ഇന്ത്യൻ താരം അനസ് എടത്തൊടിക അടക്കമുള്ള ഇന്ത്യൻ പ്രൊഫഷണൽ ഫുട്ബോൾ താരങ്ങൾ സെവൻസ് മത്സരം കളിക്കാനിറങ്ങുന്നത് ചോദ്യം ചെയ്യുകയാണ് നിർമ്മൽ ഖാൻ...
ഇന്ത്യൻ താരം അനസ് എടത്തൊടിക അടക്കമുള്ള ഇന്ത്യൻ പ്രൊഫഷണൽ ഫുട്ബോൾ താരങ്ങൾ സെവൻസ് മത്സരം കളിക്കാനിറങ്ങുന്നത് ചോദ്യം ചെയ്യുകയാണ് നിർമ്മൽ ഖാൻ
നിർമൽ ഖാൻ
ഇന്നലെ രാത്രി മുതല്‍ വാട്ട്സ്അപ്പില്‍ തുരുതുരെ കുറെ ചിത്രങ്ങൾ കിട്ടിയിരുന്നു. ജോലിത്തിരക്കിനിടയിലും ഫുട്ബോള്‍ ചിത്രങ്ങളായതിനാല്‍ നോക്കാതിരിക്കാനായില്ല. കണ്ണിന് കുളിര്‍മ നല്കിയ ഗംഭീര ചിത്രങ്ങള്‍. അനസ് എടത്തൊടിക, ആഷിഖ് കരുണിയന്, പി എം സക്കീര്‍... ഇന്ത്യന്‍ ഫുട്ബോളിലെ തലയെടുപ്പുള്ള താരങ്ങള്‍ സെവന്‍സ് കളിത്തട്ടില്‍. പക്ഷെ
![]() |
നിർമൽ ഖാൻ |
സെവന്‍സ് ഫുട്ബോളിനെക്കുറിച്ച് രണ്ടഭിപ്രായം കത്തിനില്‍ക്കുന്നുണ്ട്. ശരിതെറ്റുകളുടെ തുലാസ് മാറിമറിഞ്ഞാലും എനിക്ക് ഇവരോട്, യോജിക്കാനാവില്ല. സെവന്‍സ് കളിക്കാര്‍ക്ക് ഗുണം ചെയ്യുന്നതിനൊപ്പം , വളരെയധികം ദോഷം ചെയ്യും . ഒന്നാമത് ലോകം അംഗീകരിച്ച ഇലവന്സുമായി ഇതിന് താരമ്യമില്ല. നമ്മുടെ നാട്ടിലെ ജനപിന്തുണയോ, കളിയുടെ ആവേശമോ, ചടുലതയോ വിസ്മരിക്കുന്നില്ല. മറിച്ച് ഇത് ബാക്കിയാക്കുന്ന ശരികേടുകളാണ്. രാജ്യത്തിനുണ്ടാവുന്ന നഷ്ടമാണ്.
കളിയുടെ വേഗവും ഉദ്വേഗവും തന്നെയാണ് സെവന്‍സിന്റെ ജീവന്. ഇത് കൊടുക്കാന്‍ കളിക്കാരന് തയ്യാറാകുന്നിടതാണ് സെവന്‍സ് കളിയുടെ വിജയം തുടങ്ങുന്നതും അവസാനിക്കുന്നതും ഗാലറിയിലേ ആവേശത്തിലേക്ക് പടരുന്നതും. സെവന്‍സ് എന്നും വ്യക്തിഗത മികവിനെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. ടീമുകളുടെ വാശിയും വീറും കളിക്കളത്തെ പോര്ക്കളമാക്കുകയും ചെയ്യും. ഒപ്പം പരുക്കുകളുടെ ഉറവിടമാക്കുകയും ചെയ്യും. ഇവിടെയാണ് അനസിനെപ്പോലെയുള്ള രാജ്യാന്തര താരങ്ങള്‍ സെവന്‍സ് കളിക്കുന്നതിന്റെ യുക്തി ചോദ്യം ചെയ്യപ്പെടുന്നതും.
ആരാധക്കൂട്ടവും , അവരുടെ ആവേശവുമാണോ കളിക്കാരെ നയിക്കേണ്ടത്, അതോ ലോക വേദികളില്‍ ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തുകയാണോ വേണ്ടത്?.പ്രതിഫലമാണ് അനസിനെപ്പോലെയുള്ളവരെ സെവന്‍സ് കളിത്തട്ടിലേക്ക് ബൂട്ടണിയാന്‍ പ്രേരിപ്പിക്കുന്നതെങ്കില്‍ , അതിനോട് യോജിക്കാനാവുമോ?. ഇന്ത്യയില്‍ ഏറ്റവും പ്രതിഫലം പറ്റുന്ന പ്രതിരോധ താരമാണ് ജംഷെഡ്പൂര്‍ എഫ് സിയുടെ അനസ് എടത്തൊടിക. ഇതുകൊണ്ടുതന്നെ അനസിനെ സെവന്‍സ് ജേഴ്സിയില്‍ കാണുമ്പോള്‍ ഞെട്ടുകതന്നെ ചെയ്യും. ഇവരെപ്പോലുള്ളവര്‍ സെവന്‍സില്‍ നിന്ന് വിട്ടുനില്‍ക്കണം എന്നുതന്നെയാണ് എന്റെ സുചിന്തിതമായ നിലപാട്. പ്രൊഫഷണല്‍ താരങ്ങള്‍ സെവന്‍സില്‍ നിന്ന് മാറി നില്ക്കുക തന്നെ ചെയ്യണം. പ്രലോഭനങ്ങളിലും, ചില ബന്ധങ്ങളുടെ പേരില്‍ രാജ്യത്തോട് അനീതി കാണിക്കരുത്.
മുപ്പത്തിയൊന്നുകാരനായ അനസ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഏറ്റവും വില കൂടിയ താരമാണ്. കോടികളാണ് താരലേലത്തില്‍ അനസിനായി ജംഷെഡ്പൂര്‍ എഫ് സി മുടക്കിയത്. കേരള ബ്ലാസ്റ്റേഴ്സ് അതിനേക്കാള്‍ മുടക്കാനിരിക്കുന്നു. ഒന്ന് തിരിഞ്ഞുനോക്കൂ, ഈ സീസണില്‍ എതിര് സ്ട്രൈക്കര്‍മാരേക്കാള്‍ അനസിന് വെല്ലുവിളിയായത് പരുക്കായിരുന്നു. ഐ എസ് എല്ലില്‍ എട്ടു മത്സരങ്ങളില്‍ മാത്രമാണ് അനസ് ബൂട്ടുകെട്ടിയത്.
ഇന്ത്യന്‍ ടീമിലെ ഏക മലയാളി സാന്നിധ്യമാണ് അനസ് . ആദ്യ പതിനൊന്നില്‍ സ്ഥാനം ഉറപ്പുള്ള താരം. സാഫ് കപ്പ്, ഏഷ്യ കപ്പ് പോലുള്ള വമ്പന്‍ മത്സരങ്ങള്‍ മുന്നിലുണ്ട്. ഇതിനിടെയാണ് പരുക്കേല്‍ക്കാന്‍ ഏറെ സാധ്യതയുള്ള സെവന്‍സില്‍ അനസ് കളിച്ച്. ഇത് നീതീകരിക്കാനാവില്ല. ചോദ്യം ചെയ്യപെടെണ്ടത് തന്നെയാണിത്. രാജ്യാന്തര മത്സരങ്ങള്‍ മുന്നില്‍ ഉള്ളപ്പോള്‍. എങ്ങനെ തോന്നുന്നു ഇപ്പോഴും സെവന്‍സ് മത്സരങ്ങളില്‍ ബൂട്ടണിയാന്‍?.
നിങ്ങളുടെ കാലുകളെ പ്രതീക്ഷിച്ച് ഇന്ത്യ കാത്തിരിക്കുന്നു. ആരാധകരായ ശതകോടികള്‍ ഉറ്റുനോക്കുന്നു. ഇത്രയും പ്രതീക്ഷകളുള്ള അനസ് യഥാര്‍ത്ഥ ഫുട്ബോള്‍ പ്രേമികളെ അപമാനിക്കുക തന്നെയാണ് ചെയ്തത്.
ഷിന് ഗാർഡുപോലുമില്ലാതെ കളിക്കുന്ന സെവന്‍സ് പോരിന് ഇറങ്ങുന്ന അനസിനെപ്പോലുള്ളവരുരെ ആത്മവിശ്വാസത്തെ അഭിനന്ദിക്കുന്നു. സെവന്‍സിനിടെ, എത്ര സൂക്ഷിച്ചാലും പരുക്ക് പറ്റിയിരുനെങ്കില്‍ എന്താകുമായിരുന്നു?. ഒന്നുമുണ്ടായില്ലെന്ന് ആശ്വസിക്കാമെങ്കിലും , ശുഭകരമാണോ കാര്യങ്ങള്‍.
കൊയപ്പയില്‍ ശാസ്താ മെഡിക്കല്‍സിനെ നേരിട്ടപ്പോഴും ടൗണ്‍ ടീം അരീക്കോട് നിരയില്‍ ആഷിക് കുരുണിയനും മാനുപ്പയും ഉണ്ടായിരുന്നു. നിങ്ങളുടെ ഇന്ദ്രജാലങ്ങള്‍ കാണികളെ രസിപ്പിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇതേ, ഇന്ദ്രജാലത്തിനാണ് ഓരോ പ്രൊഫഷണല്‍ ക്ലബുകള്‍ വന്തുകകളായി നിങ്ങള്‍ക്ക് നല്കന്നത്. അപ്പോള്‍, ആ ക്ലബുകളെയും രാജ്യമൊട്ടാകെയുള്ള ആരാധകരെയും വഞ്ചിക്കുകയല്ലേ നിങ്ങള്‍ ചെയ്യുന്നത്. ചെന്നൈയിന് എഫ് സിയുടെ മുഹമ്മദ് റാഫിയും ഈ സെവന്‍സ് നിരയിലുണ്ടെന്ന് മറക്കുന്നില്ല.
ശരിയാണ് , നിങ്ങളില്‍ മിക്കവരും കളിച്ചു വളര്‍ന്നത് സെവന്‍സിലൂടെയാണ്. ഇക്കാരണം കൊണ്ടുമാത്രം ഇപ്പോഴും സെവന്‍സില്‍ ബൂട്ടണിയണമെന്ന് വാശിപിടിക്കാനാവുമോ. സെവന്‍സിലെ പ്രിയപ്പെട്ടവരുടെ ഉപദേശങ്ങളെയും പ്രലോഭനങ്ങളെയും ടാക്കിള്‍ ചെയ്യുകയല്ലേ വേണ്ടിയിരുന്നത്. ആഷിഖിന്റെ സമീപകാല അനുഭവം മറക്കാനാവില്ല . സ്പെയ്നിലെ വിദഗ്ധ പരിശീലനത്തിനിടെ പരുക്കേറ്റ് നാട്ടിലെത്തി ആഷിക്, വൈകാതെ ഗള്‍ഫില്‍ സെവന്‍സ് കളിക്കാനിറങ്ങി. ക്ലബും രാജ്യയവും ഉറ്റുനോക്കുമ്പോഴായിരുന്നു ഈ തീരുമാനം. എവിടെ ആയാലും സെവന്‍സ് മൈതാനങ്ങള്‍ നിങ്ങള്‍ക്ക് നല്കുന്നതിനേക്കാള് എത്രയോ വലുതാണ് രാജ്യം നിങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.
സ്വയം ചിന്തിക്കുക, നൈമിഷിക നേട്ടങ്ങള്‍ക്കായി, വലിയൊരു ഭാവി വലിച്ചെറിയണോ എന്ന്. സെവന്‍സ് കളിക്കാന്‍ ധാരാണം കളിക്കാരുണ്ട്. പലരുടെയും ഉപജീവന മാര്‍ഗവുമാണ് ഈകളി. അതിനെയൊന്നും നിഷേധിക്കുന്നില്ല. പക്ഷേ, എങ്ങനെയും അനസും ആഷിഖുമൊന്നും ഈ കളത്തില്‍ വരില്ലല്ലോ. പ്രതിഫലമോ, താല്‍ക്കാലിക ആവേശമോ ആണോ നിങ്ങളുടെ ലക്ഷ്യം. ഒരുകാലത്ത് ഇന്ത്യന്‍ ടീമിന്റെ ഗതി നിശ്ചയിച്ചിരുന്നത് മലയാളികള്‍ ആയിരുന്നെങ്കില്‍, അനസിലേക്ക് ചുരുങ്ങിയിരിക്കുകയാണ് മലയാളികളുടെ കാല്‍പ്പന്ത് പെരുമ. ഈ അഭിമാവും പ്രത്യാശയുമാണ് അനസിനെപ്പോലുള്ളവര് സെവന്‍സിലൂടെ ഇല്ലാതാക്കുന്നതെന്ന് എല്ലാവരും ഓര്‍ക്കണം. വെറുമൊരു വിമര്‍ശനമല്ല, വസ്തുതകളുടെയും അനുഭവങ്ങളുടേയും നേര്സാക്ഷ്യവുമായണ് ഈ വേദന പങ്കിടുന്നത്.
അധികാരികളോടുമുണ്ട് പറയാന്‍. സെവന്‍സിന്റെയും കേരള ഫുട്ബോള്‍ അസോസിയേഷന്റെയും. അനസിനെപ്പോലെ രാജ്യത്തിന്റെ സ്വത്തായ കളിക്കാരെ താല്‍ക്കാലിക ലാഭത്തിനായി കെട്ടുകാഴ്ചയായി ഇറക്കണോയെന്ന് സെവന്‍സ് സംഘാടകരും ടീമുകളും ആലോചിക്കണം. കളക്ഷന്‍ കൂടുമായിരിക്കാം, പക്ഷേ, രാജ്യത്തിനായി കാത്തുവെക്കേണ്ട മുത്തുകളെയാണ് നിങ്ങള്‍ എല്ലാതാക്കുന്നതെന്ന ഓര്‍മ്മവേണം.
ഞാനും കളിച്ചിരുന്നു സെവന്‍സ്. പണ്ട് സന്തോഷ് ട്രോഫി ക്യാമ്പില്‍ നിന്ന് അപ്പൂപ്പന് മരിച്ചു, അമ്മൂമ്മ മരിച്ചു എന്നൊക്കെ പറഞ്ഞു പലരും സെവന്‍സ് കളിക്കാന്‍ വന്നത് ഓര്‍ക്കുകയാണ്. ഈ ദുഷ്പ്രവണത ചെറുക്കാന്‍ കേരള ഫുട്ബോള്‍ ഭരിക്കുന്നവര്‍ക്ക് കഴിഞ്ഞിരുന്നില്ല. ഇന്നും ഈ തെറ്റ് ആവര്‍ത്തിക്കരുത്. അറിഞ്ഞിട്ടും കണ്ടില്ലെന്ന് നടിക്കരുത്. പ്രത്യേകിച്ച് ഇന്ത്യന്‍ ഫുട്ബോള്‍ പുത്തന്‍ ഉണര്‍വ് നേടിയ പശ്ചാത്തലത്തില്‍. ഇനിയും ഇത്തരം തെറ്റുകള്‍ ആവര്‍ത്തിച്ചാല്‍ കേരള ഫുട്ബോളിനെയാണ് നിങ്ങള്‍ നശിപ്പിക്കുന്നത്. തെറ്റുചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം. പിന്നാലെ വരുന്നവര്‍ക്ക് പാഠമാവണം. കാലില്‍ കളിമാത്രം പോര. അച്ചടക്കവും വേണം. ഇല്ലെങ്കില്‍ അസോസിയേഷനുകള്‍ അച്ചടക്കം പഠിപ്പിക്കണം.
ചിത്രങ്ങൾക്ക് കടപ്പാട്: കരീം കൊടുവളളി
COMMENTS