ഇന്ത്യൻ അത്ലറ്റിക്സിലെ ഓൾറൌണ്ടറായിരുന്ന ഒളിംപ്യൻ സുരേഷ് ബാബുവിൻറെ അന്ത്യനിമിഷങ്ങൾ മാധ്യമപ്രവർത്തകനായ പ്രിൻസ് പാങ്ങാടൻ ഓർത്തെടുക്കുന്നു ...
ഇന്ത്യൻ അത്ലറ്റിക്സിലെ ഓൾറൌണ്ടറായിരുന്ന ഒളിംപ്യൻ സുരേഷ് ബാബുവിൻറെ അന്ത്യനിമിഷങ്ങൾ മാധ്യമപ്രവർത്തകനായ പ്രിൻസ് പാങ്ങാടൻ ഓർത്തെടുക്കുന്നു
പ്രിൻസ് പാങ്ങാടൻ
2011 ഫെബ്രുവരി 18. വൈകിട്ട് റാഞ്ചിയിലെ ന്യൂ രാജസ്ഥാന് ഖലേവാലയാ ഹോട്ടലില്‍ ഇരുന്ന് ഒളിംപ്യന്‍ സുരേഷ് ബാബുവിനെ ഫോണില്‍ വിളിച്ചു.റാഞ്ചി ദേശീയ ഗെയിംസ് റിപ്പോര്‍ട്ട് ചെയ്യാനായി തിരുവനന്തപുരത്ത് നിന്ന് തിരിക്കും മുന്‍പേ ഒരുവട്ടം അദ്ദേഹവുമായി ഫോണില്‍ സംസാരിച്ചിരുന്നു. ദി ഹിന്ദുവിലെ വിനോദേട്ടനാണ് അദ്ദേഹത്തിന്റെ മൊബൈല്‍ നമ്പര്‍ തന്നത്.ദേശീയ ഗെയിംസില്‍ പങ്കെടുക്കുന്ന കേരളാ സംഘത്തിന്റെ തലവനായാണ് ഒളിംപ്യന്‍ റാഞ്ചിയില്‍ എത്തിയിരുന്നത്. പല സംഘങ്ങളായാണ് ദേശീയ ഗെയിംസിനുള്ള കേരളാ ടീം റാഞ്ചിയില്‍ എത്തിയത്. ഒളിംപ്യന്‍ സുരേഷ് ബാബു എത്തിയതിന്റെ പിറ്റേ ദിവസം രാവിലെ അദ്ദേഹത്തെ ഫോണില്‍ വിളിച്ചു.പിറ്റേദിവസം നമുക്ക് സ്റ്റേഡിയത്തില്‍ കാണാമെന്ന് പറഞ്ഞാണ് ഫോണ്‍ വച്ചത്.
പിറ്റേ ദിവസം രാവിലെ സ്റ്റേഡിയത്തിലെത്തി ഞാന്‍ ഒളിംപ്യനെ ഫോണില്‍ വിളിച്ചു.പക്ഷേ എടുത്തില്ല.തിരക്കിലായിരിക്കും , പിന്നീട് തിരികെ വിളിക്കുമെന്ന് പ്രതീക്ഷിച്ച് ഞാനിരുന്നു.റാഞ്ചിയിലെ ബിര്‍സാമുണ്ടാ അത്ലറ്റിക് സ്റ്റേഡിയത്തിലെത്തി എട്ടരയോടെ വീണ്ടും ഒളിംപ്യനെ വിളിച്ചു.പിന്നെയും എടുത്തില്ല.പക്ഷേ പിന്നീടൊരിക്കലും ഒളിംപ്യന്റെ നമ്പരില്‍ നിന്ന് തിരികെ വിളി വന്നില്ല.പകരം അന്ന് എനിക്കൊപ്പം റാഞ്ചിയില്‍ ഉണ്ടായിരുന്ന ദീജു ശിവദാസ് വിളിച്ചു.എന്നിട്ട് പറഞ്ഞു.
'ഞാന്‍ സ്റ്റേഡിയത്തിലേക്കെത്തില്ല, ഒളിംപ്യന്‍ സുരേഷ് ബാബു ആശുപത്രിയിലാണ്.രാവിലെ രക്തം ഛര്‍ദ്ദിച്ചു.ഇവിടേയ്ക്ക് കൊണ്ടു വന്നത് അബോധാവസ്ഥയിലാണ് .ഇപ്പോള്‍ വെറ്റിലേറ്ററിലാണ്'.
സ്റ്റേഡിയത്തിലെ കേരളാ താരങ്ങളുടെ കൂട്ടത്തിലും മീഡിയാ റൂമിലും എല്ലാം പെട്ടന്ന് മൂകമായ അന്തരീക്ഷമായി. ആകാംഷയുടെ നിമിഷങ്ങള്‍.ആരും പരസ്പരം ഒന്നും പറയുന്നില്ല. മത്സരിക്കാനുള്ളവര് ഒഴികെയുള്ളവരൊക്കെ ഗെയിംസ് വില്ലേജിലേക്ക് മടങ്ങി. കേരളാ ടീമിന്റെ ഒഫീഷ്യല്‍സ് ആരും സ്റ്റേഡിയത്തിലേക്ക് എത്തിയിരുന്നില്ല. മീഡിയാ റൂമില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകരില്‍ പലരും പുറത്തേക്ക് പോയി.
![]() |
പ്രിൻസ് പാങ്ങാടൻ |
ആ സമയം മുഴുവന്‍ ഒളിംപ്യന്‍ രാജേന്ദ്രാ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രിയുടെ വെന്റിലേറ്ററില്‍ ജീവിതത്തോടും മരണത്തോടും മല്ലിട്ട് കിടക്കുകയായിരുന്നു. ഗെയിംസ് വില്ലേജില്‍ നിന്ന് ആശുപത്രിയിലേക്ക് എത്തിക്കുമ്പോള്‍ തന്നെ അദ്ദേഹം അബോധാവസ്ഥയിലായിരുന്നു.രക്ത സമ്മര്‍ദ്ദം താഴ്ന്നിരുന്നതിനാല്‍ ആശുപത്രിയിലേക്ക് എത്തിച്ചപ്പോള്‍ തന്നെ അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റി.വിവരങ്ങള്‍ മീഡിയാ റൂമിലേക്ക് എത്തിക്കൊണ്ടിരുന്നു.ഉച്ചയ്ക്ക് ദീജു പിന്നെയും വിളിച്ചു.ഒളിംപ്യന്‍ ഇനിയില്ല.പക്ഷേ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.ഫോണ്‍ കട്ടായി.
രാജേന്ദ്രാ മെഡിക്കല്‍ സയന്‍സസില്‍ എത്തിച്ച സമയം മുതല്‍ ഡോക്ടര്‍മാര്‍ കിണഞ്ഞ് പരിശ്രമിച്ചു അദ്ദേഹത്തിന്റെ ജീവന് തിരികെ പിടിക്കാന്‍. പക്ഷേ രക്ത സമ്മര്‍ദ്ദം ഇല്ലാതെയായി അദ്ദേഹം മരണത്തിന് കീഴ്പ്പെട്ടു. ഉച്ച കഴിഞ്ഞ് 1.50 ന് കായിക കേരളത്തിന്റെ അതുല്യനായ ആ പ്രതിഭ റാഞ്ചി ദേശീയ ഗെയിംസിനിടയില്‍ ജീവിതത്തിന്റെ ട്രാക്കില്‍ നിന്ന് വിരമിച്ചു. രണ്ടരയോടെ ഔദ്യോഗികമായ പ്രഖ്യാപനം വന്നു. ഒളിംപ്യന്‍ ഇനിയില്ല.
രാജേന്ദ്രാ ആശുപത്രിയിലേക്ക് കേരളതാരങ്ങളും സ്പോര്‍ട്സ് കൗണ്‍സില്‍ , ഒളിംപിക് അസോസിയേഷന് ഭാരവാഹികളും കൂട്ടം കൂട്ടമായെത്തി. സ്റ്റേഡിയത്തില്‍ നിന്ന് കായിക താരങ്ങള്‍ കൂട്ടത്തോടെ ആശുപത്രിയിലേക്കെത്തി സംഘത്തലവന് അന്ത്യാഞ്ജലി അര്‍പ്പിച്ചു.
അതിനിടയിലാണ് പ്രീജ ശ്രീധരനൊപ്പം വയനാട് സ്പോര്‍ട്സ് കൗണ്‍സില്‍ ഭാരവാഹിയും ഒളിംപ്യനുമായി ഏറെ അടുപ്പവുമുണ്ടായിരുന്ന കെ എസ് ബാബുവിന്റെ തോളില്‍ ചാരി ഒരു പെണ്‍കുട്ടി ആശുപത്രിയിലേക്ക് വന്നു. ഹിന്ദി കലര്‍ന്ന രീതിയില്‍ പപ്പാ, പപ്പാ എന്ന് വിളിച്ച് അവള് കരയുന്നുണ്ടായിരുന്നു.ആരാണ് ആ പെണ്കുട്ടിയെന്നായി പിന്നീടുള്ള ആകാംക്ഷ. അപ്പോഴാണ് ആ കഥ ആരോ പറഞ്ഞത്...
പശ്ചിമബംഗാളില്‍ നിന്നുള്ള അത്ലറ്റാണ് അവള്. പേര് ആന്ത്വന ഗാത്തൂം. 2005 ല്‍ തിരുവനന്തപുരത്ത് നടന്ന ജൂനിയര്‍ അത്ലറ്റിക്സ് പരിശീലന ക്യാംപിലാണ് ഒളിംപ്യന്‍ സുരേഷ് ബാബു കാണുന്നത്. മികച്ച അത്ലറ്റായിരുന്നിട്ടും പരിശീലനത്തിന് പണമോ സൗകര്യമോ ഇല്ലാതിരുന്ന ആന്ത്വന കായിക രംഗം വിടാനുള്ള തയ്യാറെടുപ്പിലായിരുന്നു. പക്ഷേ വിവരമറിഞ്ഞ ഒളിംപ്യന്‍ അവളെ ചേര്‍ത്തു പിടിച്ചു.മകളായി സ്വീകരിച്ചു. അവളുടെ പഠനവും പരിശീലനവും ഉള്‍പ്പെടെ എല്ലാ ചെലവുകളും ഏറ്റെടുത്തു.
ഒളിംപ്യന്‍ അവളെ മോളെ എന്ന് വിളിച്ചു. അവള് തിരികെ പപ്പ എന്നും വിളിച്ചു. കേരളത്തില്‍ നിന്ന് റാഞ്ചിയിലേക്ക് പോകുമ്പോള്‍ ഒളിംപ്യന്‍ കയ്യില്‍ ഒരു പൊതി ഏത്തയ്ക്കാ ഉപ്പേരി കരുതിയിരുന്നു, ആന്ത്വന ഗാത്തൂമെന്ന മകള്‍ക്ക് കൊടുക്കാന്‍. അത് അവളോട് പറയുകയും ചെയ്തിരുന്നു.ആ ഉപ്പേരി പൊതി വൈകുന്നേരം സ്റ്റേഡിയത്തില്‍ വെച്ച് കൊടുക്കാമെന്ന് അവളോട് പറഞ്ഞിരുന്നു.ആ പൊതി കൊടുക്കാതെയാണ് ഒളിംപ്യന്‍ ട്രാക്കൊഴിഞ്ഞത്.
അന്ന് വെകുന്നേരം ആന്ത്വനയ്ക്ക് മത്സരിക്കാന്‍ ഇറങ്ങാനുണ്ടായിരുന്നു. പപ്പായെ അവസാനമായി കാണാതെ ട്രാക്കിലിറങ്ങില്ലെന്ന വാശിപിടിച്ച ആന്ത്വന പ്രീജ ശ്രീധരനും ഒപ്പം ആശുപത്രിയിലേക്ക് എത്തി. കരഞ്ഞു തളര്‍ന്ന ആന്ത്വനയെ കെ എസ് ബാബുവാണ് ആശുപത്രിക്ക് ഉള്ളിലേക്ക് കൂട്ടിക്കൊണ്ട് പോയി പപ്പായെ അവസാനമായി കാണിച്ചുകൊടുത്തത്.
നിറഞ്ഞ കണ്ണുകളോടും തകര്‍ന്ന ഹൃദയത്തോടും സ്റ്റേഡിയത്തിലേക്ക് മടങ്ങിയെത്തിയ ആന്ത്വന ഹെപ്റ്റാത്തലണില്‍ ഇരുനൂറ് മീറ്ററില്‍ മത്സരിക്കാനിറങ്ങി. കരിയറിലെ ഏറ്റവും മികച്ച സമയം കുറിച്ചാണ് ആന്ത്വന പപ്പായ്ക്ക് ആന്ത്യാഞ്ജലി അര്‍പ്പിച്ചത്.
ഇനിയൊരിക്കലും കൊടുക്കാനാവാത്ത ഒരു പൊതി ഉപ്പേരി ബാക്കിവെച്ച് ഒളിംപ്യന്റെ ഭൗതികശരീരം കേരളത്തിലേക്ക് വിമാനം കയറി. കിട്ടാത്ത ഒരു പൊതി ഉപ്പേരിയുടെ ഓര്‍മ്മയില്‍ ആന്ത്വന പശ്ചിമബംഗാളിലെ സ്വന്തം ഗ്രാമത്തിലേക്കും മടങ്ങി.
COMMENTS