പഴയ തഴമ്പിൽ ഊറ്റം കൊള്ളുന്ന കേരള ഫുട്ബോളിൽ സംഭവിക്കുന്നത് എന്താണ്. ഗ്രാസ്റൂട്ട് മുതൽ കേരള പ്രീമിയർ ലീഗ് വരെയുള്ള കളികൾ വിശകലനം ചെയ്ത് കേരള...
പഴയ തഴമ്പിൽ ഊറ്റം കൊള്ളുന്ന കേരള ഫുട്ബോളിൽ സംഭവിക്കുന്നത് എന്താണ്. ഗ്രാസ്റൂട്ട് മുതൽ കേരള പ്രീമിയർ ലീഗ് വരെയുള്ള കളികൾ വിശകലനം ചെയ്ത് കേരള ഫുട്ബോളിലെ ദയനീയാവസ്ഥ തുറന്നുകാട്ടുകയാണ് ഫൈസൽ കൈപ്പത്തൊടിഫൈസൽ കൈപ്പത്തൊടി
പതിനാല് വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ കേരളം 2018ൽ സന്തോഷ് ട്രോഫി ചാമ്പ്യന്മാരായി. തലമുറകളായി കേരളത്തിലെ കാൽപ്പന്ത് പ്രേമികളുടെ ജീവവായുവായ സന്തോഷ് ട്രോഫി വിജയം നമ്മുടെ ഫുട്ബോള്‍ കളിയുടെ സമവാക്യങ്ങളെ ഗുണപരമായ രീതിയില്‍ സ്വാധീനിക്കുന്നുണ്ടോ ? സന്തോഷ് ട്രോഫി വിജയം കളിക്കാരുടെ ജീവിതത്തിൽ വലിയമാറ്റങ്ങൾ ഉണ്ടാക്കിയെങ്കിലും ടൂര്‍ണമെന്റിലെ ഒന്നോ രണ്ടോ കളികളൊഴികെ എല്ലാം കണ്ട അനുഭവത്തില്‍ എൻറെ ഉത്തരം ഇല്ല എന്നാണ്.
![]() |
ഫൈസൽ കൈപ്പത്തൊടി |
ഫുട്ബോള്‍ സമഗ്രതന്ത്രങ്ങളാൽ മാത്രം ചിട്ടപ്പെടുത്തിയ കളിയാണ്. കോച്ചും , അസിസ്റ്റന്‍സുമാണ് ഗെയിംപ്ലാനുകള്‍ തയ്യാറാക്കേണ്ടത്. 2002 ലോകകപ്പിൽ അതുവരെ വലിയ യൂറോപ്യന്‍ പരിചിതത്വമില്ലാത്ത ദക്ഷിണ കൊറിയയെ ഗസ് ഹിഡിങ്ക് എന്ന കോച്ച് എത്തിച്ചതെവിടെയാണ് ?. ഇതിനാല്‍ നമ്മുടെ നാട്ടില്‍ ആദ്യമായി സമൂലമായ വിപ്ലവം സംഭവിക്കേണ്ടത് ' കോച്ചിങ് ഫിലോസഫി'യിലാണ്. ഏത് ടാക്റ്റിക്സില്‍ കളിക്കണം , എങ്ങനെ നല്ല ഫുട്ബോള്‍ കളിക്കാം, തന്റെ ഫിലോസഫിക്കനുയോജ്യമായ പൊസിഷനുകള്‍ എങ്ങനെ നിര്‍മിക്കാം, എതിര്‍ടീമുകളെ പഠിച്ച് തതുല്യമായ ഫോര്‍മാറ്റ് ചെയ്ഞ്ചുകള്‍ എങ്ങനെ ഉള്‍പ്പെടുത്താം എന്നിവയെയെല്ലാം അടിസ്ഥാനപ്പെടുത്തി ഒരു ടീമിനെ ചിട്ടപ്പെടുത്തുന്ന ഒരു ' ഫിലോസഫിക്കല്‍ വേ ഓഫ് കോച്ചിങ് ' കേരളഫുട്ബോളില് കാണാനാവുന്നില്ല എന്നത് ഒരു നഗ്നസത്യമാണ്.
