സൂപ്പർ കപ്പിലെ ഐ ലീഗ് ടീമുകളുടെ പ്രകടനത്തെക്കുറിച്ചും ഇന്ത്യൻ ഫുട്ബോളിനെക്കുറിച്ചും ഐ എം വിജയൻ സംസാരിക്കുന്നു... ഇന്ത്യൻ ഫുട്ബോൾ എന്...
സൂപ്പർ കപ്പിലെ ഐ ലീഗ് ടീമുകളുടെ പ്രകടനത്തെക്കുറിച്ചും ഇന്ത്യൻ ഫുട്ബോളിനെക്കുറിച്ചും ഐ എം വിജയൻ സംസാരിക്കുന്നു...
ഇന്ത്യൻ ഫുട്ബോൾ എന്നാൽ ഐ എസ് എൽ എന്നായിരുന്നു മിക്കവരുടെയും തെറ്റിദ്ധാരണ. പല്ലുകൊഴിഞ്ഞ സൂപ്പർ താരങ്ങളും റിലയൻസിന്റെ പണക്കൊഴുപ്പുമെല്ലാം തെറ്റിദ്ധാരണയ്ക്ക് ഊർജ്ജം പകർന്നു. എന്നാൽ സൂപ്പർ കപ്പ് ഫുട്ബോൾ ഈ തെറ്റിദ്ധാരണകൾ തിരുത്തിയെന്ന് ഇതിഹാസതാരം ഐ എം വിജയൻ. ഇന്ത്യയിൽ നല്ല കളിക്കാരും പരിശീലകരുമുണ്ടെന്ന് സൂപ്പർ കപ്പ് തെളിയിച്ചുവെന്നും വിജയൻ സ്പോർട്സ് ഗ്ലോബിനോട് പറഞ്ഞു.
ഐ എസ് എല്ലിലെ പരിശീലകർ കരുതിയിരുന്നത് കഴിവുള്ള കളിക്കാർ ഇന്ത്യയിൽ ഇല്ലെന്നായിരുന്നു. ഇതുകൊണ്ടുതന്നെ ഇവർക്ക് കാലിൽ കളിവറ്റിയ വിദേശ കളിക്കാരെ ആശ്രയിക്കേണ്ടിവരുന്നു. എഴുപത് മിനിറ്റ് കഴിയുന്നതോടെ ഇത്തരത്തിലുള്ള മിക്ക കളിക്കാർക്കും ഓടാൻപോലും കഴിയാത്ത അവസ്ഥയാണ്. സൂപ്പർ കപ്പ് വന്നതോടെ, വിദേശ പരിശീലകരുടെ കണ്ണുതുറന്നു. വലിയതാരങ്ങളെന്ന് കരുതിയവരൊക്കെ ഇന്ത്യൻ കളിക്കാരുടെ ഊർജ്ജസ്വലതയ്ക്ക് മുന്നിൽ ഒന്നുമല്ലാതായി. ഐ ലീഗിലാണ് നല്ല കളിക്കാരെന്ന് പരിശീലകർക്കും ബോധ്യമായി. വരുന്ന സീസണിലെ ഐ എസ് എല്ലിൽ കൂടുതൽ കളിക്കാർക്ക് അവസരം കിട്ടാൻ സൂപ്പർ കപ്പ് കാരണമായെന്നും വിജയൻ.
ഐ എം വിജയന്റെ വാക്കുകളിലേക്ക്
കളിക്കാർ ഇവിടെയുണ്ട്
ഐ ലീഗ് ആണ് ഇന്ത്യയിലെ യഥാർഥ ലീഗ്. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ നടത്തുന്ന ലീഗ്. ഐ എസ് എൽ ഇന്ത്യൻ ഫുട്ബോളിൽ വലിയ മാറ്റങ്ങൾ വരുത്തിയെന്ന കാര്യം അംഗീകരിക്കേണ്ടതാണ്. ഫുട്ബോളിന് പുതുജീവൻ നൽകി. ഗാലറികളിലേക്ക് ആരാധകരെ തിരികെ എത്തിച്ചു. പക്ഷേ, ഇന്ത്യൻ കളിക്കാരുടെ സാന്നിധ്യം വളരെ കുറവായിരുന്നു. പരിശീലകരാവട്ടെ മഷിയിട്ട് നോക്കിയാൽപ്പോലും കാണാനാവില്ല. സത്യത്തിൽ പേരിൽ മാത്രമായിരുന്നു സൂപ്പർ ലീഗിലെ ഇന്ത്യ. എ ഐ എഫ് ഫ് സൂപ്പർ ലീഗ് നടത്താൻ തീരുമാനിച്ചതോടെ കാര്യങ്ങൾ പകൽപോലെ തെളിഞ്ഞു. എവിടെയാണ് നല്ല കളിയും കളിക്കാരുമെന്ന് എല്ലാവർക്കും ബോധ്യമായി. സൂപ്പർ കപ്പിലെ മത്സരങ്ങളും ഫലങ്ങളും ഇത് വ്യക്തമാക്കി.
സൂപ്പർ കപ്പ്
സൂപ്പർ കപ്പ് ഒരു പാഠമാണ്. പലരുടേയും കണ്ണുതുറപ്പിച്ചു. എവിടെയാണ് നല്ല കളിയും കളിക്കാരുമെന്ന് എല്ലാവർക്കും ബോധ്യമായി. സൂപ്പർ കപ്പിലൂടെ ഇന്ത്യൻ കളിക്കാരുടെ മികവ് ബോധ്യപ്പെടുത്താൻ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനും കഴിഞ്ഞു. ഐ ലീഗിനെപ്പറ്റി ഐ എസ് എൽ പരിശീലകർക്ക് വ്യക്തമായി അറിയില്ലായിരുന്നു. ഈ അറിവില്ലായ്മ മാറ്റാൻ സൂപ്പർ കപ്പിന് കഴിഞ്ഞു. അടുത്ത സീസണിൽ കൂടുതൽ ഇന്ത്യൻ കളിക്കാർക്ക് അവസരം കിട്ടുമെന്ന് ഉറപ്പാണ്. ഇന്ത്യൻ ലീഗിൽ ഇന്ത്യൻ കളിക്കാർക്ക് തന്നെയാണ് പ്രാധാന്യം കിട്ടേണ്ടത്.
കളിവറ്റിയവർ വേണ്ട
വിദേശ താരങ്ങളിൽ മിക്കവരും നല്ലകാലം കഴിഞ്ഞാണ് ഇന്ത്യയിലേക്ക് വരുന്നത്. നല്ല കാശ്, ഒപ്പം ഇന്ത്യ ആസ്വദിക്കാം. ഫുട്ബോൾ ഇതുകഴിഞ്ഞേ ഉണ്ടായിരുന്നുള്ളൂ. പലർക്കും 90 മിനിറ്റ് കളിക്കാനുള്ള ശാരീരികക്ഷമത ഉണ്ടായിരുന്നില്ല. എതിരാളികളും ഇതുപോലെ വയസ്സൻപട ആകുമ്പോൾ പെട്ടെന്ന് ശ്രദ്ധിക്കപ്പെടില്ല. ഐ ലീഗിലെ ചോരത്തിളപ്പുള്ള കുട്ടികളോട് കളിച്ചപ്പോൾ അവർ വെള്ളംകുടിച്ചു. സൂപ്പർ കപ്പിൽ ഐ എസ് എൽ ടീമുകൾ വിയർത്തു. കളിക്കാൻ അറിയുന്നവർ ഇന്ത്യയിലുണ്ടെന്ന് നമ്മുടെ കുട്ടികൾ വിദേശ പരിശീലകർക്ക് മനസ്സിലാക്കിക്കൊടുത്തു.
പരിശീലകർ
വിദേശ പരിശീലകരുണ്ടെങ്കിലേ കളി നന്നാവൂ എന്നൊരു തെറ്റിദ്ധാരണയുണ്ട് പലർക്കും. ഇത് തെറ്റാണെന്ന് നമ്മുടെ പരിശീലകർ തെളിയിച്ചു. പ്രോ ലൈസൻസ് ഉൾപ്പടെയുള്ള യോഗ്യതയും മികവും ഉള്ളവർക്ക് ഐ എസ് എല്ലിലും അവസരം നൽകണം. വിദേശ പരിശീലകർ മോശമാണെന്നല്ല, അവരോടൊപ്പം നിൽക്കാൻ ശേഷിയുള്ള ഇന്ത്യക്കാരെയും പരിഗണിക്കണം. എന്നാലേ ഇന്ത്യൻ ഫുട്ബോൾ വളരൂ, മുന്നോട്ടുപോകൂ. വമ്പൻ ടീമുകളെ ലഭ്യമായ താരങ്ങളെ ഉപയോഗിച്ചാണ് ഇന്ത്യൻ പരിശീലകർ മികവ് തെളിച്ചത്.
ബ്ലാസ്റ്റേഴ്സിനോട്
ഇന്ത്യയിൽ നന്നായി കളിക്കുന്ന കുറേ കളിക്കാരുണ്ട്, പ്രത്യേകിച്ചും കേരളത്തിൽ . കഴിവുള്ളവർക്ക് അവസരം നൽകാൻ ടീം മാനേജ്മെന്റ് ശ്രദ്ധിക്കണം. പേരിൽ മാത്രം പോരാ കേരളയും ഇന്ത്യയുമൊക്കെ. ടീമിലും കളിക്കാരിലും ഇതുണ്ടാവണം. ഐ ലീഗിൽ നല്ല കളിക്കാരുണ്ടെന്ന് സൂപ്പർ കപ്പ് വ്യക്തമാക്കിക്കഴിഞ്ഞു. അർഹരായവരെ ടീമിലെത്തിച്ചാൽ ഫലം ഉറപ്പ്.

Indian football is misunderstood as ISL: IM Vijayan
Tags: Indian Football, I M Vijayan, Football, Kerala Police, Indian Super League, I League, Football, Super Cup
COMMENTS