ഗോളിന് ദാഹിച്ച ഗൂർഖകൾ 

രവി മേനോൻ  പെനാല്‍റ്റി ഏരിയയിലേക്ക് മഴവില്ല് പോലെ  ഒഴുകിയിറങ്ങി വന്ന ഫ്ലാഗ് കിക്ക്. ഒരു പറ്റം എതിര്‍ പ്രതിരോധ ഭടന്മാരുടെ കണ്ണ് വെട്ടിച്ച...

രവി മേനോൻ
 പെനാല്‍റ്റി ഏരിയയിലേക്ക് മഴവില്ല് പോലെ  ഒഴുകിയിറങ്ങി വന്ന ഫ്ലാഗ് കിക്ക്. ഒരു പറ്റം എതിര്‍ പ്രതിരോധ ഭടന്മാരുടെ കണ്ണ് വെട്ടിച്ചു ഇടത്തെ ഇന്‍സ്റ്റെപ്പില്‍  പന്ത് സ്വീകരിച്ചു ഞൊടിയിടയില്‍  വലതു കാലിലേക്ക് മറിക്കുന്നു  സ്ട്രൈക്കര്‍ സര്‍ദാര്‍ജി. തൊട്ടുപിന്നാലെ ദുര്‍ബലമായ ഒരു ഹാഫ് വോളി. നിമിഷാര്‍ദ്ധം കൊണ്ട് കഴിഞ്ഞു എല്ലാം. പക്ഷെ വലതു പോസ്റ്റില്‍ നിന്ന് ഇടതു പോസ്റ്റിലേക്ക് വായുവില്‍ നീന്തി ഗോള്‍ ലൈനില്‍ വച്ച് പന്ത് മുഷ്ടി കൊണ്ട് തട്ടി തെറിപ്പിക്കാന്‍ ആ സമയം ധാരാളമായിരുന്നു ഗോള്‍കീപ്പര്‍ക്ക്.
           
രവി മേനോൻ
``ഇഡിയറ്റ്''.. പ്രസ്‌ ഗാലറിയില്‍ തൊട്ടപ്പുറത്തെ ഇരിപ്പിടത്തില്‍ നിന്ന് ഒരു സിംഹഗര്‍ജനം. ഒപ്പം, മുഷ്ടി ചുരുട്ടി ഡെസ്കില്‍ ഒരു കനത്ത ഇടിയും. ഇടിയുടെ ആഘാതത്തില്‍ മുന്നിലിരുന്ന പേന തെറിച്ചു. റൈറ്റിംഗ് പാഡ് നിലത്തു വീണു. ആരോ പിന്നില്‍ നിന്ന് ഉറക്കെ വിളിച്ചുചോദിക്കുന്നത് ‌ കേള്‍ക്കാമായിരുന്നു: ``ഈസ്‌ ഹി ക്രെയ്സി?'' അടുത്തിരുന്ന മനുഷ്യനെ ആദ്യമായി ശ്രദ്ധിച്ചത് അപ്പോഴാണ്‌. നരവീണ പുരികങ്ങള്‍ക്കടിയിലെ  ഇടുങ്ങിയ കണ്ണുകളില്‍ ജാള്യഭാവം. നേര്‍ത്ത വര പോലത്തെ  ചുണ്ടുകളില്‍ ക്ഷമാപണത്തിന്റെ ധ്വനിയുള്ള ചിരി. എങ്ങോ കണ്ടു മറന്ന പോലെ തോന്നി ആ പരുക്കന്‍ മുഖം.  മുൻപെവിടെയായിരിക്കും ഞാന്‍ ഈ മനുഷ്യനെ കണ്ടിട്ടുണ്ടാവുക?           

``ക്ഷമിക്കണം സര്‍. സഹിക്കാനായില്ല,'' ഹിന്ദിയുടെ ചുവ കലര്‍ന്ന ഇംഗ്ലീഷില്‍ അയാള്‍ പറഞ്ഞു. `` വിഡ്ഢിയല്ലേ അവന്‍? അങ്ങനെ ചെയ്യാമോ? പന്ത് സ്റ്റോപ്പ്‌ ചെയ്യാന്‍ എടുത്ത സമയം ഉണ്ടെങ്കില്‍ അവനു അത് ഗോള്‍ ആക്കാമായിരുന്നു. പകരം അവന്‍ ഗാലറിയെ സന്തോഷിപ്പിക്കാന്‍ നോക്കി,  ഇതാണ് സര്‍ ഇന്ത്യന്‍ ഫുട്ബോളിന്റെ പ്രശ്നം. ഞങ്ങളൊക്കെ കളിക്കുന്ന കാലത്ത് ഇങ്ങനത്തെ മണ്ടത്തരം ഒപ്പിച്ചിരുന്നെങ്കില്‍ കോച്ചിന്‍റെ കൈ ചെകിട്ടത്തു പതിച്ചേനെ....'' ഇടതടവില്ലാതെ  പറഞ്ഞു കൊണ്ടിരുന്നു അയാള്‍. പക്ഷെ ഒന്നും ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നില്ല. കടും ചുവപ്പ് ടീ ഷര്‍ട്ടിനു  മുകളില്‍ വിശാലമായ മാറില്‍  പറ്റിക്കിടന്നിരുന്ന അയാളുടെ ഒഫീഷ്യല്‍ ഐഡന്റിറ്റി കാര്‍ഡിലായിരുന്നു എന്റെ ശ്രദ്ധ മുഴുവന്‍:  ഫോട്ടോയ്ക്കൊപ്പം വടിവൊത്ത അക്ഷരങ്ങളില്‍ ഒരു പേര്: രഞ്ജിത്ത് ഥാപ്പ. ഒരു കാലഘട്ടം മുഴുവന്‍ ആ പേരിനൊപ്പം എന്റെ മനസ്സിലേക്ക് ഇരച്ചുകയറി  വന്നു; നിറഞ്ഞൊഴുകുന്ന സ്റ്റേഡിയങ്ങള്‍; ആവേശത്തിരയിളക്കത്തില്‍ ആടിയുലയുന്ന മുളഗാലറികള്‍. കാതടപ്പിക്കുന്ന ആരവങ്ങള്‍....ഈറ്റപ്പുലിയുടെ ക്രൌര്യത്തോടെ ഈ മനുഷ്യന്‍ പ്രതിരോധ നിരകളെ  പിച്ചിച്ചീന്തുന്നതു  കാണാന്‍ വേണ്ടി മാത്രം മണിക്കൂറുകളോളം സ്റ്റേഡിയത്തിനു പുറത്തു ക്യൂ നിന്ന്  വിയര്‍ത്തൊലിച്ച കാലമുണ്ടായിരുന്നു എന്‍റെ കൌമാരത്തില്‍. ഇന്ത്യന്‍ ഫുട്ബാളിന് `ഉശിരും പുളിയും' ഉണ്ടായിരുന്ന കാലം.

ദല്‍ഹി അംബേദ്‌കര്‍ സ്റ്റേഡിയത്തിലെ  പ്രസ്‌ ബോക്സില്‍ താടിക്ക് കൈകൊടുത്തിരുന്ന് , മുന്നിലെ `നനഞ്ഞ' കളി നോക്കി നെടുവീര്‍പ്പിടുന്ന രഞ്ജിത്ത് ഥാപ്പയെ  കൌതുകത്തോടെ, ആരാധനയോടെ  നോക്കിയിരിക്കെ ഓര്‍മ്മ വന്നത് പഴയൊരു പന്തയത്തിന്റെ കഥയാണ്‌. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ കളിക്കമ്പം കത്തിജ്വലിച്ച ഒരു സായാഹ്നം. ഇന്ദര്‍ സിംഗിന്റെ ജെ സി ടി മില്‍സ് ഒരു വശത്ത്. മറുവശത്ത്‌ മഫത് ലാല്‍. രണ്ടും ഇന്ത്യന്‍ ഫുട്ബാളിലെ ഗ്ലാമര്‍ ടീമുകള്‍.  കളി 80 മിനിറ്റ് പിന്നിടുമ്പോള്‍ മടക്കമില്ലാത്ത രണ്ടു ഗോളിന് മുന്നിലാണ് ഫഗ്വാരയില്‍ നിന്നെത്തിയ സര്‍ദാര്‍ജിമാര്‍. മുന്നേറ്റ നിരയില്‍ ഇന്ദര്‍ കത്തുന്ന ഫോമില്‍. പിന്‍ നിരയില്‍ മഹാമേരുക്കളായി ഗുര്‍ചരണ്‍ സിംഗ് പാര്‍മറും  അമര്‍ജീത് സിംഗ് ഭാട്യയും. നയന മനോഹരമായ  ഇളം നീല ജെഴ്സിക്കുള്ളില്‍ മഫത് ലാല്‍ വിയര്‍ത്തൊഴുകുന്നു.
എല്ലാം തകര്‍ന്നുവെന്നു തോന്നിയ ആ ഘട്ടത്തില്‍, പകരക്കാരനായി രഞ്ജിത്ത് ഥാപ്പ  ഇറങ്ങുന്നു. ചെറുതായൊന്നു മുടന്തിക്കൊണ്ടാണ് വരവ്. കളി തീരാന്‍ കഷ്ടിച്ച് പത്തു മിനുട്ട് മാത്രം. ``ഇനി ആര് വന്നിട്ടെന്തു കാര്യം? കഥ കഴിഞ്ഞില്ലേ'' എന്‍റെ മനസ്സ് മന്ത്രിച്ചു. പക്ഷെ ഗാലറിയില്‍ തൊട്ടടുത്തിരുന്ന കൂട്ടുകാരന്‍ മുസ്തഫ പ്രതീക്ഷ കൈവിട്ടിരുന്നില്ല. ``നീ നോക്കിക്കോ. ഇനിയാണ് കളി. ഈ മത്സരം മഫത് ലാല്‍ തോല്‍ക്കില്ല. ബെറ്റ് വെക്കാനുണ്ടോ ? '' തലേ മത്സരത്തില്‍ പിണഞ്ഞ പരിക്കില്‍ നിന്ന് ഥാപ്പ പൂര്‍ണ വിമുക്തി നേടിയിരുന്നില്ലെന്നു പത്രങ്ങളില്‍  വായിച്ചറിഞ്ഞിരുന്നത്   കൊണ്ട് സംശയിച്ചു നിന്നില്ല : 25 രൂപയ്ക്ക് ബെറ്റ്. ഒരു ബിരിയാണിക്ക് 20 രൂപ മതിയായിരുന്നു അന്ന്.

ബിരിയാണി മസാലയുടെ കൊതിപ്പിക്കുന്ന `ഫ്ലേവര്‍' സ്വപ്നം കണ്ടിരിക്കെ, പന്ത് എങ്ങു നിന്നോ രഞ്ജിത്ത് ഥാപ്പയുടെ  ബൂട്ടുകളില്‍ വന്നണയുന്നു. മധ്യരേഖയ്ക്കു അടുത്തു നിന്ന് സുദീര്‍ഘമായ ഒരു റെയ്ഡിന്റെ തുടക്കം. ആദ്യം ടച്ച്‌ ലൈനിനു സമാന്തരമായി;  പിന്നെ എതിര്‍ വിംഗ് ബാക്കിനെ വെട്ടിച്ചു ബോക്സിന്റെ പാര്‍ശ്വത്തിലൂടെ അപകട മേഖലക്ക് അകത്തേക്ക്. ഉത്സവത്തിനുള്ള ആളുണ്ടവിടെ. ജെ സി ടിയുടെ സ്റ്റോപ്പര്‍ ബാക്കുകളും മധ്യനിരക്കാരും ഉള്‍പ്പെടെ താടിക്കാരുടെ ഒരു പട. ശീലം കൊണ്ടാവണം, ഥാപ്പ നേരെ ഗോളിലേക്ക് വെച്ചലക്കുമെന്നാണ് ടിയാന്മാര്‍ കരുതിയത്‌. തൊട്ടപ്പുറത്ത്‍,  ഞാന്‍ ഈ നാട്ടുകാരനല്ല എന്ന മട്ടില്‍   പതുങ്ങിനിന്ന ഭുപീന്ദര്‍ സിംഗ് റാവത്തിനെ ആരും മാര്‍ക്ക് ചെയ്യാന്‍ ഒരുങ്ങാതിരുന്നതും അത് കൊണ്ട് തന്നെ. തഞ്ചം  നോക്കി രഞ്ജിത്ത് ഥാപ്പ പന്ത് പാര്‍മറുടെ ചുമലിനു മുകളിലൂടെ റാവത്തിനു മുന്നിലേക്ക്‌ ചിപ്പ് ചെയ്യുന്നു. നിലം തൊടും മുന്‍പ് അതടിച്ചു വലയിലാക്കേണ്ട ബാധ്യതയെ ഉണ്ടായിരുന്നുള്ളൂ റാവത്തിന്. ഥാപ്പയുടെ ഷോട്ട് പ്രതീക്ഷിച്ച ജെ സി ടി കീപ്പര്‍ (അത് സുര്‍ജിത് സിംഗ് ആയിരുന്നോ?) റാവത്തിന്റെ അടി കണ്ടതേയില്ല.

 കളിതീരാന്‍ അഞ്ചു  മിനുറ്റ്. ഇത്തവണ  ഡീപ് ഡിഫന്‍സില്‍  നിന്ന്  മറ്റൊരു ആപല്‍ക്കര നീക്കത്തിന്  തുടക്കമിട്ടത്  മമ്പാട്  റഹമാന്‍. പതിവ്  ശൈലിയില്‍  സ്ലൈഡിംഗ്  ടാക്കിളിലൂടെ  ഏറ്റവും അടുത്ത എതിരാളിയെ  മറികടന്ന  ശേഷം റഹ്മാന്‍ പന്ത് അമര്‍ബഹാദൂറിന് നീട്ടുന്നു -- കൃത്യതയാര്‍ന്ന ഒരു ഡയഗണല്‍ പാസ്.  പന്തുമായി ഒന്ന് രണ്ടു മീറ്ററോളം മുന്നോട്ടോടി ബഹാദൂര്‍. ഓടുന്ന ഓട്ടത്തില്‍  വലതു വിങ്ങില്‍ നിന്ന്  ഒരു പറ്റം ഡിഫന്‍ഡര്‍മാര്‍ക്ക്  മുകളിലൂടെ എണ്ണം പറഞ്ഞ ഒരു ക്രോസ്. മിഡ്‌ഫീല്‍ഡില്‍ നിന്ന് അതിനകം എതിരാളികളുടെ കണ്ണ് വെട്ടിച്ചു ബോക്സിലേക്ക് കയറിവന്നിരുന്ന രഞ്ജിത്ത് ഥാപ്പ പറന്നുയര്‍ന്നു പന്തില്‍ തല വെക്കുന്നു. ഗോള്‍! ആഹ്ലാദത്തിന്റെ `അമിട്ട്' മുസ്തു എന്റെ പുറത്താണ് പൊട്ടിച്ചത്; യാതൊരു ദാക്ഷിണ്യവും ഇല്ലാതെ. ധനനഷ്ടവും മാനനഷ്ടവും മിച്ചം.

പഴയ കഥ പങ്കു വച്ചപ്പോള്‍ രഞ്ജിത്ത് ഥാപ്പ സ്വതവേ ഇടുങ്ങിയ കണ്ണുകള്‍ ഒന്ന് കൂടി ഇറുക്കി പൊട്ടിച്ചിരിച്ചു. ``അന്ന് കളി കഴിഞ്ഞു ഞാന്‍ രണ്ടു ദിവസം കിടപ്പിലായി സുഹൃത്തേ. കാലിലെ പരിക്ക് അത്രയും ഗുരുതരമായിരുന്നു..'' ഒരു നിമിഷത്തെ  മൌനത്തിനു ശേഷം ഥാപ്പ കൂട്ടിച്ചേര്‍ത്തു: ``ചെറുപ്പത്തിന്റെ ചോരത്തിളപ്പുള്ള കാലമല്ലേ? കളിയായിരുന്നു എല്ലാം. ബൂട്ടണിഞ്ഞു മൈതാനത്തില്‍ ഇറങ്ങിയാല്‍ പിന്നെ ഒന്നും ഓര്‍മ്മയുണ്ടാവില്ല. ലക്‌ഷ്യം എതിര്‍ ഗോള്‍വലയം മാത്രം.  എനിക്ക് മാത്രമല്ല ശ്യാമിനും (ശ്യാം ഥാപ്പ), ബീര്‍ ബഹാദുരിനും ഭുപിക്കും (ഭുപീന്ദര്‍ റാവത്ത്), അമറിനും (അമര്‍ ബഹാദുരിനും) ഒക്കെ. ഞങ്ങള്‍ എല്ലാം ഒരേ നാട്ടുകാര്‍. ഡെറാഡൂണിലെ   മലഞ്ചരിവുകളില്‍ കളിച്ചു വളര്‍ന്നവര്‍.''

 ഇതേ അംബേദ്‌കര്‍ മൈതാനത്ത് നിന്ന് അര നൂറ്റാണ്ടോളം മുന്‍പ് താനും കൂട്ടരും ചേര്‍ന്ന് തുടങ്ങിവച്ച ഐതിഹാസികമായ ഒരു യാത്രയുടെ കഥ കൂടി പറഞ്ഞു രഞ്ജിത്ത് ഥാപ്പ.  മീശ മുളക്കാത്ത  കുറെ പയ്യന്മാരെ വച്ച്  ഗൂര്‍ഖ ബ്രിഗേഡ്   ചരിത്രത്തില്‍ ആദ്യമായി ഡ്യുറാന്‍ഡ്‌ കപ്പ്‌ നേടിയ കഥ. രോമാഞ്ചദായകമായ ആ വിജയത്തിന്റെ ശില്‍പികളില്‍ ഒരാള്‍ രഞ്ജിത്ത് ഥാപ്പയായിരുന്നു. മുന്നേറ്റ നിരയിലെ വ്യാഘ്രമായ ബിര്‍ഖാ  ബഹാദൂര്‍ നയിച്ച ടീമിലെ  അഞ്ചു പേരെ ഡ്യുറാന്‍ഡ് വിജയത്തിന്റെ ലഹരി കെട്ടടങ്ങും മുന്‍പേ മഫത് ലാല്‍ റാഞ്ചി: രഞ്ജിത്തിനു പുറമേ, ഭുപിന്ദര്‍ റാവത്ത് , അമര്‍ ബഹാദൂര്‍, ടിക്കാറാം ഗുരുംഗ്, ഭോജ് ബഹാദൂര്‍ മല്ല എന്നിവരെയും. ഇന്ത്യൻ ഫുട്ബാളിൽ ഗൂർഖാ യുഗത്തിന്റെ തുടക്കം. അടുത്ത പത്തു പതിനഞ്ചു വര്‍ഷം ഇന്ത്യയില്‍ അങ്ങോളമിങ്ങോളമുള്ള ടൂര്‍ണമെന്റുകളില്‍ മഫത് ലാലിനെ ചുമലിലേറ്റി നടന്നത് ഈ കളിക്കാര്‍ ആയിരുന്നു. 