ഫുട്ബോൾ കൈവിട്ട കെ എഫ് എയും; ആർക്കും വേണ്ടാത്ത ലീഗുകളും
കെ പി എല്ലിൽ ആയാലും, ഡിവിഷന് ലീഗുകളിലായാലും, ഐ ലീഗിലായാലും, പ്രായഗ്രൂപ്പ് ലീഗുകളിലായാലും ജയിക്കുക, അല്ല എങ്ങനേയും കളി ജയിക്കുക എന്ന ലക്ഷ്യത്തിൽ അധിഷ്ടിതമായ ഗെയിം പ്ലാനുകളാണ് കാണുന്നത്. നിലവാരമുള്ള കളിക്കാർ ഇല്ലാത്തതല്ല, അവരെ നിലവാരമുള്ള കളിയിലേക്ക് കൊണ്ട് വരുന്നില്ല എന്നതാണ് പ്രധാനം. ഒരുപക്ഷേ 80കളിലും, 90കളിലും പുതിയ നൂറ്റാണ്ടിന്റെ തുടക്കത്തിലും നമ്മള് കണ്ടാസ്വദിച്ചിരുന്ന, ആരവമുയരുന്ന നിറഞ്ഞ ഗാലറികള്‍ കേരളഫുട്ബോളില് നിന്ന് മാറി പോയതിന്റെ ഏറ്റവും വലിയ കാരണവും ഒരു പക്ഷെ ഈ എങ്ങനെയും ജയിക്കൽ ലക്ഷ്യവും കളിയുമാണ്.മാറ്റം അനിവാര്യം
വിരസമായ വിജയതന്ത്രത്തെ പുനഃനിര്വചിച്ച് ക്വാളിറ്റി ടാക്റ്റിക്സ് എന്നാക്കുകയാണ് ആദ്യം വേണ്ടത്. ടീം ഫിസിയോ എന്ന വളരെ പ്രധാനപ്പെട്ട ഘടകം നമ്മുടെ പലക്ലബുകൾക്കും അക്കാഡമികൾക്കും കേട്ടുകേൾവി മാത്രമാണ്. മത്സരത്തിനിടെ വീണാല്‍ ഓടിവരുന്ന ഒരാള്‍ മാത്രമായി ഫിസിയോയെ നമ്മൾ ചരുക്കിയിരിക്കുന്നു. കളിക്കാരൻറെ പൊസിഷന്‍ ആവശ്യപ്പെടുന്ന ഡിമാന്റ് ട്രെയ്നിങ്, ന്യൂട്രീഷ്യന്‍ എന്നിവയെ കുറിച്ച് ചിന്തിക്കുന്ന അക്കാഡമികളും ക്ലബുകളും നമുക്കില്ലെന്നതും വിസ്മരിക്കാനാവില്ല. ഇതിനൊക്കെ ' ഭീമമായ ഫണ്ട് ' വേണം എന്ന ഒരൊറ്റ ഉത്തരം കൊണ്ട് റദ്ദ് ചെയ്യാനാണ് എല്ലാര്ക്കും താല്പര്യം.. എന്നാല്‍ നാം കാണുന്ന മികച്ച ക്ലബുകളും ലോകോത്തര അക്കാഡമികളുമെല്ലാം ഇത്തരം കാര്യങ്ങളെ അവരുടെ അടിസ്ഥാന അനിവാര്യതകളായാണ് പരിഗണിക്കുന്നത്. ഫുട്ബോള്‍ പുരോഗതിയിലേക്ക് നീങ്ങുന്നു എന്നതിനെ മേല്പറഞ്ഞ രീതിയിലുള്ള പ്രൊഫഷണല്‍ ഫുട്ബോള്‍ സംസ്കാരം വളരുന്നു എന്നായി കാണണം എന്നാണ് എന്റെ പക്ഷം.
കേരളത്തിന്റെ ഐ ലീഗ് സംരംഭമായ ഗോകുലം കേരള എഫ് സി മുഴുവന്‍ ടൂര്‍ണമെന്റില്‍ തന്നെ ഏറ്റവും നല്ല ഫുട്ബോള്‍ കാഴ്ചവെച്ച ടീമായിരുന്നു. കോച്ച് ബിനോ ജോര്‍ജ് തുടക്കം മുതലേ തന്ന ഉറപ്പായിരുന്നു ഏത് പരിതസ്ഥിതിയിലും തന്റെ കുട്ടികളെ നല്ല ക്വാളിറ്റി ഫുട്ബോള്‍ മാത്രമേ കളിപ്പിക്കൂ എന്ന്. തുടക്കത്തിലെ ടീം സെലക്ഷനുകള്‍ അല്പം പാളിയിരുന്നെങ്കിലും കണ്ണിനിമ്പമുള്ള കളിയായിലുന്നു മിഡ്ഫീല്‍ഡില്‍ ഗോകുലത്തിന്റേത്. അര്‍ജുനും സല്‍മാനും മൂസയും റാഷിദും അല്‍ ആജ്മിയും നിറഞ്ഞ മിഡ്ഫീല്‍ഡ് ആയിരുന്നു സത്യത്തില്‍ ഗോകുലം കേരള എഫ് സിയിലേക്ക് ഐലീഗിന്റെ രണ്ടാം പകുതിയില്‍ കാണികളെ ആകര്‍ഷിച്ചത്, അതിനൊരു തിലകച്ചാര്‍ത്തായി ഹെന്റി കിസേക്ക എന്ന സ്ട്രൈക്കറുടെ വരവും.
ഇതുപോലെ തന്നെയായിരുന്നു കേരളപ്രീമിയര്‍ ലീഗിന്റെ കഴിഞ്ഞ സീസണിലും ഈ സീസണിലും എഫ് സി തൃശൂര്‍ എന്ന ടീമിന്റെ കളിയും. കാണികളെ കളിക്കളങ്ങളിലേക്ക് ആകര്ഷിക്കുന്നതൊടൊപ്പം തുടര്‍ച്ചയായ വിജയങ്ങള്‍ നേടാനും ഈ ടീമിന് സാധ്യമാവുന്നു. ഇത് കേരളഫുട്ബോള്‍ ആഴത്തിൽ പരിശോധിക്കുകയും പഠിക്കുകയും വേണം. ജാലി പി ഇബ്രാഹീം എന്ന കോച്ചിന് കീഴില്‍ ഒരു പറ്റം അമെച്വര്‍ പ്ലെയേഴ്സ് കാണിക്കുന്ന ടാക്റ്റിക്കല്‍ ബ്രില്യന്‍സ് ഫുട്ബോള്‍ വിചക്ഷണരില്‍ അത്ഭുതമുണര്‍ത്തുന്നതാണ്. അറ്റാക്കിങ് തേര്‍ഡ് പൊസിഷനില്‍ പോലും ഇത്ര ശാന്തരും വെപ്രാളം ഇല്ലാത്തവരുമായി പന്തിനെ വരുതിയിലാക്കി ക്രോസ് ബോള്‍ ഫുട്ബോള്‍ ' എന്ന പരമ്പരാഗതതതന്ത്രത്തെ അടിമുടി പൊളിച്ചെഴുതുകയാണ് എഫ് സി തൃശൂര്‍ പ്രീമിയ ലീഗിലുടനീളം.
എട്ടും ഒമ്പതും സംസ്ഥാന താരങ്ങളെ ഇറക്കിയ കേരള പൊലീസും എസ് ബി ഐ കേരളയുമൊക്കെ ഗെയിം ടാക്റ്റിക്സിന്റെ കാര്യത്തില്‍ വട്ടപ്പൂജ്യത്തില്‍ നിന്ന് മൈനസിലേക്ക് പോയിക്കൊണ്ടിരിക്കുന്ന സമയത്താണ് പുതുക്ലബുകള് ഇതൊക്കെ ചെയ്യുന്നത് എന്നതും കൗതുകം.
കേരള പൊലീസൊക്കെ മികച്ച താരങ്ങളാല്‍ സമ്പുഷ്ടമാണെങ്കിലും ടീം മൊത്തത്തില്‍ കരുപ്പിടിക്കുന്ന നീക്കങ്ങളൊന്നും കാണാറില്ല.. ജിജോ ജോസഫ്, സീസന് തുടങ്ങി ക്വാളിറ്റി പ്ലെയേഴ്സ് തിങ്ങി നിറഞ്ഞ എസ് ബി ഐ കേരള വി പി ഷാജിയുടെ ശിക്ഷണത്തിലായിട്ടും തീര്‍ത്തും നിരാശജനകമായ പ്രകടനങ്ങളാണ് കളിക്കളത്തില്‍ ആവര്‍ത്തിക്കുന്നത്. പ്രീമിയര്‍ ലീഗില്‍ പോര്‍ട് ട്രസ്റ്റും സെന്‍ട്രല്‍ എക്സൈസുംചെറുപരാമര്ശത്തിന് പോലും അര്‍ഹമാകുന്ന തലത്തിലേക്ക് ഉയർന്നിട്ടില്ല . ഇത്തരം ടീമുകളൊക്കെ എണ്ണം തികക്കാനല്ലാതെ വേറെ ഗുണമുണ്ടോ എന്നും പരിശോധിക്കണം.
ചടങ്ങുതീര്‍ക്കാന്‍ ഇങ്ങനെയൊരു സൂപ്പര്‍ ഡിവിഷന് ലീഗ് വേണോ?
കോച്ച് നിയാസ് റഹ്മാന് കീഴില്‍ സാറ്റ് തിരൂരും വിജയങ്ങള്‍ നേടുന്നുണ്ടെങ്കിലും ഇടത് -വലത് വിങ്ങുകളെ കൂടുതല്‍ ആശ്രയിക്കുന്ന പരമ്പരാഗതശൈലിയിലാണ് കളി ചിട്ടപ്പെടുത്തിയിട്ടുള്ളത്. ടീം എന്ന നിലയില്‍ ഒത്തിണക്കത്തോടെ കളിക്കുന്നു എന്നത് സാറ്റിന്റെ മാനോഹാരിതയാണ്. ചെറു പാസുകളിലൂടെ കളിമെനയുന്ന മിഡ്ഫീല്‍ഡ്, വിങ് ബാക്കുകള്‍ 4-3-3 ഫോര്‍മാറ്റിനെ അപകടകരമാക്കുന്നുണ്ട്. വ്യക്തിഗതമികവുള്ള യുവതാരങ്ങള്‍ അണിനിരക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് റിസര്‍വ് ടീമും പ്രതീക്ഷ നൽകുന്നു.ഇന്ന് ഓരോ കാണിയും ഫുട്ബോള്‍ സാക്ഷരരാണ്. കളിയുടെ ഓരോ മുക്കും മൂലയും പഠിച്ച അവനെ കൊണ്ട് ഒരു ടീം കളി കൊണ്ട് കയ്യടിപ്പിക്കുക എന്നത് അത്രമേല്‍ വെല്ലുവിളി നിറഞ്ഞതാണ്. ഫുട്ബോളിന്റെ വളര്‍ച്ച എന്നതില്‍ കാണികളുടെ പങ്ക് അത്രത്തോളം നിർണായകമാകയാല്‍ കളിക്കാരും പരിശീലകരും ടീമുകളുടെ ഗെയിംപ്ലാനുകളില് കളി അറിയുന്ന കാണികൾ എന്ന ഘടകം കൂടി പരിഗണിക്കേണ്ടതുണ്ട്.
കളി നടത്തിപ്പുകാരുടെ വഴിപാട്
കേരളഫുട്ബോള്‍ അസോസിയേഷന് ഉറക്കമുണര്‍ന്നു എന്ന തോന്നല്‍ ഉണ്ടാക്കിയതായിരുന്നു കേരളപ്രീമിയര്ലീഗും അക്കാഡമി ലീഗുകളും മറ്റും. കെ പി എല്ലില്‍ ഓരോ ടീമില്‍ നിന്നും 20000 രൂപ എന്‍ട്രി ഫീസ് വാങ്ങുന്നുണ്ട്. സമ്മാനത്തുക ടാക്സ് അടങ്കല്‍ ഉൾപ്പടെ രണ്ടര ലക്ഷം രൂപ മാത്രം, ടാക്സ് പോയി ഒന്നരലക്ഷത്തിനടുത്തേ ജേതാക്കള്‍ക്ക് ലഭിക്കുന്നുള്ളൂ. ഏറ്റവും കുറവ് ബഡ്ജറ്റില്‍ ഇറക്കുന്ന ടീമിന് പോലും ഒരു കെ പി എൽ സീസണ് എട്ട് ലക്ഷത്തോളം ചെലവ് വരുന്നിടത്താണ് ടൂര്‍ണമെന്റ് ചാമ്പ്യൻമാർക്ക് ഒന്നര ലക്ഷത്തിന്റെ സമ്മാനം . കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യൻമാരായ കെ എസ് ഇ ബിയും , ഏജീസ് ഓഫീസുമെല്ലാം ഇത്തവണ പങ്കെടുക്കാതിരിക്കുന്നതിന്റെ കാര്യം മറ്റൊന്നുമല്ല. ഈ ടീമുകള്‍ നിലനിന്നു പോകണമെങ്കില്‍ സെവന്‍സ് കളിക്കാന്‍ പോയാല്‍ പോലും ആര്‍ക്കും എതിരഭിപ്രായമുണ്ടാവില്ല.
ആര്‍ക്കു വേണ്ടിയാണ് ഈ ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കുന്നത്. കേരളഫുട്ബോള്‍ പുതിയകാലത്തിനനുസരിച്ച് പച്ചപിടിക്കണമെങ്കില്‍ പ്രൊഫഷണല്‍ ക്ലബുകള്‍ കൂടുതല്‍ വരേണ്ടതുണ്ട്. ഉള്ള പ്രൊഫഷണല്‍ ക്ലബുകള്‍ക്ക് സംഭവിക്കുന്ന അവസ്ഥ ഇതാണെങ്കില്‍ മറ്റുള്ള ടീമുകളുടെ അവസ്ഥപറയണോ ? കൊച്ചിന് ഷിപ്പ്യാര്ഡ് ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ സ്പോണ്‍സേഴ്സ്, ഇത്തവണ ഐ സി എൽ ഫിൻകോർപ്പും.എന്നിട്ടും ടൂര്‍ണമെന്റ് നടത്തിപ്പ് നിലവാരത്തിൽ യാതൊരു മാറ്റവമില്ല.
ലോകകപ്പും ആമപ്പൊയിലിലെ ആഗോളപൗരൻമാരും
കേളികൊട്ടി നടത്തുന്ന അക്കാഡമി ലീഗുകളുടെ കാര്യം ഇതിലും മോശമാണ്. രജിസ്റ്റര്‍ ചെയ്യുന്ന ഓരോ കുട്ടിക്കും 100 രൂപ വീതം കെ എഫ് എ വാങ്ങുന്നുണ്ട്.. കോഴിക്കോട് ജില്ലയില്‍ മാത്രം അറുപത്തിനാലോളം രജിസ്റ്റേഡ് അക്കാഡമികളുണ്ട്. ഒരു അക്കാഡമിയില്‍ മാത്രം 100ലധികം കുട്ടികളും. ഊഹിച്ചു നോക്കൂ എത്ര വലിയ ഫണ്ടാണ് കെ എഫ് എ വാരുന്നത്. 14 ജില്ലകളില്‍ ഇങ്ങനെ എത്രയെത്ര അക്കാഡമികള്‍. അക്കാഡമി ലീഗ് നടക്കുന്നിടത്ത് പോയാല്‍ ഇത്തിരി ഫുട്ബോള്‍ സ്നേഹം ഉള്ളവനു കണ്ണു നിറയും. കുറച്ച് ദിവസം മുമ്പ് കാലിക്കറ്റ് അക്കാഡമി ലീഗിലെ ഒരു കളിയില്‍ അക്കാഡമികള്‍ എല്ലാ മുന്നൊരുക്കങ്ങളും തയ്യാറാക്കിയിട്ടും റഫറി നില്ക്കാന് ആളില്ലാത്ത അവസ്ഥ. കാരണം അന്വേഷിച്ചപ്പോ ഡി എഫ് എയ്ക്ക് താല്പര്യമില്ലത്രേ. 100 രൂപയില്‍ 50രൂപ ഡി എഫ് എയ്ക്കുള്ളതാണ്. ആ ഫണ്ട് ടൂര്‍ണമെന്റ് തുടങ്ങിയിട്ടും കെ എഫ് എ കൊടുത്തിട്ടില്ല എന്നനതാണ് കാരണം. ഇതാണ് കേരളഫുട്ബോളിന്റെ ഗ്രാസ്റൂട്ട് ലെവല്‍ ടൂര്‍ണമെന്റുകളുടെ അവസ്ഥ. ഈ കുരുന്നുകളെ ചൂണ്ടിക്കാട്ടിയാണ് നാളത്തെ പ്രൊഫഷണല്‍ ഫുട്ബോളിന്റെ പുലരികൾ സ്വപ്നം കാണാന്‍ പറയുന്നത്.പണംപിടുങ്ങാനുള്ള കറക്ക് കമ്പനി
സ്കോര്‍ലൈന്‍ ഈവന്റ് മാനേജ്മെന്റ് കമ്പനി ബ്ലാസ്റ്റേഴ്സ് കുപ്പായത്തില്‍ കോടികള്‍ പോക്കറ്റിലാക്കുന്ന നടത്തുന്ന സോക്കര്‍ / അക്കാഡമിക് തട്ടിപ്പുകൾ ചൂണ്ടിക്കാണിച്ച് കേരളത്തിന്റെ ഫുട്ബോള്‍ ഗ്രാഫ് കുത്തനെയാണെന്ന് പറഞ്ഞാല്‍ കളി അടുത്തറിയുന്നവര്‍ക്ക് ദഹിക്കില്ല. വരാന്‍ പോകുന്ന ഗവണ്മെന്റ് സ്പോര്‍ട്സ് ബില്ലില്‍ പ്രതീക്ഷയുണ്ട്. അട്ടകളെപ്പോലെ പറ്റിപ്പിടിച്ച് ചോരയൂറ്റുന്ന കടല്ക്കിഴവന്മാരെ പറിച്ചെറിയാനുള്ള പഴുതുകള്‍ അതിലുണ്ടാവുമെന്നാണ് പ്രതീക്ഷ. മാറണം.. അടിമുടി മാറണം.. മാറ്റം അധികാരികളില്‍ വരണം, കോച്ചിങ് ഫിലോസഫികളില്‍ വരണം, ടീമുകളില്‍ വരണം, കളിക്കാരില്‍ വരണം. എങ്കിൽ മാത്രമേ പ്രതീക്ഷയുള്ളൂ. നല്ല നാളെകൾ സ്വപ്നം കാണാൻ കഴിയൂ.
Tags: Kerala Football, Faizal Kaipathodi, Kerala Football Association, Kerala Premier League, Kerala Blasters, Grassroot Football, KFA, Academy Football, Gokulam Kerala, I League, Santhosh Trophy
COMMENTS