Let the kids be kids! Grassroots football must be simple, existing and rewarding for children നിർമ്മൽ ഖാൻ കുതിക്കുകയാണ് ഫുട്ബോൾ ലോകം. ...
Let the kids be kids!നിർമ്മൽ ഖാൻ
Grassroots football must be simple, existing and rewarding for children
കുതിക്കുകയാണ് ഫുട്ബോൾ ലോകം. കളിയും പരിശീലനവും കളിത്തട്ടുമൊക്കെ അതിവേഗം നവീകരിക്കപ്പെടുന്നു. കാൽപ്പന്തിന്റെ ഈ പെരുംപാച്ചിലിന് മുന്നിൽ നെടുവീർപ്പിട്ട് മാറിനിന്ന ഇന്ത്യയിപ്പോൾ ഒപ്പം നടക്കാൻ തുടക്കിയിരിക്കുന്നു. കേരളവും ഇതിൽ നിന്ന് വ്യത്യസ്തമല്ല. മുൻപില്ലാത്തവിധം കാൽപ്പന്ത് കളിക്ക് സ്വീകാര്യത കിട്ടുന്ന കാലമാണിപ്പോൾ. ഇതുകൊണ്ടുതന്നെ കൂണുപോലെയാണ് ഫുട്ബോൾ അക്കാഡമികൾ നാടൊട്ടുക്ക് നിറയുന്നത്.
ചെറുപ്രായത്തിലെ പ്രതിഭകളെ കണ്ടെത്തി, അവരിലെ കഴിവുകള്‍ തിരിച്ചറിഞ്ഞ്, തേച്ച് മിനുക്കി നല്ല കളിക്കാരായി വളർത്തുക. പ്രായത്തിന് അനുസരിച്ച ശിക്ഷണത്തിലൂടെ കൊഴിഞ്ഞുപോക്ക് ഇല്ലാതാക്കുക. ചൈനീസ് സർക്കാരൊക്കെ ലക്ഷ്യമിടുന്നതുപോലെ സമഗ്ര കാഴ്ചപ്പാടോ പദ്ധതികളോ ഇല്ലെങ്കിലും കേരളത്തിലെ
അക്കാഡമികളുടെ ശ്രമങ്ങൾ സന്തോഷം തരുന്ന കാര്യമാണ്. ആഘോഷമായി ഇന്ത്യൻ ഫുട്ബോളിലേക്ക് കാലെടുത്തുവച്ച ഐ എസ് എൽ ടീമുകൾക്കുപോലും കൃത്യമായ അക്കാഡമി സംവിധാനങ്ങൾ ഇല്ലാത്ത പശ്ചാത്തലത്തിൽ പ്രത്യേകിച്ചും. അക്കാഡമികളുളള ടീമുകളുടെ പ്രവർത്തനങ്ങളാവട്ടെ പേരിനുമാത്രമുള്ള കെട്ടുകാഴ്ചയാവുന്നു.
നാളെയുടെ താരങ്ങളെയാണ് അക്കാഡമികളിലൂടെ വളർത്തിയെടുക്കുന്നത്. ഇവർക്ക് നൽകേണ്ടത് ശാസ്ത്രീയവും സന്തുലിതവുമായ പരിശീലനമാണ്. ഈ ലക്ഷ്യത്തിലേക്ക് നോക്കുന്പോൾ സ്വാഭാവികമായും കേരളത്തിലെ അക്കാഡമികളിലേക്ക് നോക്കിപ്പോകും. ഇങ്ങനെയാണോ ഇവ പ്രവർത്തിക്കുന്നതെന്ന സംശയം ഉണരും. ഗ്രാസ്റൂട്ട് മാർഗനിർദേശങ്ങൾക്ക് അനുസരിച്ചാണോ അക്കാഡമികൾ പ്രവർത്തിക്കുന്നത്?. ഇവിടങ്ങളിലെ പരിശീലകർക്ക് കുട്ടികളെ പരിശീലിപ്പിക്കാനുള്ള ശരിയായ ശിക്ഷണം കിട്ടിയിട്ടുണ്ടോ?. കാരണം, ഹോമിയോ ഡോക്ടറുടെ സഹായിയായി നിന്ന് ഏറെ വൈകാതെ സ്വയംപ്രഖ്യാപിത ഡോക്ടറായ ആളെ എനിക്കറിയാം, നമ്മുടെ സ്വന്തം കൊച്ചിയിൽ.