  പേരിന് ഒരു പരിശീലകന്‍ പോലുമില്ലാതെയാണ് ഗൂര്‍ഖ ബ്രിഗേഡ് ഡ്യുറാന്‍ഡ്‌  കപ്പ്‌ കളിക്കാന്‍ എത്തിയതെന്നോര്‍ക്കുന്നു രഞ്ജിത്ത് ഥാപ്പ. ``സീനിയര്‍ കളിക്കാര്‍ തന്നെയാണ് ഞങ്ങളെ പരിശീലിപ്പിച്ചത്. അലവന്‍സും വളരെ തുച്ഛം. ദിവസം എട്ടു രൂപ.  പരിമിതമായ താമസ സൌകര്യങ്ങളെ ഉണ്ടായിരുന്നുള്ളൂ. പട്ടാള ടീം ആണല്ലോ. പക്ഷെ അതൊന്നും ഞങ്ങളുടെ പോരാട്ട വീര്യത്തെ ബാധിക്കുകയുണ്ടായില്ല. ഒന്നും നഷ്ടപ്പെടാനില്ലായിരുന്നു ഞങ്ങള്‍ക്ക്. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ടീമുകളുമായാണല്ലോ മാറ്റുരക്കേണ്ടത്.''
രഞ്ജിത്ത് ഥാപ്പ
ദുര്‍ബലരായ ന്യൂദല്‍ഹി ഹീറോസിനെ അഞ്ചു ഗോളിന് തകര്‍ത്തായിരുന്നു തുടക്കം. രണ്ടാം റൌണ്ടില്‍ ഇന്ദര്‍ സിംഗിന്റെ ജലന്ധര്‍ ലീഡേഴ്സിനെതിരെ  4 -1 ന്‍റെ അട്ടിമറി വിജയം. മഗന്‍ സിങ്ങും ചെയ്ന്‍ സിങ്ങും ഉള്‍പ്പെട്ട ആര്‍ എ സി ബിക്കാനീര്‍ ആയിരുന്നു പ്രീ- ക്വാര്‍ട്ടറിലെ എതിരാളി. ആദ്യം ഏറ്റുമുട്ടിയപ്പോള്‍ മത്സരം 1 - 1 നു സമനിലയില്‍. പക്ഷെ റീപ്ലേയില്‍ കളി മാറി. ഗൂര്‍ഖകള്‍ മടക്കമില്ലാത്ത എട്ടു ഗോളിന് രാജസ്ഥാന്‍കാരെ പൊരിച്ചുകളഞ്ഞു. ക്വാര്‍ട്ടറില്‍ മുഹമ്മദന്‍സിനെ 4 - 0 നും സെമിഫൈനലില്‍ പ്രബലരായ മോഹന്‍ ബഗാനെ 2 - 0 നും കീഴടക്കിയ ഗൂര്‍ഖാ ടീം ഫൈനലില്‍ സിഖ് റജിമെന്റല്‍ സെന്ററിന്റെയും കഥകഴിച്ചു. എതിരില്ലാത്ത ഒരു ജോഡി ഗോളുകള്‍ക്കായിരുന്നു വിജയം

ജര്‍ണയില്‍ സിങ്ങും ചന്ദേശ്വര്‍ പ്രസാദും കണ്ണനും അരുമനായകവും കളിച്ച ബഗാനെതിരെ ആയിരുന്നു ഏറ്റവും ഉഗ്രമായ പ്രകടനം എന്നോര്‍ക്കുന്നു രഞ്ജിത്ത് ഥാപ്പ. ``വണ്‍ ടച്ച് ഫുട്ബോളിന്റെ കാലമാണ്. ഇടവേളയ്ക്കു ശേഷം അവര്‍ ഞങ്ങള്‍ക്ക് പിറകെ ഓടിത്തളര്‍ന്നു. ഭുപിയുടെ ആദ്യ ഗോള്‍ ആയിരുന്നു ശരിക്കും ക്ലാസിക്. ബിര്‍ഖാ ബഹാദുരിന്റെ എണ്ണം പറഞ്ഞ ക്രോസ്സില്‍, വായുവില്‍ നീന്തിക്കൊണ്ട് തലവെക്കുകയായിരുന്നു ഭുപി. ജര്‍ണയിലും ഇന്റര്‍നാഷണല്‍ ഗോള്‍ക്കീപ്പര്‍ പ്രദ്യുത് ബര്‍മ്മനും അന്തം വിട്ടു നോക്കിനിന്നു.''   ടൂര്‍ണമെന്റിലെ താരം ഭുപീന്ദര്‍ സിംഗ് റാവത്ത് തന്നെ. ഒരു ഡസന്‍ ഗോളാണ് റാവത്ത് സ്വന്തം പേരില്‍ കുറിച്ചത്. അന്നതൊരു ഡ്യുറാന്‍ഡ്‌ റെക്കോര്‍ഡ്‌ ആയിരുന്നു.
 
