സിമിയോണി: മാഡ്രിഡിലെ മാന്ത്രികൻ

പണക്കൊഴുപ്പും താരത്തിളക്കവും തുളുമ്പുന്ന സ്പാനിഷ് ലീഗിൽ സ്വപ്നങ്ങൾ  യാഥാർഥ്യമാക്കിയ ഒരു മനുഷ്യനുണ്ട് ... അയാളെക്കുറിച്ചാണിത്... റോഷൻ ...പണക്കൊഴുപ്പും താരത്തിളക്കവും തുളുമ്പുന്ന സ്പാനിഷ് ലീഗിൽ സ്വപ്നങ്ങൾ  യാഥാർഥ്യമാക്കിയ ഒരു മനുഷ്യനുണ്ട് ... അയാളെക്കുറിച്ചാണിത്...

റോഷൻ ജോയ്

യൽ  മാഡ്രിഡ്- ബാഴ്സലോണ ടീമുകൾ കയ്യടക്കി വച്ചിരുന്ന സാമ്രാജ്യം. ഇവിടേക്ക്  ഒരു കുഞ്ഞൻ ടീമുമായി കടന്നുവരിക. വേറിട്ട കേളീശൈലിയും തന്ത്രങ്ങളുമായി റയലിൻറെയും ബാഴ്സയുടെയും അപ്രമാദിത്വത്തെ ചോദ്യം ചെയ്യുക. ശതകോടികൾ വാരിയെറിയുന്ന വമ്പൻമാർക്കൊപ്പം സ്വന്തം സംഘത്തെ തലയുയർത്തി നിൽക്കാവുന്ന ടീമാക്കി മാറ്റുക. സ്വപ്നമല്ല, ഇത്  യാഥാർഥ്യമാക്കിയ ഒരു മനുഷ്യനുണ്ട് ഇവിടെ. അയാളെക്കുറിച്ചും ആ ടീമിനെക്കുറിച്ചുമാണ് ഈ കുറിപ്പ്. ഡിയഗോ പാബ്ലോ സിമിയോണിയും അദ്ദേഹത്തിന്റെ  അത്ലറ്റികോ മാഡ്രിഡും!.

റോഷൻ ജോയ്
ലാലിഗ ! ഇന്ന് ലോകത്തുതന്നെ ഏറ്റവും മികച്ച ടാക്ടിക്കൽ ഫുട്ബോൾ കളിക്കുന്ന ലീഗ്. പ്രതാപികളായ റയൽ മാഡ്രിഡും ബാഴ്സലോണയും കളിക്കുന്ന ലീഗ്.  2004നു  ശേഷം  ലാലിഗ എന്നാൽ ബാഴ്‌സലോണയും റയൽ മാഡ്രിഡുമാണ്.  20 ടീമുകൾ മത്സരിക്കുന്ന ലീഗിൽ ആദ്യ രണ്ടു സ്ഥാനങ്ങൾ, റയൽ-ബാഴ്സ എന്നീ  രണ്ടു ടീമുകളുടെ മാത്രം കുത്തകയായി മാറിയ ലീഗിൽ പിന്നീട് മറ്റൊരു ടീം ജയിക്കുന്നത് 2013 ൽ ആണ്.  അതെ സാക്ഷാൽ അത്ലറ്റികോ മാഡ്രിഡ്. അവസാന മത്സരം വരെ നീണ്ട ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവിലാണ്  സിമിയോണിയും കുട്ടികളും കിരീടമുയർത്തയിത്.

അത്ലറ്റികോ മാഡ്രിഡിന്റെ കുതിപ്പ് 

2011 ഡിസംബറിൽ കോപ്പ ഡെൽ റെയിൽ മൂന്നാം ഡിവിഷൻ ക്ലബ് അൽബാസ്റ്റ്നോടേറ്റ  തോൽവിയോടെ അത്ലറ്റികോ ടൂർണമെന്റിൽ നിന്നും പുറത്താകുന്നു. തോൽവിയെ തുടർന്ന് കോച്ച് ഗ്രിഗോറിയോ മൻസാനോയെ അത്ലറ്റികോ പുറത്താക്കി.പകരം മുൻ താരവും 1995-96 സീസണിൽ ടീമിനൊപ്പം ലാലിഗയും നേടിയ ഡിയേഗോ സിമിയോണിയെ പരിശീലകനായി നിയമിക്കുകയും ചെയ്തു. അർജന്റീനയിൽ റിവർപ്ലേറ്റിന് ഒപ്പവും എസ്റ്റൂഡിയൻസിന് ഒപ്പവും പരിശീലകൻ എന്ന നിലയിൽ കിരീടം നേടിയ മാനേജരായിരുന്നു അന്ന് സിമിയോണി.

സിമിയോണി ചുമതലയേൽക്കുമ്പോൾ അത്ലറ്റികോ മാഡ്രിഡിന്റെ സ്ഥിതി അത്ര പന്തിയല്ലായിരുന്നു. 2001-02 സീസണു ശേഷം ലീഗിൽ ആദ്യ മൂന്നു സ്ഥാനത്തു ഫിനിഷ് ചെയ്യാൻ ഒരിക്കൽ പോലും അവർക്കു കഴിഞ്ഞിട്ടില്ല. 1997നു  ശേഷം  ചാംപ്യൻസ്‌ലീഗിൽ നോക്കൌട്ട് ഘട്ടത്തിൽ എത്തുവാൻ  ഒരിക്കൽ പോലും  അവർക്ക് കഴിഞ്ഞിമില്. ഇങ്ങനെയൊരു ടീമിലേക്കാണ് സിമിയോണിയുടെ വരവ്.

 2009-10 സീസണിൽ ഒൻപതാം സ്ഥാനം,  അടുത്ത വർഷം ഏഴാം സ്ഥാനം! ഇതൊക്കെ ആയിരുന്നു സിമിയോണിക്ക് മുൻപ് അത്ലറ്റികോ മാഡ്രിഡിന്റെ നേട്ടങ്ങൾ. എന്നാൽ സിമിയോണി അവരുടെ തലവര മാറ്റി എഴുതി. ലാലിഗയിലും യൂറോപ്യൻ ചാംപ്യൻഷിപ്പുകളിലും സ്ഥിരതയോടെ കളിക്കുന്ന ഒരു കൂട്ടമാക്കി അവരെ മാറ്റി. ശരിക്കും ഒരു മിഡ് ടേബിൾ ക്ലബ്ബ് എന്ന നിലയിലേക്ക് ഒതുങ്ങിപ്പോയ അത്ലറ്റികോ മാഡ്രിഡിന്റെ പിന്നീടുള്ള  തിരിച്ചുവരവിന് ഏറെ കടപ്പെട്ടിരിക്കുന്നതും സിമിയോണിയുടെ തന്ത്രങ്ങളോടാണ്.തന്റെ ആദ്യ സീസണിൽ തന്നെ അത്ലറ്റികോ മാഡ്രിഡിനെ യൂറോപ്പ ലീഗ് ചാമ്പ്യന്മാരാക്കി സിമിയോണി, ലീഗിൽ അവരെ അഞ്ചാം സ്ഥാനത്തു എത്തിച്ചു.

2012-13 സീസണിൽ ചാമ്പ്യൻസ് ലീഗ് ജേതാക്കൾ ചെൽസിയെ പരാജയപ്പെടുത്തി സൂപ്പർ കപ്പ് ജേതാക്കളായ അത്ലറ്റികോ, ലാലിഗയിൽബാഴ്സയ്ക്കും റയലിനും പിന്നിൽ  മൂന്നാം സ്ഥാനത്തു ഫിനിഷ് ചെയ്തു. ഒപ്പം റയൽ മാഡ്രിഡിനെ പരാജയപ്പെടുത്തി കോപ്പ ദെൽറെയും അത്ലറ്റികോ സ്വന്തമാക്കി. അതൊരു സൂചനയായിരുന്നു,  വമ്പൻ താരങ്ങളുടെ പിന്നാലെ പോകാതെയും  ട്രാൻസ്ഫർ മാർക്കറ്റിൽ വലിയ തുക ചിലവാക്കാതെയും നേട്ടങ്ങൾ ഉണ്ടാക്കുവാൻ കഴിയും എന്നതിനെ സൂചന. പിന്നീടുള്ള വർഷങ്ങളിൽ അത്ലറ്റികോ മാഡ്രിഡിനെ യൂറോപ്പിലെ വമ്പന്മാരുടെ എതിരുടുവാൻ കെൽപ്പുള്ള ഒരു സംഘമാക്കി അയാൾ മാറ്റുകയായിരുന്നു.

തനിക്ക് ലഭിച്ച ടീമിൽ റഡാമെൽ ഫാൽക്കാവോ മാത്രമേ ഒരു സൂപ്പർ താരം എന്ന് പറയുവാൻ സിമിയോണിക്ക് ഉണ്ടായിരുന്നുള്ളു. മാത്രമല്ല വൈരികളായ റയൽ മാഡ്രിഡും  ബാഴ്സലോണയും വലിയ താരങ്ങൾക്കായി ട്രാൻസ്ഫർ മാർക്കറ്റിൽ വലിയ തുകകൾ ചിലവിടുമ്പോൾ, ഉയർന്ന വേതനം നൽകുമ്പോൾ, തുലോം വ്യത്യസ്തമാണ് അത്ലറ്റികോയുടെ അവസ്ഥ. നിയന്ത്രിത ബഡ്ജറ്റും  ചെറിയ വേതനവുമായി ട്രാൻസ്ഫർ മാർക്കറ്റിൽ ഇറങ്ങുന്ന സിമിയോണി ടീമിന് യോജിക്കുന്ന പ്രതിഭയുള്ള കളിക്കാരെ ടീമിൽ എത്തിക്കുന്നു. പിന്നീട് അയാളുടെ കീഴിൽ  കഠിനാധ്വാനം കൊണ്ട് അവർ ലോകോത്തര താരങ്ങൾ ആകുകയും ചെയ്യുന്നു. ഏറ്റവും മികച്ച ഉദാഹാരണം അൻറോയ്ൻ  ഗ്രീസ്മാൻ തന്നെ.

2013-14 സീസണിൽ സൂപ്പർതാരം റഡാമെൽ ഫാൽക്കാവോ മൊണാക്കോയിലേക്കു കൂടുമാറുന്നു. പകരം വെറ്ററൻ സ്‌ട്രൈക്കർ ഡേവിഡ് വിയ്യയെ സിമിയോണി ടീമിൽ എത്തിച്ചു. ലീഗിൽ അവസാന മത്സരം വരെ നീണ്ട പോരാട്ടത്തിനൊടുവിൽ ബാഴ്സലോണയെ സമനിലയിൽ തളച്ച് 90 പോയിന്റുകളുമായി അത്ലറ്റികോ പത്താംകിരീടം ഉയർത്തി.  നിർണായക മത്സരത്തിൽ ബാഴ്സയോട് തോൽവി വഴങ്ങിയിരുന്നു എങ്കിൽ അത്ലറ്റികോയ്ക്ക് കിരീം നഷ്ടമാവുമായിരുന്നു തുടക്കത്തിലേ ലീഡ് നേടിയ ബാഴ്‌സയ്ക്ക് എതിരെ വിജയമോ സമനിലയോ ആവശ്യമായ മത്സരത്തിൽ ഡിയേഗോ ഗോഡിന്റെ ഹെഡറിലൂടെ സമനില നേടിയ അത്ലറ്റികോ സ്പെയിനിലെ ചാമ്പ്യന്മാരായി! റയൽ -ബാഴ്സ ദ്വയം എന്ന സമവാക്യം അവിടെ തകർന്നു.  അത്ലറ്റികോ മാഡ്രിഡ്  എന്ന ടീമിനെ ഒരു വിജയികളുടെ സംഘമാക്കി മാറ്റുകയായിരുന്നു സിമിയോണി.

സിമിയോണി സ്റ്റൈൽ

അര്ജന്റീനക്കാരനാണ് എങ്കിലും ലാറ്റിൻ അമേരിക്കൻ സുന്ദര  അറ്റാക്കിങ് ഫുട്ബോളിന് നേരെ വിപരീതമാണ് സിമിയോണി അത്ലറ്റികോയിൽ നടപ്പാക്കിയ ഫുട്ബോൾ തന്ത്രങ്ങൾ.  ഒന്നാന്തരം ഡിഫെൻസിവ് ഫുട്ബോൾ. ഹൊസേ മൗറീഞ്ഞോയുടെ ശൈലിയോട് അല്പം സാമ്യമുള്ള ശൈലി. അത്ലറ്റികോയ്ക്ക് എതിരെ ഗോൾ നേടുക മറ്റു ടീമുകൾക്ക്  ദുഷ്കരമായി.  4-4-2 ഫോർമേഷനിലും 5-3-2  ഫോർമേഷനിലും സിമിയോണി ടീമിനെ ഇറക്കി. സെന്റർ ബാക്കുകളുടെ മുൻപിൽ അവരെ സഹായിക്കാൻ രണ്ടു ഡിഫെൻസിവ് മിഡ്‌ഫീൽഡർമാരും.  ഒപ്പം പന്തുവീണ്ടെടുക്കാൻ പ്രെസ്സിങ്ങിനായി  മധ്യനിരയിലേക്കു ഇറങ്ങിവരുന്ന ഒരു സ്‌ട്രൈക്കറും. സിമിയോണിയുടെ തന്ത്രങ്ങളെ ഇങ്ങനെ ചുരുക്കി പറയാം. ഇതോടൊപ്പം വീണു കിട്ടുന്ന അവസരങ്ങൾ പ്രത്യാക്രമണങ്ങളിലൂടെ ഗോൾ നേടുകയും ചെയ്യും.

ഡിഫെൻസ് ഭദ്രമാക്കുമ്പോൾ മിഡ്‌ഫീൽഡർമാരെ സഹായിക്കാൻ ഒരു അറ്റാക്കിങ് പ്ലയെർ മിഡ്‌ഫീൽഡിലേക്ക് ഇറക്കി പന്ത് വീണ്ടെടുക്കുകയും ആക്രമണത്തിന് തുടക്കമിടുകയും ചെയ്യുന്നു. അറ്റാക്കിക്കിലും ഡിഫെൻസിലും ഒരുപോലെ ഇടപെടുന്ന ഫുൾബാക്കുകളും ഈ ശൈലി വിജയമാക്കിതീർത്തു.  പന്ത് എതിരാളിക്ക് കൊടുത്തു സ്വന്തം പകുതിയിൽ നിലയുറപ്പിക്കുന്ന സമീപനം അല്ല  എന്നതാണ്,  മൗറീഞ്ഞോയുടെ ശൈലിയിൽ നിന്ന് സിമിയോണിയെ വ്യത്യസ്തനാക്കുന്നത്. ചെറിയ ടീമുകൾക്ക് എതിരെ വളരെസന്തുലിതമായ പ്രതിരോധം നിലനിർത്തുകയും എതിരാളികൾക്ക് മൈതാന മധ്യത്തിലൂടെ  ആക്രമണം ദുഷ്കരമാക്കുകയും ചെയ്യുന്നു.പാർശ്വങ്ങളിലൂടെ ആക്രമണം അഴിച്ചു വിടുന്ന എതിർ ടീമിൽനിന്നും പ്രെസിങ്ങിലൂടെ പന്ത് തിരികെ നേടുകയും കൌണ്ടർ അറ്റാക്ക് നടത്തുകയും ചെയ്യും.

വമ്പൻ ടീമുകളോട് അല്പംകൂടി പ്രതിരോധാത്മക ഫുട്ബോൾ ആണ് സിമിയോണി കളിപ്പിക്കുക.  എതിരാളിയെ  ആക്രമിക്കാൻ വിട്ട് സ്വന്തം പകുതിയിൽ പ്രതിരോധിക്കുകയും  വീണു കിട്ടുന്ന അവസരങ്ങളിൽ ഗോൾ നേടുകയും ചെയ്യുന്ന തന്ത്രം.  ശാരീരികമായി കളിക്കാരിൽ നിന്നും കൂടുതൽ മികവ് ആവശ്യപ്പെടുന്ന ശൈലി.  ഇതുതന്നെയാണ് സിമിയോണിയുടെ ഫിലോസഫിയും. കഠിനാദ്ധ്വാനവും അടങ്ങാത്ത ആവേശവും തന്റെ ടീമിലെ എല്ലാ കളിക്കാരിൽനിന്നും സിമിയോണി എപ്പോഴും പ്രതീക്ഷിക്കുന്നു. സ്വാർത്ഥത ഇല്ലാത്ത ഒന്നാന്തരം ടീം ഗെയിം.  എത്ര സൂപ്പർ താരമായാലും സിമിയോണിയുടെ സിസ്റ്റത്തിൽ  അയാൾ മറ്റൊരു കളിക്കാരൻ മാത്രം. ഈ ടീം ഗെയിം മാത്രമാണ് അത്ലറ്റികോയുടെ നേട്ടങ്ങളുടെ അടിസ്ഥാനം.

സെർജിയോ അഗ്വേറൊ, ഡേവിഡ് ഡിഗിയ, തിബോട്ട് കോർട്ടുവ, ഡീഗോ കോസ്റ്റ, ആർദ്ര ടുറാൻ തുടങ്ങിയ സൂപ്പർ താരങ്ങളെ നിലനിർത്തുന്നതിലും അത്ലറ്റികോ പരാജയപെട്ടു.  എങ്കിലും എടുത്തു പറയേണ്ട ഒന്നാണ്  അത്ലറ്റികോ മാഡ്രിഡിന്റെ "പ്ലയെർ സ്കൗട്ടിങ്". മികവുള്ള യുവതാരങ്ങളെ ടീമിൽ എത്തിക്കാൻ എന്നും അവർക്കു കഴിഞ്ഞിട്ടുണ്ട്. അതിനാൽ തന്നെ വലിയ ക്ലബ്ബുകൾ പ്രധാന താരങ്ങളെ റാഞ്ചി എടുക്കുമ്പോഴും  പകരം പ്രതിഭാധനരായ കളിക്കാർക്ക് അത്ലറ്റികോയിൽ പഞ്ഞമില്ല. പല മാനേജർമാരും പരിചയ സമ്പന്നരായ കളിക്കാരെ സ്വന്തം ടീമിൽ കളിപ്പിക്കാൻ ആഗ്രഹിക്കുമ്പോൾ സിമിയോണി തന്റെ യുവ  കളിക്കാരിൽ കൂടുതൽ വിശ്വാസമർപിക്കുന്നു.

കൊക്കെ എന്ന മിഡ്‌ഫീൽഡർ ഇന്ന് സ്പെയിൻ ദേശീയ ടീമിലും,  അത്ലറ്റിക്കോയിലെയും അഭിവാജ്യ ഘടകമാണ്. സോൾ നിഗേസ് എന്ന മിഡ്‌ഫീൽഡറും സിമിയോണിയുടെ കീഴിൽ തേച്ചു മിനുക്കപെട്ട മറ്റൊരു കളിക്കാരനാണ്.  ഡിയേഗോ ഗോഡിൻ,  ഡിയേഗോ കോസ്റ്റ,  അന്റോയ്ൻ ഗ്രീസ്മാൻ,  എന്നിവർ എല്ലാം സിമിയോണിയുടെ പരിശീലനത്തിൽ കൂടുതൽ മികവിലേക്കുയർന്നു. ഗോഡിൻ എന്ന് ലോകത്തിലെ ഏറ്റവും മികച്ച സെന്റർ ബാക്കുകളിൽ ഒരാളും.  അത്ലറ്റിക്കോയുടെയും  ചെൽസിയുടെയും  ഗോളടി യന്ത്രം ഡിയേഗോ കോസ്റ്റ ആവട്ടെ ഇന്ന് സ്പെയിൻ ദേശീയ ടീമിൽ ടോറസിനും വിയ്യയ്ക്കും  പകരക്കാരനുമായി ഉയർന്നു.

ട്രാൻസ്ഫർ മാർക്കറ്റിൽ വലിയ തുകകൾ ചിലവാക്കാതെ തന്നെ എങ്ങനെ സിമിയോണി അത്ഭുതങ്ങൾ കാട്ടുന്നു?.ട്രാൻസ്ഫർ മാർക്കറ്റിൽ വലിയ തുക ചെലവഴിച്ചിട്ടും പ്രകടനം മെച്ചപ്പെടാത്ത എ. സി. മിലാൻ പോലുള്ള ക്ലബ്ബുകൾക്ക് ഏറെ പഠിക്കാനുണ്ട് അത്ലറ്റികോ മാഡ്രിഡിൽ നിന്ന്. ഒരു മാനേജർ എന്ന നിലയിൽ സിമിയോണിയുടെ വിജയവും കൂടിയാണത്.  കളിക്കാരെ പ്രചോദിപ്പിക്കാൻ കഴിവുള്ള  പരിശീലകന് അവരുടെ പൂർണ  മികവും കളിക്കളത്തിൽ പുറത്തെടുപ്പിക്കാനാകും. പ്രചോദനങ്ങളുടെ ആശാൻ എന്ന് കളിക്കാർ സിമിയോണിക്ക് നൽകിയ വിശേഷണം തന്ന ഇതിന് ഏറ്റവും വലിയ തെളിവ്.

 കളിയെ നന്നായി വിലയിരുത്തുകയും അതിനനുസരിച്ചു തന്ത്രങ്ങൾ ആവിഷ്കരിക്കുകയും ചെയ്യുന്ന മാനേജർ. കളിക്കിടയിൽ  തന്റെ കളിക്കാർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകി ടച്ച്ലൈനിൽ അസ്വസ്ഥനായി നിൽക്കുന്ന സിമിയോണിയെ നാം കണ്ടിട്ടുമുണ്ട്. പലപ്പോഴും അയാളുടെ ടച്ച് ലൈനിൽ നിന്നുകൊണ്ടുള്ള ആക്രോശം കളിക്കാരിൽ മാറ്റം ഉളവാക്കാൻ കാരണമാകുന്നു. ഉണർന്നു കളിക്കുന്ന കളിക്കാർ മത്സരത്തെ തങ്ങൾക്ക് അനുകൂലമാക്കുന്നതും നാം ഒരുപാട് കണ്ടിട്ടുണ്ട്.

ലഭ്യമായ വിഭവങ്ങൾ കൊണ്ട് പരമാവധി മികച്ച റിസൾട്ട് നേടാൻ സിമിയോണിക്ക് കഴിയുന്നു. തന്റെ ടീമിൽ കളിക്കുമ്പോൾ കളിക്കാർ അവരുടെ 100% കളിക്കളത്തിൽ നൽകണം എന്ന് അയാൾക്ക്‌ നിർബന്ധമുണ്ട്. അതിൽ വിട്ടുവീഴ്ച ഇല്ലതാനും.  മാത്രമല്ല, ടീമിൽ സ്ഥാനം ഉറപ്പിക്കാൻ ഓരോ മത്സരത്തിലും തങ്ങളുടെ കഴിവിനോട് നീതി പുലർത്തും വിധം കളിക്കുകയും വേണം ഓരോ കളിക്കാരനും. "പേരുകളെക്കാൾ" പ്രകടനങ്ങൾക്കാണ് പ്രാധാന്യം എന്ന് ചുരുക്കം.

ഒരു ടീം ആയി മികവോടെ കളിച്ചാൽ ആരെയും തോല്പിക്കാം എന്ന ആത്മവിശ്വാസവും സിമിയോണി തന്റെ കളിക്കാരിൽ വളർത്തിയെടുത്തു. അത്ലറ്റിക്കോയുടെ സമീപ കാല പ്രകടനങ്ങളിൽ ഇത് വ്യക്തവുമാണ്.  ബയേൺ,  ബാഴ്സ,  റയൽ എന്നീ വമ്പൻ ടീമുകളെ തോൽപിക്കാൻ അവർക്കു കഴിഞ്ഞിട്ടുണ്ട്.   മാത്രമല്ല,ഗോഡിനും, ഫിലിപ്പെ ലൂയിസും അടങ്ങുന്ന യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച ഒരു പ്രതിരോധ നിരയാണ് അത്ലറ്റിക്കോയുടേത്.  അത്ലറ്റിക്കോയ്ക്ക് എതിരെ ഗോൾ നേടുക ദുഷ്കരവും. ഒരു കളിക്കാരൻ എന്ന നിലയിൽ സിമിയോണി ഒന്നാന്തരം ഡിഫസീവ് മിഡ്‌ഫീൽഡർ  ആയിരുന്നു.  തന്റെ ടീമിനെയും അയാൾ മികവുള്ള, പന്ത് തിരികെ നേടാൻ ഭയമില്ലാതെ ടാക്കിൾസ് നടത്തുന്ന ഡിഫെൻഡർമാരാൽ പടുത്തുയർത്തി.  സ്പെയിനിലെ ഏറ്റവും മികച്ച പ്രതിരോധ നിര എന്ന അലങ്കാരവും ഈ  ടീമിന് സ്വന്തം. തങ്ങളിൽ വിശ്വാസം അർപ്പിക്കുന്ന മാനേജർക്ക് ഗ്രൗണ്ടിൽ തങ്ങളുടെ മികവിന്റെ പരമാവധി നൽകുവാൻ കളിക്കാരും ശ്രമിക്കുന്നു. ചെൽസിയിൽ പരാജയപ്പെട്ട ഫിലിപ്പെ ലൂയിസ്‌,  ഫെർണാണ്ടോ ടോറസ്,  എന്നിവരെ വീണ്ടും ടീമിൽ എത്തിക്കുകയും,  കഠിനാധ്വാനത്തിലൂടെ വീണ്ടും കൈമോശം വന്ന മികവ് തിരികെ നേടിയപ്പോളും അതിനു പിന്നിൽ സിമിയോണി എന്ന  മാനേജർ തന്നെയാണ്.

മറ്റൊരു ഉദ്ദാഹരണം അൻറോയ്ൻ ഗ്രീസ്മാൻ എന്ന സൂപ്പർ താരം,  മെലിഞ്ഞ ശരീരവും ഉയരക്കുറവും ഉള്ളതിനാൽ  ഫുട്ബോളിന് പറ്റിയ കളിക്കാരൻ അല്ല എന്ന് വിധിയെഴുതി ഫ്രഞ്ച് ക്ലബ്ബ്കൾ തിരസ്കരിച്ച കളിക്കാരൻ.   ടെക്നിക്കൽ ഫുട്ബോൾ കളിക്കുന്ന സ്പെയിനിൽ ശോഭിക്കാനാവും എന്ന പ്രതീക്ഷയിൽ റയൽ സോസിഡാഡിൽ ചേരുന്നു.  അവിടെ നടത്തിയ പ്രകടനങ്ങൾ സിമിയോണിയുടെ അത്ലറ്റികോയിലേക്ക് വഴിതുറക്കുന്നു.  അത്ലറ്റികോയിൽ തന്റെ ആദ്യ ആറു മാസം പ്രയാസം ആയിരുന്നു എന്ന് ഗ്രീസ്മാൻ സമ്മതിക്കുണ്ട്. ഏറെ ചിട്ടയോടെയുള്ള പരിശീലനവും കഠിനാധ്വാനവും കൊണ്ട് സിമിയോണിയുടെ കീഴിൽ പതിയെ അയാൾ തേച്ചു മിനുക്കപെട്ട  കളിക്കാരനായി.  മാച്ച് വിന്നർ ആയി!!  ബാലൻ ഡിയോർ പുരസ്‌കാര ലിസ്റ്റിൽ  റൊണാൾഡോയ്ക്കും മെസ്സിക്കും മാത്രം പുറകിൽ.

ചാമ്പ്യൻസ് ലീഗ് 

2013 മുതൽ  ചാമ്പ്യൻസ് ലീഗിയിൽ സ്പെയിനിൽ നിന്നും സ്ഥിര സാന്നിധ്യമാണ് സിമിയോണിയുടെ അത്ലറ്റികോ. രണ്ടു തവണ ഫൈനലിസ്റ്റുകൾ! ഒരു ടീമെന്ന നിലയിൽ ഏറെ മുന്നേറിയ അത്ലറ്റികോ റയൽ, ബയേൺ, ബാഴ്സ, യുവെന്റസ് എന്നിവരെ പോലെ യൂറോപ്പിൽ ഒരു പ്രബല ശക്തിയായി മാറിയിരിക്കുന്നു. 2013-14 സീസണിൽ എ.സി മിലാൻ, ബാഴ്സ, ചെൽസി,  എന്നിവരെ കീഴടക്കി ഫൈനലിൽ എത്തിയ അത്ലറ്റികോയുടെ കുതിപ്പ് ഫൈനലിൽ റയൽ മാഡ്രിഡിന് മുൻപിൽ അവസാനിച്ചു. അത്ലറ്റികോ വിജയിച്ചു എന്ന് ഉറപ്പിച്ച മത്സരം സെർജിയോ റാമോസിന്റെ  ഇഞ്ചുറി  ടൈമ് ഗോളിൽ കൈവിട്ടുപോയി. എക്സ്ട്രാ ടൈമിൽ വിജയ ഗോൾ നേടിയ റയൽ കീരീടം ചൂടി.  2014-15 സീസണിൽ  ക്വാർട്ടർ ഫൈനലിൽ വീണ്ടും റയൽ മാഡ്രിഡിനോട് തോറ്റു പുറത്തായി. 2015-16 സീസണിൽ  ബാഴ്സ, ബയേൺ എന്നിവരെ യഥാക്രമം  ക്വാർട്ടർ, സെമിഫൈനലുകളിൽ തോൽപിച്ച അത്ലറ്റികോ,  വീണ്ടും ഫൈനലിൽ റയൽ മാഡ്രിഡിന് മുൻപിൽ തോൽവി രുചിച്ചു.2016-17 സീസണിൽ സെമിയിൽ റയൽ മാഡ്രിഡിനോട് തോറ്റു വീണ്ടും പുറത്തായി.2017-18 സീസണിൽ  ഗ്രൂപ്പ് ഘട്ടം കടക്കാനായില്ല.
എങ്കിലും ലാലിഗയിൽ ബാർസിലോനയ്ക്ക് പിന്നിൽ  രണ്ടാം സ്ഥാനത്തു ഉണ്ട് അത്ലറ്റികോ മാഡ്രിഡ്. ലാലിഗയിൽ റയലിനെ തോല്പിക്കാനായി എങ്കിലും യൂറോപ്പിൽ അവരെ മറികടക്കാൻ  സിമിയോണിക്ക് ഇനിയും കഴിഞ്ഞിട്ടില്ല. ലാലിഗ ചാമ്പ്യന്മാരായതിന് ശേഷം തുടർച്ചയായ മൂന്ന് വർഷവും മൂന്നാം സ്ഥാനം നേടുവാനും അത്ലറ്റികോ മാഡ്രിഡിനായി. ശരിയായ ദിശയിലാണു സിമിയോണിയുടെ കീഴിൽ അത്ലറ്റികോ മാഡ്രിഡ് എന്നതിന് ഇതില്പരം എന്ത് തെളിവാണ് വേണ്ടത് ?. ലാലിഗയിലും യൂറോപ്പിലും സ്ഥിരത പുലർത്താനും അവർക്കു കഴിയുന്നു. ഒപ്പം വർഷങ്ങൾക്കു ശേഷം മാഡ്രിഡ് ഡാർബിയുടെ തീവ്രതയും പ്രാധാന്യവും വർധിച്ചിരിക്കുന്നു. റയലിന് ഒത്ത എതിരാളികളാണ്‌ ഇന്ന് അത്ലറ്റികോ മാഡ്രിഡ്. ലാലിഗ,  യൂറോപ്പ ലീഗ്,  യുവേഫ സൂപ്പർകപ്പ്,  കോപ്പ ഡെൽറേ എന്നിവയൊക്കെ നേടിയ സിമിയോണിക്ക് ഇനി ഒരു ചാമ്പ്യൻസ് ലീഗ് കിരീടം കൂടിയേ തന്റെ നേട്ടങ്ങളുടെ പട്ടികയിൽ ചേർക്കാൻ  ബാക്കിയുള്ളു.

പണം വാരിയെറിഞ്ഞു സൂപ്പർ താരങ്ങളെ സ്വന്തമാക്കിയാൽ നേട്ടങ്ങൾ ഉണ്ടാക്കാം എന്ന ആശയത്തിന് ഒരു അപവാദമാണ് അത്ലറ്റിക്കോയുടെ ഈ മുന്നേറ്റം.സജീവ ഫുട്ബോളിൽ ഏറ്റവും  മികച്ച മാനേജർമാരിൽ ഒരാളുമാണ് സിമിയോണി,  അയാളുടെ നേട്ടങ്ങളുടെ വലുപ്പത്തോടൊപ്പം ചേർത്ത് വായിക്കേണ്ട ഒന്നാണ് അയാളുടെ ടീമിന്റെ സ്ഥിരത.  പ്രതാപം നഷ്ടപെട്ട പല യൂറോപ്യൻ വമ്പന്മാർക്കും വേണ്ടത് ലഭ്യമായ കളിക്കാരെകൊണ്ട് നല്ല റിസൾട്ട് നൽകാൻ പരിശ്രമിക്കുന്ന സിമിയോണിയെപ്പോലെയുള്ള മാനേജര്മാരെയാണ്.  2020 വരെ സിമിയോണി അത്ലറ്റികോ മാഡ്രിഡുമായി കരാർ പുതുക്കിയിട്ടുണ്ട്.  ഇനി വരുന്ന സീസണുകളിലും ലീഗിലും യൂറോപ്പിലും അത്ലറ്റികോയുടെ മികവ് നമുക്ക് കാണാം എന്നുറപ്പ്. കാരണം  അയാൾ നൽകുന്ന മാതൃക അതാണ്,ഒപ്പം ഒരു സന്ദേശവും  "ദൃഢനിശ്ചയവും കഠിനാധ്വാനവും കൊണ്ട് മറികടക്കാൻ കഴിയാത്ത ഒരു പ്രതിബന്ധവുമില്ല".


Tags: Football, La Liga, Spanish Football, Real Madrid, Athletico Madrid, Barcelona, Champions League, Diego Simeone, Coach, Argentina

COMMENTS


Name

Badminton,6,Cricket,30,Football,335,Other Sports,46,SG Special,132,Sports,200,Tennis,7,Volleyball,3,
ltr
item
Sports Globe: സിമിയോണി: മാഡ്രിഡിലെ മാന്ത്രികൻ
സിമിയോണി: മാഡ്രിഡിലെ മാന്ത്രികൻ
https://3.bp.blogspot.com/-FpmryyUOCa8/WtIe1gJ7_mI/AAAAAAAAAE8/xlAZDWCIJUYm0-Hzc3y7ELBpsWiuhfTvgCLcBGAs/s640/SIMIONEY%2BSPORTS%2BGLOBE.jpg
https://3.bp.blogspot.com/-FpmryyUOCa8/WtIe1gJ7_mI/AAAAAAAAAE8/xlAZDWCIJUYm0-Hzc3y7ELBpsWiuhfTvgCLcBGAs/s72-c/SIMIONEY%2BSPORTS%2BGLOBE.jpg
Sports Globe
http://www.sportsglobe.in/2018/04/roshan-joy-article-on-diego-simeone.html
http://www.sportsglobe.in/
http://www.sportsglobe.in/
http://www.sportsglobe.in/2018/04/roshan-joy-article-on-diego-simeone.html
true
4357620804987083495
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy