അനസേ... സെവന്സ് അല്ല ഫുട്ബോള്, തുലയ്ക്കണോ കളിജീവിതം എന്ന നിർമൽ ഖാൻറെ ലേഖനത്തിന് കൊയപ്പ സെവൻസ് ഫുട്ബോൾ ടൂർണമെൻറ് കമ്മിറ്റിക്ക് വേണ്ടി ലൈറ...
അനസേ... സെവന്സ് അല്ല ഫുട്ബോള്, തുലയ്ക്കണോ കളിജീവിതം എന്ന നിർമൽ ഖാൻറെ ലേഖനത്തിന് കൊയപ്പ സെവൻസ് ഫുട്ബോൾ ടൂർണമെൻറ് കമ്മിറ്റിക്ക് വേണ്ടി ലൈറ്റനിംഗ് ക്ലബ് പ്രസിഡൻറ് കെ കെ സുബൈർ നൽകുന്ന മറുപടി
കെ കെ സുബൈർ
അനസും, സക്കീറും, മാനുപ്പയും വളരെ വേണ്ടപ്പെട്ടചിലരുടെ സമ്മർദ പ്രകാരം കൊയപ്പ ഫുട്ബാളിൽ കളിച്ചത് മഹാ അപരാധമായി എന്ന ധ്വനിയിൽ ഒരു ലേഖനം കണ്ടു. വർഷങ്ങളായി പറഞ്ഞു വരാറുള്ള കുറെ കാര്യങ്ങൾ അവർത്തിക്കുകയാണ് അദ്ദേഹം. ലേഖകനോട് ഒറ്റ ചോദ്യം. സെവൻസില്ലായിരുന്നെങ്കിൽ അനസ് എടത്തൊടിക ഉണ്ടാകുമായിരുന്നോ ?.
എടത്തൊടികയിൽ ഇലവൻസിനുള്ള ഒരു ഗ്രൗണ്ട് ഉള്ളതായി അറിവില്ല. വഴിപാടുപോലുള്ള ലീഗ് മത്സരങ്ങളല്ലാതെ കേരളത്തിൽ എവിടെയാണ് ഇലവൻസ് നടക്കുന്നത്. മുമ്പ് നടന്നിരുന്ന എല്ലാ ടൂർണമെന്റുകളും, ഇന്ന് സെവൻസിനെ എതിർക്കുന്നവരുടെ മഹാനൈപുണ്യം കൊണ്ട് ഇല്ലാതായി.(കൗമുദി , ചാക്കോള , നാഗ്ജി, ശ്രീനാരായണ തുടങ്ങിയവ) നിങ്ങളുടെ പിടിപ്പ് കേട് കാരണമാണ് പാവപ്പെട്ട കാണികളെയും കളിക്കാരെയും സെവൻസിലേക്കു തിരിയാൻ പ്രേരിപ്പിച്ചത്.
യു പി സ്കൂളിൽ പഠിക്കുന്ന കാലത്തു കൊടുവള്ളിയിൽ നിന്നും ബസ്സ് കയറി കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ ഫുട്ബാൾ കാണാൻ പോവും. എട്ടേ മുക്കാലിനുള്ള അടിവാരം ബസ്സാണ് ലാസ്റ്റ് വണ്ടി. എക്സ്ട്രാ ടൈമോ ടൈ ബ്രേക്കറോ കുടുങ്ങിയാൽ ബസ്സ് മിസ്സാവും പിന്നെ നടക്കാവ് വരെ നടന്ന് വയനാട്ടിലേക്ക് പോകുന്ന ലോറിക്കാരുടെ ഔദാര്യത്തിലാണ് വീടുപിടിക്കുക വീട്ടിലെത്തിയാൽ വാപ്പയുടെ വക... അർദ്ധരാത്രിയിലല്ല സ്വാതന്ത്ര്യം ലഭിച്ചത് എന്ന തിയറി ക്ലാസ്സ്.
അന്ന് കളിക്കൽ സെവൻസും കാണൽ ഇലവൻസുമായിരുന്നു. ഒരിക്കലും ഈ രണ്ട് ഫോർമാറ്റുകളും പരസ്പരം കലഹിക്കേണ്ട ഒന്നായി തോന്നിയിട്ടില്ല .
വേണ്ടത്ര സ്ഥലമില്ലാത്ത കേരളത്തിൽ സെവൻസിലൂടെയെങ്കിലും ഫുട്ബാളിനോടുള്ള മലയാളിയുടെ ഇഷ്ടം കാത്തു സൂക്ഷിക്കാൻ സെവൻസ് ഉപകാരപ്പെടുകയും ഇലവൻസിലേക്കു കളിക്കാരെ ഫീഡ് ചെയ്യാൻ കഴിയുകയും ചെയ്യാൻ പറ്റുന്നു എന്ന യാഥാർഥ്യം സമ്മതിക്കാതെ കണ്ണടച്ച് ഇരുട്ടാക്കരുത്.
കേരള ബ്ലാസ്റ്റേഴ്സ് കളിക്കുമ്പോൾ അവിടെ ഇരച്ചെത്തുന്ന കാണികൾ എവിടുന്നാണ് വരുന്നതെന്നും അവരെല്ലാം കളിക്കുന്നത് ഏത് ഫോർമാറ്റാണെന്നും ചോദിച്ചാൽ മനസ്സിലാവും കേരളത്തിൽ ഇലവൻസ് ഫുട്ബാൾ നിലനിൽക്കുന്നത് തന്നെ സെവൻസിന്റെ തണലിലാണെന്ന്.
ഫൈവ് സ്റ്റാർ ഹോട്ടലിലെ തീന്മേശയിലിരുന്നു മൂക്കറ്റം തിന്നുമ്പോൾ, വിത്തിറക്കി അന്നമുണ്ടാക്കിയ കർഷകന്റെ ശരീരത്തിൽ പറ്റിയ മണ്ണിനെക്കുറിച്ച് കുറ്റം പറയുന്നത് പോലെയേ ഇതു കാണാൻ പറ്റുള്ളൂ . നിങ്ങൾ ആഘോഷിക്കുന്ന ഈ കളിക്കാരെല്ലാം സെവൻസിനോട് കടപ്പെട്ടിരിക്കുന്നു. ആ വിത്തുകൾക്ക് പ്രചോദനമായതും, വെള്ളം നൽകിയതും മുളപ്പിച്ചതും സെവൻസുകാർ തന്നെ. അവർക്കതറിയുകയും ചെയ്യാം.
ലോകത്തിലെ ഏറ്റവും വലിയ സമ്പന്ന സംഘടനയായ ഫിഫയുടെ തണലുണ്ടായിട്ടുപോലും ഫുട്ബോളിന് വേണ്ടി കാര്യമായൊന്നും ഇലവൻസുകാർ ചെയ്യുന്നത് കാണുന്നില്ല. ഒരു ധനസഹായവും ആരിൽനിന്നും ലഭിക്കാതിരുന്നിട്ടും സെവൻസുകാർ സ്വന്തം റിസ്കിൽ ഫുട്ബോളിന് വേണ്ടി ചെയ്യുന്ന സേവനങ്ങൾ മഹത്തരമാണ്.
കൊയപ്പ കമ്മിറ്റി ഒളിമ്പ്യൻ റഹ്മാനിക്കയിൽ നിന്ന് തുടങ്ങിയ കോച്ചിങ് ക്യാമ്പ് അദ്ദേഹത്തിന്റെ ശിഷ്യന്മാരായ ഇന്റർനാഷണൽ നജീബ്ക്കാ, ദീപക് , നിയാസ് റഹ്മാൻ തുടങ്ങിയവരിലൂടെ ഇപ്പോഴും തുടരുന്നു. നൂറുക്കണക്കിന് കുരുന്നുകൾ പരിശീലനം നേടുകയും ചെയ്യുന്നു.
മലപ്പുറത്തിന്റെ ഫുട്ബോള് ചരിത്രത്തിലേക്കൊരു മൈനസ് പാസ്
നല്ല ഗ്രൗണ്ടോ, പരിശീലന സൌകര്യമോ, കളിക്കാനുള്ള അവസരമോ സൃഷ്ടിക്കാൻ കഴിയാത്തവർ, സെവൻസ് കണ്ടും കളിച്ചും ആവേശം കൊണ്ടതിന്റെ പേരിൽ കളിക്കാരായവരുടെ പിതൃത്വം ഏറ്റെടുത്ത്, നാട്ടിലെ വളർന്ന് വരുന്നകുട്ടികൾക്കു ആവേശമാവാൻ ഈ വലിയ കളിക്കാർ കാണിക്കുന്ന മഹാ മനസ്കതയെ തുച്ഛമായ വരുമാന കണക്ക് പറഞ്ഞു അവഹേളിക്കരുത്.പരിക്ക് ഏത് കളിയിലും പറ്റാം. നെയ്മർ ഇപ്പോൾ കിടക്കുന്നത് സെവൻസ് കളിച്ചതിന്റെ പേരിലല്ലല്ലോ. ക്രിക്കറ്റിൽ ഒരു കാലത്തു വെള്ള വസ്ത്രം മാത്രമേ ധരിക്കാൻ പാടുണ്ടായിരുന്നുള്ളു. ടെസ്റ്റ് മാത്രമേ കളിച്ചിരുന്നുള്ളു. കാലത്തിന്റെ ഒഴുക്കിനനുസരിച്ച് അവർ മാറി. ആ മാറ്റം കളിയുടെ സ്വീകാര്യതയിൽ വമ്പിച്ച മാറ്റമുണ്ടാക്കിയിട്ടുണ്ട്.
സെവൻസുകാർ എന്ത് ചെയ്യരുത് എന്ന താക്കീതിന് പകരം മുപ്പത്തിയാറു കൊല്ലമായിട്ടും പല നഷ്ടങ്ങളും സഹിച്ച് ഈ കളിയുമായി നടക്കുന്ന ഞങ്ങളെ പോലുള്ളവരെ ആദരിച്ചില്ലെങ്കിലും അവഹേളിക്കാതിരുന്നാൽ സന്തോഷം. (അംഗീകൃത സെവെൻസിനെ ക്കുറിച്ചു തൽക്കാലം ഒന്നും പറയുന്നില്ല). ഒരു ഭാഗത്ത് ഇക്കിളിപ്പെടുത്തുകയും ചിരിക്കരുത് എന്ന് തിട്ടൂരമിറക്കുകയും ചെയ്യുന്നത് കഷ്ടമാണ്.
ചിത്രങ്ങൾക്ക് കടപ്പാട്: കരീം കൊടുവളളി
Tags: Saleem Varikkodan, Football, Malappuram Football, Anas Edathodika, Sevens Football, Kerala Football, Santhosh Trophy, Koyappa Sevens
COMMENTS