ദൽഹി ഫുട്ബോൾ അസോസിയേഷന്റെ കോച്ചാണ് ഇപ്പോൾ രഞ്ജിത്ത് താപ്പ. ഒപ്പം കളിച്ചവർ പലരും ഓർമ്മയായിരിക്കുന്നു. ജീവിച്ചിരിക്കുന്നവർ വാർധക്യത്തെയും അനാരോഗ്യത്തെയും ``ടാക്ക്ൾ'' ചെയ്യുന്ന തിരക്കിലാണ്. ``ഒരു കാലത്ത് ഇന്ത്യൻ ഫുട്ബാളിന്റെ കളിത്തൊട്ടിലുകളിൽ ഒന്നായിരുന്നു ഡെറാഡൂണ്‍. എത്രയെത്ര താരങ്ങൾ കളിച്ചു വളർന്ന മണ്ണാണ്-- അമർ ബഹാദുർ, രാം ബഹാദുർ, ചന്ദൻ സിംഗ്, രത്തൻ ഥാപ്പ, ശ്യാം ഥാപ്പ, ഭുപീന്ദർ റാവത്ത് .... 1937 ൽ തുടങ്ങിയതാണ്‌ ഡെറാഡൂണ്‍ ലീഗ് ചാമ്പ്യൻഷിപ്പ്. അത്രയും പഴക്കമുള്ള ജില്ലാ ലീഗ് ഫുട്ബാൾ ടൂർണമെന്റുകൾ ഇന്ത്യയിൽ തന്നെ വിരളം.  അതൊരു കാലം. ഇന്നിപ്പോൾ പേരിനു പോലുമില്ല ഡെറാഡൂണിൽ ഫുട്ബാൾ. പന്ത് തട്ടാൻ മൈതാനങ്ങൾ പോലുമില്ല.'' രഞ്ജിത്ത് ഥാപ്പയുടെ വാക്കുകളിൽ ഒരു നെടുവീർപ്പ് വന്നു നിറയുന്നു.
     
ശ്യാം ഥാപ്പ
ശ്യാംഥാപ്പയെ എങ്ങനെ മറക്കാനാകും? ശ്യാമും രഞ്ജിത്തും ജ്യേഷ്ഠനുജന്മാർ ആണെന്ന് വിശ്വസിച്ചിരുന്നു ഒരു കാലത്ത്. പിന്നെയറിഞ്ഞു രക്തബന്ധത്തോളം തീവ്രമായ മറ്റൊരു പൊതുഘടക മുണ്ടായിരുന്നു അവർക്കിടയിലെന്ന് -- ഗോൾദാഹം.   1970 കളിലെ  ദേശീയ ടീമിന്റെ മുന്നേറ്റ നിരയിലെ വാഘ്രങ്ങൾ ആയിരുന്നു ഇരുവരും. ഇന്ത്യൻ ഫുട്ബാളിലെ എക്കാലത്തെയും സുന്ദരമായ ഗോളുകളിൽ ചിലത് പിറന്നുവീണത് ശ്യാം ഥാപ്പയുടെ ബൂട്ടിൽ നിന്നാണ്. 1978  ലെ കൊൽക്കത്ത ഫുട്ബാൾ ലീഗിൽ ഈസ്റ്റ്‌ ബംഗാളിനെതിരെ മോഹൻ ബഗാന് വേണ്ടി നേടിയ ആ സിസേഴ്സ് കിക്ക് ഗോൾ എങ്ങനെ മറക്കും? സുഭാഷ്‌ ഭൌമിക്കിന്റെ എണ്ണം പറഞ്ഞ ഒരു ക്രോസ്സിൽ  പെനാൽറ്റി ഏരിയയുടെ പുറത്തു നിന്ന് ചാടിയുയർന്നു തലവെക്കുന്നു ഹബീബ്. ഹെഡ്ഡർ നേരെ ചെന്നത് ബോക്സിൽ മാർക്ക് ചെയ്യപ്പെടാതെ നിന്നിരുന്ന ശ്യാമിന് മുന്നിലേക്ക്‌.

``ഈസ്റ്റ്‌ ബംഗാൾ പോസ്റ്റിനു മുഖം തിരിഞ്ഞു നിൽക്കുകയാണ്  ഞാൻ.  പന്ത് ഏതു  നിമിഷവും മുന്നിൽ  വന്നു വീഴാം. നിലത്തു വീണു ബൌണ്‍സ് ചെയ്‌താൽ പിന്നെ 50-50 സാധ്യതയേയുള്ളൂ. അതിനു മുൻപേ എങ്ങനെ പന്ത് നിയന്ത്രിച്ചെടുക്കാം എന്നായിരുന്നു അപ്പോൾ എന്റെ നോട്ടം.  പിന്നിൽ പ്രതിരോധ ഭിത്തി പടുത്തുയർത്തുന്ന തിരക്കിലാണ്  ഈസ്റ്റ്‌ ബംഗാൾ കളിക്കാർ.  പിന്നൊന്നും ചിന്തിച്ചില്ല. നിന്ന നിൽപ്പിൽ ഉയർന്ന് ചാടി പന്ത് വലംകാൽ കൊണ്ട് തലയ്ക്കു മുകളിലൂടെ വലയിലേക്ക് തൊടുത്തു. പുറം തിരിഞ്ഞുള്ള ആ ഷോട്ട് ഗോൾകീപ്പർ ഭാസ്കർ ഗാംഗുലി ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.    ഗ്രൗണ്ടിൽ മലർന്നടിച്ചു വീണതും കൂട്ടുകാർ ഓടിയെത്തി എന്നെ പൊതിഞ്ഞതും ഒരുമിച്ചായിരുന്നു. എന്റെ ഷോട്ട് ഗോളായി എന്ന് തിരിച്ചറിഞ്ഞത് അപ്പോഴാണ്‌.'' ശ്യാമിന്റെ വാക്കുകൾ.         
                   
അങ്ങനെ എത്രയെത്ര ഗോളുകൾ. കാലമേറെ ആയിരിക്കുന്നു കളിക്കളത്തിൽ ഒരു ഗൂർഖയുടെ  വീരഗാഥ കേട്ടിട്ട്. (സിരകളിലോടുന്നത് നേപ്പാളി രക്തമെങ്കിലും സെക്കന്തരാബാദുകാരൻ ആണല്ലോ സുനിൽ ഛെത്രി).  ഡെറാഡൂണിൽ  ഇപ്പോൾ പഴയപോലെ ഗോളുകളും ഗോളടിക്കാരും പിറക്കുന്നില്ല. കളിയുടെ ചൂടും പുകയും കെട്ടടങ്ങിയിരിക്കുന്നു അവിടെ. ഫുട്ബോൾ ലഹരി നുരഞ്ഞുപതഞ്ഞിരുന്ന   നഗരവഴികളിലും നാട്ടുവഴികളിലും  ഇന്നൊഴുകുന്നത്‌ വിപ്ലവത്തിന്റെ  ലഹരി; ഒപ്പം മയക്കുമരുന്നിന്റെയും. . അധിനിവേശങ്ങൾക്കെതിരായ ധീരമായ ചെറുത്തുനിൽപ്പിന്റെ പ്രതീകമായിരുന്ന  കുക്രി എന്ന ആ മൂർച്ചയേറിയ കത്തി പോലെ, തെരായ് എന്ന് പേരുള്ള ആ തലയെടുപ്പുള്ള  കാക്കിത്തൊപ്പി പോലെ, ഗൂർഖയുടെ ജീവിതത്തിൽ നിന്ന് മാഞ്ഞുകൊണ്ടിരിക്കുന്നു ഫുട്ബാൾ; ഫുട്ബാളിന്റെ ആകാശത്തു നിന്ന് ഗൂർഖയും.


Tags: Ravi Menon, Shyam Thapa, Renjith Thapa, Indian Football,JCT Mills, Inderr Singh


COMMENTS


Name

Badminton,6,Cricket,30,Football,335,Other Sports,46,SG Special,132,Sports,200,Tennis,7,Volleyball,3,
ltr
item
Sports Globe: ഗോളിന് ദാഹിച്ച ഗൂർഖകൾ 
ഗോളിന് ദാഹിച്ച ഗൂർഖകൾ 
https://2.bp.blogspot.com/-lYI3Ymr_IQw/Wu49vpoCSrI/AAAAAAAAAMo/l_mEe8AaWyQORKrX1QKMvQk6r7nD1091wCLcBGAs/s640/Ranjit%2BThapa.jpg
https://2.bp.blogspot.com/-lYI3Ymr_IQw/Wu49vpoCSrI/AAAAAAAAAMo/l_mEe8AaWyQORKrX1QKMvQk6r7nD1091wCLcBGAs/s72-c/Ranjit%2BThapa.jpg
Sports Globe
http://www.sportsglobe.in/2018/05/article-by-ravi-menon-on-ranjith-thapa.html
http://www.sportsglobe.in/
http://www.sportsglobe.in/
http://www.sportsglobe.in/2018/05/article-by-ravi-menon-on-ranjith-thapa.html
true
4357620804987083495
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy