യൂറോപ്പിലെയും ലാറ്റിനമേരിക്കയിലെയും ഫുട്ബോളിൻറെ പുറകെയാണ് എല്ലാവരും. മിക്കവർക്കും അറിയില്ല സമ്പന്നമായ ഇന്ത്യൻ ഫുട്ബോളിൻറെ ഭൂതകാലവും കാലത...
യൂറോപ്പിലെയും ലാറ്റിനമേരിക്കയിലെയും ഫുട്ബോളിൻറെ പുറകെയാണ് എല്ലാവരും. മിക്കവർക്കും അറിയില്ല സമ്പന്നമായ ഇന്ത്യൻ ഫുട്ബോളിൻറെ ഭൂതകാലവും കാലത്തിന് മായ്ക്കാനാവാത്ത താരങ്ങളേയും. കാല്പന്തുകളിയിലൂടെ നമ്മെ വിസ്മയിപ്പിച്ച നൂറുകണക്കിന് ഇന്ത്യന്‍ കളിക്കാരിലൂടെയുള്ള ഫൈസൽ കൈപ്പത്തൊടിയുടെ യാത്രയാണിത്... വരൂ ഇന്ത്യൻ ഫുട്ബോളിൻറെ ഭൂതകാല കുളിരിലേക്ക്ഫൈസൽ കൈപ്പത്തൊടി
ഞാനിപ്പോൾ ബംഗ്ലാദേശിലെ കിഷോര്‍ഗഞ്ചിലാണ്, നിങ്ങളും. കൃത്യമായി പറഞ്ഞാൽ അവിഭക്ത ബംഗാളിലെ ഗ്രാമത്തിൽ. ഇവിടെയാണ് ഇന്ത്യൻ ഫുട്ബോളിലെ ആദ്യ സൂപ്പർ സ്റ്റാറും പോസ്റ്റർ ബോയിയുമായ , സാക്ഷാൽ സുഭിമല് ഗോസ്വോമി എന്ന ചുനി ഗോസ്വാമിയുടെ ജനനം. അക്ഷരാർഥത്തിൽ കളത്തിനകത്തും പുറത്തും ഇന്ത്യന്‍ ഫുട്ബോളിന്റെ മഹാരാജ. ചുനിയുടെ ജീവിതത്തിലേക്കുള്ള എത്തിനോട്ടം ബാവുള്‍ ഗീതങ്ങളുടെ നേര്‍ത്ത അലയൊലിയുള്ള ഒരു രാവില്‍ ഇന്ത്യന്‍ ഫുട്ബോളിന്റെ സുവർണ അധ്യായത്തിലൂടെയുള്ള യാത്രപോലെയാണ്. ലോക ഫുട്ബോളിലെ ഓരോ സ്പന്ദനവും കണ്ടും കേട്ടും അറിയുന്നവർക്ക് ചുനിയുടെ കളിജീവിതം അത്ഭുത ചെപ്പായിരിക്കും എന്നകാര്യത്തിൽ തർക്കമുണ്ടാവില്ല.
ഒരു പോര്‍ട്ട് ഫോളിയോയുടെ ഫ്രെയിമിനകത്ത് ഒതുങ്ങി നില്ക്കുന്നതല്ല ചുനി ഗോസ്വാമിയുടെ ജീവിതം. അദ്ദേഹം എന്തെല്ലാമായിരുന്നില്ല എന്ന ചോദ്യമാണ് കൂടുതല്‍ പ്രസക്തം. ഇന്ത്യ കണ്ട ഏറ്റവും മികച്ച സെന്റര്‍ ഫോര്‍വേഡോ, ബംഗാള്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ആള്റൗണ്ടറോ, മോഹന്‍ ബഗാന് ക്ലബിന്റെ ചരിത്രത്താളിലെ ഗാംഭീര്യത്തിന്റെ പര്യായമോ, ബംഗാള്‍ വെറ്ററന്‍സ് ടെന്നീസ് കോര്‍ട്ടുകളിലെ മഹാരാജയോ, ബംഗാള്‍ സിനിമയിലെ താരസിംഹാസനം തിരസ്കരിച്ച സുന്ദര പുരുഷനോ, എസ് ബി ഐയുടെ കണക്കപ്പിള്ളമാർക്കിടയിലെ തിലകക്കുറിയായോ...? ഉത്തരം കണ്ടെത്തുക എളുപ്പമാവില്ല. അപൂർവങ്ങളിൽ അത്യപൂർവ പ്രതിഭാസമെന്ന ഉപയോഗിച്ച് തേഞ്ഞ വാക്കിനെ തേച്ചുമിനുക്കി കടമെടുത്താലും ചുനിയുടെ തലപ്പൊക്കം അതിനുമപ്പുറമായിരിക്കും.
പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത കൊൽക്കത്ത മോഹൻ ബഗാനുമായി ഇഴചേർന്നു കിടക്കുന്നതാണ് ചുനിയുടെ ഫുട്ബോൾ ജീവിതം. 1946ൽ, എട്ടാം വയസ്സിൽ ബഗാൻറെ ജൂനിയർ ടീമിൽ. പിന്നെ രണ്ട് പതിറ്റാണ്ടിലേറെ ബഗാനൊപ്പം, 22 വർഷം. മൊഹല്ലകളും, തെരുവുകളും, യൂണിവേഴ്സിറ്റികളും തെരുവുയുദ്ധം നയിക്കുന്ന എത്രയെത്ര കൊല്‍ക്കത്തന്‍ ഡാര്‍ബികളില്‍ അയാള്‍ മറൂണും പച്ചയും കലര്‍ന്ന ജേഴ്സിയണിഞ്ഞ് വിജയകാഹളം മുഴക്കിയിട്ടുണ്ടാകും ? ഡ്യൂറന്റും റോവേഴ്സും ഡിസിഎം ട്രോഫിയും, കല്‍ക്കത്ത ലീഗിലും എത്ര തവണ ബഗാന്റെ ചില്ലലമാരകളിലെത്തിച്ച് കാണും ? എണ്ണിത്തിട്ടപ്പെടുത്താൻ സമയമേറെ വേണ്ടിവരും, തീര്‍ച്ച.
വർഷങ്ങളോളം കളിക്കാരനായും കോച്ചായും ഇന്ത്യ അടക്കി വാണ സുഭാഷ് ഭൗമിക്ക്, ചുനിയെ അടയാളപ്പെടുത്തുന്നത് ഇങ്ങനെ.'' ഇപ്പോൾ നമ്മുടെ യുവാക്കളും കുട്ടികളും കയ്യടിക്കുന്നത് റൊബീഞ്ഞോയും റൊണാള്‍ഡീഞ്ഞോയും കാണിക്കുന്ന മെയ് വഴ്ക്കവും പന്തടക്കവും ഡ്രിബ്ലിംഗും കണ്ടാണ്. അവർ ഒരിക്കലെങ്കിലും ചുനിയുടെ കാലുകളില്‍ ഒട്ടിനിന്ന, എതിര് കളിക്കാരനെ വെട്ടിയൊഴിഞ്ഞ് ഒഴുകുന്ന പന്തിനെ കണ്ടിരുന്നെങ്കില്‍ എല്ലാം തകിടം മറിഞ്ഞേനെ". ഭൌമിക്കിൻറെ ഈ വാക്കുകളിലുണ്ട് ചുനി ഗോസ്വാമിയെന്ന ഫുട്ബോൾ മാന്ത്രികൻറെ ജാലവിദ്യകൾ.
1962 - ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസ്
ചുനി ഗോസ്വാമിയുടെ കളി ജീവിതത്തിലെ, അല്ല ഇന്ത്യന്‍ ഫുട്ബോള്‍ ചരിത്രത്തിലെ - ഏറ്റവും മികച്ച ടൂര്‍ണമെൻറായിരുന്നു 1962ലെ ജക്കാർത്ത ഏഷ്യാഡ്.( 1954 ഒളിമ്പിക്സ് സെമിഫൈനൽ മറക്കുന്നില്ല).. ചുന്നി ഗോസ്വോമിയുടെ നെടുനായകത്വത്തില്‍ ഇന്ത്യ സ്വർണശോഭയോടെ ഏഷ്യയുടെ തലപ്പ് എത്തിയ ഏഷ്യാഡ്. ആദ്യ മല്‍സരത്തില്‍ വമ്പൻമാരായ ദക്ഷിണ കൊറിയയുമായി തോൽവി, എതിരില്ലാത്ത രണ്ട് ഗോളിന്. തോല്‍വിയുടെ ആഘാതം ഇന്ത്യ മറികടന്നു, ഇതിഹാസ കോച്ച് സയിദ് അബ്ദൂല്‍ റഹീമിന്റെ തന്ത്രങ്ങളും ചുനിയുടെ നേതൃത്വവും കൊണ്ട്. രണ്ടാം മല്‍സരത്തില്‍ ശക്തരായ തായ് ലാൻഡിനെ 4-1നാണ് മുക്കിയത്. ഇരട്ടഗോളുകളോടെ പി.കെ. ബാനര്‍ജിയും,ഓരോ ഗോളുമായി തുളസീദാസ് ബല്‍റാമും, നായകന് ചുനിഗോസ്വോമിയും കളം നിറഞ്ഞു. അടുത്ത എതിരാളി കൊലകൊമ്പൻമാരായ ജപ്പാൻ. ജയം എതിരില്ലാത്ത രണ്ട് ഗോളിന് ഇന്ത്യക്കൊപ്പം. പി.കെ ബാനർജിയും ബൽറാമും സ്കോർബോർഡിൽ ഇന്ത്യൻ പേരുകളായി.
1962 സെപ്റ്റംബർ 11ൻറെ സായാഹ്നത്തിലാണ് ചുനി മാജിക് ഫുട്ബോൾ ലോകം കണ്ടത്. ഫ്രഞ്ച് ലീഗിൽ കളിക്കുന്ന എട്ട് കളിക്കാരുമായി എതിത്തിയ ദക്ഷിണ വിയറ്റ്നാം മറുവശത്ത്. രണ്ട് ഗോളിന് ഇന്ത്യ പിന്നിൽ. റഹീം സാബ് തന്ത്രങ്ങൾ മാറ്റിമെനയുന്നു. പന്തടക്കത്താൽ കാണികളെയും എതിരാളികളെയും ഒരുപോലെ വിസ്മയിപ്പിച്ച് ഇന്ത്യൻ നായകൻ. ചുനിയുടെ എണ്ണം പറഞ്ഞ രണ്ട് ഗോളിന് ഇന്ത്യ ഒപ്പമെത്തി. പരുക്കേറ്റിട്ടും ഫോർവേഡായി പന്തുതട്ടിയ ഡിഫൻഡർ ജർണെയ്ൽ സിംഗിൻറെ വിജയഗോൾ ഇന്ത്യയുടെ ഫൈനൽ ഉറപ്പിച്ചു.
ഫൈനലിൽ വീണ്ടും ദക്ഷിണ കൊറിയ. ഗ്രൂപ്പ് മത്സരത്തിലെ തോൽവി ഇന്ത്യ മറന്നിരുന്നു. സ്വർണം ഉറപ്പിച്ച് റഹീം സാബ് ഇന്ത്യയെ ഫൈനലിൽ വിന്യസിച്ചത് അപ്രതീക്ഷിത 4-2-4 ഫോർമേഷനിൽ. മുന്നേറ്റ നിരയിലെ ചുനിയുടെയും പി.കെയുടെയും ബല്‍റാമിന്റെയും ജര്ണയിലിന്റെയും കാലുകളെ അത്രമേല്‍ വിശ്വസമായിരുന്നു കോച്ചിന്. ആ വിശ്വാസം തെറ്റിയില്ല. ഗ്രൂപ്പ് ഘട്ടത്തിലെ തോൽവിക്ക് കണക്കുതീർത്ത് ഇന്ത്യയുടെ വിജയഭേരി, പികെ ബാനർജിയുടെയും ജർണയിൽ സിംഗിൻറെയും ഗോളിന്. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ഇന്ത്യ ഏഷ്യയുടെ ഫുട്ബോൾ രാജാക്കൻമാരായത്. സ്വർണമെഡൽ കഴുത്തിൽ അണിയുമ്പോൾ, അർബുദ രോഗത്തിൻറെ നീരാളിപ്പിടുത്തം വീണ റഹീം സാബ് ആനന്ദക്കണ്ണീരിൽ കുതിരുകയായിരുന്നു. ഇതിന് പകരം വയ്ക്കാൻ ഇന്ത്യൻ കാൽപ്പന്ത് കളിയിൽ മറ്റൊരു സമ്മോഹന മുഹൂർത്തമില്ല. കൊൽക്കത്തയിലെ ഫുട്ബോൾ ആവേശം സിരകളിലോടുന്ന തെരുവുകൾ മാത്രമല്ല, ഇന്ത്യയൊട്ടാകെ മഹാരാജ ചുനി ഗോസ്വാമിയുടെ നേതൃപാടവത്തെ വാഴ്ത്തി.
കൊൽക്കത്തയിൽ, ബഗാനിൽ
പതിനാറാം വയസില്‍ ബഗാന് ജൂനിയര്‍ ടീമില്‍ നിന്ന് ചുനി ഗോസ്വോമി സീനിയര്‍ ടീമിലെത്തി, 1954 ല്‍ . ബാലായ്ദാസ് ചാറ്റര്‍ജിയുടെ മറൈനേഴ്സ് നിരയിലേക്ക് ഒളിമ്പ്യന്മാരായ റുണു ഗുഹ ടക്കുരറ്റയും, അബ്ദുല്സത്താറും, റോബിന് പത്രയും, ബദ്റു ബാനര്‍ജിയും നെഞ്ചുവിരിച്ച് നിന്ന ബഗാന് മുന്നേറ്റ നിരയിലേക്ക് കൌമാരാത്തിൻറെ ചൂടുമാറാത്ത പയ്യൻ.
ചുനിയുടെ അരങ്ങേറ്റം ഒരിക്കലും മറക്കാനാവില്ല. 1954 മെയ് 29. വ്യക്തിപരമായ കാരണത്താൽ റുണു ഗുഹക്കും,സത്താറിനും മത്സരത്തിന് എത്താനായില്ല. എതിരാളി ഈസ്റ്റേൺ റെയിൽവേ. മത്സരത്തിനായി വന്നപാടെ ചുനി ജഴ്സിയണിഞ്ഞു. നേരത്തെ എത്തിയ റോബിന് പത്രയും. കോച്ച് ബാലായ്ദാസ് പ്രതിസന്ധിയിലായി. അന്ധവിശ്വാസങ്ങൾ പടർന്ന കൊൽക്കത്തൻ തെരുവിൽ നിന്ന് വിത്യസ്തമായിരുന്നില്ല ബഗാനും. ഏതെങ്കിലും താരം ഡ്രസിങ് റൂമില്‍ ജഴ്സി അണിഞ്ഞാല്‍ അയാളെ ആദ്യഇലവനില്‍ നിന്നൊഴിവാക്കാന്‍ പാടില്ല. ബഗാൻ വിശ്വാസമനുസരിച്ച് രണ്ടുപേരെയും ഒഴിവാക്കാനാവില്ല, ജഴ്സിയണിഞ്ഞുപോയില്ലേ. ഒടുവിൽ ബദ്റു ബാനെര്‍ജിക്ക് പകരം ചുനിയെ കളിപ്പിക്കാൻ കോച്ച് നിർബന്ധിതനായി. പ്രശ്നം തീർന്നില്ല. ജൂനിയര്‍ തലം മുതലേ ഇടതുപാർശ്വത്തിൽ കളിച്ചിരുന്നയാളാണ് ചുനി. ഇതേ സ്ഥാനത്ത് കളിക്കുന്ന സീനിയർ താരം റോബിന് പത്രയെ ഇടതുവശത്തുനിന്ന് മാറ്റാനാവില്ല. അങ്ങനെ കളിജീവിതത്തിൽ ആദ്യമയി ചുനി വലതുപാർശ്വത്തിലേക്ക്. ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലേക്കുള്ള ചുനിയുടെ ചിറകടിച്ചുയരൽ കൂടിയായിരുന്നു അത്.
