്കാരുടെ പൊസിഷൻ മനസിലാക്കുക ഇതിനാൽ തന്നെ  പന്ത് സ്വന്തം കാലിൽ എത്തുംമുൻപേ അടുത്തനീക്കം കാരിക്ക് മനസ്സിൽ കണക്കുകൂട്ടിയിട്ടുണ്ടാകും.  ഇതെല്ലാം കാരിക്കിനോളം മികവോടെയും കൺസിസ്റ്റന്റ് ആയും ചെയ്ത മറ്റൊരു ഇംഗ്ലീഷ് കളിക്കാരൻ ഇല്ല.

ചെറിയ ഫോർവേഡ്  പാസുകൾ എന്നാൽ ഏറ്റവും ഇഫക്ടിവ് ആയവ, എതിർ ഡിഫെൻസിനെ കീറി മുറിച്ചു മുന്നേറ്റനിരയിലേക്ക് നിരുപദ്രവം എന്ന് തോന്നിപ്പിക്കുന്ന  ചെറുപാസ്സുകളിലൂടെ  അയാൾ അവസരങ്ങൾ സൃഷ്ടിക്കും. അതുപോലെ തന്നെ ഇരു കാലുകൾ കൊണ്ടും വേഗത്തിൽ കൃത്യതയോടെ പാസ് നൽകാനുള്ള കഴിവും അയാളെ കൂടുതൽ അപകടകാരി ആക്കി.  ഒരുപക്ഷെ അയാൾ കളിച്ചിരുന്നത് ഇറ്റാലിയൻ, സ്പാനിഷ് ടീമുകൾക്ക് വേണ്ടി ആയിരുന്നു എങ്കിൽ ഒരു ഡീപ് ലൈയിങ് മിഡ്‌ഫീൽഡർ/പ്ലേയ്‌മേക്കർ  എന്ന നിലയിൽ അർഹിക്കുന്ന അംഗീകാരം അയാൾക്ക്‌ ലഭിക്കുമായിരുന്നു. സാധാരണ ഡിഫെൻസിവ് മിഡ്‌ഫീൽഡർമാരെപ്പോലെ  പൊസെഷൻ വീണ്ടെടുക്കുവാൻ കടുത്ത ടാക്ലിങ്ങുകൾ എന്നത്  കാരിക്കിന്റെ രീതി ആയിരുന്നില്ല.  അതിനു കാരണം അയാളുടെ അസാധാരണമായ ഫുട്ബാളിങ് ഇന്റലിജൻസ് തന്നെയാണ്. പൊസഷൻ നഷ്ടപ്പെട്ടാൽ  പന്ത് തിരികെനേടുവാൻ ഫൗളുകൾ നടത്തുന്നതിന് പകരം  എതിർ കളിക്കാരുടെ പാസിംഗ് ചാനൽ അയാൾ കൃത്യതമായി അടയ്ക്കും.

സ്വന്തം കളിക്കാരുടെയും എതിർ കളിക്കാരുടെയും ശരീരഭാഷ മനസിലാക്കി അവരുടെ നീക്കങ്ങൾ മുൻകൂട്ടി കാണുവാനുള്ള പാടവം അയാൾക്കുണ്ടായിരുന്നു. എതിർ കളിക്കാരന്റെ  അടുത്ത പാസ് എങ്ങോട്ട് എന്ന് മുൻകൂട്ടി കണക്കുകൂട്ടി  അതിനെ ഇന്റർസെസെപ്റ്റ് ചെയുക.  അതിനായി കടുത്ത ടാക്ലിങ്ങുകളെ അയാൾ ആശ്രയിച്ചിരുന്നില്ല. കളിയുടെ ഗതി വായിച്ചെടുക്കുവാനുള്ള പാടവവും കൃത്യമായ പൊസിഷനിങ്ങും മാത്രം.അതിനാൽ തന്നെ കാരിക്കിന്റെ ഡിഫെൻസിവ് കോണ്ട്രിബൂഷൻസ് എല്ലാം അയാളുടെ ഫുട്ബാളിങ് ഇന്റലിജൻസിന്റെകൂടി  തെളിവായിരുന്നു.  ഇതുതന്നെയാണ്   ടീമിനുവേണ്ടി കൈമെയ് മറന്നു കളിക്കുന്ന, പാരമ്പര്യ ഇംഗ്ലീഷ് കളിക്കാരുടെ രീതികളിൽ നിന്നും കാരിക്കിനെ വ്യത്യസ്തനാക്കുന്നത്.   കരിയറിൽ ഉടനീളം ഒരു ചുവപ്പുകാർഡ് പോലും അയാൾ വാങ്ങിയിട്ടില്ല എന്നുകൂടി ഓർക്കണം.

ലാംപാർഡ്, സ്കോൾസ്, ജെറാർഡ്, റൂണി, ബെക്കാം, ഇംഗ്ലീഷ് ഫുട്ബാളിന്റെ എക്കാലയത്തെയും മികച്ച ഒരുപിടി കളിക്കാരുടെ സുവർണ്ണ തലമുറയിൽ പോലും ദേശീയ ടീമെന്ന നിലയിൽ അവർക്കു ഒരുപാട് നേട്ടമൊന്നും ഉണ്ടാക്കുവാൻ കഴിഞ്ഞില്ല. സൂപ്പർ താരങ്ങളെ ഒരു ടീമിൽ അണിനിരത്തുവാൻ പലപ്പോഴും അവരുടെ ഇഷ്ട പൊസിഷൻ ബാലികഴിക്കുകയായിരുന്നു മാറി മാറി വന്ന ഓരോ പരിശീലകരും. ജെറാർഡും ലാംപാർഡും അവരുടെ ക്ലബ്ബ്കൾക്കു വേണ്ടി തിളങ്ങിയപ്പോൾ ദേശീയടീമിൽ നിരാശപ്പെടുത്തി.  അതിനൊരു കാരണം അന്വേഷിക്കുകയാണെങ്കിൽ ഒരു കാര്യം വ്യക്തമാകും,  ജെറാർഡിനു ലിവർപൂളിൽ തനിക്കു പിന്നിൽ കളി നിയന്ത്രിക്കുവാനും ടീമിന് ഡിഫെൻസീവ് ബാലൻസ് നൽകുവാനും മഷെറാനോ, സാവി അലോൺസോ എന്നീ ഹോൾഡിങ് മിഡ്‌ഫീൽഡർമാരുടെ സാന്നിധ്യം  ഉണ്ടായിരുന്നു. ലാംപാർഡിനാകട്ടെ മക്കലെലേ എന്ന  ലോകം കണ്ട ഏറ്റവും മികച്ച ഡിഫെൻസിവ് മിഡ്‌ഫീൽഡർ ടീമിൽ ഉണ്ടായിരുന്നു.

ഇവിടെയാണ് മൈക്കൽ കാരിക്ക് എന്ന കളിക്കാരനെ ഇംഗ്ലണ്ട് ഉപയോഗപ്പെടുത്താതെ പോയത്.കേവലം 34 തവണ മാത്രമേ അയാൾ ഇംഗ്ലണ്ടിന്റെ കുപ്പായം അണിഞ്ഞിട്ടുള്ളു. പ്രതിരോധത്തിനെയും  മുന്നേറ്റത്തിനെയും സമർത്ഥമായി കണക്റ്റ് ചെയ്യുവാൻ കാരിക്കിനു കഴിയുമായിരുന്നു. ഒപ്പമുള്ള മധ്യനിരക്കാർക്കു സ്വാതന്ത്ര്യത്തോടെ കളിക്കുവാനും അവരുടെ മികവിന്റെ പൂർണത കളിക്കളത്തിൽ കാഴ്ചവെക്കുവാനും അയാളുടെ സാന്നിധ്യം കാരണമാകുമായിരുന്നു. പരമ്പരാഗത 4-4-2 ശൈലിയിൽ രണ്ടു സെൻട്രൽ മിഡ്‌ഫീൽഡർമാരായി ഇംഗ്ലണ്ട് ഇറങ്ങുമ്പോൾ എപ്പോളും നറുക്ക് വീണിരുന്നത് ജെറാർഡിനും ലാംപാർഡിനുമായിരുന്നു.
മാറിമാറിവന്ന   സ്വെൻ ഗോരാൻ എറിക്‌സൺ,  സ്റ്റീവ് മക്ലാരൻ,  ഫാബിയോ കാപ്പെല്ലോ, റോയ് ഹോഡ്സൺ എന്നീ പരിശീലകർ  അയാളുടെ കഴിവുകളെ  ഉപയോഗിക്കാൻ ശ്രമിച്ചുമില്ല. 2012 യൂറോ കപ്പിനായി ടീമിനെ പ്രഖ്യാപിക്കുമ്പോൾ കാരിക്ക് റിട്ടയർ ചെയ്തോ ഇല്ലയോ എന്നുപോലും അന്വേഷിക്കാൻ റോയ് ഹോഡ്സൺ മെനക്കെട്ടില്ല.  സ്കോട്ട് പാർക്കർ, ഗാരെത് ബാരി, ഓവൻ ഹാർഗ്രീവ്സ് എന്നിവർ പോലും കാരിക്കിനേക്കാൾ കൂടുതൽ തവണ ഇംഗ്ലണ്ടിനായി കളിച്ചു.എന്നാൽ കളിച്ച മത്സരങ്ങളിലെ സ്റ്റാറ്റ്സ് പരിശോധിക്കുകയാണെങ്കിൽ ഇവരെക്കാളും വിജയകരമായി പാസുകൾ കമ്പ്ലീറ്റ് ചെയ്തതും ഫൈനൽ തേർഡിലേക്കു കൂടുതൽ പന്തെത്തിച്ചതും കാരിക്കാണ്.

"2011 ൽ ചാമ്പ്യൻസ് ലീഗ് നേടിയ തന്റെ ബാർസിലോണ ടീമിൽ ഇടം ലഭിക്കുമായിരുന്ന ഒരേ ഒരു യുണൈറ്റഡ്  കളിക്കാരൻ മൈക്കൽ കാരിക്കാണ്‌ " എന്ന പെപ് ഗാർഡിയോളയുടെ വാക്കുകൾ കാരിക്കിന്റെ കഴിവുകൾക്ക് ലഭിച്ച ഏറ്റവും മികച്ച അംഗീകാരമാണ്.  ബാഴ്സിലോണയ്‌ക്കു സെർജിയോ ബുസ്കെറ്റ്സ് എന്തായിരുന്നോ അതായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിനു മൈക്കൽ കാരിക്ക്. ഇരുവരും ഹോൾഡിങ് മിഡ്‌ഫീൽഡർമാർ,  ടീമിന്റെ എൻജിൻ.നിശബ്ദ പോരാളികൾ!   നമ്മൾ കളിക്കളത്തിലെ മുന്നേറ്റങ്ങൾ മാത്രം ആസ്വദിച്ചാൽ  ഇവരെ കാണുവാൻ കഴിയില്ല, എന്നാൽ കളിക്കളത്തിൽ  ഇവരെ ശ്രദ്ദിച്ചാൽ കളിയുടെ മുഴുവൻ ചിത്രവും നമുക്ക് ലഭിക്കും. ഗൗരവത്തോടെ ഫുട്ബോൾ ആസ്വദിക്കുന്നവർക്ക് കളിക്കളത്തിൽ  ഇവരുടെ സംഭവനയെ വിലകുറച്ചു കാണുവാൻ ഒരിക്കലും കഴിയില്ല. സെർജിയോ ബുസ്കെട്ട്സ്,  സാവി അലോൺസോ എന്നിവരെ പോലെ സമാന ശൈലിയും ഫുട്ബാളിങ്‌ ബ്രയിനും ഉള്ള കളിക്കാരൻ തന്നെയായിരുന്നു കാരിക്കും. കളിച്ചതു ഇംഗ്ലണ്ടിന് വേണ്ടി ആയതിനാൽ മാത്രം അർഹിച്ച അംഗീകാരം അയാൾക്ക്‌ ലഭിക്കാതെ പോയി.
"ഞാൻ എന്നെത്തന്നെയാണ് കാരിക്കിൽ കാണുന്നത്.   സ്പെയിനിൽ ആയിരുന്നു എങ്കിൽ കാരിക്ക് ദേശീയടീമിനായി കൂടുതൽ കളിക്കുമായിരുന്നു "  സാവി അലോൻസോയുടെ വാക്കുകൾ. ഇരുപതുകാരനായ ബുസ്കെറ്റ്സിൽ ഗാർഡിയോള അർപ്പിച്ച വിശ്വാസം ഒരിക്കലെങ്കിലും ഇംഗ്ലീഷ് പരിശീലകർ കാരിക്കിൽ അർപ്പിച്ചിരുന്നു എങ്കിൽ ടീമെന്ന നിലയിൽ ഇംഗ്ലണ്ട് കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കുമായിരുന്നു എന്ന് വിശ്വസിക്കുന്നവർ ധാരാളമുണ്ട്. 
ഫെർഗുസനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിന് മിഡ്‌ഫീൽഡ് ഇന്നും ഒരു തലവേദനയാണ്.  നെമന്യ മാറ്റിക് വരും വരെ ടീം കാരിക്കിനെ അമിതമായി ആശ്രയിച്ചു. കാരിക്ക് ടീമിൽ ഉള്ളപ്പോൾ മുന്നേറ്റനിരയ്ക്ക്  കൂടുതൽ സ്വാതന്ത്ര്യത്തോടെ കളിക്കാൻ കഴിയും. എന്നാൽ കരിയറിൽ ഉടനീളം പരിക്കും അയാളെ വിടാതെ പിന്തുടർന്നു. 2014 ൽ ലൂയി വാൻ ഗാലിന് കീഴിൽ നിരാശാജനകമായ സീസണിലും യുണൈറ്റഡ് തുടരെ നാല് കളികൾ വിജയിച്ചു. ലിവർപൂൾ, ടോട്ടൻഹാം, മാഞ്ചസ്റ്റർ സിറ്റി, സ്റ്റോക്ക് എന്നീ ടീമുകൾക്കെതിരെ  കാരിക്ക്, ഹെരേര, ഫെല്ലെയ്‌നി എന്നിവർ അടങ്ങിയ മധ്യനിര തിളങ്ങി. എന്നാൽ പരുക്കേറ്റു കാരിക്ക് പുറത്തിരുന്നപ്പോൾ പിന്നീട് എവർട്ടൻ, വെസ്റ്റ് ബ്രോം എന്നിവർക്കെതിരെ തോൽവിയായിരുന്നു ഫലം. ഹെരേര, റൂണി എന്നിവരെ ഒക്കെ അയാൾക്ക് പകരം പരീക്ഷിച്ചു എങ്കിലും ഇരുവരും പരാജയപെട്ടു.

കൗണ്ടർ അറ്റാക്ക് തുടങ്ങുമ്പോൾ ഞൊടിയിടയിൽ കളിക്കാരുടെ പൊസിഷൻ വീക്ഷിച്ചു  പിന്നിൽ നിന്നും മുന്നേറ്റനിരയിലേക്കു അയാൾ നേരിട്ട് പന്തെത്തിക്കുന്നതു നാം ഒരുപാട് കണ്ടിട്ടുണ്ട്,  എന്നാൽ കൗണ്ടർ അറ്റാക്കിനു സഹകളിക്കാർ ആരും തന്നെ മികച്ച പൊസിഷനിൽ അല്ല എങ്കിൽ പന്ത് പിന്നോട്ട് പാസ് ചെയ്തു പൊസഷൻ നഷ്ടപ്പെടുത്താതെ നിലനിർത്തുവാനും അയാൾ ശ്രമിച്ചിരുന്നു. കളിയുടെ  ഒഴുക്കിനെ നിയന്ത്രിക്കുന്ന മാന്ത്രിക ചരടുകളായിരുന്നു അയാളുടെ കാലുകൾ, എന്നാലോ  തീർത്തും സ്വാഭാവികം എന്ന് തോന്നിപ്പിക്കുകകയും ചെയ്യും. മുന്നേറ്റനിര നേടിയ പല ഗോളുകൾക്കും പിന്നിൽ വാഴ്ത്തപ്പെടാതെപോയ  അയാളുടെ നീക്കങ്ങൾ ഉണ്ട്.   എതിർ ആക്രമണം തന്റെ ടീമിന്റെ ഡിഫെൻസ് കോട്ടയ്ക്കു മുൻപിൽ എത്തും മുൻപേ നിഷ്പ്രഭമാക്കിയതിനു പിന്നിലും  അയാളുടെ ഫുട്ബോൾ ബ്രെയിൻ ഉണ്ടായിരുന്നു.  ചില കളിക്കാരുടെ അഭാവത്തിൽ മാത്രമേ അവരുടെ വില മനസിലാകുകയുള്ളു. കാരിക്കിന്റെ കാര്യത്തിൽ  ഇതു 100% സത്യവുമാണ്.
ക്ലബ് ക്യാപ്റ്റൻ റൂണി 2017-18 സീസണ് മുൻപ് ടീം വിട്ടപ്പോൾ ക്യാപ്റ്റന്റെ ആം ബാൻഡ് കാരിക്കിനെ തേടിയെത്തി.  പരുക്കുകൾ വലച്ച സീസണിൽ രണ്ടു പ്രീമിയർ ലീഗ്  മത്സരങ്ങളിൽ മാത്രമാണ് കാരിക്ക് കളിച്ചതു. മാഞ്ചസ്റ്റർ സിറ്റിക്ക് എതിരെ എത്തിഹാദിൽ നടന്ന മത്സരത്തിൽ അയാൾ ടീമിൽ ഉണ്ടായിരുന്നില്ല. ആദ്യപകുതിയിൽ സിറ്റി 2 ഗോൾ ലീഡ് നേടിയപ്പോൾ യുണൈറ്റഡ് ആരാധകർ തോൽവി ഉറപ്പിച്ചിരുന്നു. ഹാഫ് ടൈമിൽ യുണൈറ്റഡ് ഡ്രസിങ് റൂമിൽ കളിക്കാരെ പ്രചോദിപ്പിക്കാൻ ആഷ്ലി യങ്ങും, കാരിക്കും നൽകിയ സ്പീച്ചിൽ ഒരു യുണൈറ്റഡ് കളിക്കാരനാകുമ്പോൾ  ധരിച്ചിരിക്കുന്ന ബാഡ്ജിനോടും കാണികൾക്കും വേണ്ടി അർപ്പണമനോഭാവത്തോടെ കളിക്കണം എന്ന് ഒർമിപ്പിക്കുന്നുണ്ട്. ആ വാക്കുകൾക്ക് അവർക്ക് പ്രചോദനം നൽകുകയും, രണ്ടാം പകുതിയിൽ 3 ഗോൾ നേടിയ യുണൈറ്റഡ് മത്സരം 3-2, നു വിജയിക്കുകയും ചെയ്തു. ഒരു സുവർണ്ണ തലമുറയോടൊപ്പവും  ഇപ്പോഴത്തെ പുതിയ യുണൈറ്റഡ് ടീമിനൊപ്പവും കളിച്ചിട്ടുള്ള കാരിക്കിന് പഴയ യുണൈറ്റഡ് സ്റ്റാൻഡേർഡ്  പുതിയ കളിക്കാർക്ക് മനസ്സിലാക്കിക്കൊടുക്കുക എന്ന കർത്തവ്യം കൂടിയുണ്ട്. അടുത്ത സീസൺ മുതൽ മൗറീഞ്ഞോയുടെ കോച്ചിങ് സ്റ്റാഫിൽ അയാളെ ഇനിയും കാണാം.

