ഫുട്ബോള്‍ താരങ്ങളാല്‍ സമ്പന്നമാണ് മലപ്പുറം. തലയെടുപ്പുള്ള നിരവധി താരങ്ങളെ കേരളത്തിനും ഇന്ത്യക്കും സംഭാവന നല്കിയ മണ്ണ്. ഇക്കൂട്ടത്തില്‍ പ...
ഫുട്ബോള്‍ താരങ്ങളാല്‍ സമ്പന്നമാണ് മലപ്പുറം. തലയെടുപ്പുള്ള നിരവധി താരങ്ങളെ കേരളത്തിനും ഇന്ത്യക്കും സംഭാവന നല്കിയ മണ്ണ്. ഇക്കൂട്ടത്തില്‍ പ്രമുഖനായ ഹമീദിനെ പരിചയപ്പെടുത്തുകയാണ് സലീം വരിക്കോടന്‍ ഇത്തവണ മലപ്പുറം പെരുമയില്‍.
സലീം വരിക്കോടന്‍
തെക്കെപ്പുറം ഹമീദ്. മലപ്പുറത്തുകാര്‍ ടൈറ്റാനിയം ഹമീദ് എന്ന് വിളിക്കും. കളി നിറുത്തിയിട്ട് പതിറ്റാണ്ടിലേറെയായിട്ടും ഫുട്ബോള്‍ പ്രേമികളുടെ മനസ്സില്‍ ഈ പേര് ഇപ്പോഴുമുണ്ട്. സന്തോഷ് ട്രോഫിയില്‍ ആറു തവണ കേരളത്തിനും നീണ്ടകാലം തിരുവനന്തപുരം ടൈറ്റാനിയത്തിനും കളിച്ച ഹമീദ്, തൊണ്ണൂറുകളില്‍ സംസ്ഥാനത്തെ ഒന്നാംകിട പ്രതിരോധ താരം.
![]() |
ഹമീദ് |
1990 ല്‍ മലപ്പുറത്ത് നടന്ന സംസ്ഥാന സീനിയര്‍ ഫുട്ബോളിലാണ് ഹമീദ് ശ്രദ്ധ നേടുന്നത്. ഇരുപത്തിരണ്ടുകാരനായ ഹമീദ് ജന്മനാടിനു വേണ്ടി പഴുതടച്ച പ്രതിരോധം തീര്‍ത്തപ്പോള്‍ ഫുട്ബോള്‍ പാരമ്പര്യമുള്ള മലപ്പുറത്തു നിന്ന് മിടുക്കനായൊരു ഡിഫന്‍ഡര്‍ പിറവിയെടുക്കുകയായിരുന്നു. അന്ന് സീനിയര്‍ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ആതിഥേയരായ മലപ്പുറമാണ് ചാമ്പ്യന്മാരായത്. ഈ പ്രകടനം തിരുവനന്തപുരം ടൈറ്റാനിയത്തിലേക്കും കേരള ടീമിലേക്കും ഹമീദിന് വഴി തുറന്നു. അടുത്ത തവണ സംസ്ഥാന സീനിയര്‍ ഫുട്ബോളില്‍ തിരുവനന്തപുരത്തെ പ്രതിനിധീകരിച്ചാണ് ഹമീദ് കളിച്ചത്. അക്കൊല്ലം തിരുവനന്തപുരം ചാമ്പ്യന്മാരായെന്നു മാത്രമല്ല, ഹമീദായിരുന്നു ടൂര്‍ണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.
ചേക്കു മുതല്‍ ഷാജി വരെ; ഫുട്ബോളിനെ പ്രണയിച്ച കാവുങ്ങല്‍ കുടുംബം
ഇന്ത്യന്‍ ടീമിലും ഒരിക്കല്‍ അംഗമായി, പ്രീ ഒളിംപിക്സുള്ള സംഘത്തില്‍. 1994 ല്‍ പൂനെ ദേശീയ ഗെയിംസില്‍ കേരളത്തിന്റെ ജഴ്സിയണിഞ്ഞു. ഗോവ, പാലക്കാട്, കോയമ്പത്തൂര്‍, കൊച്ചി, ഒറീസ, ചെന്നൈ സന്തോഷ് ട്രോഫികളിലാണ് കേരളത്തിനായികളിച്ചത്. അതില്‍ കൊച്ചിയിലും കോയമ്പത്തൂരിലും കേരളം ചാമ്പ്യന്മാരായി. ഗോവയിലും പാലക്കാട്ടും ഒറീസയിലും റണ്ണേഴ്സപ്പായി. ചെന്നൈയില്‍ സെമിയില്‍ പൊരുതി തോറ്റു. ആറ് സന്തോഷ് ട്രോഫിയില്‍ രണ്ട് കിരീട നേട്ടം. മൂന്ന് രണ്ടാംസ്ഥാനം. ഒരു സെമി. ഒരു കളിക്കാരന്റെ ഫുട്ബാള്‍ ജീവിതം ധന്യമാകാന്‍ ഇത് ധാരാളം.ഇന്ത്യന്‍ താരങ്ങളായിരുന്ന ഐ. എം. വിജയന്, വി.പി. സത്യന്, യു. ഷറഫലി, സി.വി. പപ്പച്ചന്‍, കെ.ടി. ചാക്കോ, കുരികേശ് മാത്യൂ, പി.എസ്.അഷീം, മാത്യൂ വര്‍ഗീസ്, വി.പി.ഷാജി, ജിജു ജേക്കബ്, കെ.വി.ശിവദാസ് തുടങ്ങിയവരോടൊപ്പം കളിച്ചിട്ടുള്ള ഹമീദിലെ കളിക്കാരനെ ഊതിക്കാച്ചിയെടുത്ത പരിശീലകര്‍ ഗബ്രിയേല്‍ ജോസഫ്, ടി.എ.ജാഫര്‍, ഭരതന്, ശ്രീധരന്, കൊല്ലം ബാലഗോപാല്‍ ,രജ്ഞി കെ.ജേക്കബ്, ഇബ്രാഹിംകുട്ടി, ഇന്റര്‍നാഷനല്‍ മലപ്പുറം മൊയ്തീന് കുട്ടി, മലപ്പുറം കുഞ്ചിക്ക തുടങ്ങിയവരാണ്.
പി എസ് അഷീം: കേരളത്തിന്റെ ഷാര്‍പ്പ് ഷൂട്ടര്‍, ഇതാ ഇവിടെയുണ്ട്
നാല്പ്പത്തിയൊമ്പതുകാരനായ ഹമീദ് മല്‍സരങ്ങളോട് വിട പറഞ്ഞിട്ട് പന്ത്രണ്ട് ആണ്ടായങ്കിലും ദിവസവും മൈതാനത്തെത്തി പുതു തലമുറക്കൊപ്പം പന്ത് തട്ടാറുണ്ട്.തിരുവനന്തപുരം ടൈറ്റാനിയത്തില്‍ ഉദ്യോഗസ്ഥനായ ഹമീദ് മണ്വിളയിലാണ് താമസം. ഭാര്യ ശമീം തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥ്. മക്കള്‍: സഫ്ന, ഫിദ.Tags: Saleem Varikkodan, Titanium Hameed, Malappuram Hameed, I M Vijayan, Football, Anas Edathodika, Sevens Football, Malappuram Football, Kerala Football, Indian Premier League, ISL
COMMENTS