മനുഷ്യരുടെ ജീവന് വിലകൽപ്പിക്കാത്തവർ ഫുട്ബോൾ പരിശീലനത്തിൽ മാന്യത കാണിക്കുമോ?. ഇല്ലെന്നുതന്നെ വേണം കരുതാൻ. കേരളത്തിലെ മിക്ക അക്കാഡമികളുടെയും അവസ്ഥ ഇതാണ്. പഴയ തഴന്പിന്റെ ബലത്തിൽ കോച്ചായവരാണ് പല അക്കാഡമികളുടെയും അമരത്ത്. ഇവരുടെ പഴഞ്ഞൻ കളിശീലങ്ങളുമായി ചേർന്നുനിൽക്കുന്നതല്ല, ഗ്രാസ്റൂട്ട് സംവിധാനം. ഇതുകൊണ്ടുതന്നെ കാലഹരണപ്പെട്ട പരിശീലകരുടെ ശിക്ഷണം കിട്ടുന്ന കുട്ടികളിൽ നിന്ന് കാര്യമായൊന്നും പ്രതീക്ഷിക്കാനാവില്ല. കുട്ടികളുടെ കുഴപ്പമല്ല, അവർക്ക് പകർന്നുകിട്ടുന്ന ശീലങ്ങളുടെയും അറിവിന്റെയും കുഴപ്പമാണത്.
![]() |
സെപ്റ്റിലെ കുട്ടികൾ പരിശീലനത്തിൽ |
ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ ധനസഹായത്തോടെയാണ് 2008ൽ വിഷൻ ഇന്ത്യ പദ്ധതിക്ക് തുടക്കമാവുകന്നത്. കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട ജില്ലകളിലായിരുന്നു പദ്ധതി നടത്താന്‍ തീരുമാനിച്ചത്. ഇതിനായി സ്കൂളുകളിലെ കായിക അദ്ധ്യാപകര്‍ മുതല്‍ മുതിര്‍ന്ന കളിക്കാരെ വരെ തിരഞ്ഞെടുത്തു. അവശ്യമായി പരിശീലനം നൽകി. എന്നാൽ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ പതിവ് തനിഗുണം കാണിച്ചു. വേണ്ടവിധം നോക്കിനടത്താതെ ഇന്ത്യൻ ഫുട്ബോളിലെ മേലാളൻമാർ കസേരകളിൽ അഭിരമിച്ചപ്പോൾ രണ്ടുവർഷത്തിന് ശേഷം എ എഫ് സി പദ്ധതി പിൻവലിച്ചു. വിഷൻ ഇന്ത്യ പദ്ധതി കുത്തഴിഞ്ഞുവെന്നും പ്രഖ്യാപിത ലക്ഷ്യങ്ങളുടെ അരികിൽപ്പോലും എത്തില്ലെന്ന് മനസ്സിലാക്കിയായിരുന്നു എ എഫ് സിയുടെ നടപടി. കാലഹരണപ്പെട്ട പഴയ കളിക്കാരെയും പരിശീലരെയും പദ്ധതിയിലേക്ക് കെട്ടി ഇറക്കിയതായിരുന്നു പദ്ധതി പൊളിയാനുള്ള പ്രധാന കാരണം.
വലിയൊരു പദ്ധതി പൊളിഞ്ഞ് പാളീസായതിന് ശേഷമാണ് എ ഐ എഫ് എഫ് ഇന്ത്യയിൽ പരിശീലകർക്ക് ഡി ലൈസൻസ് തുടങ്ങുന്നത്. ഗ്രാസ്റൂട്ട് കുട്ടികളെ എങ്ങിനെ ശാസ്ത്രീയമായി പരിശീലിപ്പിക്കണമെന്ന് കൃത്യമായി പഠിപ്പിക്കുന്ന കോഴ്സാണിത്. ഇതില്ലാതെ , പഴയ തഴന്പുമായി ചെറിയകുട്ടികളെ പരിശീലപ്പിച്ചാൽ വിപരീതഫലം ഉണ്ടാവുന്നതിൽ അത്ഭുതമില്ല. ഉദാഹരണത്തിന് തൊണ്ണൂറുകളിലെ ഒരുതാരത്തെയെടുക്കാം. അയാൾ കേരളത്തിനും സ്വന്തം ടീമിനോ ക്ലബിനോ മികവ് തെളിയിച്ചിട്ടുമുണ്ടാവും. ഈതാരത്തെ പരിശീലിപ്പിച്ചിട്ടുണ്ടാവുക എൺപതുകളിലേയോ, എഴുപതുകളിലേയോ മുൻതാരമായിരിക്കും. അയാളുടെ പരിശീലന രീതികൾ കിട്ടിയതാവട്ടെ അൻപതുകളിലോ അറുപതുകളിലോ കളിച്ചവരിൽ നിന്നായിരിക്കും. ഇങ്ങനെ കൈമാറിക്കിട്ടിയ പഴഞ്ഞൻ കളിയാണോ കുട്ടികൾക്ക് പകർന്നുനൽകേണ്ടത്. ഇങ്ങനെ കാലഹരണപ്പെട്ട ഫുട്ബോൾ ശീലങ്ങളുള്ള ഒരാൾക്ക് ഗ്രാസ്റൂട്ടിൽ എങ്ങനെ ശിക്ഷണം നൽകാനാവും?. ഒറ്റശ്വാസത്തിൽ ഉത്തരം പറയാം, സാധ്യമല്ല, ഒരിക്കലും സാധ്യമല്ല.
ഗ്രാസ്റൂട്ട് പരിശീലനത്തിനുള്ള അടിസ്ഥാന യോഗ്യതയായ ഡി ലൈസൻസ് കോഴ്സ് അഞ്ച് ദിവസം നീണ്ടുനിൽക്കുന്നത്. കുട്ടികളെ ഫുട്ബോളുമായി പ്രണയത്തിലാക്കുക എന്നതിനാണ് ഇവിടെ പ്രധാനം. അല്ലാതെ കടുകട്ടി പരിശീലന മുറകളല്ല. തളരും വരെ ഗ്രൗണ്ടിന് ചുറ്റും ഓടിക്കുന്നതോ, സിസർകട്ട് പരിശീലനമോ ,പന്ത് തട്ടി മിടുക്കുകാട്ടുന്നതോ അല്ല ഗ്രാസ്റൂട്ട്. കണ്ടുശീലിച്ച, അനുഭവിച്ച കണ്ണ് ഉരുട്ടിക്കാണിക്കുന്ന പരിശീലകരെയല്ല ഗ്രാസ്റൂട്ടിന് ആവശ്യം. കുട്ടികളെ ഫുട്ബോളിലേക്ക് ആകര്‍ഷിക്കുക. കളിയോടുള്ള ആഭിമുഖ്യം പരിശീലനത്തിന്റെ വിവിധ ഘട്ടങ്ങളില്‍ നിലനിര്‍ത്തുക. ഇത് ശാശ്ത്രീയ അടിത്തറയിൽ വേരൂന്നിയുള്ളതാണെന്ന് ഉറപ്പാക്കുക. ഇങ്ങനെയുള്ള പരിശീലനമുറയാണ് ഓരോ അക്കാഡമിക്കും ഉണ്ടായിരിക്കേണ്ടത്.
കളിയോടുള്ള ഇഷ്ടമുണ്ടാക്കുക, അത് നിലനിർത്തുക എന്നത് എളുപ്പമുള്ള കാര്യമല്ല. തുടക്കത്തിലേ കഠിനമുറകൾ നൽകിയാൽ അവർ കളിയെ വെറുക്കുമെന്ന് ഉറപ്പ്. പകരം അവർക്ക് ആസ്വദിക്കാൻ കഴിയുന്ന ഫൺ ഗെയിം ആണ് പരിശീലനത്തിൽ നിറയേണ്ടത്. ഇതിൽ പ്രായത്തിനൊത്ത് കളിയും വേഗവും ആരോഗ്യവും മെച്ചപ്പെടുത്തുന്ന പൊടിക്കൈകൾ കൂട്ടിച്ചേർക്കണം. ഇഷ്ടപ്പെട്ട് കളിക്കാൻ തുടങ്ങുന്നതോടെ കുട്ടികൾ അടുത്ത ദിവസങ്ങളിൽ കൂടുതൽ ആത്മവിശ്വാസത്തോടെയും സന്തോഷത്തോടെയുമാണ് പരിശീലനത്തിന് എത്തുക.
കോച്ച്, കുട്ടി എന്നിവരിലൊതുങ്ങുന്നതല്ല ഗ്രാസ്റൂട്ട്. മാതാപിതാക്കൾക്കും വലിയ പങ്കാണുള്ളത്. ഇത് പരിശീലകർ കൃത്യമായി മാതാപിതാക്കളെ ധരിപ്പിക്കാറുണ്ട്. കാരണം ശരിയായ ഗ്രാസ്റൂട്ട് പരിശീലനം കിട്ടിയ കുട്ടി പന്തുമായിട്ടായിരിക്കും ചിലപ്പോൾ വീട്ടിലേക്കെത്തുക. ചിലപ്പോൾ പന്ത്ചേർത്തുപിടിച്ചായിരിക്കും ഉറങ്ങുക. ഇവയൊന്നും നിരുത്സാഹപ്പെടുത്തരുതെന്ന് പരിശീലകൾ മാതാപിതാക്കൾക്ക് മുന്നറിയിപ്പ് നൽകാറുണ്ട്. ഇതവർ വീടുകളിൽ പാലിക്കപ്പെടുന്നതോടെ പുതിയൊരു സംസ്കാരത്തിന് കൂടിയാണ് തുടക്കമാവുന്നത്.
ഡി ലൈസൻസ് എന്ന കോഴ്സിനെ അകാരണമായി വാഴ്ത്തുകയോ പുകഴ്ത്തുകയോ അല്ല. യാഥാർഥ്യം ചൂണ്ടിക്കാട്ടുന്നുവെന്ന് മാത്രം. കാരണം, ഓരോ കോഴ്സിനും ഓരോ ലക്ഷ്യമുണ്ട്, സ്വഭാവമുണ്ട്. ആ സ്വഭാവത്തിലൂടെ ലക്ഷ്യത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടാത്തവർ പരിശീലകനായാലും ജീവിതത്തിന്റെ മറ്റേത് മേഖലയിലായാലും ഗുണമുണ്ടാവില്ല. ഇത്തരം കാലഹരണപ്പെട്ട പരിശീലകർ മാത്രമാണ് കേരളത്തിൽ ഉള്ളതെന്ന് സ്ഥാപിക്കാനുള്ള ശ്രമമല്ലിത്. മറിച്ച് ഇങ്ങനെയുള്ളവർ ഒട്ടുംകുറവല്ലെന്ന് ബോധ്യപ്പെടുത്താനുള്ള എളിയ ശ്രമമാണ്. പണ്ടുപഠിച്ച കാര്യങ്ങൾ ആവർത്തിച്ച് കാലത്തിനൊപ്പം നടക്കാത്തവർ മാറുകതന്നെ ചെയ്യണം, കാലത്തിനൊപ്പം നടക്കുന്നവർക്കായി. ഒരുപക്ഷേ, അതായിരിക്കും കേരള ഫുട്ബോളിന് നിങ്ങൾ ചെയ്യുന്ന ഏറ്റവും വലിയ സംഭാവന. അല്ലാതെ പഴയ തഴന്പുള്ള തനിക്ക് ശേഷം പ്രളയമെന്ന് വിശ്വസിക്കരുത്.
തീർന്നില്ല, ഓരോകുട്ടിയെയും പരിചരിക്കേണ്ട കാര്യത്തിലും പരിശീലകർക്ക് ദീർഘവീക്ഷണം അവശ്യമാണ്. ഒരുകുട്ടി അസാധാരണ മികവ് പുലർത്തിയാൽ, അക്കാഡമിയുടെ പരിശീലനമുറകളെക്കാൾ പ്രാഗൽഭ്യം കാണിച്ചാൽ അവനെ അടുത്ത തലത്തിലേക്ക് നയിക്കണം. അവന്റെ വളർച്ചയാണ് ആഗ്രഹിക്കുന്നതെങ്കിൽ, അവന്റെ ഉയർച്ചയിൽ അഭിമാനിക്കുന്നുവെങ്കിൽ കൂടുതൽ നല്ല പരിശീലനം ലഭ്യമാക്കണം. ഇതിനായി, ആ കുട്ടിക്ക് അനുയോജ്യ പരിശീലനകേന്ദ്രം കണ്ടെത്തി നൽകണം, കളിക്കാർക്കും പരിശീലകർക്കും മാതൃകയാവണം. അല്ലാതെ ആ കുട്ടിയെ സ്വന്തം അക്കാഡമിയിൽ തളച്ച് , കാലിലെ കളി മുരടിപ്പിക്കുകയല്ല വേണ്ടത്.
എല്ലാവരേയും അടച്ചാക്ഷേപിക്കാനല്ല ഈ കുറിപ്പ്. നന്നായി അക്കാഡമികൾ നടത്തുന്നവരെ ഹൃദയംകൊണ്ട് അഭിനന്ദിക്കുകയാണ്. നിങ്ങളിലൂടെയാണ് കേരള ഫുട്ബോളിൽ പുതുവസന്തം പിറക്കാനിരിക്കുന്നത്. സമീപകാലത്ത് പലകള്ളനാണയങ്ങളേയും അക്കാഡമികളുടെ പേരിൽ നേരിട്ട് കണ്ടതിന്റെ വേദനയിൽ മാത്രമാണീ പ്രതികരണം. വലിയ പ്രതീക്ഷയോടെ, വിശ്വാസത്തോടെയാണ് കുരുന്നകളെ മാതാപിതാക്കൾ ഓരോ അക്കാഡമിയിലേക്ക് പറഞ്ഞുവിടുന്നത്. അവരുടെ വിശ്വാസത്തെ, പ്രതീക്ഷയെ , ഫുട്ബോളിനോടുള്ള സ്നേഹത്തെ കബളിപ്പിക്കരുത്. അപേക്ഷയാണ്, തഴന്പല്ല സർ, ഗ്രാസ്റൂട്ട് പരിശീലനം.
Tags: Nirmal Khan, Grassroot Football, Football Coaching, Kerala Football, Football Academy, Kerala Blasters, Indian Football, Indian Super League
COMMENTS