കേരളത്തിൻറെ എക്കാലത്തേയും മികച്ച സ്ട്രൈക്കർമാരിൽ ഒരാളായ പി എസ് അഷീമിൻറ ജീവിതം വായനക്കാർക്ക് മുന്നിലെത്തിക്കുകയാണ് സ്പോർട്സ് ഗ്ലോബ് ബ്...
കേരളത്തിൻറെ എക്കാലത്തേയും മികച്ച സ്ട്രൈക്കർമാരിൽ ഒരാളായ പി എസ് അഷീമിൻറ ജീവിതം വായനക്കാർക്ക് മുന്നിലെത്തിക്കുകയാണ് സ്പോർട്സ് ഗ്ലോബ്ബ്രഹത് ഹെറാൾഡ്
കേരള ഫുട്ബാളിന്റെ ഓര്‍മ്മകളിലൂടെ ഒന്നു യാത്ര ചെയ്തു നോക്കൂ. ആദ്യത്തെ തിരിവുകളില്‍ ഏറെയും നാം കണ്ടുകൊണ്ടിരിക്കുന്ന മുഖങ്ങള്‍.. വിനീത്, അനസ്, റിനോ ആന്റോ, സക്കീര്‍, റാഫി ... വീണ്ടും നടക്കുമ്പോള്‍ ആസിഫ്, പ്രദീപ്, അജയന്, സുരേഷ്, വിനു ജോസ്.. ഒട്ടും നിറം മങ്ങിയിട്ടില്ലാത്ത മുഖങ്ങള്‍. അപ്പുറത്ത് അഞ്ചേരി, ധനേഷ്, വിജയന് .. അവരുടെ വിജയസ്തൂപങ്ങള്ക്കുമുണ്ട് ഓര്‍മ്മകളേക്കാള്‍ തിളക്കം.
വീണ്ടും പുറകോട്ട്, ചിത്രങ്ങള്‍ മങ്ങുകയായി. 1990 കളിലെ സ്വപ്ന സംഘങ്ങളുടെ ആരവങ്ങള്‍, തേങ്ങലുകള്‍. എല്ലാം ഇരുള് മൂടി അവ്യക്തമായിരിക്കുന്നു. മറവിയുടെ മാറാലകെട്ടിയ നിറം വാര്‍ന്ന കുറെ ചിത്രങ്ങള്‍. സത്യന്, തോമസ് സെബാസ്റ്റ്യന്‍, ഹര്ഷന്, തോബിയാസ്, ഷറഫലി, മുഹമ്മദ് സാജിത്, കുരികേശ് മാത്യു, മാത്യു വര്‍ഗീസ്...
കൂട്ടത്തില്‍ ഇന്നും ആരാധനയോടെ ആവേശത്തോടെ അതിരറ്റ ഇഷ്ടത്തോടെയോര്ക്കുന്ന ഒരുപേരുണ്ട്. പി. എസ് അഷീം. കേരളം സൃഷ്ടിച്ച എക്കാലത്തെയും മികച്ച സ്ട്രൈക്കര്‍ എന്ന് ഞാന്‍ എവിടെയും പറയും. കേരളം വിജയിച്ച സന്തോഷ് ട്രോഫി ഫൈനലിലെ ഇരട്ട ഗോളിലൂടെ മനസ്സില്‍ തുളഞ്ഞുകയറിയ അഷീമിന്റെ ഒരുകളി നേരിട്ടുകാണുന്നത് കോഴിക്കോട് വച്ച്, കൊല്ലം 1994. ആലുക്കാസ് ഗോള്‍ഡ് കപ്പ് ഫൈനലില്‍ എസ് ബി ടി - ടൈറ്റാനിയം മുഖാമുഖം. ബാങ്ക് നിരയില്‍ ജോപോള്‍, മാര്ട്ടിന്, ജിജു ജേക്കബ് എല്ലാം ഉണ്ട്. നാല് ഗോളാണ് അന്ന് അഷീം ബാങ്കിന്റെ പോസ്റ്റില്‍ നിക്ഷേപിച്ചത്. ടാപ്പിംഗ് ഗോള്‍ മുതല്‍ ലോങ്ങ് റെയ്ഞ്ചര്‍ വരെ ഉണ്ടായിരുന്നു അതില്‍. അഷീമിന് ശേഷം ലക്ഷണമൊത്തൊരു സ്ട്രൈക്കറെ കേരളത്തില്‍ വേറെ കണ്ടിട്ടില്ല.
ഇന്ത്യന്‍ ഫുട്ബോളിന്റെ അക്ഷയഖനിയായ കേരളത്തിലെ ഷാര്‍പ് ഷൂട്ടര്‍ പി എസ് അഷീമിനെക്കുറിച്ച് ഫുട്ബോള്‍ ചരിത്രകാരനും ലേഖകനുമായ ജാഫര്‍ ഖാന് ഫേസ്ബുക്കില്‍ കുറിച്ച വാക്കുകളില്‍ നിന്നാണ് ഈ യാത്ര തുടങ്ങുന്നത്. ജാഫറിന്റെ വാക്കുകള്‍ സ്ഫടികത്തിളക്കത്തോടെ ജ്വലിക്കുമ്പോള്‍ അഷീം എന്ന സ്ട്രൈക്കറെക്കുറിച്ച് കൂടുതല്‍ വിശേഷണങ്ങളോ വിശദീകരണങ്ങളോ ആവശ്യമില്ല. മലയാളികള്‍ ഒരിക്കലും മറക്കാത്ത അഷീം ജീവിതം പറയുകയാണിവിടെ....ഫുട്ബോള്‍ കളിപോലെ തന്നെയാണ് എന്റെ ജീവിതം. കയറ്റിയറക്കങ്ങളും ഗോളുകളും ആരവങ്ങളും ട്രോഫികളും തിരിച്ചടികളുമെല്ലാം നിറഞ്ഞ ജീവിതം. ഇതിനിടെ ഓര്‍മ്മകളില്‍ പലതും നിറംമങ്ങിയിരിക്കുന്നു, ചിലത് കൈവിട്ടുപോയി...എങ്കിലും ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുകയാണ്...
ഗ്രൗണ്ടിലേക്ക്...
ചങ്ങനാശേരി പുതൂര്പ്പള്ളിയിലാണ് ജനനം. അച്ഛന്സൈനുദ്ദീനും സഹോദരന് നവാസും ഫുട്ബോള്‍ കളിക്കുമായിരുന്നു. ഇവരുടെ പുറകെ ചെറുപ്പത്തിലേ ഗ്രൗണ്ടിലെത്തി. പുതൂര്‍പ്പള്ളി മുഹമ്മദന്‍ സ്പോര്‍ട്ടിംഗ് ക്ലബിലായിരുന്നു കളി. കളി കാര്യമാവും മുന്‍പുതന്നെ ജില്ലാ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ജില്ലാ ടീമിലെ കളി കണ്ടപ്പോള്‍ ചങ്ങനാശേരിയിലെ ടീമായ ഐ ടി സിയുടെ മാനേജര്‍ ലത്തീഫ് അവരുടെ ടീമിലേക്ക് വിളിച്ചു. അതുവരെ സെവന്‍സ് ആയിരുന്നു കൂടുതലും കളിച്ചിരുന്നത്.
![]() |
പി എസ് അഷീം |
കേരള ടീമിലേക്ക്...
കൗമുദി ട്രോഫിയിലെ എന്റെ സ്കോറിംഗ് മികവ് ശ്രദ്ധിക്കപ്പെട്ടു. 1988ല്‍ തന്നെ സംസ്ഥാന ജൂനിയര്‍ ടീമിലെത്തി. കേരള ജേഴ്സിയിലെ അരങ്ങേറ്റവും മോശമായിരുന്നില്ല. കേരളം റണ്ണേഴ്സ് അപ്പായി. ഫൈനില്‍ മഹാരാഷ്ട്രയോടാണ് തോറ്റത്. ടൂര്‍ണമെന്റിലെ ടോപ് സ്കോറര്‍ ഞാനായിരുന്നു. അക്കൊല്ലം ഏറ്റവും മികച്ച ജൂനിയര്‍ കളിക്കാരനുള്ള ജി വി രാജ ഗോള്‍ഡ് മെഡലും കിട്ടി.
കാലിൽ കളിവറ്റിയവരെയല്ല, ചോരത്തിളപ്പ് ഉള്ളവരെയാണ് വേണ്ടത്: ഐം എം വിജയൻ
ഇന്ത്യന്‍ ടീമിലേക്ക്...
കേരള ടീമിലെ മികച്ച പ്രകടനത്തോടെ ഇന്ത്യന്‍ ജൂനിയര്‍ ടീമിലേക്ക് വിളിവന്നു, റഷ്യക്കെതിരെ കളിക്കാന്‍. സുഖ്വീന്ദര് സിംഗ് ആയിരുന്നു കോച്ച്. കണ്ണൂര്‍, ഡല്‍ഹി, കോഴിക്കോട്, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ രണ്ട് ഘട്ടമായിട്ടായിരുന്നു പരിശീലനം. എന്നോടൊപ്പം കേരളത്തില്‍ നിന്ന് വിനയന്, ഫൈസല്‍ റാസി, അക്ബര്‍, ശ്രീനിവാസന്,ഹബീബ് റഹ്മാന് എന്നിവരും ക്യാമ്പിലുണ്ടായിരുന്നു.
കൊല്ലത്തും വാരണാസിയിലും ആയിരുന്നു റഷ്യക്കെതിരായ മത്സരങ്ങള്‍. കൊലത്ത് ഇരുടീമും ഗോളടിക്കാതെ പിരിഞ്ഞു. വാരണാസിയില്‍ ഇന്ത്യയും റഷ്യയും ഓരോ ഗോളടിച്ച് സമനില പാലിച്ചു. ബ്രൂണോ കുടീഞ്ഞോ ആയിരുന്നു ഇന്ത്യയുടെ ഗോള്‍ നേടിയത്.
![]() |
അഷീം കേരള ടീമിനൊപ്പം |
1990ലാണ് സന്തോഷ് ട്രോഫി ടീമിലെത്തുന്നത്. ഗോവയിലായിരുന്നു ടൂര്‍ണമെന്റ്. മാത്യു വര്‍ഗീസിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ കേരളം ഫൈനലില്‍ ഗോവയോട് തോറ്റു. തൊട്ടടുത്ത വര്‍ഷം ഐ എം വിജയന്റെ നേതൃത്വത്തില്‍ പാലക്കാട് സന്തോഷ് ട്രോഫിയില്‍. നല്ല ടീമായിരുന്നു. വിജയനും ഹര്ഷനും എനിക്കൊപ്പം മുന്‍നിരയില്‍. ജിജു ജേക്കബും വിനയനും പിന്‍നിരയില്‍. ഗോള്‍പോസ്റ്റിന് മുന്നില്‍ ശിവദാസ്.
കപ്പെടുക്കണം എന്ന വാശിയിലായിരുന്നു.
സെവന്‍സ് താരങ്ങള്‍ക്ക് മാത്രം എന്താണിത്ര വൈകാരികത: ബിനോ ജോര്‍ജ്ജ്
പക്ഷേ, അക്കൊല്ലവും ഫൈനലില്‍ തോറ്റു. മഹാരാഷ്ട്രയോടാണ് ഫൈനലില്‍ തോറ്റത്. ഹര്ഷന് വിംഗുകളിലൂടെ പറക്കുകായിരുന്നു അന്ന്. ഒരുവിധപ്പെട്ട പ്രതിരോധ താരത്തിനൊന്നും ഹര്‍ഷനെ പിടിച്ചുകെട്ടാനാവില്ലായിരുന്നു. ഏത് സമയവും ബോക്സിലേക്ക് ക്രോസ് പ്രതീക്ഷിക്കാം. തക്കം പാര്‍ത്ത് ഞാനും. കിട്ടിയഅവസരങ്ങളില് ഏറെയും ഗോളാക്കി. ഞാനായിരുന്നു ടോപ് സ്കോറര്‍. പാലക്കാട്ടെ താല്‍ക്കാലിക ഗാലറികളില്‍ നിറഞ്ഞുതുളുമ്പിയ ആരാധകരുടെ ആവേശം ഇന്നും മറക്കാനാവില്ല.![]() |
അഷീം സഹതാരങ്ങൾക്കൊപ്പം |
ഇംഗ്ലീഷ് ഫുട്ബോളിലെ ഫ്രഞ്ച് വിപ്ലവം മായുമ്പോൾ
കലാശക്കളിയില്‍ ഗോവയായിരുന്നു എതിരാളി. ഗോള്‍ പോസ്റ്റിന് മുന്നില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ട താരം സാക്ഷാല്‍ ബ്രഹ്മാനന്ദ്. അദ്ദേഹത്തിന്റെ പോസ്റ്റഇലേക്ക് രണ്ട് ഗോളടിച്ചത് ഇന്നും മറക്കാനാവാത്ത ഓര്‍മ്മയാണ്, അതും ഫൈനലില്‍. ഇതില്‍ തന്നെ ബ്രഹ്മാനന്ദിനെ വലിച്ച് അടിച്ച ഗോള്‍ ഇപ്പോഴും ഹൃദയത്തില്‍ തുടിക്കുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം കേരളം സന്തോഷ് ട്രോഫി ചാമ്പ്യന്മാരായി. ഫൈനല്‍ ഉള്‍പ്പടെ എല്ലാ കളിയിലും ഗോളടിക്കാനും എനിക്ക് കഴിഞ്ഞു.മാലിയിലേക്ക്...
സന്തോഷ് ട്രോഫി ചാമ്പ്യമാരായ കേരളമാണ് അക്കൊല്ലം മാലിയില്‍ നടന്ന ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ടീമായി കളിച്ചത്. കേരളം ഇന്ത്യയാവുന്ന അപൂര് സന്ദര്‍ഭം. ശ്രീലങ്ക, ബംഗ്ലാദേശ്, മാലി എന്നിവരായിരുന്നു മറ്റ് ടീമുകള്‍. കേരളം, അല്ല ഇന്ത്യ ഫൈനലില്‍ മാലിയോട് തോറ്റു.
വീണ്ടും സന്തോഷ് ട്രോഫിയിലേക്ക്...
ചാമ്പ്യന്മാര് എന്ന തലയെടുപ്പോടെയാണ് 1993ലെ കൊച്ചി സന്തോഷ് ട്രോഫിയില്‍ കളിക്കാനിറങ്ങിയത്. വിജയനും ഷറഫലിയും ബംഗാള്‍ വിട്ട് കേരളത്തിലേക്ക് തിരിച്ചുവന്നു. പാപ്പച്ചനും വിജയനുമായിരുന്നു പ്രധാന സ്ട്രൈക്കര്‍മാര്‍. പകരക്കാരനായാണ് ചിലകളികളില്‍ ഇറങ്ങിയത്. പാപ്പച്ചന്റെയും അജിത്തിന്റെയും ഗോളുകള്‍ക്ക് ഫൈനലില്‍ മഹാരാഷ്ട്രയെ തോല്പിച്ച് കേരളം വീണ്ടും ചാമ്പ്യന്മാരായി. ജാഫര്‍ക്ക തന്നെയായിരുന്നു കോച്ച്.
മലപ്പുറത്തിന്റെ ഫുട്ബോള്‍ ചരിത്രത്തിലേക്കൊരു മൈനസ് പാസ്
1994ലെ കട്ടക് സന്തോഷ് ട്രോഫിയില്‍ കളിച്ചില്ല. വിവാഹ സമയമായതിനാല്‍ ടീമില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. തൊട്ടുത്തവര്ഷം മദ്രാസ് സന്തോഷ് ട്രോഫിയിലൂടെ കേരള ടീമില്‍ തിരിച്ചെത്തി. സെമിഫൈനലില്‍ നമ്മള് തോറ്റു.ടൈറ്റാനിയത്തിലേക്ക്...
കേരള പൊലീസിലായിരുന്നു തുടക്കം, 1990ല്‍. എനിക്കൊപ്പം ജാബിര്‍, ഹബീബ് റഹ്മാന്, ശ്രീനിവാസന് എന്നിവരൊക്കെ പൊലീസില്‍ ചേരാനെത്തിയിരുന്നു. അവിടെയാവട്ടെ, സത്യന്, ഷറഫലി, വിജയന്, തോബിയാസ്, പാപ്പച്ചന്, ചാക്കോ തുടങ്ങിയ കൊലകൊമ്പന്മാരാണ് ഉണ്ടായിരുന്നത്. മിക്കവരും ഇന്ത്യന്‍ താരങ്ങള്‍. കളിക്കാന്‍ അവസരം കിട്ടുമോയെന്ന് പേടിയായിരുന്നു. പേടി കൂടി വന്നതോടെ അടുത്ത വര്‍ഷം ടൈറ്റാനിയത്തിലേക്ക് മാറി. 91ല്‍ ഹമീദ്, സുമന്, സുരേഷ്, ബനഡിക്ട് തുടങ്ങിയവര്‍ക്കൊപ്പമാണ് ടൈറ്റാനിയത്തില്‍ ചേര്‍ന്നത്.
![]() |
അഷീം ഐ എം വിജയനൊപ്പം |
കോഴിക്കോട് നടന്ന ആലുക്കാസ് ഗോള്‍ കപ്പ് ഫൈനല്‍ മറക്കാനാവില്ല. ഫൈനലില്‍ എസ് ബി ടിയായിരുന്നു എതിരാളികള്‍. ടൈറ്റാനിയും ജയിച്ചത് നാല് ഗോളിന്. എല്ലാ ഗോളും എന്റെ ബൂട്ടില്‍ നിന്നായിരുന്നു. ടൂര്‍ണമെന്റിലെ ടോപ് സ്കോററും മറ്റാരുമായിരുന്നില്ല. 2003 സീസണ് വരെ ടൈറ്റാനിയത്തിന് ബൂട്ടുകെട്ടി പിന്നെമതിയാക്കി.
വി പി സത്യന്
സ്വന്തം മൂത്ത സഹോദരനെപ്പോലെ ആയിരുന്നു. കേരള പൊലീസില്‍ ഒപ്പമുണ്ടായിരുന്ന അതേ ബന്ധമായിരുന്നു ടൈറ്റാനിയത്തിലേക്ക് മാറിയപ്പോഴും. എന്ത് പ്രയാസവും സത്യേട്ടനുമായി പങ്കുവയ്ക്കാമായിരുന്നു. കളിക്കളത്തിലും യഥാര്‍ഥ നായകനായിരുന്നു. കൂടെ കളിക്കുന്നവര്‍ക്ക് എപ്പോഴും പ്രചോദനമേകുന്ന താരം. തിരുവനന്തപുരത്ത് ജില്ലാ ലീഗ് നടക്കുമ്പോള്‍ മൈതാനമധ്യത്തുനിന്ന് ടൈറ്റാനിയത്തിനെതിരെ നേടിയ ഗോള്‍ ഇപ്പോഴും എന്റെ മനസ്സിലുണ്ട്. ഞങ്ങളുടെ ഗോളിപോലും ആ ഷോട്ട് കണ്ടില്ല, അത്രയ്ക്ക് കണിശവും വേഗവുമുള്ള ഷോട്ടായിരുന്നു അത്. കാണികള്‍ ആര്‍പ്പ് വിളിച്ചപ്പോഴാണ് അത് ഗോളായിരുന്നുവെന്ന് എല്ലാവരും തിരിച്ചറിഞ്ഞത്. ഇതുപോലൊരാള്‍ ഇനിയുണ്ടാവില്ല ഉറപ്പ്.
കോഴിക്കോട്...
കോഴിക്കോട്ടെ നിറഞ്ഞ ഗാലറികളിലെ ആര്‍പ്പുവിളികള്‍ക്കിടയില്‍ കളിക്കുന്നത് വാക്കുകള്‍ കൊണ്ട് പറഞ്ഞറിയിക്കാനാവില്ല. അവിടെ കളിക്കണം. എന്നാലേ കളിയാവൂ, കളിയും മനസ്സും നിറയൂ. കോഴിക്കോട്ട് നമ്മള് പകുതി കളിച്ചാല്‍ മതി. ബാക്കി കാണികള്‍ കളിപ്പിച്ചോളും. കളി കഴിഞ്ഞുള്ള അവരുടെ സ്നേഹ പ്രകടനം ഇപ്പോഴും മനസ്സിലുണ്ട്.
സെവന്‍സ്...
സെവന്‍സ് കളിച്ചാണ് ഫുട്ബോളിലേക്ക് വന്നത്. മലപ്പുറത്തെ മിക്ക സ്ഥലങ്ങളിലും കളിച്ചിട്ടുണ്ട്. സൂപ്പര്‍ സ്റ്റുഡിയോ, ബ്ലാക്ക് ആന്‍ഡ് വൈറ്റ് കോഴിക്കോട് തുടങ്ങിയ ടീമുകള്‍ക്കും കളിച്ചു. സെവന്‍സില്‍ നന്നായി കളിച്ചില്ലെങ്കില്‍ കാണികള്‍ അക്രമാസക്തരാവും, ഗ്രൗണ്ടിലേക്കിറങ്ങും. അതുകൊണ്ടുതന്നെ നന്നായി കളിക്കേണ്ടിവരും. അതുകൊണ്ടുതന്നെ മുന്നുംപിന്നും നോക്കാതെ കളിക്കും.
സത്യത്തില്‍ കളിയിലെ പേടി മാറിയത് സെവന്‍സ് കളിച്ചാണ്. കളിക്കിടെപ്പോലും ആരാധകര്‍ ഗ്രൗണ്ടിലേക്ക് ഓടിയെത്തുമായിരുന്നു. ആദ്യമൊക്കെ തല്ലാനാണോയെന്ന് പേടിച്ചു. പക്ഷേ, സന്തോഷംകൊണ്ടായിരുന്നു. ചിലര്‍ കളിക്കിടെ പോലും പൈസയൊക്കെ തന്നിട്ടുണ്ട്. ചെര്‍പ്പുളശേരിയില്‍ ഒരിക്കല്‍ കളികഴിഞ്ഞപ്പോള്‍ ഞാന്‍ നിലംതൊട്ടത് എത്രയോ നേരം കഴിഞ്ഞായിരുന്നു. കുറേസമയം, ആരുടെയൊക്കെയോ ചുമലുകളില്‍ ആയിരുന്നു ഞാന്‍.
ചുനി ഗോസ്വാമി; ഇന്ത്യൻ ഫുട്ബോളിലെ വിസ്മയച്ചെപ്പ്
ഇപ്പോള്‍...
ടൈറ്റാനിയത്തില്‍ ജീവനക്കാരനാണ്. നാട്ടില്‍ കളിച്ചുവളര്‍ന്ന മുഹമ്മദന്‍ സ്പോര്‍ട്ടിംഗില്‍ പുതിയ തലമുറയ്ക്ക് അറിയുന്ന കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുന്നു.
കുടുംബം...
ഭാര്യ ഷൈനി. രണ്ടുമക്കള്‍, ആറ്റയും ഫിസയും.
![]() |
അഷീം കുടുംബത്തോടൊപ്പം |
ഉണ്ട്, അത് വൈകാതെ ഇവിടത്തന്നെ എഴുതാം
ചിത്രങ്ങൾക്ക് കടപ്പാട്: ആറ്റ അഷീം

Soccer: 'World class' Salah threatens Ronaldo-Messi grip on Ballon d'Or
Tags: P S Asheem, Kerala Football, Santhosh Trophy, Football, Kerala Team, I M Vijayan, Kerala Football History
COMMENTS