അറുപതുകളിൽ ഏഷ്യയിലെ ഏറ്റവും മികച്ച റൈറ്റ് ഇൻസൈഡ് സ്ട്രൈക്കറായി മാറിയ ചുനി ഗോസ്വാമി. ഡ്രിബ്ലിങ്, പാസിങ്, ഹോള്‍ഡിങ്, പ്ലേമേക്കിങ് തുടങ്ങിയ കളിയുടെ സമസ്ത മേഖലകളിലും തൻറെ കാലൊപ്പ് പതിച്ചു. സമകാലികൻകൂടിയായ ഒളിംപ്യൻ അഹമ്മദ് ഖാനായിരുന്നു ചുനിയുടെ മാതൃകാതാരം. ചിരവൈരികളായിരുന്ന ഈസ്റ്റ് ബംഗാളിൻറ അഭിമാന സ്തംഭമായിരുന്നു അഹമ്മദ് ഖാൻ. നേർക്കുനേർ ഏറ്റുമുട്ടിയപ്പോൾ മിക്കപ്പോഴും ചുനി പ്രിയതാരത്തെ വിസ്മയിപ്പിച്ചു . ഇരുവരും ഇന്ത്യൻ ടീമിൽ ഒരുമിച്ചപ്പോൾ ഇന്ത്യൻ ഫുട്ബോളിലെ തുല്യം വയ്ക്കാനാവാത്ത മാന്ത്രിക ജോഡി എന്നാണ് മാധ്യമങ്ങൾ വാഴ്ത്തിയത്. രാഷ്ട്രപതി മുതൽ സാധാരണ ഫുട്ബോൾ ആരാധകർവരെ ഇടനെഞ്ചിലാണ് ഇവർക്ക് സ്ഥാനം നൽകിയത്.
![]() |
ചുനി ഗോസ്വാമി മുൻരാഷ്ട്രപതി എസ്. രാധാകൃഷ്ണനിൽ നിന്ന് ട്രോഫി ഏറ്റുവാങ്ങുന്നു |
ഓൾറൌണ്ടർ ഗോസ്വാമി
ഫുട്ബോൾ കളിത്തിട്ടിലെ ദീർഘചതുരക്കളത്തിൽ മാത്രമല്ല, ക്രിക്കറ്റ് പിച്ചിലും ചുനി ഗോസ്വാമി വിസ്മയം തീർത്തു. രഞ്ജി ട്രോഫി അരങ്ങേറ്റം 1962ൽ. ബംഗാൾ ടീമിൽ നിന്ന് ദുലീപ് ട്രോഫിക്കുള്ള കിഴക്കൻ മേഖലാ ടീമിലും കളിച്ചു. വലംകൈയൻ ബാറ്റ്സ്മാനും മീഡിയം പേസറുമായിരുന്നു. 46 ഒന്നാം ക്ലാസ് മത്സരങ്ങളിൽ നിന്ന് നേടേിയത് 47 വിക്കറ്റും 1952 റൺസും.
ക്രിക്കറ്റിലുമുണ്ട് ചുനി മാജിക്. 1966ൽ വെസ്റ്റ് ഇൻഡീസിൻറെ ഇന്ത്യൻ പര്യടനം. സാക്ഷാൽ ഗാരി സോബേഴ്സും ക്ലൈവ് ലോയ്ഡും, റോഹന്‍ കന്‍ഹായും, ചാര്‍ലി ഗ്രിഫിത്തും അടങ്ങിയ കരീബിയൻ പട. ഇന്‍ഡോറിലെ സന്നാഹമത്സരത്തിൽ കിഴക്കൻ മേഖല ടീമിനായി പന്തെറിഞ്ഞ ചുനി നേടിയ് 97 റൺസിന് എട്ട് വിക്കറ്റ്!. 25 റൺസും ബാറ്റിൽനിന്ന് പിറന്നു. ഇതിനേക്കാൾ മനോഹര നിമിഷ ചുനിയുടെ അവിശ്വസനീയ ക്യാച്ചായിരുന്നു. ലെസ്റ്റര്‍ കിംഗിൻറെ ബാറ്റില്‍ നിന്ന് ഉയര്‍ന്ന പന്ത് മിഡ് വിക്കറ്റില്‍ ഫീല്‍ഡ് ചെയ്ത ചുനി കൈപ്പിടിയിലൊതുക്കി, ഫൈൻലെഗ്ഗിൽ നിന്ന്. പന്തിനായുള്ള ചുനിയുടെ ഓട്ടവും ക്യാച്ചുമായിരുന്നു പിറ്റേന്ന് പത്രങ്ങളിൽ നിറഞ്ഞത്.
1973 വരെ ക്രിക്കറ്റില്‍ തുടര്‍ന്നു, രണ്ടു തവണ ബംഗാളിനെ രഞ്ജി ഫൈനലില്‍ എത്തിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചു. എല്ലാവർക്കും അത്ഭുതമായിരുന്നു ക്രിക്കറ്റിലും ഫുട്ബോളിലും ചുനി എങ്ങനെ ഒരുപോലെ മികവ് പുലർത്തുന്നവെന്ന്.
പത്രക്കാരുടെ ചോദ്യത്തിനുള്ള ചുനിയുടെ മില്യൺ ഡോളർ മറുപടി ഇങ്ങനെയായിരുന്നു. '' ഡ്യൂറണ്ട് കപ്പോടെ ഫുട്ബോള്‍ സീസണ് തീരും, പിന്നെ ഫ്രീ ആണ് . അത് കൊണ്ട് ക്രിക്കറ്റ് കളിക്കുന്നു''. ഓരോ ടീമിനും കോച്ചും, മാനേജറുമടക്കം സകല മുള്ളുമുരിക്കും ഉണ്ടായിട്ടും ഒന്നും ചെയ്യാന്‍ പറ്റാത്ത പുതിയ '' താരങ്ങളെ '' പുച്ഛിച്ചതാവുമോ അദ്ദേഹം ?!! .
തീർന്നില്ല ചുനി ചരിതം. ഒരുപക്ഷേ തന്നെ തേടി വന്ന സുവര്ണ്ണനേട്ടങ്ങളോട് ഒരു ദാക്ഷിണ്യവുമില്ലാതെ 'നോ' പറഞ്ഞ മറ്റൊരു താരമുണ്ടാവില്ല ഇന്ത്യൻ കായിക ചരിത്രത്തിൽ. 22 വര്‍ഷത്തെ മോഹന്‍ ബഗാന് കരിയറില്‍ ഒറ്റരൂപ പോലും പ്രതിഫലം പറ്റിയില്ല. ശതകോടികൾ മറിയുന്ന ഫുട്ബോൾ ലോകത്തിന് അവിശ്വസനീയമായിരിക്കും ഇത്. ഏഷ്യൻ ഫുട്ബോളിലെ കൊലകൊമ്പനായി വാണപ്പോഴും ചില്ലിക്കാശ് വാങ്ങിയില്ല. കാരണമന്വേഷിച്ചവരോട് ചുനിക്ക് മാത്രം കഴിയുന്ന മറുപടി ഇങ്ങനെയായിരുന്നു." ബഗാനിൽ പരിശീലനം കഴിയുമ്പോൾ ഒരു പഴവും റൊട്ടിയും കിട്ടുമായിരുന്നു, ഇത് തന്നെ എനിക്ക് ധാരാളം". മറ്റാർക്ക് പറയാനാവും ഇങ്ങനെ, ചുനിക്കല്ലാതെ. 1960ൽ എസ് ബി ഐയിൽ ജോലിക്കാരനാവും വരെ സ്ഥിര വരുമാനമില്ലാതിരുന്ന മനുഷ്യനാണിത് പറഞ്ഞതെന്ന് ഓർക്കണം.
മെൽബൺ ഒളിംപിക്സ് സമയം. ഏതൊരു താരവും കൊതിക്കും ഇന്ത്യൻ ടീമിൽ കളിക്കാൻ. എന്നാൽ ഒളിംപിക്സ് ഉപേക്ഷിച്ച് കല്‍ക്കത്ത യൂണിവേഴ്സിറ്റിക്ക് വേണ്ടി അശുതോഷ് മുഖര്‍ജി കപ്പ് ടൂര്‍ണമെന്റിൽ കളിക്കാനായിരുന്നു കൌമാരക്കാരൻറെ തീരുമാനം. ബോംബെ യൂണിവേഴ്സിറ്റിയെ മലര്‍ത്തിയടിച്ച് ട്രോഫിയുമായാണ് ചുനി കൊൽക്കത്തയിൽ തിരിച്ചെത്തിയത്. സന്തോഷ് ട്രോഫിയിൽ കൊച്ചിയടക്കമുള്ള വേദികളിൽ മിന്നൽപ്പിണർ തീർത്തു ചുനി ഗോസ്വാമി. 1956ലെ സന്തോഷ് ട്രോഫിയിൽ കൊച്ചിക്കായലിലും ഗ്രൗണ്ടിലും ആവേശംഓളം തല്ലിയ സായാഹ്നത്തില്‍ മൈസൂറിനെതിരെ പി.കെ. ബാനര്‍ജിക്ക് നൽകിയ ത്രൂപാസ് മാത്രം മതി ചുനിയുടെ മാറ്ററിയാൻ. ടൂർണമെൻറിൽ ആകെ പിറന്ന ഗോളുകളേക്കാൾ മനോഹരമായിരുന്നു ചുനിയുടെ ഒറ്റപ്പാസ്. പി കെയ്ക്ക് പിഴച്ചുമില്ല.
![]() |
1963ൽ ഡ്യൂറൻഡ് കപ്പ് ജേതാക്കളായ മോഹൻ ബഗാൻ ടീം |
1960ൽ ഈസ്റ്റ് ബംഗാൾ ജനറല്‍ സെക്രട്ടറി ജ്യോതിഷ് ഗുഹ ഇറ്റാലിയൻ ഫിയറ്റ് കാർ പ്രതിഫലമായി വച്ചുനീട്ടിയിട്ടും ചുനി ബഗാൻ വിട്ടില്ല. ബഗാൻ ആരാധകരും ടീം മാനേജ്മെൻറും തരിച്ചിരുന്ന നിമിഷം. ഈസ്റ്റ് ബാംഗാളിൻറെ മാത്രമല്ല, ഇംഗ്ലീഷ് ക്ലബായ ടോട്ടനത്തിൻറെ പണക്കിലുക്കത്തിന് മുന്നിലും ചുനി കുലുങ്ങിയില്ല. യൂറോപ്യൻ ക്ലബുകളിൽ പന്തുതട്ടാൻ എല്ലാവരും കൊതിക്കുമ്പോഴായിരുന്നു ചുനിയുടെ റിവേഴ്സ് കിക്ക്. പുതിയ കാലത്തിൽ ടോട്ടിയുടെയും, സനേറ്റിയുടെയും,ജെറാര്‍ഡിന്റെയും, മാല്ഡീനിയുടെയുമൊക്കെ ടീമിനോടുള്ള സ്നേഹം വാഴ്ത്തുമ്പോൾ അരനൂറ്റാണ്ട് മുമ്പ് സ്വപ്ന വാഗ്ദാനങ്ങൾ ആട്ടിപ്പായിച്ച ഈ മനുഷ്യൻ വിസ്മയമല്ലാതെ മറ്റെന്താണ്.
Tags: Chuni Goswami, Indian Football, Indian Football Legend, Durand Cup Football, Mohun Bagan, EastBengal, Kolkata Football, P.K.Banerjee, Asian Games
COMMENTS