12 വർഷം നീണ്ട യുണൈറ്റഡ് കരിയറിൽ 464 മത്സരങ്ങൾ,  തന്റെ അവസാന മത്സരത്തിലും മധ്യനിരയിൽ നിന്നും നൽകിയ ലോങ്ങ് ബോൾ ടീമിന്റെ വിജയ ഗോളിനും കാരണമായി. മികവൊട്ടും കുറഞ്ഞിട്ടില്ല,എങ്കിലും ഒന്നൊഴിയാതെ പരുക്കുകൾ പിടികൂടിയപ്പോൾ  കളി നിർത്തുവാൻ അയാൾ നിർബന്ധിതനാകുകയാണ്.   2008 ചാമ്പ്യൻസ് ലീഗ് നേടിയ ഫെർഗുസന്റെ ടീമിൽനിന്നും പത്തുവർഷം ഇപ്പുറം യുണൈറ്റഡിൽ അവശേഷിച്ചതു മൈക്കൽ കാരിക്ക് മാത്രമാണ്.  അയാളും കളിമതിയാക്കുന്നു! അമിതാഹ്ലാദങ്ങളോ,  ആരവങ്ങളോ ഇല്ലാതെ, ഒരുപാട് ഓർമ്മകൾ ബാക്കിയാക്കി വാഴ്ത്തപെടാത്ത പോരാളിയുടെ നിശബ്ദമായ  പടിയിറങ്ങൽ.


Tags: Michael Carrick, Old Trafford , Footballer,Galacticos, Paul Scholes, Steven Gerrard, Frank Lampard ,Park Ji-sung , Darren Fletcher, Wayne Rooney, Ryan Giggs, Scholes, Cristiano Ronaldo,  Sir Alex Ferguson

COMMENTS


Name

Badminton,6,Cricket,30,Football,335,Other Sports,46,SG Special,132,Sports,200,Tennis,7,Volleyball,3,
ltr
item
Sports Globe: മൈക്കൽ കാരിക്ക് ; വാഴ്ത്തപ്പെടാതെപോയ മിഡ്‌ഫീൽഡർ
മൈക്കൽ കാരിക്ക് ; വാഴ്ത്തപ്പെടാതെപോയ മിഡ്‌ഫീൽഡർ
https://4.bp.blogspot.com/-1NNpTQlKyJo/Wv1PaufxYaI/AAAAAAAAAVQ/-NFrdYr6nXA9J8mJjdB_CBpPVOBvLXUMQCLcBGAs/s1600/Michael%2BCarrick%2Bcover.jpg
https://4.bp.blogspot.com/-1NNpTQlKyJo/Wv1PaufxYaI/AAAAAAAAAVQ/-NFrdYr6nXA9J8mJjdB_CBpPVOBvLXUMQCLcBGAs/s72-c/Michael%2BCarrick%2Bcover.jpg
Sports Globe
http://www.sportsglobe.in/2018/05/article-by-roshan-on-michael-carrick.html
http://www.sportsglobe.in/
http://www.sportsglobe.in/
http://www.sportsglobe.in/2018/05/article-by-roshan-on-michael-carrick.html
true
4357620804987083495
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy