ഇംഗ്ലീഷ് ഫുട്ബോളിലെ ഫ്രഞ്ച് വിപ്ലവം മായുമ്പോൾ

രണ്ടുപതിറ്റാണ്ടിലേറെ ആഴ്സണലിന് തന്ത്രമോതിയ പരിശീകൻ ആർസൻ വെംഗർ പടിയിറങ്ങുകയാണ്. സംഭവബഹുലമായ വെംഗറുടെ ജീവിതം പരിചയപ്പെടുത്തുകയാണ് ഫൈസൽ കൈപ്പ...

രണ്ടുപതിറ്റാണ്ടിലേറെ ആഴ്സണലിന് തന്ത്രമോതിയ പരിശീകൻ ആർസൻ വെംഗർ പടിയിറങ്ങുകയാണ്. സംഭവബഹുലമായ വെംഗറുടെ ജീവിതം പരിചയപ്പെടുത്തുകയാണ് ഫൈസൽ കൈപ്പത്തൊടി 

ഫൈസൽ കൈപ്പത്തൊടി
ഫെബ്രുവരി 21, 2008, സാന്‍റിയാഗോ ബെര്‍ണബ്യൂ. മാഡ്രിഡ് നഗരമന്ന് മെല്ലെ ഒരുങ്ങുകയാണ് ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ട് ഹോം മത്സരത്തിനായി.. ആത്മവിശ്വാസത്തിന്‍റെ പരകോടിയില്‍ മാഡ്രിഡ് ഡ്രെസിങ് റൂം. ഫുട്ബോളിൻറെ പോസ്റ്റ്മോര്‍ട്ടം  ടേബിളില്‍  ഓരോ ചെറുകാര്യംപോലും ഇഴകീറി പരിശോധിക്കുന്ന യൂറോപ്യന്‍ മാധ്യമങ്ങളന്ന് രാത്രി മാഡ്രിഡ് വിജയത്തിന് നിരത്തേണ്ട പദാവലികളെ പറ്റിയാണ് ചിന്തിച്ചത്. മൈതാനമധ്യത്തിലേക്ക് ഇരു ടീമുകളും നടന്ന് നീങ്ങുന്നു.. തൂവെള്ളി ജഴ്സിയില്‍ അമ്പിളിയമ്മാവനെപോലും നാണിപ്പിച്ച് നിരന്ന് നില്‍ക്കുന്നത് സാക്ഷാല്‍ സിനദിന്‍ സിദാന്‍ , റൊണാള്‍ഡോ, ഗ്വിറ്റി, സാല്‍ഗാഡോ, റാമോസ്, കസീയസ്, ബെക്കാം.. പടക്കുതിരകളങ്ങനെ നിരന്ന് നില്‍ക്കുന്നു..

ഫൈസൽ കൈപ്പത്തൊടി 
എല്ലാം നോക്കി ഡഗ് ഔട്ടില്‍ നിര്‍ന്നിമേഷനായി ആത്മവിശ്വാസം സ്ഫുരിക്കുന്ന ശരീരഭാഷയോടെ ഒരാള്‍. ആഴ്സണല്‍ കോച്ച് ' ആര്‍സെന്‍ വെംഗര്‍ '. ഫാബ്രിഗാസ്, ഫ്ലെമീനി, റേയസ് തുടങ്ങിയ മൊട്ടില്‍ നിന്ന് വിരിയാത്ത കുരുന്നുകളെ തിയറി ഒൻറി എന്ന യോദ്ധാവിന്‍റെ തോളോട് ചേര്‍ത്ത് നിര്‍ത്തി. '' നമ്മളിവിടെ ജയിക്കാനാണ് വന്നത്, നിങ്ങള്‍ക്കത് സാധ്യമാണ് ,നമ്മള്‍ കളിച്ചു കൊണ്ടിരിക്കുന്ന ഫുട്ബോളിനത് സാധ്യമാണ് '' എന്ന് പോരാട്ടത്തിന്‍റെ ഗീതയോതി യുദ്ധക്കളത്തിലേക്ക് പറഞ്ഞയച്ച് അയാള്‍ അക്ഷോഭ്യനായ് നിന്നു. ക്ലാസിക് ഫുട്ബോളിൻറെ വേലിയേറ്റത്തെ തടഞ്ഞ് നിര്‍ത്താന്‍ പുതുക്കം മാറാത്ത കൊളോയും, സെന്‍റെറോസും. വെംഗറുടെ ചുണ്ടില്‍ മൈതാനത്ത് തന്‍റെ കരുനീക്കങ്ങള്‍ നടപ്പിലാവുന്നതിന്‍റെ നേര്‍ത്ത ചിരി ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുക്കുന്നു. അനന്തരം ആ അപൂര്‍വ നിമിഷം ബെര്‍ണബ്യൂവില്‍ സംഭവിക്കുകയായിരുന്നു.

മൈതാനമധ്യത്ത്  ഫാബ്രിഗാസ്. പന്ത് നിയന്ത്രണത്തിലാക്കി, മുന്നോട്ട് കുതിക്കുന്ന തിയറി ഒൻറിയിലേക്ക് ചെറിയൊരു പാസ്. തന്‍റെ സ്വതസിദ്ധമായ ഫസ്റ്റ് ടച്ചില്‍ റൊണാള്‍ഡോയെ മറികടന്ന ഒൻറി ,സ്കേറ്റ് ടാക്കിളില്‍ വീഴ്ത്താന്‍ തുനിഞ്ഞ ഗ്വിറ്റിയെ വേഗതയില്‍ തോല്‍പിച്ച് മുന്നോട്ട് കുതിക്കുന്നു. ബോക്സിന് അകലെനിന്ന് പന്ത് രക്ഷിക്കാനായി ഓടിയെത്തിയ സൽഗാഡോയെ വെട്ടിയൊഴിഞ്ഞു.  ഒൻറിയുടെ കാലിൽ നിന്ന് സെക്കൻഡ് പോസ്റ്റിലേക്ക് പറന്ന പന്തിനെ തടയാൻ ചിറകുവിരിച്ച് പറന്ന കസീയസിനും കഴിഞ്ഞില്ല. ക്ലിനിക്കൽ ഫിനിഷിംഗ്. സാന്‍റിയാഗോ ബെര്‍ണബ്യൂ സ്റ്റേഡിയം മാത്രമല്ല , ലോകം മൊത്തം അസ്ത്രപ്രജ്ഞരായ നിമിഷം.

തന്നിലേക്ക് ഓടിയെത്തിയ ഒൻറിയെ ആഹ്ളാദത്തോടെ വാരിപ്പുണർന്ന് വെംഗർ.  മാഡ്രിഡിനെ ആദ്യമായി ഹോംഗ്രൗണ്ടില്‍ പരാജയപ്പെടുത്തിയ ആദ്യത്തെ ഇംഗ്ലീഷ് ടീം ആയി മാറിയിരുന്നു ആഴ്സെന്‍ വെംഗറുടെ ആഴ്സണല്‍. തുടര്‍ച്ചയായ ക്ലീന്‍ഷീറ്റുകളിലൂടെ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ വരെയെത്തിയിരുന്നു വെംഗറുടെ കീഴില്‍ ആ സീസണില്‍ ഗണ്ണേഴ്സ്. തന്‍റെ നിശ്ചയദാർഢ്യത്താൽ, കളത്തില്‍ താന്‍ പഠിപ്പിച്ച തത്വങ്ങള്‍ യഥാവിധി നടപ്പിലാക്കി, ഏത് ശക്തിദുര്‍ഗ്ഗങ്ങളെയും തച്ചുടക്കാന്‍ കെല്‍പുള്ള ഒരു കളിതന്ത്രജ്ഞന്‍റെ മിടുക്കിനെ അരക്കിട്ടുറപ്പിക്കുന്നതിന് സാക്ഷ്യം നില്‍ക്കുകയായിരുന്നു സാന്‍റിയാഗോ ബെര്‍ണബ്യൂ ആ രാവില്‍.

അപരാജിത ജൈത്രയാത്രകളായിരുന്നു ഇംഗ്ലണ്ടില്‍..   2004-ല്‍ ഹൈബറിയില്‍ ലെസെസ്റ്റര്‍ സിറ്റിയുമായുള്ള അവസാന മല്‍സരം. ആദ്യപകുതിയില്‍ ഒരു ഗോളിന് പിന്നില്‍ നില്‍ക്കുകയാണ് ടീം. ഹാഫ് ടൈം ഡ്രസിങ് റൂം നിമിഷങ്ങളെ വെംഗര്‍ ഓര്‍ക്കുന്നതിങ്ങനെയാണ് ' എനിക്കറിയില്ല അവരെ എങ്ങനെ പ്രചോദിപ്പിക്കണമെന്ന്. എനിക്കവരോട് ഇത്രയെ പറയാനുണ്ടായിരുന്നുള്ളൂ '' നോക്കൂ കുട്ടികളേ, നിങ്ങളിപ്പോള്‍ ചെയ്യുന്നത് വളരെ വ്യക്തമാണ്. നിങ്ങളിത് തുടരുക, കളി അവസാനിക്കുമ്പോള്‍ നിങ്ങളെ കാത്തിരിക്കുന്നത് ചാമ്പ്യന്‍സ് എന്നതിലുപരി ' അനശ്വരനായകര്‍ ' എന്ന പദവിയാണ് ''. വെംഗറുടെ വാക്കുകള്‍ വൈദ്യുത തരംഗംപോലെ ആഴ്സണലിന്‍റെ കളിയെ സ്വാധീനിച്ചു.

നാൽപ്പത്തിയേഴാം മിനിറ്റിൽ ഒൻറിയിലൂടെ സമനില ഗോൾ. കളിയവസാനിക്കുമ്പോള്‍ വിയേറയുടെ ഗോളോടെ 2-1എന്ന സ്കോറിന് കിരീടം നേടി.. ഒരൊറ്റ കളിയും തോല്‍ക്കാതെ ഒരു സീസണ്‍ നേടിയ ടീമായി മാറി 2004ല്‍ വെംഗറുടെ ആഴ്സണല്‍..

ചുനി ഗോസ്വാമി; ഇന്ത്യൻ ഫുട്ബോളിലെ വിസ്മയച്ചെപ്പ്

എത്രയെത്ര ചരിത്രനിമിഷങ്ങളാണ് 1996-2018 വരെ നീണ്ട 22 വര്‍ഷത്തെ സുദീര്‍ഘവും സംഭവബഹുലവുമായ ആ കരിയറില്‍ ആഴ്സണല്‍ എത്തിപ്പിടിച്ചത്. 2003ല്‍ ഇന്‍റര്‍മിലാനെ സാന്‍സീറോയില്‍ 5-1ന് മലര്‍ത്തിയടിച്ച് 40 വര്‍ഷത്തെ ഇംഗ്ലീഷ് ടീമുകളുടെ സാന്‍സീറോയിലെ ജയമില്ലായ്മയുടെ ചരിത്രമാണ് തിരുത്തിയത്. 49 അപരാജിത പ്രീമിയര്‍ ലീഗ് മല്‍സരങ്ങള്‍, തോല്‍വിയറിയാത്ത ഒരു സീസണ്‍, ക്ലബിന്‍റെ ചരിത്രത്തിലെ,ഏറവും അധികം എഫ് എ കപ്പ്, പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍.  '' ഒറ്റ നോട്ടത്തില്‍ ഇയാള്‍ കണ്ണട വെക്കുന്ന, ഇംഗ്ലീഷ് നന്നായി അറിയാത്ത ഒരു വാധ്യാരാണോ '' എന്ന് ക്യാപ്റ്റന്‍ ടോണി ആഡംസ് സംശയിച്ച വെംഗര്‍, തന്‍റെ ആദ്യ പ്രീമിയര്‍ലീഗ് മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ  ബ്ലാക്ക്ബേണ്‍ റോവേഴ്സിനെ പരാജയപ്പെടുത്തി തുടങ്ങി. പിന്നീട് ഗണ്ണേഴ്സിന്‍റെ ചരിത്രം തിരുത്തിക്കുറിക്കുകയായിരുന്നു..

നാൻസി എന്ന ഫ്രഞ്ച് ക്ലബില്‍ ജോര്‍ജ് വീയയെ പോലെയുള്ളവരെ തന്‍റെ 'വെംഗര്‍ രേഖ' യില്‍ നിര്‍ത്തിയ അദ്ദേഹത്തിന് കീഴില്‍ പിന്നീട് എത്രയെത്ര താരങ്ങള്‍ .. ബെര്‍ഗ്കാംപ്, ഇയാന്‍ റൈറ്റ്, തിയറി ഒൻറി, പിറെസ്, വിയേര, പെറ്റിറ്റ്, ല്യൂങ്ബെര്‍ഗ്, റെയസ്, ഫാബ്രിഗാസ്, നുവാന്‍കോ കാനു, വില്‍ടോര്‍ഡ്, തിയോ വാല്‍കോട്ട്, ആഷ്ലി കോള്‍, സില്‍വീഞോ, ഗള്ളാസ്, കോളോ ടുറെ, അലെക്സ് സോങ്, അഡെബയോര്‍, ഫ്ലമീനി,കൊസെലീനി, സെന്‍റെറോസ്, ക്ലിഷി, മെര്‍റ്റസാർക്കര്‍, സമീര്‍ നസ്റി, വെര്‍മെലന്‍, വാന്‍പേഴ്സി, പൊഡോള്‍സ്കി, അര്‍ട്ടെറ്റ, ജിറൂഡ്, റാംസി, വില്‍ഷെര്‍, ഒസീല്‍, അര്‍ഷാവിന്‍, റൊസീക്കി, കൊഖ്വെലിന്‍, സാഞ്ചസ്, ബെല്ലാറിന്‍, സാക്ക, മുസ്തഫി, ലാക്കസെറ്റെ, മക്കറ്റാറിയന്‍... താരനിര അവസാനിക്കുന്നല്ല. ഇക്കാലയളവില്‍ ഗണ്ണെഴ്സിന് വേണ്ടി ബൂട്ടണിഞ്ഞ ചിലരുടെ പേരുകൾ മാത്രം സൂചിപ്പിച്ചുവെന്ന് മാത്രം.

കാലിൽ കളിവറ്റിയവരെയല്ല, ചോരത്തിളപ്പ് ഉള്ളവരെയാണ് വേണ്ടത്: ഐം എം വിജയൻ


യുവരക്തങ്ങളെ കണ്ടെത്തി തന്‍റെ തത്വങ്ങളിലും ചട്ടക്കൂടിലും നിര്‍ത്തി ആക്രമണാത്മകഫുട്ബോളിന്‍റെ സൗന്ദര്യം  പഠിപ്പിച്ചെടുക്കുന്ന വെംഗര്‍ കളരി യൂറോപ്പിലെ ഏറ്റവും വലിയ ടാലന്‍റ് ഹബ്ബായി മാറുന്നതാണ് പിന്നീട് കണ്ടത്..
 തന്‍റെ കളിക്കാരുടെ ഭക്ഷണത്തിൽ വരെ വ്യക്തമായ ഇടപെടലുകള്‍ നടത്തുന്ന വെംഗര്‍. സ്കൗട്ടിങ് & ട്രെയിനിങിന് വ്യക്തമായ തത്വശാസ്ത്രം പുലർത്തുന്ന വെംഗർ. ലീഡെടുക്കുമ്പോഴും കൂടുതല്‍ ആക്രമണാത്മകമാവാന്‍ പഠിപ്പിക്കുന്ന വെംഗര്‍. ഒരു മാസ്റ്റര്‍ തന്‍റെ ജീവിതശൈലിയിലൂടെ മാതൃകയാവുന്നതിലൂടെ മാത്രമേ യഥാര്‍ത്ഥ പ്ലെയര്‍ മാനേജ്മെന്‍റ് സാധ്യമാവൂ എന്ന് വിശ്വസിക്കുന്ന വെംഗര്‍.  ഗണ്ണേഴ്സ് ക്യാമ്പില്‍ അദ്ദേഹം ' ദി പ്രൊഫസര്‍ ' എന്നറിയപ്പെട്ടത് വെറുതെയല്ലായിരുന്നു.
ഒരു ഹെഡ് മാസ്റ്റര്‍ ക്യാമ്പസിനെ നിയന്ത്രിക്കുന്ന കയ്യടക്കത്തോടെയായിരുന്നു അദ്ദേഹം ആഴ്സണല്‍ എന്ന ക്ലബിനെ യൂറോപ്യന്‍ ശക്തിയാക്കി മാറ്റിയത്.  എ സെഡ് മുറ്റ്സിഗ് എന്ന മൂന്നാം ഡിവിഷന്‍ ക്ലബില്‍ തുടങ്ങി സ്ട്രാസ്ബേര്‍ഗ് ലീഗ് 1 ക്ലബില്‍ അവസാനിച്ച കളിജീവിതം.  കളിക്കാരനെന്ന അത്ര തിളക്കമില്ലാത്ത തന്‍റെ കരിയര്‍ 1981 സീസണോടെ അവസാനിപ്പിച്ചു. പരിശീലന ജീവിതം തുടങ്ങുന്നത് 1984ൽ നാൻസെയിൽ. പിന്നീട് എ എസ് മൊണോക്കോയിലെത്തി. അവർക്ക് ലീഗ് 1 കിരീടവും, ഫ്രഞ്ച് കപ്പും നേടിക്കൊടുത്തു. അടുത്ത  കൂടുമാറ്റം ജപ്പാനിലേക്ക്, അവിടെ നഗോയ ഗ്രാമ്പസ് എന്ന ക്ലബിനെ 1995ലെ എംപറേഴ്സ് കപ്പ്, 96ലെ ജെ ലീഗ് സൂപ്പര്‍ കപ്പ് ചാമ്പ്യൻമാരാക്കി.  അവിടെ നിന്ന് ഇംഗ്ലണ്ടിലേക്ക്, ആഴ്സണലിലേക്ക്.

മലപ്പുറത്തിന്റെ ഫുട്‌ബോള്‍ ചരിത്രത്തിലേക്കൊരു മൈനസ് പാസ്

ആള് ജപ്പാനാണ് എന്ന മലയാള മൊഴിപോലെ, ആഴ്സണലിൽ വെംഗർ പത്തരമാറ്റ് കോച്ചായി. കോച്ചിൻറെയും ടീമിൻറെയും തലവര മാറി. ജയം ആഴ്സണലിൻറെ മുഖമുദ്രയായി. മൂന്ന് പ്രീമിയര്‍ ലീഗ്, ഏഴ് എഫ് എ കപ്പ് , ഏഴ് കമ്യൂണിറ്റി ഷീല്‍ഡ് എന്നിവ ഈ കാലയളവില്‍ ഗണ്ണേഴ്സിന്‍റെ ഷെല്‍ഫുകളിലെത്തിച്ചു. വ്യക്തിപരമായി
മൂന്ന് തവണ മാനേജര്‍ ഓഫ് ദ സീസണ്‍, ഇംഗ്ലീഷ് ഫുട്ബോള്‍ ഹാള്‍ ഓഫ് ഫെയിം, വേള്‍ഡ് മാനേജര്‍ ഓഫ് ഇയര്‍... തുടങ്ങി ചെറുതും വലുതുമായ നിരവധി അംഗീകാരങ്ങൾ.

ഒന്‍റി , പിറെസ്, വിയേര കാലഘട്ടത്തില്‍ സ്ഥിരതയുടെ പര്യായമായിരുന്ന  ടീം പിന്നീട് യുവരക്തങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന ടീമായി രൂപാന്തരപ്പെടുത്തിയപ്പോഴും അതിമനോഹരമായ ആക്രമണാത്മകഗെയിം എന്ന തന്‍റെ ശൈലിയിൽ ഒരു തിരുത്തലിനും  വെംഗർ തയ്യാറായില്ല. തന്‍റെ  കേളീശൈലിക്കും തത്വശാസ്ത്രത്തിനും ഇണങ്ങുന്ന താരങ്ങളെ കണ്ടെത്തി വലിയ താരങ്ങളാക്കി. പിന്നീടവരെ വലിയ  തുകയ്ക്ക്  മറ്റ് ക്ലബുകൾക്ക് കൈമാറുന്നത് പതിവ് സംഭവമായി.

ക്ലബിനെ നേട്ടങ്ങളുടെ നെറുകയിൽ എത്തിച്ചെങ്കിലും , സമീപനാളുകളിൽ  പല കളിത്തട്ടുകളിൽ ' WengerOut' എന്നെഴുതിയ ബാനറുകള്‍ ഒരു ക്ലീഷേ കാഴ്ചയായി. വെംഗറുടെ കേളീശൈലിയെ വല്ലാതെ ഇഷ്ടപ്പെട്ടവര്‍ പോലും ട്രാന്‍സ്ഫര്‍ വിന്‍ഡോയിലെ മോശം തെരഞ്ഞെടുപ്പുകളുടെയും, കളത്തിലെ സ്ഥിരതയില്ലാമയുടെയും പശ്ചാത്തലത്തിൽ എതിർപ്പുമായി രംഗത്തെത്തി. അപ്പോഴും ഓർക്കുക,  ലോകത്തിന്‍റെ ഓരോ കോണിലും  ആഴ്സണല്‍ എന്ന വികാരം കുത്തിവെച്ചതിന്‍റെ ഒരേയൊരു കാരണക്കാരന്‍ ' ആഴ്സെന്‍ വെംഗര്‍ ' എന്ന മനുഷ്യനാണെന്ന്.

സിമിയോണി: മാഡ്രിഡിലെ മാന്ത്രികൻ

അതെ.. പടിയിറങ്ങി പോവുന്നത് വെറുമൊരു ക്ലബ് മാനേജര്‍ മാത്രമല്ല, ഫുട്ബോള്‍ എന്ന സാർവദേശീയവികാരത്തെ അതിന്‍റെ ഏറ്റവും മനോഹരമായ രീതിയില്‍ പരിപാലിച്ച മഹാ തന്ത്രജ്ഞൻറെ  വിടവാങ്ങലാണ്. ഇംഗ്ലീഷ് ഫുട്ബോളില്‍ ഒരു ഫ്രഞ്ച് വിപ്ലവം സൃഷ്ടിച്ചാണ് വെംഗര്‍ പാട്ട് നിര്‍ത്തുന്നത്, സ്വരം നന്നായിരിക്കുമ്പോള്‍. തന്നെ.


 Wenger to step down after two decades in charge at Arsenal


Tags: Arsene Wenger, Arsenal Football Club,Football Club, Football , Arsenal ,English football ,Japanese club ,The Invincibles, Emmanuel Adebayor, Samir Nasri, Gael Clichy,  Robin Van Persie, Cesc Fabregas 

COMMENTS


Name

Badminton,6,Cricket,30,Football,335,Other Sports,46,SG Special,132,Sports,200,Tennis,7,Volleyball,3,
ltr
item
Sports Globe: ഇംഗ്ലീഷ് ഫുട്ബോളിലെ ഫ്രഞ്ച് വിപ്ലവം മായുമ്പോൾ
ഇംഗ്ലീഷ് ഫുട്ബോളിലെ ഫ്രഞ്ച് വിപ്ലവം മായുമ്പോൾ
https://4.bp.blogspot.com/-zrfFW-xoyko/WtrtW8uDXXI/AAAAAAAAAo4/hd6pShuk4Asp59qV1o5hu1uyLdbFNNLUQCLcBGAs/s640/Arsene%2BWenger%2Bsports%2Bglobe.jpg
https://4.bp.blogspot.com/-zrfFW-xoyko/WtrtW8uDXXI/AAAAAAAAAo4/hd6pShuk4Asp59qV1o5hu1uyLdbFNNLUQCLcBGAs/s72-c/Arsene%2BWenger%2Bsports%2Bglobe.jpg
Sports Globe
http://www.sportsglobe.in/2018/04/faizal-kaipathodi-on-arsen-wenger.html
http://www.sportsglobe.in/
http://www.sportsglobe.in/
http://www.sportsglobe.in/2018/04/faizal-kaipathodi-on-arsen-wenger.html
true
4357620804987083495
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy