വിജയേട്ടാ, ഇങ്ങനെയല്ല പുതിയ കാലത്തേയും താരങ്ങളേയും പ്രചോദിപ്പിക്കേണ്ടത്

നിർമ്മൽ ഖാൻ ഐ എം വിജയന്‍, മലയാളികൾക്ക് അല്ല ഇന്ത്യക്കാർക്ക് പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത ഫുട്ബോൾ ഇതിഹാസം. മറക്കാനാവാത്ത അസുലഭ നിമിഷങ്ങ...

നിർമ്മൽ ഖാൻ
ഐ എം വിജയന്‍, മലയാളികൾക്ക് അല്ല ഇന്ത്യക്കാർക്ക് പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത ഫുട്ബോൾ ഇതിഹാസം. മറക്കാനാവാത്ത അസുലഭ നിമിഷങ്ങൾ സമ്മാനിച്ച മഹാപ്രതിഭ. കളിയിൽ നിന്ന് വിരമിച്ചിട്ടും ഫുട്ബോൾ ലോകത്ത് നക്ഷത്രത്തിളക്കത്തോടെ നിൽക്കുന്ന അപൂർവങ്ങളിൽ അപൂർവമായ താരം. വിശേഷണങ്ങൾ ഏറെ നൽകാവുന്ന വിജയൻറെ ഒരു കുറിപ്പ് സ്പോർട്സ് ഗ്ലോബിൽ വായിച്ചു. ഈ കുറിപ്പിന്  സ്നേഹത്തിന്‍റെ ഭാഷയില്‍ , എല്ലാ ആദരവും നിലനിർത്തി മറുപടി നൽകുകയാണിവിടെ.

നിർമ്മൽ ഖാൻ
വിജയനെപ്പോലൊരു താരത്തിന് മറുപടി തരാന്‍ ഞാന്‍ അർഹനാണോയെന്ന് ചിലരെങ്കിലും ചിന്തിച്ചേക്കാം. ശരിയാണ് ഞാൻ ഇന്ത്യക്ക് കളിക്കുകയോ ,അതുപോലുള്ള വലിയ നേട്ടങ്ങൾ സ്വന്തമാക്കിയ വ്യക്തിയോ അല്ല. പക്ഷേ, ഫുട്ബോളിനെ സ്നേഹിക്കുന്ന, ഫുട്ബോൾ ലോകത്തെ ചലനങ്ങൾ അടുത്തറിയാൻ ശ്രമിക്കുന്നയാളാണ്. ഇക്കാര്യത്തിൽ നല്ല ആത്മവിശ്വാസവുമുണ്ട്. പിന്നെ ഫുട്ബോളിനെ കുറിച്ച് കാര്യ ഗൗരവത്തോടെ സംസാരിക്കാനും എഴുതാനും വലിയ താരമാവണം എന്നൊന്നുമില്ലല്ലോ. ലോകമെമ്പാടുമുള്ള ഫുട്ബോൾ ലേഖകൻമാർ തന്നെ ഇതിന് ഉദാഹരണം. ഒറ്റലേഖനം കൊണ്ട് പലരുടെയും ജീവിതം തന്നെ മാറ്റിമറിച്ചിട്ടുള്ള കളിയെഴുത്തുകാരൊക്കെ ലോകമറിയുന്ന കാൽപ്പന്തുകളിക്കാർ ആയിരുന്നില്ലല്ലോ. അതിനാൽ കറകളഞ്ഞൊരു ഫുട്ബോൾ ആരാധകൻ എന്ന നിലയിലാണ് ഈ മറുപടി. ഒരിക്കലുമിത് വ്യക്തിപരമായ ഒന്നല്ല, നിലപാടിനോടുള്ള വിയോജിപ്പ് മാത്രം.

അനസ് എടത്തൊടിക, ആഷിഖ് കാരുണിയന്‍ ,സക്കീര്‍ മാനുപ്പ എന്നിവര്‍ സെവന്‍സ് കളിച്ചതിനെക്കുറിച്ച് ഞാനാണ്  സ്പോട്സ് ഗ്ലോബിൽ എഴുതിയത്.  കേരള പരിശീലകന്‍ സതീവന്‍ ബാലന്‍, ഗോകുലം പരിശീലകന്‍ ബിനോ ജോര്‍ജ് തുടങ്ങിയവർ ഇതിനെ പിന്തുണച്ചിരുന്നു. ഈ രണ്ടു വ്യക്തികളും പറഞ്ഞത് പ്രൊഫഷണല്‍ താരങ്ങള്‍ സ്വന്തം കടമ മറന്നു സെവന്‍സ് മൈതാനങ്ങളില്‍ ഇറങ്ങരുത് എന്നായിരുന്നു. സെവന്‍സ് അല്ല യഥാര്‍ത്ഥ ഫുട്ബോള്‍ എന്ന തിരിച്ചറിവ് തന്നെയാണ് പ്രധാന കാരണം. ഇതിന് നേർവിപരീതമായിരുന്നു വിജയൻറെ വാക്കുകൾ.

സെവന്‍സിനെതിരെ വാളോങ്ങുന്നവരോട് ഐ എം വിജയന്‍: വന്നവഴി മറക്കരുത്

വിജയനെപ്പോലെ, ഇന്ത്യൻ ഫുട്ബോളിലെ ഇതിഹാസമായ ഒരാൾ ഇങ്ങനെയല്ല പുതുതലമുറയെ ആവേശംകൊള്ളിക്കേണ്ടത്. തെറ്റായ ഉപദേശം നല്‍കിയായിരിക്കരുത് വളർന്നുവരുന്ന താരങ്ങളെ നയിക്കേണ്ടത്.  കാരണം വിജയൻ പറയുന്ന ഓരോ വാക്കിനും മൂല്യം ഏറെയാണ്. വിജയനെ ആരാധിക്കുന്ന, സ്നേഹിക്കുന്ന, പിന്തുടരുന്ന ഇന്ത്യക്കാർ വളരെയേറെയാണ്. ഇതുകൊണ്ടുതന്നെ, നിങ്ങളെപ്പോലെ ലോകം കണ്ട, ഇന്ത്യന്‍ ഫുട്ബോളിലെ കാണാകാഴ്ച്ചകൾ കണ്ട വലിയ മനുഷ്യന്‍ ഇതുപോലെ പുതു തലമുറയെ തെറ്റിദ്ധരിപ്പിക്കരുത്.
ഐ എം വിജയൻ

സെവന്‍സ് എന്ന ഫുട്ബോളിന് ഞാന്‍ ഒരിക്കലും എതിരല്ല. പക്ഷേ, അതല്ല ഫുട്ബോൾ എന്നും വിശ്വസിക്കുന്നു. വിജയേട്ടാ, എത്രപേരാണ് സെവൻസ് എന്ന ഫുട്ബോൾ ഘടനയിലൂടെ രക്ഷപ്പെട്ടിരിക്കുന്നത്?. ലക്ഷങ്ങളോ ആയിരങ്ങളോ ഇല്ല. വെറും വിരലില്‍ എണ്ണാവുന്നവര്‍ മാത്രം. സെവന്‍സ് കളിച്ചതുകൊണ്ടു മാത്രമല്ല അവര്‍ രക്ഷപെട്ടത്. അതത് സമയങ്ങളില്‍  മികച്ച കളിക്കാരെ ബോധമുള്ള പരിശീലകര്‍ സെവൻസിൽ നിന്ന് രക്ഷപ്പെടുത്തുകയായിരുന്നു, ഇലവൻസ് കളിപ്പിക്കുകയായിരുന്നു.  ആസിഫ് സഹീറും, മുഹമ്മദ് റാഫിയും സി കെ വിനീതും എന്നുവേണ്ട മിക്കതാരങ്ങളും സെവന്‍സില്‍ പിച്ചവച്ചവരാണ്.
ഇവര്‍ക്ക് ജീവിതം ഉണ്ടാക്കി കൊടുത്തത് സെവന്‍സല്ല. പരിശീലകര്‍ വഴി തിരിച്ചു വിട്ടതുകൊണ്ടു മാത്രമാണ് അവരെ ഇന്ന് കേരളവും, നമ്മുടെ രാജ്യവും അറിയുന്നത്. ഇവരെയൊക്കെ സെവൻസിൽ നിന്ന്  രക്ഷപ്പെടുത്തിയില്ലായിരുന്നെങ്കിൽ മലബാറിലെ, പ്രത്യേകിച്ച് മലപ്പുറത്തെ താൽക്കാലിക സെവൻസ് വേദികളിൽ ഒതുങ്ങുമായിരുന്നു ഇവരെല്ലാം, കിടിലൻ സെവൻസ് താരങ്ങളെന്ന പേരുമായി.

കേരള പൊലീസിൻറെ മുൻമേധാവി ജോസഫ് എന്ന  വലിയ മനുഷ്യന്‍റെ കണ്ടു പിടുത്തമാണ് വിജയന്‍ എന്ന താരം. താങ്കളുടെ കൌമാരകാലത്തെക്കുറിച്ച് കേൾക്കുമ്പോൾ തോന്നിയ ആരാധനയ്ക്ക് അതിരുകളില്ല. ഇന്നും നിങ്ങൾ തന്നെയാണ് എന്‍റെ  താരം. മെസിയോ, റൊണാള്‍ഡോയോ പോലും മനസ് കീഴടക്കിയിട്ടില്ല.ആ സ്ഥാനം എന്നും എപ്പോഴും ഐ എം  വിജയന്‍ എന്ന വിജയേട്ടനുള്ളതാണ്. കളിയോടുള്ള അര്‍പ്പണ മനോഭാവം, അധ്വാനിക്കാനുള്ള മനസ്, എന്തും നേടിയെടുക്കാനുള്ള വാശി, പിന്നെ ദൈവം കനിഞ്ഞു നല്‍കിയ കാലിലെ കളിയും.  എല്ലാവർക്കും മുകളിലാണ് വിജയേട്ടന്  എൻറെ മനസ്സിലുള്ള സ്ഥാനം.

അനസ് എന്ന മുപ്പത്തിയൊന്നുകാരൻറെ ഇന്ത്യൻ ടീം പ്രവേശനം ചെറിയ നേട്ടമല്ല. പ്രത്യേകിച്ചും മുപ്പത്തിയൊന്ന് വയസ്സ്, കരിയർ അവസാനിക്കുന്നതിൻറെ തുടക്കകാലമാവുമ്പോൾ. ഈ സമയത്ത് കിട്ടുന്ന ഇതുപോലുള്ള ഭാഗ്യം സെവന്‍സിലൂടെ നശിപ്പക്കരുതെന്ന പറഞ്ഞിട്ടുള്ളൂ, പറയുന്നുള്ളൂ. അനസിനോടോ സെവൻസിനോ അസൂയയോ ദേഷ്യമോ ഉണ്ടായിട്ടല്ല. ഉയരങ്ങളിലേക്ക് പോകണം, രാജ്യത്തിൻറെ അഭിമാനം ആകണം എന്നാഗ്രഹിക്കുന്നതുകൊണ്ട് മാത്രമാണ്.

അനസേ... സെവന്‍സ് അല്ല ഫുട്ബോള്‍, തുലയ്ക്കണോ കളിജീവിതം

.സെവന്‍സ് കളി കളിച്ചു വളരാന്‍ ഉള്ളവര്‍ക്കാണ്. അവര്‍ വളരട്ടെ.വിജയേട്ടന്‍ പറയുന്ന പോലെ  കളിക്കളത്തിലെ പേടിമാറാനും ആത്മവിശ്വാസം നേടാനും പന്തടക്കം സ്വായത്തമാക്കാനും സെവന്‍സിനോളം ഉപകരിക്കുന്നൊരു കളിയില്ല. ഇതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു. വളരുന്നവര്‍ അതിലൂടെ വളരട്ടെ. ഇന്ത്യന്‍ ടീമിന്  രണ്ടു പ്രധാന മത്സരങ്ങള്‍ മുന്നില്‍ നില്‍ക്കെ, ഈതാരങ്ങൾ സെവന്‍സില്‍  കളിക്കണമെന്ന് വാശി പിടിക്കുന്നത്‌ എന്തിനെന്നു മനസിലാകുന്നില്ല. അവരോടു അല്ലെങ്കില്‍ അവരുടെ വളര്‍ച്ചയും,നേട്ടങ്ങളും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവരെ ഇതില്‍ നിന്നൊക്കെ പിന്തിരിപ്പിക്കുകയാണ് വേണ്ടത്.

വിജയേട്ടന്‍ തന്നെ പറഞ്ഞൊരു സംഭവമുണ്ട് . 'കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ വിലക്കും പിഴയുമൊക്കെ നേരിട്ടിട്ടുണ്ട്. എന്നിട്ടും സെവൻസിൽ കളിച്ചു'. തെറ്റായ സന്ദേശമല്ലേ ഇതുനൽകുന്നത്. സൈക്കിളിൽ നിന്ന് വീണാലും പരുക്കേൽക്കുമെന്ന വാദം ബാലിശമെന്നേ പറയാനാവൂ. താങ്കളെ പോലൊരു ഫുട്ബോള്‍ താരത്തിനു സന്തോഷ്‌ ട്രോഫി എന്താണെന്നും, പഴയ സന്തോഷ്‌ ട്രോഫിയുടെ നടത്തിപ്പ് രീതി എങ്ങനെ മാറിയെന്നും അറിയാവുന്നതാണല്ലോ.

സെവന്‍സ് താരങ്ങള്‍ക്ക് മാത്രം എന്താണിത്ര വൈകാരികത: ബിനോ ജോര്‍ജ്ജ്

2009ലെ സന്തോഷ്‌ ട്രോഫിയില്‍ കളിച്ചു പരുക്ക് പറ്റിയാണ് സുനില്‍ ഛേത്രിക്ക്  നെഹ്‌റു കപ്പിൽ കളിക്കാൻ കഴിയാതിരുന്നത്. ഛേത്രിയുടെ പരുക്ക് അന്നത്തെ ഇന്ത്യൻ കോച്ച് ബോബ് ബൂട്ടനെ ചൊടിപ്പിച്ചു. ഒട്ടും പ്രൊഫഷണല്‍ അല്ലാത്ത സന്തോഷ്‌ ട്രോഫി നിര്‍ത്തണം എന്നായിരുന്നു ഹൂട്ടൻറെ നിർദേശം. ഹൂട്ടനെ തന്ത്രപൂർവം നേരിട്ട അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ, സന്തോഷ് ട്രോഫിയിൽ ഇന്ത്യൻ താരങ്ങൾ കളിക്കരുതെന്ന നിയമമുണ്ടാക്കി. പിന്നാലെ ഐ ലീഗ് താരങ്ങൾക്കും കളിക്കാനാവാത്ത നിയമം കൊണ്ടുവന്നു. സന്തോഷ് ട്രോഫി പോലും ഇന്ത്യൻ ടീമിന് തടസ്സമുണ്ടാക്കുമെന്ന് ഹൂട്ടൻ വാദിച്ചതോർക്കുമ്പോൾ സെവൻസിൻറെ അവസ്ഥ എന്തായിരിക്കും. വിസില്‍ ഊതാന്‍ വരുന്ന റഫറിക്ക് പോലും സുരക്ഷ ഒരുക്കാന്‍ സാധിക്കാത്ത സെവൻസ് മേളകലാണോ കളിക്കാര്‍ക്ക്‌ സുരക്ഷ ഒരുക്കുക?. വിചിത്രം എന്നല്ലാതെ എന്തുപറയാൻ.

വലിയ വേദികളിൽ അവസരം കിട്ടാത്തവർ സെവന്‍സ് കളിക്കട്ടെ. ഫുട്ബോൾ ആവേശം നിറയട്ടെ. ഇന്ത്യന്‍ താരങ്ങളും വളര്‍ന്നു വരുന്ന പ്രൊഫഷണല്‍ താരങ്ങളും സെവൻസിൽ കളിച്ച് ടൂർണമെൻറിൻറെ കൊഴുപ്പുകൂട്ടണമെന്ന് വാശിപിടിക്കുന്നതിനോട് യോജിക്കാനാവില്ല്. കൊയപ്പ സെവെൻസ് ടൂർണമെൻറ് സംഘാടകനായ സുബൈര്‍ പറഞ്ഞത് ഓര്‍ക്കുന്നു. ഒരുപാട് ത്യാഗം സഹിച്ചാണ് ഇതുപോലുള്ള മേളകള്‍ സംഘടിപ്പിക്കുന്നതെന്ന്. സൌജന്യമൊന്നുമല്ലല്ലോ ഈ മേളകള്‍. സെവൻസ് ടൂർണമെൻറുകൾ എത്ര ഇന്ത്യൻ താരങ്ങളെ സംഭാവന ചെയ്തു. കൊയപ്പയില്‍ നിന്ന് വര്‍ഷാവര്‍ഷം ഇന്ത്യന്‍ടീമിലേക്ക് എത്ര  താരങ്ങളെ നിങ്ങള്‍ക്ക് കൊടുക്കാന്‍ സാധിച്ചു?

ഇക്കിളിപ്പെടുത്തുകയും ചിരിക്കരുതെന്ന് തിട്ടൂരമിറക്കുകയും ചെയ്യുന്നത് കഷ്ടമാണ്

ഒരിക്കൽക്കൂടി പറയുന്നു, സെവൻസ് വിരോധമല്ലിത്. സെവൻസിനും അപ്പുറത്തേക്ക് വളർന്ന് രാജ്യമറിയുന്ന താരങ്ങളെ വീണ്ടും ഇവിടേക്ക് വലിച്ചിഴയ്ക്കുന്നതിന് എതിരെ മാത്രമാണ്. സെവൻസിനപ്പുറം ഫുട്ബോള്‍ ഉണ്ടെന്നും, ഇന്ത്യയില്‍ മാത്രമല്ല ഫുട്ബോള്‍ കളിക്കുന്നതെന്നും, നമ്മുടെ സ്വപ്‌നങ്ങള്‍ അവിടേക്കാണ് പോകേണ്ടതെന്നും വിജയേട്ടന് അറിയാവുന്നതാണല്ലോ. അങ്ങനെയൊരു നിലപാടിലൂടെയല്ലേ, പുതിയ കാലത്തേയും താരങ്ങളേയും പ്രചോദിപ്പിക്കേണ്ടത്.

പുതുതലമുറയുടെ റോള്‍മോഡലാണ് വിജയേട്ടാ നിങ്ങള്‍. കഴിഞ്ഞദിവസം, വിജയേട്ടൻറെ പിറന്നാളായിരുന്നു. ഫേസ്ബുക്കിലും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും വന്ന ആശംസാ പ്രവാഹം തന്നെ ഇതിന് തെളിവ്. മലയാളികളുടെ ഫുട്ബോള്‍ വികാരത്തിന്‍റെ അവസാന വാക്ക് വിജയൻ തന്നെയാണ്. സിനിമ താരങ്ങള്‍ക്കുപോലും കിട്ടാത്തയത്ര ആശംസകളും അഭിനന്ദനങ്ങളും ഒഴുകിയെത്തിയിട്ടുണ്ടെങ്കിൽ , അത് നിങ്ങളിലൂടെ മലയാളികള്‍ കണ്ട ഫുട്ബോള്‍ തന്നെയാണ്.ആ സ്നേഹം തന്നെയാണ്. ആ വാത്സല്യം തന്നെയാണ്. അങ്ങനെയുള്ള വിജയേട്ടൻറെ ഓരോ  വാക്കുകളും പുതുതലുറയെ ഉത്തേജിപ്പിക്കുന്ന രീതിയിലായിരിക്കണം.

കാലിൽ കളിവറ്റിയവരെയല്ല, ചോരത്തിളപ്പ് ഉള്ളവരെയാണ് വേണ്ടത്: ഐം എം വിജയൻ

റിവേഴ്സ് കിക്ക്: അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനും കേരള ഫുട്ബോൾ അസോസിയേഷനും അംഗീകരിച്ചത് എന്ന പേരിൽ സെവൻസ് ടൂർണമെൻറ് ആഘോഷമായി കൊണ്ടാടുമ്പോഴാണ് ഈ കുറിപ്പ് എന്നകാര്യം മറക്കുന്നില്ല. പക്ഷേ, ഇതിൻറെയൊക്കെ സത്യാവസ്ഥ അന്വേഷിച്ചാലറിയാം അംഗീകാരവും അതിന് പിന്നിലെ 'കയ്യാങ്കളി'കളും.

COMMENTS


Name

Badminton,5,Cricket,16,Football,211,Other Sports,28,SG Special,95,Sports,101,Tennis,4,Volleyball,1,
ltr
item
Sports Globe: വിജയേട്ടാ, ഇങ്ങനെയല്ല പുതിയ കാലത്തേയും താരങ്ങളേയും പ്രചോദിപ്പിക്കേണ്ടത്
വിജയേട്ടാ, ഇങ്ങനെയല്ല പുതിയ കാലത്തേയും താരങ്ങളേയും പ്രചോദിപ്പിക്കേണ്ടത്
https://3.bp.blogspot.com/-616UNBbmKgY/WuP-OvnOU8I/AAAAAAAAA30/8aaxuY1rbyEhtb-mpccLbpv0r03VFIYyQCLcBGAs/s640/vijayan%2Bcover%2Bsports%2Bglobe.jpg
https://3.bp.blogspot.com/-616UNBbmKgY/WuP-OvnOU8I/AAAAAAAAA30/8aaxuY1rbyEhtb-mpccLbpv0r03VFIYyQCLcBGAs/s72-c/vijayan%2Bcover%2Bsports%2Bglobe.jpg
Sports Globe
http://www.sportsglobe.in/2018/04/nirmal-khans-reply-to-i-m-vijayan-on.html
http://www.sportsglobe.in/
http://www.sportsglobe.in/
http://www.sportsglobe.in/2018/04/nirmal-khans-reply-to-i-m-vijayan-on.html
true
4357620804987083495
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy